This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടര്‍ബൊജെറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടര്‍ബൊജെറ്റ്

Turbojet

വാതക ടര്‍ബൈന്‍ ഘടിപ്പിച്ച ജെറ്റ് എന്‍ജിന്‍. പ്രകാശാതീത വേഗതയില്‍ കൂടുതല്‍ സമയം പറക്കേണ്ടിവരുന്ന വിമാനങ്ങള്‍, ചിലയിനം സൈനിക മിസൈലുകള്‍, ഭാരക്കുറവുള്ള , STOL(short takeoff and landing)VTOL (vertical takeoff and landing), വാഹനങ്ങള്‍ എന്നിവയിലെ എന്‍ജിനുകളിലാണ് പൊതുവേ ടര്‍ബൊജെറ്റ് ഉപയോഗിക്കാറുള്ളത്.

പ്രവേശ വിസാരകം (inlet diffuser), കംപ്രസര്‍, ടര്‍ബൈന്‍, ദഹന അറ, നിര്‍ഗമനാഗ്രം എന്നിവയാണ് ടര്‍ബൊജെറ്റിന്റെ പ്രധാന ഭാഗങ്ങള്‍. അന്തരീക്ഷ മര്‍ദത്തിലുള്ള വായുവിനെ വിസാരകം വഴി പ്രവേശനദ്വാരത്തിലൂടെ വലിച്ചെടുക്കുമ്പോള്‍ വായുവിന്റെ പ്രവേഗം കുറഞ്ഞ് മര്‍ദം അല്പം ഉയരുന്നു. പിന്നീട് ഒരു അക്ഷീയ അഥവാ അപകേന്ദ്ര കംപ്രസറില്‍ വച്ച് വായു മര്‍ദം 3-12 മടങ്ങായി ഉയര്‍ത്തുന്നു. ഈ മര്‍ദിത വായുവിനെ ദഹന അറയിലേക്ക് കടത്തിവിട്ട് ഇന്ധനവുമായി സമ്പര്‍ക്കത്തിലാക്കുന്നു. തുടര്‍ന്ന് ഈ ഇന്ധന-വാതക മിശ്രിതത്തെ കത്തിച്ച് അതിന്റെ താപനില 1253-1813 കെല്‍വിന്‍ പരിധിയിലെത്തിക്കുന്നു. ഇതിനുശേഷം മിശ്രിതത്തെ ടര്‍ബൈനിലൂടെ കടത്തിവിട്ട് വികസിപ്പിക്കുമ്പോള്‍ ലഭിക്കുന്ന ഊര്‍ജം ഉപയോഗിച്ചാണ് കംപ്രസര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ടര്‍ബൈനില്‍ നിന്നും ഉയര്‍ന്ന മര്‍ദത്തില്‍ പുറംതള്ളപ്പെടുന്ന വാതകങ്ങള്‍ ടര്‍ബൈനിന്റെ പിന്നിലായി ഘടിപ്പിച്ചിരിക്കുന്ന നിര്‍ഗമനാഗ്രത്തിലൂടെ പുറത്തേക്കു പ്രവഹിക്കുമ്പോള്‍ വിമാനത്തിലനുഭവപ്പെടുന്ന പ്രതിക്രിയാ ബലമാണ് വിമാനത്തെ മുന്നോട്ട് തള്ളി നീക്കുന്നത്. ഓരോ പ്രാവശ്യവും ചാക്രികമായി ഒരു നിശ്ചിത അളവ് വായു-ഇന്ധന മിശ്രിതം കത്തിച്ച് പ്രതിക്രിയാ ബലം സൃഷ്ടിക്കുന്നതിനുപകരം തുടര്‍ച്ചയായി ഇത് ലഭ്യമാക്കാനുള്ള സംവിധാനമാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. എന്‍ജിന് പരമാവധി ദക്ഷത ലഭിക്കാന്‍ പുറംതള്ളപ്പെടുന്ന വാതക പ്രവേഗവും പ്രവേശാഗ്രത്തിലൂടെയുള്ള വായു പ്രവേഗവും തുല്യമാകേണ്ടതുണ്ട്. പക്ഷേ, പുറംതള്ളപ്പെടുന്ന വാതക പ്രവേഗം പൊതുവേ പ്രകാശാതീത (സൂപ്പര്‍സോണിക്ക്) പരിധിയില്‍ വരുന്നതായിരിക്കും. തന്മൂലം പ്രകാശാതീതവേഗതയില്‍ പറക്കുമ്പോള്‍ മാത്രമാണ് ഉയര്‍ന്ന ദക്ഷത ലഭിക്കുന്നത്. അതിനാല്‍ കൂടുതല്‍ സമയവും പ്രകാശാതീത വേഗതയില്‍ പറക്കുന്ന വിമാനങ്ങളില്‍ ടര്‍ബൊജെറ്റ് ഉപയോഗിച്ചുവരുന്നു.

സാധാരണഗതിയില്‍ എന്‍ജിനിലേക്കു വരുന്ന വായുവിലുള്ള ഓക്സിജന്റെ മൂന്നിലൊരംശം മാത്രമേ ഊര്‍ജോത്പ്പാദനത്തിനായി ഉപയോഗിക്കാറുള്ളൂ. ഈ സ്ഥിതി മാറ്റി കൂടുതല്‍ ഓക്സിജന്‍ ഉപയോഗപ്പെടുത്താനായി ചില ടര്‍ബൊജെറ്റ് എന്‍ജിനുകളില്‍ ടര്‍ബൈനിനും വിസരണാഗ്രത്തിനും ഇടയ്ക്കായി ആഫ്റ്റര്‍ബര്‍ണര്‍ എന്നു പേരുള്ള ഒരു ദഹന അറ ഉറപ്പിക്കാറുണ്ട്. എന്നാല്‍ സാധാരണ ടര്‍ബൊജെറ്റ് എന്‍ജിനില്‍ വേണ്ടിവരുന്നതിന്റെ നാലിരട്ടിയോളം ഇന്ധനം ആഫ്റ്റര്‍ബര്‍ണര്‍ ഉള്ള ടര്‍ബൊജെറ്റില്‍ ചെലവാക്കേണ്ടതായിവരുന്നു. തന്മൂലം വളരെ പെട്ടെന്ന് പ്രയാണ ശക്തി വര്‍ധിപ്പിക്കേണ്ട സന്ദര്‍ഭങ്ങളില്‍ മാത്രമേ ആഫ്റ്റര്‍ബര്‍ണര്‍ ഘടിപ്പിച്ച ടര്‍ബൊജെറ്റ് ഉപയോഗിക്കാറുള്ളു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍