This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജ്യോതി ബസു (1914 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജ്യോതി ബസു (1914 - )

ജ്യോതി ബസു

കമ്യൂണിസ്റ്റു (മാര്‍ക്സിസ്റ്റ്) പാര്‍ട്ടി നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും. ഡോ. നിശികാന്ത ബസുവിന്റെയും ഹേമലതയുടെയും മകനായി 1914 ജൂല. 8-ന് ജ്യോതി ബസു കല്‍ക്കത്തയില്‍ ജനിച്ചു. കല്‍ക്കത്തയിലെ സെന്റ് സേവിയേഴ്സ് സ്കൂളിലെയും (1931) പ്രസിഡന്‍സി കോളജിലെയും (1935) വിദ്യാഭ്യാസത്തിനുശേഷം ഇദ്ദേഹം നിയമ പഠനത്തിനായി ഇംഗ്ളണ്ടില്‍ പോയി (1935 ഒ.) കല്‍ക്കത്തയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ജ്യോതി ബസു ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായിരുന്നു. ഇംഗ്ലണ്ടിലെ വിദ്യാഭ്യാസകാലത്തു രാഷ്ട്രീയ കാര്യങ്ങളില്‍ സജീവമായി ഏര്‍പ്പെടുകയും കമ്യൂണിസ്റ്റു ആദര്‍ശങ്ങളില്‍ ആകൃഷ്ടനാവുകയും ചെയ്തു. 1936-ല്‍ ഇദ്ദേഹം ലണ്ടന്‍ മജ്ലിസില്‍ (ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ച ലണ്ടനിലെ വിദ്യാര്‍ഥികളുടെ സംഘടന) ചേര്‍ന്നു; 1937-ല്‍ അതിന്റെ സെക്രട്ടറിയായി. ഇദ്ദഹം ബ്രിട്ടീഷ് കമ്യൂണിസ്റ്റു പാര്‍ട്ടിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. മിഡില്‍ ടെമ്പിളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദമെടുത്തശേഷം 1940 ജനുവരില്‍ ഇന്ത്യയിലെത്തിയ ജ്യോതി ബസു കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഫ്രണ്ട്സ് ഒഫ് ദ് സോവിയറ്റ് യൂണിയന്റെ സെക്രട്ടറിയായിരുന്നിട്ടുണ്ട്. 1940 ജനുവരിയില്‍ ഇദ്ദേഹം ഛബി ഘോഷിനെ വിവാഹം കഴിച്ചു. ഇവര്‍ 1942-ല്‍ മരണമടഞ്ഞു. 1943-ല്‍ ഇദ്ദേഹം ബംഗാളില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്രവിശ്യാ കമ്മിറ്റി സംഘാടകനായി ബംഗാള്‍-അസം റെയില്‍വേ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് ഇദ്ദേഹം ട്രേഡ് യൂണിയന്‍ രംഗത്തു പ്രവേശിച്ചു (1944). ബംഗാള്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ റെയില്‍വേ മണ്ഡലത്തില്‍ നിന്നും ഹുമയൂണ്‍ കബീറിനെ പരാജയപ്പെടുത്തി 1946-ല്‍ ജ്യോതി ബസു നിയമസഭാംഗമായി. 1948 ഡിസംബറില്‍ ഇദ്ദേഹം കമലിനെ വിവാഹം കഴിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ 1950-ലും തുടര്‍ന്ന് നിരവധി തവണയും അറസ്റ്റിലായി. ബാരാനഗര്‍ മണ്ഡലത്തില്‍ നിന്ന് 1952, 57, 62, 67, 69, 71 എന്നീ വര്‍ഷങ്ങളിലും സത്ഗാച്ചിയ മണ്ഡലത്തില്‍ നിന്ന് 1977, 82, 87, 91, 96 എന്നീ വര്‍ഷങ്ങളിലും ഇദ്ദേഹം നിയമസഭാംഗമായി. 1972-ലെ തിരഞ്ഞെടുപ്പില്‍ ബാരാനഗര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടു. നിയമസഭയില്‍ ഇദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നിട്ടുണ്ട്. 1960-ഓടെ ഇദ്ദഹം പശ്ചിമബംഗാളില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്രമുഖ നേതാവായി. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി (മാര്‍ക്സിസ്റ്റ്)യില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ, നാഷണല്‍ സെക്രട്ടേറിയറ്റ്, സെന്‍ട്രല്‍ എക്സിക്യൂട്ടീവ് എന്നീ സമിതികളില്‍ അംഗത്വം വഹിച്ചു. അജയ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭയില്‍ ഇദ്ദേഹം രണ്ടു തവണ (1967 മാ.-ന.; 1969 ഫെ.-70 മാ.) ഉപമുഖ്യമന്ത്രിയായി. 1977 ജൂണ്‍ 21-ന് പശ്ചമിബംഗാള്‍ മുഖ്യമന്ത്രിയായ ജ്യോതി ബസു 1996-ല്‍ തുടര്‍ച്ചയായി അഞ്ചാം തവണയും മുഖ്യമന്ത്രിയായി. 20 വര്‍ഷത്തിലധികം തുടര്‍ച്ചയായി ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു എന്നത് ഒരു സര്‍വകാല റിക്കാര്‍ഡാണ്. 1996 മേയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഗവണ്‍മെന്റ് രൂപവത്കരിക്കാന്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നപ്പോള്‍ ഐക്യമുന്നണി നേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രിപദം ഏറ്റെടുക്കുന്നതിന് ഇദ്ദേഹത്തിന്റെ മേല്‍ സമ്മര്‍ദമുണ്ടായി. ഇദ്ദേഹം ചൈന, സോവിയറ്റ് യൂണിയന്‍, ചെക്കസ്ലോവാക്യ, നെതര്‍ലന്‍ഡ്സ്, ഡെന്‍മാര്‍ക്ക്, ജര്‍മനി, ബല്‍ജിയം, കാനഡ, യു.എസ്., ജപ്പാന്‍, ബാംഗ്ലാദേശ് തുടങ്ങിയ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 1977 വരെയുള്ള കാലത്തെ ആത്മകഥ ജനഗണേര്‍ സംഗെ (ജനങ്ങള്‍ക്കൊപ്പം) എന്ന പേരില്‍ ബംഗാളിഭാഷയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍