This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോസ്, സി.എല്‍. (1932 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോസ്, സി.എല്‍. (1932 - )

സി.എല്‍.ജോസ്

മലയാള സാഹിത്യകാരന്‍. 1932-ല്‍ തൃശൂരിലെ ലൂര്‍ദുപുരത്തു ജനിച്ചു. സ്വകാര്യപണമിടപാടുകമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു.

1958-ല്‍ എഴുതിയ മാനം തെളിഞ്ഞു ആണ് ആദ്യനാടകം. ജീവിതം ഒരു കൊടുങ്കാറ്റാണ്, പൊള്ളുന്ന പരമാര്‍ഥങ്ങള്‍ (1958), ബലിപുഷ്പം, മേഘധ്വനി, കറുത്തവെളിച്ചം (1964), കരിഞ്ഞ മണ്ണ്, ഭൂമിയിലെ മാലാഖ (1962), അഗ്നിവലയം, അഭിസന്ധി, ആമ്പല്‍പ്പൂവിന്റെ ആത്മഗീതം, തീപിടിച്ച ആത്മാവ് (1963), നീര്‍ച്ചുഴി (1968), വിശുദ്ധപാപം (1970), നഷ്ടസ്വര്‍ഗം (1971), യുഗതൃഷ്ണ, ശാപരശ്മി (1973), ശോകപ്പക്ഷി (1977), ജ്വലനം (1977), സത്യം ഇവിടെ ദുഃഖമാണ് (1978) എന്നിവയാണ് മുഖ്യ നാടകങ്ങള്‍. ക്രൈസ്തവ പശ്ചാത്തലമുള്ള നാടകങ്ങളാണ് ഇവയിലധികവും. മിക്ക നാടകങ്ങളിലും ഒരു സ്ത്രീകഥാപാത്രമേ ഉള്ളു എന്നതും സാധാരണക്കാരന്റെ നിത്യജീവിതത്തിലെ കൊച്ചു കൊച്ചു സംഭവങ്ങളാണ് ഇതിവൃത്തമെന്നതും ജോസിന്റെ നാടകങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗ്രാമപ്രദേശങ്ങളിലെ അമച്വര്‍ നാടകസംഘങ്ങള്‍ക്ക് പ്രചോദനമായി. അങ്ങനെ മധ്യകേരളത്തിലെയും ദക്ഷിണകേരളത്തിലെയും സാമാന്യജനങ്ങളുടെയിടയിലേക്കു ജോസിന്റെ നാടകങ്ങള്‍ എളുപ്പത്തില്‍ ചെന്നെത്തി. ശോകപ്പക്ഷി എന്ന നാടകം വളരെയധികം രംഗവിജയം നേടിയിട്ടുണ്ട്. 30-ലധികം നാടകങ്ങളും പത്തോളം ഏകാങ്കങ്ങളും രചിച്ചിട്ടുണ്ട്. ജ്വലനം എന്ന നാടകത്തിന് 1978-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചു. ഇദ്ദേഹത്തിന്റെ ഏതാനും ഏകാങ്കങ്ങള്‍ ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

കേരളസാഹിത്യ അക്കാദമി അംഗം, സാഹിത്യ പരിഷത് അംഗം, ആകാശവാണി ഉപദേശകസമിതി അംഗം, കേരള സംഗീത-നാടക അക്കാദമി അംഗം എന്നീ നിലകളിലും ജോസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍