This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജ്യോതിപ്രസാദ് അഗര്‍വാള്‍ (1903 - 51)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജ്യോതിപ്രസാദ് അഗര്‍വാള്‍ (1903 - 51)

അസമീസ് സംഗീതജ്ഞനും നാടകകൃത്തും കവിയും ചലച്ചിത്രകാരനും. തേജ്പൂരിലെ അഗര്‍വാല കുടുംബത്തില്‍ 1903-ല്‍ ജനിച്ചു. കല്‍ക്കത്തയിലും ലണ്ടനിലുമായി പഠനം നിര്‍വഹിച്ചു. 1930-ല്‍ ജര്‍മനിയില്‍ നിന്ന് ചലച്ചിത്രപഠനവും പൂര്‍ത്തിയാക്കി. ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ മുതല്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തു. 1931-32 'ശാന്തിസേന'യുടെ കമാന്‍ഡര്‍ ആയി 15 മാസം ജയില്‍ശിക്ഷ അനുഭവിച്ചു. 'സത്യത്തിന്റെ സൗന്ദര്യത്തെ ആരാധിക്കുന്നവന്‍' എന്നര്‍ഥമുള്ള 'രൂപ് കോണ്‍വര്‍' എന്ന അപരനാമധേയത്തിലാണ് ഇദ്ദേഹം ഏറെ പ്രസിദ്ധന്‍. ജയില്‍ വിമോചിതനായശേഷം ചലച്ചിത്രരംഗത്തേക്കാണ് പ്രവേശിച്ചത്. 1935-ല്‍ 'ജോയ്മതി' എന്ന പ്രഥമ ചലച്ചിത്രം പുറത്തുവന്നു. 'ഇന്ദ്രമാലതി'(1939)യാണ് മറ്റൊരു ചിത്രം.

ഒന്നാംകിട നാടകകൃത്തുകൂടിയായിരുന്നു ഇദ്ദേഹം. ഉഷാനിരുദ്ധകഥയെ ആധുനിക കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന സോനിത്കുനാരി (1925) ആണ് പ്രഥമ രചന. കരെംഗാര്‍ ലിഗിരി (1936), രൂപാലിം (1960), നിമതികന്യ (1964), ലബിത (1948) എന്നിവയാണ് മറ്റു മുഖ്യ നാടകങ്ങള്‍. കാവ്യാത്മകമായ ശൈലിയും സംഗീതത്തിന്റെ സവിശേഷ വിനിയോഗവും ഈ നാടകങ്ങളെ ഇതര അസമീസ് നാടകങ്ങളില്‍ നിന്നു വ്യത്യസ്തമാക്കി.

നിരവധി ദേശഭക്തി ഗാനങ്ങളും ലഘു കവിതകളും ഇദ്ദേഹത്തിന്റേതായുണ്ട്. ഏറെ ശ്രദ്ധിക്കപ്പെട്ട രചന ജ്യോതി രാമായണ എന്ന ബാലരാമായണ കാവ്യമാണ്. ബെസ്ബറുവ പ്രതിഭ (സാഹിത്യനിരൂപണം), ചന്ദ്രകുമാര്‍ അഗര്‍വാല (ജീവചരിത്രം) എന്നിവയാണ് പ്രധാന ഗദ്യരചനകള്‍. ഇദ്ദേഹത്തിന്റെ സാഹിത്യനിരൂപണങ്ങള്‍ അസമിയ സാഹിത്യത്തിലെ പിന്നിട്ട വഴികളെയും സമകാലികാവസ്ഥയെയും പുതിയ കാഴ്ചപ്പാടില്‍ വിലയിരുത്തുന്നവയാണ്.

സംഗീതജ്ഞന്‍ എന്ന നിലയില്‍ ഇദ്ദേഹത്തിന്റെ സേവനങ്ങള്‍ വിലപ്പെട്ടതാണ്. അസമിലെ പരമ്പരാഗത - പ്രാദേശിക സംഗീതത്തില്‍ നിന്ന് സാര്‍വ ലൗകികമാനമുള്ള ഒരു പുത്തന്‍ സംഗീത ശൈലിക്ക് ഇദ്ദേഹം രൂപം നല്കി. അത് 'ജ്യോതിസംഗീത്' എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ചു. പ്രസ്തുത ശൈലിയില്‍ ഇദ്ദേഹം അറുന്നൂറിലേറെ രചനകള്‍ നിര്‍വഹിക്കുകയുണ്ടായി.

1944-ല്‍ ഇദ്ദേഹം ദൈനിക് അസമിയ എന്ന പത്രത്തിന്റെ എഡിറ്ററായിരുന്നു. കാന്‍സര്‍ ബാധിതനായ ഇദ്ദേഹം 1951-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍