This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടണ്ഡന്‍, പുരുഷോത്തമ് ദാസ് (1882-1961)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടണ്ഡന്‍, പുരുഷോത്തമ് ദാസ് (1882-1961)

തികഞ്ഞ ഗാന്ധിയനും ഇന്ത്യന്‍ സ്വാതന്ത്യസമരസേനാനിയും. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആദര്‍ശപുരുഷന്മാരില്‍ ഒരാളായി ഇദ്ദേഹം കരുതപ്പെടുന്നു. ഹിന്ദി സാഹിത്യകാരനും, ഹിന്ദി പ്രചാരകനും, സാമൂഹിക പരിഷ്കര്‍ത്താവും കൂടിയായിരുന്നു ടണ്ഡന്‍. 'ഹിമാലയത്തിനു സമാനമായ അചഞ്ചലത്വവും ഗംഗയുടെ നൈര്‍മല്യവും ഒത്തിണങ്ങിയ സ്വഭാവശോഭ അദ്ദേഹത്തിനുണ്ടായിരുന്നു'വെന്നും 'സാമൂഹികപരിവര്‍ത്തനങ്ങള്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച ജനസേവകന്മാരില്‍ അഗ്രഗണ്യനായിരുന്നു അദ്ദേഹം' എന്നും സ്മൃതികണ് എന്ന ലേഖനത്തില്‍ സേഠ് ഗോവിന്ദദാസ് പ്രസ്താവിച്ചിട്ടുണ്ട്.

പുരുഷോത്തമ് ദാസ് ടണ്ഡന്‍

അലാഹാബാദിലെ ഒരു ഇടത്തരം ഖത്രി കുടുംബത്തില്‍ ഷാലി ഗ്രാം ടണ്ഡന്റെ പുത്രനായി 1882 ആഗ. 1-ന് പുരുഷോത്തമ് ദാസ് ജനിച്ചു. ബാല്യകാല വിദ്യാഭ്യാസം വീട്ടില്‍വച്ചു പൂര്‍ത്തിയാക്കി. ഹൈസ്ക്കൂള്‍ പരീക്ഷ ജയിച്ചശേഷം ഇദ്ദേഹം 1897-ല്‍ ചന്ദ്രമുഖീ ദേവിയെ വിവാഹം കഴിച്ചു. നിസ്വാര്‍ഥതയും അര്‍പ്പണബോധവും ഒത്തുചേര്‍ന്ന ടണ്ഡന്റെ ഋഷിതുല്യമായ ജീവിതചര്യയ്ക്ക് സര്‍വഥാ ഇണങ്ങുന്ന സ്വഭാവമഹിമ ഇദ്ദേഹത്തിന്റെ പത്നിക്കുണ്ടായിരുന്നു. അലാഹാബാദിലെ മ്യൂര്‍ സെന്‍ട്രല്‍ കോളജില്‍ പഠിച്ച് ടണ്ഡന്‍ 1904-ല്‍ ബിരുദം സമ്പാദിച്ചു. പിന്നീട് അലാഹാബാദ് സര്‍വകലാ ശാലയില്‍ നിന്ന് നിയമ ബിരുദവും നേടി. ചരിത്രത്തിലും ഇദ്ദേഹം ബിരുദമെടുത്തിട്ടുണ്ട്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ സ്വാതന്ത്യഭിവാഞ്ഛ വളരുകയും 1899-ല്‍ കോണ്‍ഗ്രസില്‍ അംഗമായിക്കൊണ്ട് ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെടുകയും ചെയ്തു. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയും ലാലാ ലജപത് റായിയും പൊതുപ്രവര്‍ത്തനരംഗത്ത് ടണ്ഡന്റെ മാര്‍ഗദര്‍ശികളായിരുന്നു. പില്‍ക്കാലത്ത് ലജപത് റായിയുടെ നേതൃത്വത്തില്‍ രൂപവത്കൃതമായ 'ലോക് സേവക് മണ്ഡല്‍' എന്ന സാമൂഹിക സേവനസംഘത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയും അധികം വൈകാതെതന്നെ അതിന്റെ മുന്നണിയിലെത്തിച്ചേരുകയും ചെയ്തു.

ടണ്ഡന്‍ 1906-ല്‍ അഭിഭാഷകവൃത്തി സ്വീകരിച്ചു. പില്‍ക്കാലത്ത് ദേശീയതലത്തില്‍ അറിയപ്പെട്ട തേജ് ബഹാദൂര്‍ സപ്രുവിന്റെ കീഴില്‍ അലാഹാബാദ് ഹൈക്കോടതിയിലായിരുന്നു പ്രാക്ടീസ് ആരംഭിച്ചത് (1908). ധിഷണാ ശാലിയും പരിശ്രമശീലനു മായിരുന്ന ഇദ്ദേഹം ചുരുങ്ങിയ കാലംകൊണ്ട് അഭി ഭാഷകനെന്ന നിലയില്‍ കീര്‍ത്തി നേടി. പക്ഷേ അധികകാലം ആ മണ്ഡലത്തില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചില്ല. ടണ്ഡന്‍ രാഷ്ട്രീയരംഗത്ത് സജീവമായി പ്രവര്‍ ത്തിച്ചു തുടങ്ങി. 1910-ഓടെ ഹിന്ദി പ്രചാരണരംഗത്തേക്കിറങ്ങി. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ ഉപദേശപ്രകാരം 1914 മുതല്‍ '17 വരെ ഇദ്ദേഹം 'നഭ' എന്ന ചെറിയ നാട്ടുരാജ്യത്തിന്റെ നിയമവകുപ്പു മന്ത്രിയായും സേവനമനുഷ്ഠിച്ചു. 1917-ല്‍ മന്ത്രിസ്ഥാനം രാജിവച്ച് ഹിന്ദി പ്രചാരണത്തിലേക്കു മടങ്ങിപ്പോയി.

ഇന്ത്യയിലെ കര്‍ഷകരുടെ ശോച്യാവസ്ഥയില്‍ വ്യഥിതനായിരുന്നു ടണ്ഡന്‍. ഇവിടത്തെ ജമീന്ദാര്‍സമ്പ്രദായമാണ് ഈ അവസ്ഥയുടെ കാരണമെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞു. ഈ ദുരിതങ്ങള്‍ക്ക് അറുതി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ 1918 മുതല്‍ അലാഹാബാദില്‍ കര്‍ഷകരെ സംഘടിപ്പിച്ചുതുടങ്ങി. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല(1919)യെപ്പറ്റി അന്വേഷണം നടത്തിയ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ടണ്ഡന്‍ സജീവാംഗമായിരുന്നു. ഇദ്ദേഹം 1919-ല്‍ പ്രയാഗ് മുനിസിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. പൊതുപ്രവര്‍ത്തനരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനായി 1921-ല്‍ അഭിഭാഷകവൃത്തി ഉപേക്ഷിച്ചു. ഗാന്ധിജിയുടെ നേതൃത്വത്തില്‍ അക്കാലത്തു ദേശീയതലത്തില്‍ ശക്തിയാര്‍ജിച്ചു വന്ന നിസ്സഹകരണസമരത്തില്‍ പങ്കെടുത്തതിന്റെ ഫലമായി ഇദ്ദേഹം 1921-ല്‍ തടവിലായി. ജയില്‍ മോചിതനായശേഷം ലജ്പത് റായിയുടെ ഉപദേശപ്രകാരം കുറച്ചുകാലത്തേക്ക് ലാഹോറില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജനറല്‍ മാനേജരായി ജോലി നോക്കി. 1923-ല്‍ യുണൈറ്റഡ് പ്രോവിന്‍സിലെ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ലജ്പത് റായിയുടെ മരണശേഷം ടണ്ഡന്‍ 'ലോക് സേവക് മണ്ഡലി'ന്റെ അധ്യക്ഷനായി. 1931-ലെ കറാച്ചി കോണ്‍ഗ്രസ് സമ്മേളനത്തില്‍ ടണ്ഡന്‍ കൂടുതല്‍ ശ്രദ്ധേയനായിത്തീരുകയും പ്രവര്‍ത്തകസമിതി അംഗമായി ഉയരുകയും ചെയ്തു.

കര്‍ഷകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഇദ്ദേഹം 1930-ല്‍ 'കേന്ദ്രീയ കിസാന്‍ സംഘ്' രൂപവത്ക്കരിച്ചു. കര്‍ഷകസംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായതോടെ ഇദ്ദേഹത്തോട് ബ്രിട്ടിഷ് സര്‍ക്കാരിനുള്ള അപ്രിയം വര്‍ധിച്ചു. ഇതു മൂലവും നിയമലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്തതുകൊണ്ടും പല തവണ അറസ്റ്റു ചെയ്യപ്പെട്ടു. ഇക്കാലത്തോടെ ടണ്ഡന്‍ അയിത്താചാരത്തിനും ഹരിജനപീഡനത്തിനുമെതിരായി രംഗത്തു വന്നു. 1937-ല്‍ യുണൈറ്റഡ് പ്രോവിന്‍സിലെ നിയമസഭാസ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടൂ. സ്പീക്കറെന്ന നിലയിലുള്ള പ്രവര്‍ത്തനശൈലി സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.

ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായി ഗാന്ധിജിയോടൊത്തു പ്രവര്‍ത്തിച്ച കാലത്തും ടണ്ഡന്‍ പൊലീസിന്റെ പീഡനവും ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തേയും തൊഴിലാളി-കര്‍ഷക പ്രസ്ഥാനങ്ങളേയും തകര്‍ക്കുന്ന തരത്തില്‍ പൌരസ്വാതന്ത്യ്രങ്ങള്‍ അടിച്ചമര്‍ത്തുന്ന ബ്രിട്ടീഷ് നയത്തെ ഇദ്ദേഹം ശക്തിയായി വിമര്‍ശിച്ചിരുന്നു. ഇന്ത്യാവിഭജനത്തെ ടണ്ഡന്‍ എതിര്‍ത്തിരുന്നു. 1946-ല്‍ ഇദ്ദേഹം കോണ്‍ സ്റ്റിറ്റ്യുവന്റ് അസംബ്ലിയില്‍ അംഗമായി. 1950-ല്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റാകുവാനും ഒരവസരമുണ്ടായി. പക്ഷേ, രൂക്ഷമായ അഭിപ്രായഭിന്നതമൂലം 1951-ല്‍ ആ പദവി രാജിവച്ചു. 1952-ല്‍ ലോക്സഭയിലേക്കും 1956-ല്‍ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

ഹിന്ദിഭാഷയുടെ പ്രചാരണത്തിനുവേണ്ടി നിസ്തന്ദ്രം യത്നിച്ച ഒരു ഭാഷാപ്രേമികൂടിയായിരുന്നു ടണ്ഡന്‍. സംസ്കൃതനിഷ്ഠമായ ഹിന്ദി ഇന്ത്യയുടെ രാഷ്ട്രഭാഷയാകണമെന്ന ഉറച്ച അഭിപ്രായമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. അലാഹാബാദ് ഹിന്ദി സാഹിത്യ സമ്മേളന്‍, വാര്‍ധാ രാഷ്ട്രഭാഷാ പ്രചാരസമിതി എന്നീ സംഘടനകളില്‍ ഇദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയും ചെയ്തു. അഭ്യുദയ എന്ന ഹിന്ദി പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ എന്ന നിലയില്‍ നല്‍കിയ സേവനങ്ങളും വിസ്മരിക്കാവതല്ല. ഹിന്ദി സാഹിത്യത്തിന്റെ വളര്‍ച്ചയിലും ഇദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. 1932-ല്‍ അഖില ഭാരതീയ ഹിന്ദി സാഹിത്യ സമ്മേളനത്തിന്റെ അധ്യക്ഷനായി. സമ്മേളനത്തിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ 'വിദ്യാപീഠ'ത്തെ ഒരു സ്വതന്ത്ര സ്ഥാപനമായി വളര്‍ത്തിയെടുക്കുന്നതിലും ടണ്ഡന്‍ മുഖ്യപങ്കു വഹിച്ചു. ഹിന്ദിക്ക് അനുയോജ്യമായത് ദേവനാഗരി ലിപിതന്നെയാണ് എന്ന അഭിപ്രായമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ഗദ്യകാരന്‍, നിരൂപകന്‍, മാര്‍ഗദര്‍ശി, പ്രേരണാസ്രോതസ് എന്നീ നിലകളിലാണ് ഹിന്ദി സാഹിത്യരംഗത്ത് ടണ്ഡന്‍ ചിരസ്മരണീയനായത്. ഹിന്ദിഭാഷ പ്രോത്സാഹിപ്പിക്കാന്‍വേണ്ടി ശ്രമിച്ചിരുന്നപ്പോഴും ഭാരതത്തിലെ മറ്റു പ്രാദേശികഭാഷകള്‍ക്ക് അര്‍ഹമായ പദവി നല്‍കാന്‍ ഇദ്ദേഹം വിമുഖത കാട്ടിയിരുന്നില്ല. ബഹുഭാഷാപണ്ഡിതന്‍ കൂടിയായിരുന്നു ഇദ്ദേഹം. ഹിന്ദിപോലെതന്നെ ഉര്‍ദു, പേര്‍ഷ്യന്‍ തുടങ്ങിയ ഭാഷകളും അനായാസം കൈകാര്യം ചെയ്തിരുന്നു. മികച്ച വിദ്യാഭ്യാസവിചക്ഷണനെന്ന നിലയിലും ടണ്ഡന്‍ വിഖ്യാതനായിരുന്നു. വിദ്യാഭ്യാസം മാതൃഭാഷയിലൂടെയായിരിക്കണമെന്ന അഭിപ്രായമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചുള്ള അറിവ് വിദ്യാര്‍ഥികള്‍ക്ക് അവശ്യം ഉണ്ടായിരിക്കണമെന്ന് ഇദ്ദേഹം അസന്ദിഗ്ധമായി സമര്‍ഥിച്ചിരുന്നു. ഹിന്ദുമതത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മ തുടങ്ങിയ അനാചാരങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിന്ദു -മുസ്ലീം മൈത്രിക്കുവേണ്ടി നടത്തിയ പ്രയത്നവും അവിസ്മരണീയമാണ്. കര്‍ഷകരുള്‍പ്പെടെയുള്ള അധഃസ്ഥിതവര്‍ഗത്തിന്റെ ഉന്നമനം തന്റെ ജീവിതത്തിലെ ഒരു പ്രധാന ലക്ഷ്യമായി ഈ മനുഷ്യസ്നേഹി കണക്കാക്കിയിരുന്നു. അനാരോഗ്യംമൂലം 1956-നു ശേഷം സജീവപൊതു പ്രവര്‍ത്തനത്തില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ ടണ്ഡന്‍ നിര്‍ബന്ധിതനായി.

ഡോ. രാജേന്ദ്രപ്രസാദ്, ജവാഹര്‍ലാല്‍ നെഹ്റു, ഗോവിന്ദ വല്ലഭ് പന്ത് തുടങ്ങിയ ദേശീയ നേതാക്കളോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന ടണ്ഡന്‍ 'മറ്റൊരു ഗാന്ധിജി' എന്ന നിലയിലാണ് ആദരിക്കപ്പെട്ടിരുന്നത്. ഗാന്ധിജിയെപ്പോലെ ലളിതജീവിതവും ആദര്‍ശമഹിമയും ആത്മനിയന്ത്രണവും സമുന്നതചിന്തയും ഇദ്ദേഹം സ്വായത്തമാക്കിയിരുന്നു. ഇക്കാരണത്താല്‍ മഹാത്മാഗാന്ധി ഇദ്ദേഹത്തെ 'രാജര്‍ഷി' എന്നു വിശേഷിപ്പിച്ചു. 1960 ഒ. 3-ന് അലാഹാബാദിലെ ഒരു പൊതുചടങ്ങില്‍വച്ച് രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദ് ഇദ്ദേഹത്തിന് ടണ്ഡന്‍ അഭിനന്ദന്‍ ഗ്രന്ഥ് സമര്‍പ്പിച്ചു. ഇദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി 1961-ല്‍ ഭാരതസര്‍ക്കാര്‍ 'ഭാരതരത്ന' ബഹുമതി നല്‍കി ടണ്ഡനെ ആദരിച്ചു. 1961 ജൂല.1-ന് ടണ്ഡന്‍ ചരമമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍