This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഞാറ്റടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഞാറ്റടി

പാടത്തു പറിച്ചുനടുന്നതിനുവേണ്ടി പ്രത്യേക പരിചരണങ്ങള്‍ നല്കി ആരോഗ്യമുള്ള ഞാറ് അഥവാ കുരുന്നു ചെടികള്‍ വളര്‍ത്തിയെടുക്കുന്ന സ്ഥലം.

ഞാറ്റടി

നന്നായി സൂര്യപ്രകാശം ലഭിക്കുന്ന നീര്‍വാര്‍ച്ചയോടുകൂടിയ, ജലസേചന സൗകര്യമുള്ള ഫലപുഷ്ടമായ പാടത്തിന്റെ തന്നെ ഒരു ഭാഗമാണ് ഞാറ്റടിക്കായി തെരഞ്ഞെടുക്കുന്നത്. ആരോഗ്യമുള്ള ഞാറുകള്‍ക്ക് പാടത്തെ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുവാന്‍ പ്രത്യേക കഴിവുണ്ട്. അതിനാല്‍ പുഷ്ടിയുള്ള ഞാറുകള്‍ ഞാറ്റടിയില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ധാന്യങ്ങളധികവും ഞാറ്റടി സമ്പ്രദായം അനുവര്‍ത്തിച്ചാണ് കൃഷിയിറക്കാറുള്ളത്. ബജ്റ, റാഗി, കുതിരാവലി, തിന എന്നീ വിളകളില്‍ ഞാറ്റടി സമ്പ്രദായമാണ് സ്വീകരിച്ചുവരുന്നത്.

നെല്ലിന് ജലലഭ്യത അനുസരിച്ചു നനവുള്ളതോ വരണ്ടതോ ആയ ഞാറ്റടി തയ്യാറാക്കാം. ചില പ്രത്യേക അവസരങ്ങളില്‍ പായഞാറ്റടിയും (ഡപ്പോഗ് രീതി) ഉപയോഗിക്കാറുണ്ട്. നനവുള്ളതോ വരണ്ടതോ ആയ ഞാറ്റടി രീതിയില്‍ ഒരു ഹെ. പ്രദേശത്തേക്കു പറിച്ചു നടുവാന്‍ ആവശ്യമായ ഞാറ് ഉത്പാദിപ്പിക്കാന്‍ 60-85 കി.ഗ്രാം വിത്ത് ഞാറ്റടിയില്‍ വിതയ്ക്കേണ്ടിവരും. പായഞാറ്റടി രീതിയില്‍ വിത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കാം.

നനവുള്ള ഞാറ്റടിക്ക് ഉഴുവ് നടത്തിയോ കിളച്ചോ നിലം ഒരുക്കുന്നു. 1-1½ മീ. വീതിയിലും 5-10 സെ.മീ. ഉയരത്തിലും സൗകര്യപ്രദമായ നീളത്തിലും തവാരണകള്‍ തയ്യാറാക്കുന്നു. ഞാറ്റടിയുടെ വിസ്തൃതി പറിച്ചുനടാനുദ്ദേശിക്കുന്ന പാടത്തിന്റെ വിസ്തീര്‍ണത്തിന്റെ പത്തിലൊന്നായിരിക്കണം. ഒരേക്കര്‍ നിലത്തിന് 10 സെന്റ് ഞാറ്റടി എന്ന തോതില്‍ അടിവളമായി കാലിവളമോ ചാണകമോ ച.മീറ്ററിന് ഒരു കി.ഗ്രാം എന്ന കണക്കില്‍ നല്കണം.

മുളപ്പിച്ച വിത്താണ് ഞാറ്റടിയില്‍ വിതറുന്നത്. വിത്ത് ചാക്കില്‍ കെട്ടി 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം വെള്ളം വാര്‍ത്തുകളഞ്ഞ് ചാക്കു മുറുക്കിക്കെട്ടി 48 മണിക്കൂര്‍ വരെ മുള പൊട്ടുവാന്‍ അവസരം ഒരുക്കുന്നു. മുള പൊട്ടുന്ന അവസരത്തില്‍ വിത്ത് ഉണങ്ങിപ്പോകാതിരിക്കാനായി ഇടയ്ക്കിടെ വെള്ളം തളിച്ചുകൊണ്ടിരിക്കണം. വിത്തു വിതയ്ക്കുന്നതിനു മുമ്പുള്ള ഈ പരിചരണം ഞാറ്റടിയില്‍ വിത്തു വേഗത്തില്‍ ഒരേ സമയത്തു കിളിര്‍ക്കുന്നതിനു സഹായിക്കും. വിത്തു വിതച്ച് അഞ്ചാം ദിവസം മുതല്‍ ജലസേചനം തുടങ്ങാം. ഏഴാം ദിവസം വരെ 5 സെ.മീ. ഉയരത്തില്‍ വെള്ളം കെട്ടി നിര്‍ത്തുന്നു. അതിനുശേഷം ഞാറിന്റെ ഉയരത്തിന് ആനുപാതികമായി ജലപരിപാലനം നടത്തുന്നു. കളശല്യം ഒഴിവാക്കുന്നതിന് ഇത് അനിവാര്യമാണ്.

കരുത്തുറ്റ ഞാറു ലഭിക്കുന്നതിനു ഞാറ്റടിയില്‍ ശാസ്ത്രീയ ജലപരിപാലനം അനുപേക്ഷണീയമാണ്. ഇടവിട്ടു ജലം വാര്‍ത്തു കളയുന്നതു പുഷ്ടിയോടുകൂടി ഞാറു വളരുന്നതിനു സഹായക്കുന്നു. സ്ഥിരമായി വെള്ളം കെട്ടിനില്‍ക്കുന്നത് വേരിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും പുഷ്ടി കുറഞ്ഞ ഞാറുകള്‍ രൂപപ്പെടുവാന്‍ ഇടയാകുകയും ചെയ്യുന്നു.

നൈട്രജന്റെ അഭാവംമൂലം മഞ്ഞളിപ്പ് ദൃശ്യമാവുകയാണെങ്കില്‍ ഞാറു പറിക്കുന്നതിന് 10 ദിവസം മുമ്പായി 100 ച.മീറ്ററിന് ഒരു കി.ഗ്രാം എന്ന തോതില്‍ യൂറിയ വിതറണം.

വരണ്ട ഞാറ്റടി. ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന പ്രദേശങ്ങളിലാണ് വരണ്ട ഞാറ്റടി തയ്യാറാക്കുന്നത്. മഴയുടെ ആരംഭത്തിന് അനുസൃതമായി നടീല്‍ ക്രമപ്പെടുത്തുന്നതിന് ഞാറിന്റെ വളര്‍ച്ചയെ നിയന്ത്രിക്കാന്‍ പാകത്തില്‍ വരണ്ട ഞാറ്റടി ഒരുക്കണം. ഒന്നാംവിളക്കാലത്താണ് വരണ്ട ഞാറ്റടി പ്രധാനമായും അനുവര്‍ത്തിക്കുന്നത്. നിലമൊരുക്കിയശേഷം 1½ മീ. വീതിയിലും 15 സെ.മീ. ഉയരത്തിലും ആവശ്യാനുസരണം നീളത്തിലും തവാരണകള്‍ തയ്യാറാക്കുന്നു. ച.മീറ്ററിന് ഒരു കി.ഗ്രാം എന്ന കണക്കില്‍ കാലിവളമോ കമ്പോസ്റ്റോ അടിവളപ്രയോഗം നടത്തി മണ്ണുമായി കലര്‍ത്തി വിത്തു വിതയ്ക്കുന്നു. മഴയുടെ ലഭ്യതയ്ക്കനുസരിച്ചും ഞാറിന്റെ വളര്‍ച്ച ക്രമീകരിക്കാന്‍ പാകത്തിലും ജലസേചനം നടത്തുന്നു.

പായഞാറ്റടി (ഡപ്പോഗ് രീതി). ചില പ്രത്യേക സാഹചര്യങ്ങളിലാണ് ഡപ്പോഗ് രീതി അവലംബിക്കുന്നത്. (i) ഞാറ്റടി തയ്യാറാക്കുന്നതിന് ആവശ്യമായ സ്ഥലം പാടത്തു ലഭ്യമല്ലാത്ത അവസരത്തില്‍, പ്രത്യേകിച്ച് ജലദൗര്‍ലഭ്യം അനുഭവപ്പെടുമ്പോള്‍; (ii) അപ്രതീക്ഷിതമായി നിശ്ചയിച്ച ദിവസത്തിനു മുമ്പേ നടീല്‍ അനുവര്‍ത്തിക്കേണ്ട അവസരങ്ങളില്‍; (iii) ഞാറ്റടി ഒരുക്കുന്നതിനും ഞാറു പരിപാലനത്തിനും ആവശ്യത്തിനു തൊഴിലാളികളെ കിട്ടാതെ വരുമ്പോള്‍.

1½ മീ. വീതിയിലും ആവശ്യാനുസരണം നീളത്തിലും തവാരണകള്‍ തയ്യാറാക്കി അതിനു മുകളില്‍ പ്ലാസ്റ്റിക് ഷീറ്റോ വാഴയിലയോ വിരിക്കുന്നു. വാഴയിലയെ തവാരണയോടു ബന്ധിക്കാനായി മുളക്കമ്പുകള്‍ നാട്ടുന്നു. വിത്ത് ഒരു ചാക്കില്‍ കെട്ടി വെള്ളത്തില്‍ കുതിര്‍ക്കുന്നു. മുള പൊട്ടിയ വിത്ത് രണ്ടോ മൂന്നോ അടുക്കുകളായി പ്ലാസ്റ്റിക് ഷീറ്റിനു പുറത്തു വിതയ്ക്കുന്നു. ഈ രീതിയില്‍ വേര് ഒരുവിധത്തിലും മണ്ണുമായി സമ്പര്‍ക്കപ്പെടുന്നില്ല. 10 ച.മീറ്ററില്‍ സു. 40 കിലോഗ്രാം വിത്തുവരെ വിതയ്ക്കാം. വിതയ്ക്ക് ആദ്യ ദിവസങ്ങളില്‍ വിത്ത് കൈകൊണ്ട് അമര്‍ത്തണം. ഇതു വേര് മുകളില്‍ വന്ന് അന്തരീക്ഷവായുവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതു തടയുന്നു. പൂവാളി ഉപയോഗിച്ച് ആവശ്യാനുസരണം നനയ്ക്കണം. പായഞാറ്റടിക്കു യാതൊരുവിധ സസ്യസംരക്ഷണ നടപടികളും ആവശ്യമില്ല. രണ്ടാഴ്ചയാകുമ്പോഴേക്കും ഞാറ് 7-12 സെ.മീ. ഉയരത്തില്‍ വളരുന്നു. പായ ചുരുട്ടുന്നതുപോലെ ചുരുട്ടി പാടത്തുകൊണ്ടുപോയി നടുന്നതിനുവേണ്ടി ഉപയോഗിക്കാം. ഈ രീതിയില്‍ ഉത്പാദിപ്പിച്ചെടുത്ത ഞാറുകള്‍ക്ക് ഉയരം കുറവായതുകൊണ്ടു നല്ലവണ്ണം നിരപ്പായ കണ്ടങ്ങളാണ് നടുന്നതിന് അനുയോജ്യം.

ഞാറ്. ധാന്യവര്‍ഗങ്ങളുടെ വംശവര്‍ധനവിനുവേണ്ടി ഞാറ്റടിയില്‍ വിത്തുവിതച്ചു പ്രത്യേക പരിചരണങ്ങള്‍ നല്കി പാകപ്പെടുത്തിയെടുക്കുന്ന കുരുന്നു ചെടികള്‍. നേരിടടു വിത്തു വിതച്ചും ഞാറ്റടിയില്‍ തയ്യാറാക്കിയെടുത്ത ഞാറു പറിച്ചു നട്ടും നെല്ലുകൃഷി ചെയ്യുന്നു. ഞാറ് ഉപയോഗിച്ചു കൃഷിയിറക്കുമ്പോള്‍ വിളവു ഗണ്യമായി വര്‍ധിക്കുന്നു. ഇതിനു കാരണങ്ങള്‍ നിരവധിയാണ്. പ്രധാനമായും നടീല്‍ അകലം ക്രമീകരിക്കുവാന്‍ കഴിയുന്നു. കള നശീകരണം വളരെ എളുപ്പവുമാണ്. മേല്‍വളപ്രയോഗവും ശാസ്ത്രീയമായി അനുവര്‍ത്തിക്കാന്‍ സാധിക്കുന്നു.

മുപ്പെത്തിയ ആരോഗ്യമുള്ള ഞാറാണു പറിച്ചു നടുന്നതിന് ഉപയോഗിക്കുന്നത്. അത്യുത്പാദനശേഷിയുള്ള ഹ്രസ്വകാല മൂപ്പിനങ്ങളായ രോഹിണി, ത്രിവേണി, അന്നപൂര്‍ണ, ജ്യോതി, സ്വര്‍ണപ്രഭ, കൈരളി, കാഞ്ചന, കാര്‍ത്തിക, മകം തുടങ്ങിയ ഇനങ്ങള്‍ കൃഷിയിറക്കുമ്പോള്‍ ഞാറിന് 18 ദിവസം മൂപ്പെത്തിയാല്‍ മതി. എന്നാല്‍ മധ്യകാല മൂപ്പിനങ്ങളായ അശ്വതി, ജയ, ഭാരതി, മസ്സൂറി, കാര്‍ത്തിക, ആതിര, ഐശ്വര്യ, രശ്മി, ഐ.ആര്‍. 20, ഐ.ആര്‍. 8 തുടങ്ങിയ ഇനങ്ങള്‍ക്ക് 20-25 ദിവസം മൂപ്പെത്തിയ ഞാറ് ഉപയോഗിക്കാവുന്നതാണ്. നീര്‍വാര്‍ച്ച സൗകര്യം കുറവായ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ദീര്‍ഘകാല മൂപ്പിനങ്ങളായ പങ്കജ്, ജഗനാഥ്, ഐ.ആര്‍. 5 തുടങ്ങിയ ഇനങ്ങള്‍ കൃഷി ചെയ്യുമ്പോള്‍ ഞാറിന്റെ പ്രായം കൂടിയിരിക്കുന്നതാണ് നല്ലത്; സു. 30 ദിവസം.

ഒരു മാസത്തിലധികം മൂപ്പുള്ള ഞാറ് പാടത്തു പറിച്ചു നടുമ്പോള്‍ വേരോടുന്നതിനും നിവര്‍ന്നു ശരിയായ രീതിയില്‍ വളര്‍ച്ച പുനരാരംഭിക്കുന്നതിനും സമയമെടുക്കും. മൂപ്പു കൂടിയ ഞാറ് ഞാറ്റടിയില്‍ നിന്ന് ഇളക്കുമ്പോള്‍ തണ്ടിനും വേരിനും ക്ഷതം സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. ആയതിനാല്‍ ഞാറിന്റെ പ്രായം വിളവിനെ ഏറെ സ്വാധീനിക്കുന്നു.

കേരളത്തിന്റെ കാലാവസ്ഥ അനുസരിച്ചു നെല്‍ക്കൃഷിക്കു വിരിപ്പു മുണ്ടകന്‍, പുഞ്ച എന്നിങ്ങനെ മൂന്നു കാലങ്ങളാണുള്ളത്. മുണ്ടകനും പുഞ്ചയും യഥാസമയം കൃഷിയിറക്കാന്‍ കഴിയും. എന്നാല്‍ വിരിപ്പൂകൃഷി ഇറക്കുന്നതിനു പ്രകൃതി കനിയണം. കാലവര്‍ഷത്തിനനുസരിച്ചു പറിച്ചുനടീല്‍ സമയത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. കാലവര്‍ഷം ചതിക്കുമ്പോള്‍ പ്രായമേറിയ ഞാറ് ഉപയോഗിക്കേണ്ടതായി വരുന്നു. ഈ അവസരത്തില്‍ പ്രായം കൂടിയ ഞാറിനു പ്രത്യേക പരിചരണം ആവശ്യമാണ്. ഹ്രസ്വകാല ഇനങ്ങള്‍ക്ക് ഇരുപത്തിയഞ്ചും മധ്യകാല മൂപ്പിനങ്ങള്‍ക്കു മുപ്പത്തിയഞ്ചും വരെ മൂപ്പ് ആകാം. മുറ്റിയ ഞാറു നടുമ്പോള്‍ കൂടുതല്‍ നുരികള്‍ വച്ചു ചുവടുകള്‍ അടുപ്പിച്ചു നടുവാന്‍ ശ്രദ്ധിക്കണം. അടിവളമായി അഞ്ചുകിലോ പാക്യജനകം കൂടുതലായി നല്കേണ്ടതുമാണ്.

ഞാറ് ഇളക്കുന്നതിനു പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഞാറ് ഇളക്കുന്നതിന് ഒരു ദിവസം മുമ്പേ ഞാറ്റടിയില്‍ വെള്ളം കയറ്റണം. ഇത് എളുപ്പത്തില്‍ ഞാറു പറിക്കുന്നതിനും വേരു പടലത്തിനു ക്ഷതം സംഭവിക്കാതിരിക്കുന്നതിനും സഹായിക്കുന്നു. വേരില്‍ പറ്റിയിരിക്കുന്ന മണ്ണ് എളുപ്പത്തില്‍ കഴുകിക്കളയുന്നതിനും ഇത് ഉപകരിക്കുന്നു. വേരുകള്‍ പൊട്ടിപ്പോകാതിരിക്കാന്‍ ഒന്നോ, വളരെക്കുറച്ചോ മാത്രം ഞാറുകള്‍ ഒരേസമയം പറിക്കുന്നതാണ് ഉത്തമം. വേരില്‍ പറ്റിയിരിക്കുന്ന ചെളി കഴുകിക്കളഞ്ഞു ഞാറ് ചെറു കെട്ടുകളാക്കി മാറ്റുന്നു.

നടുന്നതിനു മുമ്പായി കുരുന്നിലകളുടെ മുകള്‍ഭാഗവും വേരിന്റെ അഗ്രഭാഗവും മുറിച്ചു കളയുന്നതു മുറിവുകള്‍ ഉണ്ടാകുന്നതിനും രോഗാണുക്കള്‍ പ്രവേശിക്കുന്നതിനും ഇടയാക്കുമെന്നതിനാല്‍ ഞാറ് അതേപടി നടുന്നതാണ് ഉത്തമം.

ഓരോ ചുവട്ടിലും രണ്ടോ മൂന്നോ ഞാറു വീതം നടണം. നടീല്‍ അകലം ക്രമത്തിലായിരിക്കണം. ഒരു നിശ്ചിത സ്ഥലത്തു പറിച്ചുവച്ച ചുവടുകളുടെ എണ്ണം നെല്ല് ഉത്പാദനത്തെ ഏറെ സ്വാധീനിക്കുന്നു. നടീല്‍ അകലം ക്രമപ്പെടുത്തി ചുവടിന്റെ എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. നടീല്‍ അകലം 15 x 10 സെ.മീറ്ററും 20 x 15 സെ.മീറ്ററും ആകുമ്പോള്‍ ച.മീറ്ററൊന്നിന് 67-ഉം 33-ഉം ചുവടുകള്‍ ഉണ്ടാകുന്നു. ഇവ യഥാക്രമം ഹ്രസ്വകാല മൂപ്പിനങ്ങള്‍ക്കും മധ്യകാല മൂപ്പിനങ്ങള്‍ക്കും വിരിപ്പൂ കൃഷികാലത്തേക്ക് അനുയോജ്യമാണ്. മുണ്ടകന്‍ വിളയ്ക്കും പുഞ്ചക്കൃഷിക്കും നടീല്‍ അകലം 15 x 15 സെ.മീറ്ററും 20 x 10 സെ.മീറ്ററും ആകുമ്പോള്‍ ചുവടുകളുടെ എണ്ണം ച.മീറ്ററൊന്നിന് 67-ഉം 50-ഉം ആയി ക്രമീകരിക്കാന്‍ കഴിയുന്നു. ഇവ യഥാക്രമം ഹ്രസ്വകാല മൂപ്പിനങ്ങള്‍ക്കും മധ്യകാല മൂപ്പിനങ്ങള്‍ക്കും അനുയോജ്യമാണ്.

3-4 സെ.മീ. ആഴത്തില്‍ ഞാറു നടണം. ആഴം കൂടുന്തോറും പൊട്ടുന്ന ചിനപ്പുകളുടെ എണ്ണം കുറയുകയും ചെടിയുടെ വളര്‍ച്ച മന്ദീഭവിക്കുകയും ചെയ്യുന്നു.

മറ്റു വിളകള്‍

ബജ്റ. പ്രധാനമായും മഴയെ ആശ്രയിച്ചാണ് ബജ്റ കൃഷി ചെയ്യുന്നത്. വിത്തു വിതച്ചും ഞാറു പറിച്ചും നട്ടും കൃഷി അനുവര്‍ത്തിക്കാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ബജ്റയുടെ വിത യഥാസമയത്തു നടത്താന്‍ കഴിയാതെ വരുന്നു. ഇത്തരം അവസരങ്ങളില്‍ വിത്തു വിതയ്ക്കുന്നതിനുപകരം ഞാറു പറിച്ചു നടുന്നതാണ് അഭികാമ്യം. അടുത്തകാലത്തായി വിലയേറിയ സങ്കര വിത്തിനങ്ങളാണ് ഈ വിളയുടെ കൃഷിക്ക് ഉപയോഗിക്കുന്നത്. ഞാറു നട്ട് കൃഷിയിറക്കുമ്പോള്‍ വിളയുടെ കാലദൈര്‍ഘ്യം കുറയുന്നതുകൊണ്ട് വിളയുടെ അന്ത്യദശയില്‍ സാധാരണ അനുഭവപ്പെടുന്ന പ്രതികൂല കാലാവസ്ഥ വിളവിനെ ഒരു രീതിയിലും ബാധിക്കില്ല. നടീല്‍ സമയത്തു കാലാവസ്ഥ പ്രതികൂലമാണെങ്കില്‍പ്പോലും വിത്തു വിതയുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാറിന് മൂന്ന് ആഴ്ച പ്രായമെത്തിയിരിക്കുന്നതുകൊണ്ട് അതിന് ഒരു പരിധിവരെ കാലാവസ്ഥാമാറ്റങ്ങളെ ചെറുത്തു നില്ക്കാനും വേഗത്തില്‍ വേരുപടലം വിന്യസിപ്പിക്കുവാനും കഴിയുന്നു.

ഒരു ഹെ. സ്ഥലത്തേക്കു വേണ്ട ഞാറ് ഉത്പാദിപ്പിക്കുന്നതിനുവേണ്ടി 15 സെന്റ് സ്ഥലം ഞാറ്റടിക്കായി ആവശ്യമാണ്. ഞാറ്റടിയില്‍ രണ്ടു കി.ഗ്രാം വിത്ത് 10 സെ.മീ. അകലത്തില്‍ 1മ്മ സെ.മീ. ആഴത്തില്‍ പാകുന്നു. ഞാറിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കു മുപ്പതു കി.ഗ്രാം കാത്സ്യം, അമോണിയം നൈട്രേറ്റ് അടിവളമായി നല്കണം. വിത്തു വിതച്ച് മൂന്ന് ആഴ്ച കഴിയുമ്പോഴേക്കും ഞാറു പറിച്ചു നടുവാന്‍ പാകമെത്തുന്നു. ഞാറ് ഇളക്കുമ്പോള്‍ വേരിനു ക്ഷതം സംഭവിക്കാതിരിക്കാനായി ഞാറ്റടിയില്‍ ജലസേചനം നടത്തേണ്ടതാണ്. കഴിവതും മഴയുള്ള ദിവസം വേണം പറിച്ചു നടാന്‍. മഴയുടെ അഭാവത്തില്‍ ജലസേചനം അനിവാര്യമാണ്.

റാഗി. മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പമുള്ള അവസരങ്ങളില്‍ ഞാറു പറിച്ചുനട്ട് റാഗി കൃഷിയിറക്കുന്നു. മേയ്-ജൂണ്‍ മാസത്തില്‍ ഞാറ്റടി തയ്യാറാക്കുന്നു. ഒരു ഹെ. സ്ഥലത്തു നടുന്നതിനുവേണ്ട ഞാറ് ഉത്പാദിപ്പിക്കുന്നതിന് 28 സെന്റ് സ്ഥലം ഞാറ്റടിക്കായി വേണ്ടതുണ്ട്. ഇതിലേക്കു 4 കി.ഗ്രാം വിത്തു മതി. ഞാറിന് മൂന്ന്-നാല് ആഴ്ച മൂപ്പെത്തുമ്പോള്‍ പറിച്ചു നടാം. ഞാറ് ഇളക്കുന്നതിനു മുമ്പ് ജലസേചനം ആവശ്യമാണ്. വരികള്‍ തമ്മില്‍ 20-ഉം ചെടികള്‍ തമ്മില്‍ 10-ഉം സെ.മീ. അകലത്തിലും 3 സെ.മീ. താഴ്ചയിലും ഞാറു നടുന്നു.

കുതിരവാലി, ചാമ. വളരെ വേഗത്തില്‍ത്തന്നെ വളരുന്ന പുല്‍വര്‍ഗത്തില്‍പ്പെട്ട ചെറു ധാന്യങ്ങളാണിത്. ചില പ്രദേശങ്ങളില്‍ ഇവ ഞാറു പറിച്ചുനട്ടു വിളവിറക്കുന്നു.

വിശാലമായ ഒരു പാടശേഖരത്തിനു വേണ്ടുന്ന ഞാറ് കര്‍ഷകരുടെ കൂട്ടായ ശ്രമത്തിലൂടെ ഒരു ഞാറ്റടിയില്‍ അധികോത്പാദനശേഷിയുള്ള ഇനം നെല്‍വിത്തുപയോഗിച്ചു വളര്‍ത്തിയെടുത്ത് ഒരുമിച്ച് ഒരേസമയം ആ പ്രദേശം മുഴുവന്‍ പറിച്ചുനടുന്ന സമൂഹ ഞാറ്റടി സമ്പ്രദായം നടപ്പിലാക്കിക്കഴിഞ്ഞിരിക്കുന്നു. സമൂഹ ഞാറ്റടിയില്‍ ശ്രദ്ധ ചെലുത്തിയതിന്റെ ഫലമായി പാടത്തും കളത്തിലും അതിന്റെ ഗുണം പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. കൃഷിച്ചെലവു നന്നേ ചുരുങ്ങിയിട്ടുണ്ട്. സമൂഹ ഞാറ്റടി കൃഷിയില്‍ ഒരു നൂതന വിപ്ലവം തന്നെ സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു.

(പ്രൊഫ. എ.എസ്. അനില്‍കുമാര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9E%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍