This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജ്വാലാപരീക്ഷണങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജ്വാലാപരീക്ഷണങ്ങള്‍

പല ലോഹങ്ങളുടെയും സംയുക്തങ്ങള്‍ ബുന്‍സന്‍ ജ്വാലയില്‍ എരിയുന്നതിന് അനുവദിച്ചാല്‍ ജ്വാലയ്ക്കു പ്രത്യേകമായ നിറം പകരുന്നത് ദൃശ്യമാകും. ജ്വാലയില്‍ ഉണ്ടാകുന്ന നിറപ്പകര്‍ച്ച ബന്ധപ്പെട്ട ലോഹങ്ങളെ തിരിച്ചറിയുന്നതിനു സഹായിക്കുന്നു. പരീക്ഷണശാലകളില്‍ ഈ തത്ത്വം ഈ ആവശ്യത്തിനു പ്രയോജനപ്പെടുന്നുണ്ട്. ഉദാ. സോഡിയം സംയുക്തങ്ങള്‍ സ്വര്‍ണത്തിന്റേതുപോലുള്ള മഞ്ഞവര്‍ണവും പൊട്ടാസ്യം സംയുക്തങ്ങള്‍ വയമ്പു ചെടിയുടെ പൂവിന്റേതിനു സമമായ നീലവര്‍ണവും കാണിക്കുന്നു. പ്രത്യേകം നിര്‍മിച്ച പ്രകാശമാപകങ്ങള്‍ (ഫോട്ടോമീറ്റര്‍) ഉപയോഗിച്ച്, ജ്വാലയില്‍ എരിയുന്ന ലോഹസംയുക്തങ്ങളുടെ അളവ് നിര്‍ണയിക്കുന്നതിനു സഹായകമായ മാര്‍ഗങ്ങള്‍ നിലവിലുണ്ട്. വര്‍ണ അരിപ്പുകളുടെ സഹായത്തോടെ, പ്രത്യേകമായ തരംഗദൈര്‍ഘ്യമുള്ള പ്രകാശത്തെ മാത്രം വേര്‍തിരിച്ചെടുത്ത് അതിന്റെ തീക്ഷ്ണത അളക്കുക വഴി ലോഹസംയുക്തത്തിന്റെ അളവ് കൃത്യമായി കണ്ടുപിടിക്കാം. ഈ രീതിയിലുള്ള പ്രകാശമാപകങ്ങള്‍ പ്രകാശവികിരണം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതാണ്.

ജ്വാലയില്‍ വേര്‍തിരിക്കപ്പെടുന്ന മൂലകപരമാണുക്കള്‍ക്ക് ഒരു പ്രത്യേക തരംഗദൈര്‍ഘ്യമുള്ള പ്രകാശം ഉതിര്‍ക്കുവാന്‍ സാധിക്കുന്നതോടൊപ്പം, അതേ തരംഗദൈര്‍ഘ്യമുള്ള പ്രകാശത്തെ സ്വീകരിക്കുവാനും സാധിക്കും. അങ്ങനെയുള്ള പ്രകാശം ജ്വാലയില്‍ ലഭ്യമാകുമ്പോള്‍, ജ്വാലയില്‍ എരിയുന്ന സംയുക്തങ്ങളില്‍ നിന്നും വേര്‍തിരിക്കപ്പെടുന്ന മൂലക പരമാണുക്കളുടെ അളവിനനുസരിച്ച് അത് ആഗിരണം ചെയ്യപ്പെടുന്നു. ഈ ആഗിരണത്തിന്റെ അളവ് ആ പ്രത്യേക മൂലകത്തിന്റെ അളവുമായി ബന്ധപ്പെട്ടിരിക്കും. ഈ തത്ത്വം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പരമാണു ആഗിരണ പ്രകാശമാപകങ്ങള്‍ (അറ്റോമിക് അബ്സോര്‍പ്ഷന്‍ സ്പെക്ട്രോ ഫോട്ടോമീറ്റര്‍) ഇന്ന് ഉപയോഗത്തിലുണ്ട്. ഒരു മൂലകത്തിന്റെ ദശലക്ഷത്തില്‍ ഒരംശം വരെ കൃത്യമായി നിര്‍ണിക്കുവാന്‍ ഈ ഉപകരണങ്ങള്‍ സഹായകമാണ്.

(ഡോ. പി.കെ. ജോയ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍