This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജ്യോത്സ്നിക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജ്യോത്സ്നിക

രണ്ടുവിഷ ചികിത്സാ ഗ്രന്ഥങ്ങള്‍ ഈ പേരിലുണ്ട്. ശ്രീരാമവര്‍മഗ്രന്ഥാവലി എന്ന പരമ്പരയില്‍ കൊച്ചി മലയാള പരിഷ്കരണകമ്മിറ്റി പ്രസിദ്ധപ്പെടുത്തിയതും (1949) പണ്ഡിതശ്രീ പരമേശ്വരമേനോന്‍ എഡിറ്റു ചെയ്തതും ശ്രീവള്ളി സേതുലക്ഷ്മി പരമ്പരയില്‍ സാംബശിവ ശാസ്ത്രികള്‍ എഡിറ്റു ചെയ്തു തിരുവിതാംകൂറില്‍ നിന്നും പ്രസിദ്ധപ്പെടുത്തി(1940)യതുമായ രണ്ടു ഗ്രന്ഥങ്ങളാണ് ജ്യോത്സ്നിക എന്ന പേരിലുള്ളത്. പ്രതിപാദനരീതിയില്‍ ഇവയ്ക്ക് സാരമായ വ്യത്യാസമുണ്ട്. തൃശൂര്‍ വടക്കുംനാഥനെ ആശ്രയിച്ചും ആരാധിച്ചും ജീവിച്ചിരുന്ന വാസുദേവന്‍, നാരായണന്‍ എന്നീ പേരുകളോടുകൂടിയ ആരോ ആയിരിക്കണം ഈ ഗ്രന്ഥങ്ങള്‍ രചിച്ചത്. ഗഹനമായ അറിവും നിരീക്ഷണ പരീക്ഷണങ്ങളില്‍ തത്പരനുമായ വൈദ്യനു മാത്രമേ സുഗമമായി വിഷചികിത്സ ചെയ്യാനാവൂ. ഇവര്‍ മാത്രമേ മന്ത്രാദികള്‍ പ്രയോഗിക്കാവൂ. പരമേശ്വരമേനോന്‍ എഡിറ്റു ചെയ്ത പുസ്തകത്തിലെ ആമുഖത്തില്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്.

'യദൃച്ഛയാ കേട്ടുകൊണ്ടു വശമാക്കിയ മന്ത്രവും

ഛന്നനായി പഠിച്ചിട്ടുള്ള മന്ത്രവും പുനരിങ്ങനെ

അന്യനു പറയും നേരം കേട്ട മന്ത്രമതും തഥാ

പത്രത്തിലെഴുതി കണ്ടു ഗ്രഹിച്ചീടുന്ന മന്ത്രവും

ജപിച്ചീടിലത്യന്തം നാശമുണ്ടാം നൃണാമിഹ

തസ്മിന്‍ ഗുരുമുഖാന്‍ ലഭ്യം മന്ത്രം തു സുഖമിഛതാ'

സ്ഥാവരങ്ങളും ജംഗമങ്ങളുമായ എല്ലാവിധ വിഷങ്ങളുടെയും ലക്ഷണവും ചികിത്സയും രണ്ടു ഗ്രന്ഥങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍