This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജ്ഞാനചന്ദ്രഘോഷ് (1893 - 1959)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജ്ഞാനചന്ദ്രഘോഷ് (1893 - 1959)

ഭാരതീയ രസതന്ത്രജ്ഞന്‍. പ്രബല വിദ്യുത്വിശ്ലേഷക (Strong electrolytes) സിദ്ധാന്തത്തിനു മൌലികമായ പല സംഭാവനകളും നല്കിയ ഇദ്ദേഹം രാമചന്ദ്രഘോഷിന്റെ പുത്രനായി 1893 സെപ്. 4-നു ബംഗാളിലെ പുരുലീയയില്‍ ജനിച്ചു.

ഗിരിധി ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1909-ല്‍ പ്രസിഡന്‍സി കോളജില്‍ ചേര്‍ന്നു. രസതന്ത്രത്തില്‍ ഒന്നാം ക്ലാസ്സോടെ എം.എസ്സി. ബിരുദ(1915)വും കല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് വിദ്യുത് രസതന്ത്രത്തില്‍ ഡി.എസ്സി ബിരുദവും കരസ്ഥമാക്കി. ബംഗാള്‍ വിഭജനവും സ്വദേശി പ്രസ്ഥാനവും വിദ്യാര്‍ഥികളില്‍ ദേശസ്നേഹത്തിന്റെയും ദേശീയത്ത്വത്തിന്റെയും ആവേശം പകരുന്ന കാലഘട്ടമായിരുന്നു അത്. അന്നത്തെ പ്രക്ഷോഭങ്ങളില്‍ ഭാഗഭാക്കായിരിക്കെത്തന്നെ ഭാരതത്തിന്റെ ശാസ്ത്രപുരോഗതിക്കുവേണ്ടി ഇദ്ദേഹം അക്ഷീണം പ്രയത്നിച്ചു.

1915-ല്‍ കല്‍ക്കത്ത സര്‍വകലാശാലയിലെ രസതന്ത്രവിഭാഗത്തില്‍ ജോലിക്കു ചേര്‍ന്നു. സര്‍ താരക്നാഥ് സ്കോളര്‍ഷിപ് ലഭിച്ചതോടെ ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ രസതന്ത്രവിഭാഗത്തില്‍ പ്രൊഫ. എഫ്.ജി. ഡോണാന്റെ കീഴില്‍ പ്രകാശരസതന്ത്രത്തില്‍ ഗവേഷണം നടത്തി.

1921-ല്‍ ഘോഷ് ഡാക്കാ സര്‍വകലാശാലാ രസതന്ത്രവിഭാഗത്തിന്റെ തലവനായി. ഭാരതത്തില്‍ ആദ്യമായി പ്രകാശരസതന്ത്രത്തെക്കുറിച്ചും വ്യാവസായിക പ്രാധാന്യമുള്ള വാതകപ്രതിക്രിയയെക്കുറിച്ചും ഗവേഷണം നടന്നിരുന്നത് ഇവിടെയാണ്. 1939-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സസില്‍ (ബാംഗ്ളൂര്‍) ഡയറക്ടറായി. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്റെ പ്രസിഡന്റ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സസ് ഒഫ് ഇന്ത്യയുടെ പ്രസിഡന്റ് എന്നീ നിലകളില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ സയന്റിഫിക് മിഷനില്‍ അംഗമായി ഭാരതത്തെ പ്രതിനിധീകരിച്ച് ഇംഗ്ലണ്ട്, യു.എസ്., കാനഡ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ലണ്ടനില്‍ നടന്ന റോയല്‍ സൊസൈറ്റി എംപയര്‍ സയന്റിഫിക് കോണ്‍ഫറന്‍സ്, കോമണ്‍വെല്‍ത്ത് സയന്റിഫിക് കോണ്‍ഫറന്‍സ്, യു.എസ്സില്‍ നടന്ന യുണൈറ്റഡ് നേഷന്‍സ് സയന്റിഫിക് കോണ്‍ഫറന്‍സ് എന്നീ സമ്മേളനങ്ങളില്‍ ഇദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു.

1947-ല്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് സപ്ളൈസിന്റെ ഡയറക്ടര്‍ ജനറലായി. ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഒഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ അംഗം, ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഇന്‍ ഇന്ത്യയുടെ പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1950-ല്‍ ഭാരതത്തിലെ ആദ്യത്തെ ഐ.ഐ.റ്റി.(ഖരഗ്പൂര്‍)യുടെ ഡയറക്ടറായി. 1954-ല്‍ കല്‍ക്കത്താ സര്‍വകലാശാലയുടെ വൈസ്ചാന്‍സലറായി നിയമിതനായ ഇദ്ദേഹം ആസൂത്രണ കമ്മിഷന്‍ അംഗവുമായിരുന്നു.

ഘോഷ് 1959-ല്‍ നിര്യാതനായി. പ്രൊഫ. എസ്.കെ. ഭട്ടാചാര്യ, പ്രൊഫ. എന്‍.വി.സി. ശാസ്ത്രി എന്നിവരുമായി ചേര്‍ന്ന് ഘോഷ് രചിച്ച സം കാറ്റലിറ്റിക് ഗ്യാസ് റിയാക്ഷന്‍സ് ഒഫ് ഇന്‍ഡസ്ട്രിയല്‍ ഇംപോര്‍ട്ടന്‍സ് എന്ന ഗ്രന്ഥം ഇദ്ദേഹത്തിന്റെ മരണാനന്തരമാണ് (1960) പ്രസിദ്ധീകരിച്ചത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍