This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടര്‍ണര്‍, ജോണ്‍ നേപ്പിയര്‍ (1929 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടര്‍ണര്‍, ജോണ്‍ നേപ്പിയര്‍ (1929 - )

Turner,John Napier

കാനഡയിലെ മുന്‍ പ്രധാനമന്ത്രി. 1929 ജൂണ്‍ 7-ന് ഇംഗ്ലണ്ടിലെ റിച്ച്മണ്ടില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ കുടുംബം 1932-ല്‍ കാനഡയിലേക്കു കുടിയേറിപ്പാര്‍ത്തതോടുകൂടിയാണ് ടര്‍ണര്‍ക്ക് കാനഡയിലെ രാഷ്ട്രീയ നേതാവാകുവാന്‍ അവസരം ലഭിച്ചത്. ഒട്ടാവായിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍നിന്ന് 1949-ല്‍ ബിരുദമെടുത്തു. പിന്നീട് ഓക്സ്ഫോഡ്, പാരിസ് സര്‍വകലാശാലകളിലും പഠനം നടത്തി. അതിനുശേഷം മോണ്‍ട്രിയലില്‍ നിന്നു നിയമബിരുദം സമ്പാദിക്കുകയും 1954-ല്‍ ക്യൂബക്കില്‍ അഭിഭാഷകവൃത്തിയില്‍ പ്രവേശിക്കുകയും ചെയ്തു. ക്രമേണ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു.
ജോണ്‍ നേപ്പിയര്‍ ടര്‍ണര്‍

ലിബറല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി മാറി. നിസ്തന്ദ്രമായ പ്രവര്‍ത്തനം, 1962-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് കാനഡയിലെ കോമണ്‍സ് സഭയിലംഗമാകുവാന്‍ വഴിതെളിച്ചു. 1968 ജൂല.-ല്‍ വകുപ്പില്ലാ മന്ത്രിയായും പിന്നീട് നിയമകാര്യമന്ത്രിയായും നിയമിതനായി. 1972-ല്‍ ധനകാര്യമന്ത്രിയാകുവാന്‍ സാധിച്ചുവെങ്കിലും ടര്‍ണര്‍ 75-ല്‍ സ്ഥാനമൊഴിഞ്ഞ് അഭിഭാഷ വൃത്തിയിലേക്കു മടങ്ങുകയാണുണ്ടായത്. പിന്നീട്, ഒരിടവേളയ്ക്കുശേഷം, 1984-ല്‍ വീണ്ടും രാഷ്ട്രീയരംഗത്തു സജീവമായി പ്രവര്‍ത്തിച്ചു തുടങ്ങി. കാനഡയിലെ പ്രധാനമന്ത്രിയായിരുന്ന പിയറി ട്രൂഡോ തത്സ്ഥാനത്തുനിന്നും വിരമിക്കുവാന്‍ താത്പര്യം പ്രകടിപ്പിച്ചതോടെ പാര്‍ട്ടിനേതാവായി തെരഞ്ഞെടുക്കപ്പെട്ട ടര്‍ണര്‍ 1984 ജൂണ്‍ 30-ന് പ്രധാനമന്ത്രിയായി അധികാരമേറ്റു. അടുത്ത സെപ്.-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്നതുമൂലം ടര്‍ണര്‍ക്ക് പ്രധാനമന്ത്രിപദം നഷ്ടമായി. 1988 ന.-ലെ തെരഞ്ഞെടുപ്പിലും ലിബറല്‍ പാര്‍ട്ടിക്ക് പരാജയം സംഭവിച്ചു. പ്രതികൂല രാഷ്ട്രീയ സാഹചര്യം ശക്തമായപ്പോള്‍, 1990 ഫെ.-ല്‍ ഇദ്ദേഹം ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനവും പാര്‍ലമെന്റിലെ പ്രതിപക്ഷനേതാവെന്ന പദവിയും ഉപേക്ഷിച്ചു. ജൂണില്‍ പാര്‍ലമെന്റില്‍നിന്നും രാഷ്ട്രീയ മത്സരങ്ങളില്‍നിന്നും പൂര്‍ണമായും വിരമിച്ചതിനുശേഷം തന്റെ സ്വന്തം തട്ടകമായ അഭിഭാഷകവൃത്തിയിലേക്കു മടങ്ങി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍