This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജ്ഞാനമീമാംസ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജ്ഞാനമീമാംസ

വേദങ്ങളുടെ അവസാനഭാഗമാണ് ജ്ഞാനമീമാംസ. ഇവ ഉപനിഷത്തുകളാണ്. വേദത്തിന്റെ പരിസമാപ്തിയായതിനാല്‍ വേദാന്തം എന്നും അറിയപ്പെടുന്നു. വേദം എന്നാല്‍ ജ്ഞാനം; അറിവിന്റെ അവസാനമാണ് വേദാന്തം. ഞാന്‍ ആരാണ്? സത്യം എന്താണ്? പ്രപഞ്ചത്തിന്റെ ആത്യന്തിക സ്വഭാവം എന്താണ്? എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യോത്തര ചര്‍ച്ചകളാണ് ഉപനിഷത്തുകളില്‍ പ്രധാനമായും കാണുന്നത്. ഈ ഭാഗം ഉത്തരമീമാംസ, ജ്ഞാനകാണ്ഡം, ബ്രഹ്മമീമാംസ എന്നീ പേരുകളിലും അറിയപ്പെടുന്നു. വേദാന്ത ചര്‍ച്ചാവിഷയമായ ബ്രഹ്മജ്ഞാനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭഗവദ്ഗീത, ബ്രഹ്മസൂത്രം, ഉപനിഷത്തുകള്‍ എന്നിവയെ ഒരുമിച്ച് 'പ്രസ്ഥാനത്രയം' എന്ന വേദാന്ത ശാസ്ത്രത്തില്‍ പറയുന്നു.

ഉപനിഷത്ത് ഉപനിഷത്ത് എന്നാല്‍ 'ഭക്തി നിര്‍ഭരമായി (ഗുരുവിന്റെ) അരികിലായി താഴെയിരിക്കുക' എന്നര്‍ഥം; ഗുരുവില്‍നിന്നും സത്യവസ്തുവിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ശിഷ്യന്റെ സംശയങ്ങളും അജ്ഞതയും ഇല്ലാതാക്കുക. ഗുരു ശിഷ്യന് വിദ്യ രഹസ്യമായി ഉപദേശിക്കുന്നതില്‍ രഹസ്യവിദ്യയെന്നും ഈ വാക്കിന് അര്‍ഥം കല്പിക്കുന്നു.

ഇതിലെ പ്രതിപാദ്യം അദ്വൈത ദര്‍ശനമാണ്. ഈ ദര്‍ശനം മനുഷ്യമനസ്സിന് ഭദ്രമായ ദാര്‍ശനിക സിദ്ധാന്തങ്ങളും ഹൃദയത്തിന് സ്വാതന്ത്ര്യവും സമാധാനവും നല്കുന്നു. ജഗത്തിന്റെ സ്വഭാവം ഇതില്‍ വിവരിക്കുന്നു. ജീവാത്മാവ്, പരമാത്മാവ് (ബ്രഹ്മം), കാലദേശനാമരൂപസമ്മിശ്രമായ പ്രപഞ്ചം എന്നിവയെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നു.

ആത്മാവ് ആത്മാവ് സ്വയം സിദ്ധവും സനാതനവും സര്‍വഗതവും ശുദ്ധബോധവും ആനന്ദവും സര്‍വത്തിന്റെയും അസ്തിത്വവുമാണെന്ന് ഉപനിഷത്തില്‍ പറയുന്നു. പഞ്ചഭൂത നിര്‍മിതമായ ശരീരത്തില്‍ കുടികൊള്ളുന്ന ആത്മാവ് ഭൌതിക ലോകത്തെ അനുഭവിക്കുകയും സര്‍വത്തിനും സാക്ഷിയായി നിലകൊള്ളുകയും ചെയ്യുന്നു.

പഞ്ചേന്ദ്രിയങ്ങള്‍, പഞ്ചഭൂതങ്ങള്‍, അന്തഃകരണം എന്നിവ അവിദ്യയുടെ ഉത്പന്നങ്ങളാണ്. ഇവ ആത്മാവിനെ വലയം ചെയ്യുകയും ഒരു വൈയക്തികഭാവം സൃഷ്ടിക്കുകയും ചെയ്യുന്നു. ആത്മാവ് കേവലസത്തയാകയാല്‍ ഉപാധികള്‍ക്കപ്പുറം അതീന്ദ്രിയമായി നിലനില്ക്കുന്നു. ഉപനിഷത്തുകളുടെ അന്വേഷണ വിഷയം ഈ ആത്മാവാണ്.

സത്യാന്വേഷണത്തിന്റെ ആത്യന്തികവിഷയം ആത്മതത്ത്വമാണ്. ജ്ഞാനിയായും ജ്ഞേയമായും അത്മനിഷ്ഠമായും വസ്തുനിഷ്ഠമായും ആത്മാവായും അനാത്മാവായും കാണപ്പെടുന്ന ഇത് അതീന്ദ്രിയ വസ്തുവാണ്. ആത്മാവ് അവസ്ഥാത്രയത്തെ (ജാഗ്രത്, സ്വപ്നം, സുഷുപ്തി) അനുഭവിക്കുന്നു. ആത്മാവ്, അവസ്ഥാത്രയത്തിന് അടിസ്ഥാനമായിരുന്ന് അവയെ അറിയുകയും അതീന്ദ്രിയമായിരിക്കുകയും ചെയ്യുന്നു. ജാഗ്രദവസ്ഥയില്‍ ആത്മാവിന് ബാഹ്യലോകത്തെക്കുറിച്ചുള്ള ബോധം ഉണ്ടായിരിക്കുകയും സ്ഥൂലപ്രകൃതിയെ അനുഭവിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് 'വിശ്വ'. സ്വപ്നാവസ്ഥയില്‍ ആന്തരിക ബോധമുണ്ടാവുകയും സൂക്ഷ്മവസ്തുക്കളെ ആസ്വദിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് 'തൈജസ'. സുഷുപ്തിയില്‍ മേല്പറഞ്ഞ രണ്ടിനെയും അനുഭവിക്കാത്തതിനാല്‍ വിഷയവുമില്ല. ഇവിടെ ആത്മ-അനാത്മദ്വന്ദ്വ സ്വഭാവം അപ്രത്യക്ഷമാകുന്നു. ഈ അവസ്ഥയാണ് 'പ്രജ്ഞ'. അജ്ഞതയും അബോധാവസ്ഥയും ഇതിന്റെ പ്രത്യേകതകളാണ്. നാലാമത്തേതാണ് ദ്വന്ദ്വാനുഭവങ്ങളില്ലാത്ത ശുദ്ധബോധാവസ്ഥ. ഇവിടെ ആത്മാവ് ആനന്ദം അനുഭവിക്കുന്നു. അജ്ഞാനം ഇല്ലാതാവുന്ന ആത്മാവിന്റെ ഈ അവസ്ഥയെ പ്രത്യക്ഷമായ അന്തര്‍ദര്‍ശനത്തിലൂടെ അനുഭവിക്കാം; ഈ അവസ്ഥയാണ് 'തുരീയം'. ജാഗ്രത്, സ്വപ്നം, സുഷുപ്തി, തുരീയം എന്നീ അവസ്ഥകളെ 'ഓം' എന്ന പ്രതീകത്തിലൂടെ ധ്വനിപ്പിക്കുന്നു. ആത്മാവിന്റെ യഥാര്‍ഥ തലമാണ് തുരീയം. എല്ലാ ദ്വന്ദ്വാത്മകാനുഭവങ്ങളെയും മറികടന്ന് ഈ ആത്മസ്വരൂപത്തെ സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്ന് ഉപനിഷത്ത് പറയുന്നു.

ബ്രഹ്മം സ്വയംഭൂവും സര്‍വഗതവും സനതാനവുമായ പരമാര്‍ഥസത്ത വസ്തുനിഷ്ഠമായി 'ബ്രഹ്മം' എന്ന് ഉപനിഷത്തില്‍ അറിയപ്പെടുന്നു. ഇതാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാന കാരണം. ഛന്ദോഗ്യോപനിഷത്തില്‍ ഇതിനെ 'തജ്ജലാന്‍' എന്നുപറയുന്നു. ഏതൊന്നാലാണോ ഈ ലോകം ഉണ്ടാവുകയും നിലനില്ക്കുകയും ഏതൊന്നിലേക്കാണോ ഇത് മടങ്ങുകയും ചെയ്യുന്നത് ആ ഒന്നാണ് 'തജ്ജലാന്‍'. ആകാശം, വായു, അഗ്നി, ജലം, പൃഥ്വി എന്നിവ ക്രമത്തില്‍ ഇതില്‍നിന്നും സൃഷ്ടിക്കപ്പെടുന്നു. പ്രപഞ്ചവികാസത്തെക്കുറിച്ച് മറ്റൊരു സിദ്ധാന്തം തൈത്തിരീയോപനിഷത്തിലെ പഞ്ചകോശസിദ്ധാന്തത്തില്‍ വിവരിക്കുന്നു. അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നിവയാണ് അഞ്ചുകോശങ്ങള്‍. ഏറ്റവും താണ നിലയിലുള്ള സ്ഥൂലാവസ്ഥയാണ് അന്നമയകോശം. രണ്ടാമത്തെ പ്രാണമയകോശം ജീവനാണ്; ഇതാണ് ചലനത്തിന് ഹേതു. വികാസത്തിന്റെ മൂന്നാമത്തെ നില മനസ്സാണ്. ഇന്ദ്രിയബോധമാണ് ഇതിന്റെ പ്രത്യേകത; ഇതാണ് മനോമയകോശം. നാലാമത്തെ നില സ്വയം ബോധമാണ്; വിജ്ഞാനമയകോശം. വികാസത്തിന്റെ ഏറ്റവും ഉയര്‍ന്നതലം ദ്വന്ദ്വാനുഭവങ്ങളില്ലാത്ത ആനന്ദമയകോശമാണ്. അനുഭവസിദ്ധമായുണ്ടാകുന്ന ത്രിപുടികള്‍(ജ്ഞാതം, ജ്ഞേയം, ജ്ഞാനം)ക്കപ്പുറം അത് അതീന്ദ്രിയതലത്തില്‍ ഒന്നായിത്തീരുന്നു. ബ്രഹ്മം സര്‍വത്തിന്റെയും അന്തരംഗത്തില്‍ വര്‍ത്തിക്കുകയും (അന്തര്യാമി) ആത്മാവായിരിക്കുകയും (സര്‍വഭൂതാന്തരാത്മാ) ചെയ്യുന്നു.

സ്വയംഭൂവും സ്വയം പ്രകാശിതവും അമൃതവും സര്‍വലോകങ്ങള്‍ക്കും താങ്ങായി നില്ക്കുന്നതും ഉന്നതവും ശ്രേഷ്ഠവുമായ ഇതിന്റെ സ്വരൂപം 'സച്ചിദാനന്ദ'മാണ്; അസ്തിത്വവും ബോധവും ആനന്ദവുമാണ്; ഇതിനപ്പുറം മറ്റൊന്നില്ല.

ബ്രഹ്മവും ആത്മാവും ഒരേ വസ്തുവിനെത്തന്നെ ആത്മനിഷ്ഠമായി ആത്മാവ് എന്നും വസ്തുനിഷ്ഠമായി ബ്രഹ്മമെന്നും പറയുന്നു. ഉപനിഷത്തില്‍ പറയുന്ന കേവലസത്തയായ ബ്രഹ്മം ആത്മാവായും വസ്തുവായും വെളിവാകുകയും അതേസമയം അതിനുപരിയായി നിലനില്ക്കുകയും ചെയ്യുന്നു. ഇത് സുനിശ്ചിതവും അനന്തവുമാണ്. ജീവികളുടെ അന്തരംഗത്തിലെ ആത്മാവ് പ്രപഞ്ചത്തിന്റെ അന്തരംഗത്തിലെ ബ്രഹ്മമമാണ്. 'അത് നീയാണ്', 'ഞാന്‍ ബ്രഹ്മമാണ്', 'ആത്മാവ് ബ്രഹ്മമാണ്' 'ഞാന്‍ അതാണ്', 'ഞാനാണ് ദ്വന്ദ്വാത്മഭാവമില്ലാത്ത ആനന്ദം' എന്നീ ഉപനിഷത് വാക്യങ്ങളിലൂടെ ആത്മാവും ബ്രഹ്മവും ഒന്നാണെന്ന് ഉദ്ഘോഷിക്കുന്നു. ആത്മനിഷ്ഠതയ്ക്ക് അനന്തതയില്ല; വസ്തുവിന് നിശ്ചയതത്വമില്ല. കേവലസത്തയായ ബ്രഹ്മത്തിന് അനന്തതയും നിശ്ചയതത്വവുമുണ്ട്. ജീവാത്മാവ് പരമാത്മാവിന്റെ അംശമാണ്. സൂക്ഷ്മ പ്രപഞ്ചവും സ്ഥൂലപ്രപഞ്ചവും സമ്മിശ്രപ്പെട്ടിരിക്കുന്നു. ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്ന 'അവസ്ഥാത്രയം' സൂക്ഷ്മപ്രപഞ്ചത്തില്‍ കാണാം. ആത്മാവ് നാലാമത്തെ നിലയാണ്. വ്യഷ്ടി തലത്തില്‍ കാണുന്ന ജാഗ്രത്, സ്വപ്നം, സുഷുപ്തി, തുരീയം എന്നിവയ്ക്ക് സമാന്തരമായി സമഷ്ടി തലത്തില്‍ വിരാട്, ഹിരണ്യഗര്‍ഭന്‍, ഈശ്വരന്‍, ബ്രഹ്മം എന്നീ ഭാവങ്ങളുണ്ട്.

ശുദ്ധമായ അസ്തിത്വവും ശുദ്ധ ജ്ഞാനവും ശുദ്ധ ആനന്ദവും കേവലസത്തയായ ബ്രഹ്മത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. സച്ചിദാനന്ദസ്വരൂപമാണ് ബ്രഹ്മം. ബ്രഹ്മം സത്യവും ജ്ഞാനവും ആനന്ദവും നന്മയും സൌന്ദര്യവുമാണ്. ഇതറിയപ്പെടുന്നതോടെ മറ്റെല്ലാം അറിയപ്പെട്ടതായിത്തീരുമെന്ന് ഉപനിഷത്തില്‍ പറയുന്നു.

ബ്രഹ്മത്തെ രണ്ട് രീതിയില്‍ വിവരിക്കാം. എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്ന, സദ്ഗുണസമ്പന്നമായ സപ്രപഞ്ചം. മറ്റൊരു ഭാവം ആണ് നിഷ്പ്രപഞ്ചം. നിര്‍ഗുണവും നിര്‍വിശേഷവും അനിശ്ചിതവും അനിര്‍വചനീയവുമാണ് നിഷ്പ്രപഞ്ചം. ആദ്യതത്തേത് അപരബ്രഹ്മം (ഈശ്വരന്‍) എന്നും രണ്ടാമത്തേത് പരബ്രഹ്മം (കേവലസത്ത) എന്നും അറിയപ്പെടുന്നു. കേവലസത്തയായ ബ്രഹ്മത്തിന്റെ വൈയക്തിക ഭാവമാണ് ഈശ്വരന്‍.

നിഷ്പ്രപഞ്ചബ്രഹ്മം സര്‍വത്തിന്റെയും അസ്തിവാരബോധവും അടിസ്ഥാനതത്ത്വവുമാണ്. ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ ലോകം ഈ അതീന്ദ്രിയ സത്തയില്‍ ഒന്നായിത്തീരുന്നു. ത്രിപുടി തത്ത്വത്തിന്റെ പശ്ചാത്തലം ഈ ബ്രഹ്മമാണ്. എല്ലാ വിധിനിഷേധങ്ങളുടെയും സ്ഥാനങ്ങളുടെയും സംശയങ്ങളുടെയും നിസ്തര്‍ക്ക പരമാര്‍ഥജ്ഞാനിയും ഈ ബ്രഹ്മം തന്നെയാണ്. ഈ പരാമര്‍ഥ വസ്തുവിനെ പരോക്ഷമായി മനസ്സിലാക്കിയവന് ദുഃഖമോ മിഥ്യയോ ഇല്ല. ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മാവായിത്തീരുന്നു. ഇതാണ് രഹസ്യവിദ്യയുടെ ഗൂഢാര്‍ഥം. ആത്മജ്ഞാനത്തിലൂടെ ഒരുവന്‍ ബ്രഹ്മത്തെ അറിയുകയെന്നുള്ളതാണ് മോക്ഷത്തിനുള്ള മാര്‍ഗം.

ഭവഗദ്ഗീത ഭഗവാന്റെ ഗീതമാണിത്. കൃഷ്ണനും അര്‍ജുനനും തമ്മിലുള്ള ദാര്‍ശനിക സംവാദമാണ് ഇതിലെ ഉള്ളടക്കം; ജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള കര്‍മമാണ് പ്രതിപാദ്യവിഷയം.

ആത്മാവ് അവിനാശിയും സനാതനവും അജവും അവ്യയവും സര്‍വഗതവും അചിന്ത്യവും അവികാര്യവുമാണ്. ശരീരം നശ്വരമാണ്; ആത്മാവ് അനശ്വരമാണ്; ജനനമരണസ്വഭാവം ഇതിനില്ല; അമൃതമാണ്. ഒരാള്‍ പഴകിയ വസ്ത്രം മാറി പുതിയ വസ്ത്രം ധരിക്കുന്നതുപോലെ ആത്മാവ് ജീര്‍ണിച്ച ശരീരം മാറ്റി പുതിയ ശരീരം സ്വീകരിക്കുന്നു. അനന്തവസ്തുവായ ആത്മാവ് എല്ലാത്തിലുമുള്‍ക്കൊണ്ട് അവയെ ചൈതന്യവത്താക്കിത്തീര്‍ക്കുന്നു. മണ്ണുകൊണ്ടുണ്ടാക്കിയ ശരീരം മണ്ണിലേക്ക് പോകുന്നു. അമൃതമായ ആത്മാവിനെ നശ്വരമായ ശരീരങ്ങളില്‍ കുടികൊള്ളുന്നതായി കാണുന്നവന്‍ സത്യദര്‍ശിയാണെന്ന് ഗീതയില്‍ പറയുന്നു.

കര്‍മം, ഭക്തി, ജ്ഞാനം എന്നിവയുടെ സമ്യക്കായ ഒരു ദര്‍ശനം ഭഗവദ്ഗീതയിലുണ്ട്. പഞ്ചേന്ദ്രിയങ്ങളും അന്തഃകരണവും വികാരങ്ങളും കൂടിച്ചേര്‍ന്ന ഒരു സങ്കീര്‍ണ പ്രതിഭാസമാണ് മനുഷ്യന്‍. ബുദ്ധിശക്തി അറിവിന്റെ ദര്‍ശനത്തെയും ഇച്ഛാശക്തി പ്രവൃത്തിദര്‍ശനത്തെയും വികാരം ഭക്തിദര്‍ശനത്തെയും സൃഷ്ടിക്കുന്നു. മോക്ഷപ്രാപ്തിക്കുവേണ്ടി വ്യത്യസ്തരായ ആളുകള്‍ അവരവരുടെ സ്വഭാവമനുസരിച്ച് ഇതിലേതെങ്കിലുമൊന്നിനെ അവലംബിക്കുന്നു. ഇവ കര്‍മയോഗം, ഭക്തിപ്രയോഗം, ജ്ഞാനയോഗം എന്നിങ്ങനെ മൂന്നുവിധമാണ്.

ഇവ മൂന്നും അടിസ്ഥാനപരമായി സംയോജിക്കപ്പെട്ടിരിക്കുന്നു. ഈ സംയോഗമാണ് 'യോഗം'. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഐക്യത്തെയാണ് യോഗം സൂചിപ്പിക്കുന്നത്. പരമശാന്തിയാണ് യോഗത്തിന്റെ ലക്ഷ്യം. നിസ്സംഗനായിനിന്ന് കര്‍മം ചെയ്യാന്‍ ഇത് ഉപദേശിക്കുന്നു. വികാരങ്ങളെ ശമിപ്പിച്ച് ശാന്തി കൈവരിച്ച മാതൃകാപുരുഷനാണ് യോഗി; കാറ്റില്ലാത്ത സ്ഥലത്ത് പ്രകാശിക്കുന്ന ദീപംപോലെയാണ് യോഗി. ചിത്തത്തെയും വികാരത്തെയും അടക്കി തന്നില്‍ത്തന്നെ ആനന്ദമഗ്നനായി ഇരിക്കുന്ന യോഗിസ്ഥിതി പ്രജ്ഞനാണ്. ബ്രഹ്മസ്ഥിതി പ്രാപിക്കുന്ന യോഗിക്ക് പിന്നീട് ഭയമോ അവിടെനിന്നും പതനമോ സംഭവിക്കുന്നില്ല.

ജ്ഞാനയോഗം ഇത് ജ്ഞാനത്തിന്റെ മാര്‍ഗമാണ്. യോഗിയുടെ ലക്ഷ്യം ആത്മസാക്ഷാത്കാരമാണ്. ജ്ഞാനത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ. ജ്ഞാനമില്ലാതെ യോഗം അസാധ്യമാണ്. ലൗകിക വാസനകളും ഇന്ദ്രിയ വസ്തുക്കളോടുള്ള ആസക്തിയും ഉണ്ടായിരിക്കുന്നിടത്തോളം ആരും യോഗിയാകുന്നില്ല. ശരിയായ ജ്ഞാനസിദ്ധിയോടെ ഭൗതികാസക്തിയില്‍നിന്നും മുക്തനാകുന്നു. ജ്ഞാനത്താല്‍ മഹാപാപികള്‍ക്കുപോലും സംസാരത്തിന്റെ മറുകര തേടാം എന്ന് ഗീത ഉദ്ഘോഷിക്കുന്നു. ജ്ഞാനാഗ്നി എല്ലാ കര്‍മദോഷങ്ങളെയും സംഹരിക്കുന്നു. കര്‍മം പൂര്‍ണമാകുന്നത് ജ്ഞാനത്താലാണ്. ജ്ഞാനസിദ്ധിയാല്‍ ഒരുവന്‍ ശാന്തിയെ പ്രാപിക്കുന്നു. ജ്ഞാനത്തോളം ശുദ്ധമായി മറ്റൊന്നില്ല. ജ്ഞാനി ഈശ്വര കാരുണ്യത്താല്‍ തന്റെ ആത്മാവിനെ സാക്ഷാത്കരിക്കുന്നു.

കര്‍മയോഗം കര്‍മയോഗവും ജ്ഞാനയോഗവും വിരുദ്ധങ്ങളല്ല. ജ്ഞാനപ്രാപ്തിക്കുശേഷമേ ശരിയായ കര്‍മം സാധ്യമാകൂ. ഒരു ജീവിക്കും കര്‍മം പൂര്‍ണമായി ഉപേക്ഷിക്കാന്‍ സാധ്യമല്ല. പ്രകൃതി ഗുണങ്ങള്‍ (സത്വ, രജസ്, തമസ്) കര്‍മത്തെ പ്രേരിപ്പിക്കുന്നു.

പ്രപഞ്ചംതന്നെ കര്‍മത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. അകര്‍മം സ്വാതന്ത്ര്യമല്ല; അത് മരണമാണ്. ഗീതയുടെ ആദര്‍ശം നിഷേധചിന്തയോ സന്ന്യാസമോ രക്ഷപ്പെടലോ അല്ല. അത് കര്‍മത്തെ നിരാകരിക്കുന്നില്ല. നിസ്സംഗനായി കര്‍മം ചെയ്യുകയെന്നതാണ് ഗീതയുടെ അടിസ്ഥാന സന്ദേശം. നിഷ്കാമകര്‍മം കര്‍മത്തെ ഉപേക്ഷിക്കലല്ല, മറിച്ച് കര്‍മത്തിലുള്ള ആഗ്രഹം, ആസക്തി, ഫലം എന്നിവയെ നിരാകരിക്കലാണ്. ആഗ്രഹം മനുഷ്യനെ ബന്ധിപ്പിക്കുന്നു. കര്‍മമാണ് മേഖല; കര്‍മഫലമല്ല. അതിനാല്‍ കര്‍മബന്ധം വരാത്ത രീതിയില്‍ കര്‍മം ചെയ്യണം. പ്രവൃത്തി-നിവൃത്തി മാര്‍ഗങ്ങള്‍ ഗീത സംയോജിപ്പിക്കുന്നു. ഒരു ജ്ഞാനിക്ക് മാത്രമേ നിഷ്കാമകര്‍മം ശീലിക്കാനാകൂ. ജ്ഞാനവും കര്‍മവും യഥാര്‍ഥത്തില്‍ ഒന്നാണെന്നാണ് ഗീത പറയുന്നത്. മോക്ഷം ലഭിച്ച മനുഷ്യന് ചെയ്തു തീര്‍ക്കാനായി ഒന്നുമില്ല. എന്നാല്‍ അദ്ദേഹം ലോകസംഗ്രഹാര്‍ഥം കര്‍മം ചെയ്യുന്നു.

ഭക്തി ഈശ്വരനെ നിസ്വാര്‍ഥമായി പ്രേമിക്കുകയും സേവിക്കുകയും ചെയ്യുന്നതാണ് ഭക്തി. ഇത് കര്‍മത്തിന്റെ ഒരു രൂപമാണ്. ശരിയായ ജ്ഞാനമില്ലാതെ അനാസക്തമായി കര്‍മം ചെയ്യാന്‍ സാധ്യമല്ല. അതിനാല്‍ നിഷ്കാമകര്‍മം പോലെതന്നെ ഭക്തിയും ശരിയായ ജ്ഞാനിക്ക് മാത്രമേ കൈവരിക്കാന്‍ കഴിയൂ. പൂര്‍ണമായ ആശ്രയത്വവും പൂര്‍ണവിശ്വാസവും ഇതിന് അനിവാര്യമാണ്. ഈശ്വരപ്രേമമാണ് ഉദാത്തമായ പ്രേമം. ഭക്തന്‍ പ്രപഞ്ചം മുഴുവനും ഈശ്വര ചൈന്യമായി അറിയുന്നു. ഭക്തി പൂര്‍ണമാകുമ്പോള്‍ ആനന്ദപൂര്‍ണമായ ആധ്യാത്മികാനുഭവത്തിലേക്ക് വ്യക്തി ഉയര്‍ത്തപ്പെടുന്നു. അപ്പോള്‍ വ്യക്തിയും ഈശ്വരനും ഒന്നായിത്തീരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍