This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജ്ഞാനദേവന്‍ (സു. 1274 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജ്ഞാനദേവന്‍ (സു. 1274 - 94)

മറാഠി ദാര്‍ശനിക കവിയും യോഗിയും. രുഗ്മിണിയുടെ വിഠല്‍പന്തിന്റെയും പുത്രനായി സു. 1274-ല്‍ ആളന്ദിയില്‍ ജനിച്ചു. ആധ്യാത്മിക ജീവിതത്തില്‍ നിന്നു പിന്‍വാങ്ങി ആത്മാവിന്റെ പൊരുള്‍ തേടി ലൗകിക ജീവിതത്തെ പുണരുകയും അതിന്റെ പേരില്‍ സമുദായഭ്രഷ്ടനാക്കപ്പെടുകയും ചെയ്തയാളാണ് വിഠല്‍ പന്ത്. നാലു മക്കളുടെ പിതാവായശേഷം ഇദ്ദേഹം ജീവന്‍ ബലികഴിച്ചു. എന്നിട്ടും ജ്ഞാനദേവനും ഭ്രാതാക്കള്‍ക്കും പിതാവിന്റെ മേലുള്ള വിലക്കുകളെല്ലാം അനുസരിക്കേണ്ടിവന്നു. കൗമാരപ്രായമെത്തിയപ്പൊള്‍ യാഥാസ്ഥിതിക പണ്ഡിതന്മാരോട് പ്രൗഢമായ വാദപ്രതിവാദം നടത്തി ജ്ഞാനദേവന്‍ ആ വിലക്കുകള്‍ ഇല്ലാതാക്കി. തുടര്‍ന്ന് സുദീര്‍ഘമായ യാത്രയിലൂടെ വേദാഗമങ്ങളുടെ യാഥാര്‍ഥ പൊരുള്‍ അറിഞ്ഞ ഇദ്ദേഹം പൗരോഹിത്യ മതം മതദര്‍ശനത്തെ എങ്ങനെയെല്ലാം വികൃതമാക്കിയിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞു.

ഭഗവദ്ഗീതയുടെ പൊരുള്‍ വിശദീകരിച്ച് സനാതനതത്ത്വങ്ങളെ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഗീതയ്ക്ക് ജ്ഞാനേശ്വരി എന്ന വ്യാഖ്യാനം രചിച്ചു (1290). ജ്ഞാനേശ്വരിയുടെ രചനയോടെ ദാര്‍ശനിക കവിയെന്ന നിലയില്‍ ഇദ്ദേഹം അനശ്വരനായി; ജ്ഞാനേശ്വര്‍ എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടു തുടങ്ങി.

ദേവഭാഷയായ സംസ്കൃതത്തിലല്ലാതെ ഗീതാവ്യാഖ്യാനം രചിക്കുന്നത് പാതകമാണെന്ന് യാഥാസ്ഥിതിക ബ്രാഹ്മണര്‍ കരുതിയിരുന്ന സമയത്താണ് ജ്ഞാനേശ്വര്‍ മറാഠി ഭാഷയില്‍ അതു നിര്‍വഹിച്ചത്. മറ്റൊരു പ്രത്യേകത നാടോടിപ്പാട്ടിന്റെ ഈണത്തിലാണ് (അത് പിന്നീട് 'ഓവി വൃത്തം' എന്നറിയപ്പെട്ടു) 9,000 ശ്ളോകങ്ങളും രചിച്ചത് എന്നതാണ്. തത്ത്വചിന്താപരമായ വേദവ്യാസകൃതിയെ അതിന്റെ ഗഹനത കൂടുതല്‍ വിശദമാക്കത്തക്ക തരത്തില്‍ ഒരു മറാഠി സര്‍ഗാത്മകത സാഹിത്യകൃതി എന്ന പോലെയാണ് ജ്ഞനേശ്വര്‍ പുനഃസൃഷ്ടിച്ചത്. 'മനുഷ്യനും മനുഷ്യരൂപം ധരിച്ച ഈശ്വരനും' തമ്മിലുള്ള സംവാദം ആയിട്ടാണ് ഇദ്ദേഹം ഗീതയെ കണ്ടിരിക്കുന്നത്. ജീവിതത്തിന്റെ അര്‍ഥമാണ് അതു വ്യാഖ്യാനിക്കുന്നത്; ദ്വൈതാദ്വൈത സിദ്ധാന്തങ്ങളുടെയോ വൈദികജ്ഞാനമാര്‍ഗത്തിന്റെയോ അവലംബം കൂടാതെയാണ് നിര്‍വഹിച്ചിട്ടുള്ളതും. ജ്ഞാനേശ്വരിയിലെ കേന്ദ്ര ആശയം ഇങ്ങനെ സംഗ്രഹിക്കാം: അഹന്തയുടെ കേന്ദ്രമാണ് മനസ്. അഹന്തയുള്ള മനുഷ്യന്‍ മാറിമാറി വരുന്ന പരിതഃസ്ഥിതികളില്‍ കുടുങ്ങിപ്പോകുമ്പോള്‍ വസ്തുക്കളെ അവയുടെ യഥാര്‍ഥ രൂപത്തില്‍ കാണുന്നില്ല. യഥാര്‍ഥസത്ത തിരിച്ചറിയണമെങ്കില്‍ അഹന്തയെ ലയിപ്പിച്ചു കളയണം. അപ്പോള്‍ ലഭിക്കുന്ന യഥാര്‍ഥ ജ്ഞാനത്തിന്റെ അഗ്നിയില്‍ അഹന്തയെ ഹോമിക്കണം ധര്‍മാനുസാരിയായ കര്‍മങ്ങള്‍ നയിക്കുന്നവര്‍ക്ക് ഇതിനു കഴിയും.

ജഞാനേശ്വരിക്കു പുറമെ, അനുഭവാമൃതം, ചാങ്ഗദേവാചാസഷ്ടി എന്നീ കൃതികളും നിരവധി ഭാവഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 21-ാമത്തെ വയസ്സില്‍ ആളന്ദിയിലെ ശ്രീസിദ്ധേശ്വരക്ഷേത്രത്തിനു സമീപം പ്രത്യേകം തയ്യാറാക്കിയ ഒരു ഭഗര്‍ഭഗുഹയിലിരുന്ന് ജ്ഞാനദേവന്‍ സമാധിയടഞ്ഞു എന്നു വിശ്വസക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍