This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോസഫ് മുണ്ടശ്ശേരി (1903 - 77)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോസഫ് മുണ്ടശ്ശേരി (1903 - 77)

ജോസഫ് മുണ്ടശ്ശേരി

മലയാള സാഹിത്യകാരനും രാഷ്ട്രീയ, സാമൂഹ്യനേതാവും. തൃശൂര്‍ ജില്ലയിലെ കണ്ടശാംകടവില്‍ കുഞ്ഞുവറീതിന്റെയും തേറാട്ടില്‍ ഇളച്ചിയുടെയും മകനായി മുണ്ടശ്ശേരി ഇല്ലപ്പറമ്പില്‍ 1903 ജൂല. 17-നു ജനിച്ചു. ഇന്റര്‍മീഡിയറ്റിനുശേഷം കുറച്ചുകാലം ഹൈസ്കൂള്‍ അധ്യാപകനായും ഊര്‍ജതന്ത്രത്തില്‍ ബി.എ. ബിരുദം നേടിയശേഷം തൃശൂര്‍ സെന്റ് തോമസ് കോളജില്‍ ഫിസിക്സ് ഡെമോണ്‍സ്ട്രേറ്ററായും ജോലി നോക്കി. തുടര്‍ന്ന് സംസ്കൃതം-മലയാളം എം.എ. പാസായതോടെ മുണ്ടശ്ശേരി സെന്റ് തോമസ് കോളജിലെ പൗരസ്ത്യഭാഷാ വിഭാഗത്തിന്റെ തലവനായി (1928-52). മദ്രാസ് സര്‍വകലാശാലയിലെ മലയാളം എം.എ. പരീക്ഷയുടെ ബോര്‍ഡ് ചെയര്‍മാന്‍ പദവിവരെ ഇദ്ദേഹം അലങ്കരിക്കുകയുണ്ടായി.

1949-ല്‍ കൊച്ചി നിയമനിര്‍മാണസഭയില്‍ അംഗമായതോടെ ജോസഫ് മുണ്ടശ്ശേരി സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ ശ്രദ്ധേയനായി. സംയോജനത്തെത്തുടര്‍ന്ന് തിരു-കൊച്ചി സ്റ്റേറ്റ് അസംബ്ളിയില്‍ അംഗമായി (ഇക്കാലത്താണ് സെന്റ് തോമസ് കോളജിലെ പ്രൊഫസര്‍ പദവിയില്‍ നിന്നും ഇദ്ദേഹത്തെ പിരിച്ചു വിട്ടത്-1952). കേരളപ്പിറവിക്കുശേഷം മണലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ജോസഫ് മുണ്ടശ്ശേരി 1957-ലെ കമ്യൂണിസ്റ്റു മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായി. കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കിയ വളരെയധികം പരിഷ്കാരങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ വരുത്താന്‍ ഇദ്ദേഹത്തിനു സാധിച്ചു. പ്രൈവറ്റ് സ്കൂള്‍ അധ്യാപകരുടെ സേവനവേതന വ്യവസ്ഥകളുടെ പരിഷ്കരണവും കേരള യൂണിവേഴ്സിറ്റി ബില്ലും വളരെയധികം ഒച്ചപ്പാടുണ്ടാക്കിയ സംഭവങ്ങളായിരുന്നു. മന്ത്രിസഭയുടെ പതനത്തെത്തുടര്‍ന്ന് 1959-ലെ തിരഞ്ഞെടുപ്പില്‍ മണലൂരില്‍ നിന്നു മത്സരിച്ച മുണ്ടശ്ശേരി പരാജയപ്പെട്ടു. 1970-ല്‍ തൃശൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നു സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചു.

കേരളത്തിലെ സാഹിത്യ സദസ്സുകളിലും സാഹിത്യപരിഷത്തിന്റെ വേദികളിലുമെല്ലാം മുണ്ടശ്ശേരി ഒരു സജീവസാന്നിധ്യമായിരുന്നു. അപ്പന്‍ തമ്പുരാന്റെ കാലത്തിനുശേഷം വീണ്ടും പ്രസിദ്ധീകരണമാരംഭിച്ച മംഗളോദയം മാസികയുടെ പത്രാധിപര്‍ മുണ്ടശ്ശേരിയായിരുന്നു. കേരളം, പ്രേക്ഷിതന്‍, കൈരളി, പ്രജാമിത്രം, നവജീവന്‍ തുടങ്ങിയ മാസികകളുടെ പത്രാധിപരായും ഇദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി. സാഹിത്യപരിഷത്തിന്റെയും പുരോഗമന കലാസാഹിത്യസംഘടനയുടെയും പ്രസിഡന്റായും മുണ്ടശ്ശേരി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സഹകരണ മേഖലയിലെ സജീവ പ്രവര്‍ത്തകനായിരുന്ന ജോസഫ് മുണ്ടശ്ശേരി തൃശൂരിലെ സഹകരണകോളജിന്റെ പ്രിന്‍സിപ്പലായിരുന്നു. സഹകരണബോധിനിയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. കുറച്ചുകാലം സംസ്ഥാന പ്ളാനിങ് ബോര്‍ഡില്‍ അംഗമായിരുന്ന മുണ്ടശ്ശേരി, 1972-ല്‍ പുതുതായി രൂപീകരിച്ച കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍ പദവിയും അലങ്കരിച്ചു.

സാഹിത്യത്തിന്റെ ഒട്ടു മിക്ക മേഖലകളിലും വ്യാപരിച്ചിട്ടുണ്ടെങ്കിലും പ്രാമാണികനായ വിമര്‍ശന സാഹിത്യകാരന്‍ എന്ന നിലയിലാണ് ജോസഫ് മുണ്ടശ്ശേരിക്ക് ഏറെ അംഗീകാരം. മലയാള വിമര്‍ശന സാഹിത്യത്തെ സര്‍ഗാത്മക സാഹിത്യത്തിനൊപ്പം ചൈതന്യധന്യമാക്കുന്നതില്‍ മുണ്ടശ്ശേരി വഹിച്ച പങ്ക് നിസ്തുലമാണ്. പാശ്ചാത്യ-പൗരസ്ത്യ ചിന്താപദ്ധതികളില്‍ അവഗാഹം നേടിയ മുണ്ടശ്ശേരി മലയാള വിമര്‍ശന രംഗത്ത് തനതായ രചനാശൈലികൊണ്ടും സമീപനം കൊണ്ടും തന്റേതായ ഒരു പീഠം സൃഷ്ടിക്കുകയുണ്ടായി. മലയാള കാവ്യ നിരൂപണത്തിന് എക്കാലത്തെയും അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നായി കണക്കാക്കപ്പെടാവുന്ന കൃതിയാണ് മുണ്ടശ്ശേരിയുടെ കാവ്യപീഠിക. ചിന്താമാധുരി എന്ന കവിതാസമാഹാരമാണ് ഇദ്ദേഹത്തിന്റെ പ്രഥമ കൃതി. വള്ളത്തോളിന്റെ അവതാരികയോടുകൂടി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തില്‍ 17 കവിതകളുണ്ട്. സമ്മാനം, കടാക്ഷം, ഇല്ലാപ്പോലീസ് എന്നിവ മുണ്ടശ്ശേരിയുടെ കഥാസമാഹാരങ്ങളാണ്. കരിന്തിരി, സ്റ്റണ്ടുകള്‍ പുതിയ കാഴ്ചപ്പാടില്‍, ഉപന്യാസ ദീപിക, പ്രബന്ധദീപിക മുതലായവ ഉപന്യാസ സമാഹാരങ്ങളാണ്. കര്‍ണഭൂഷണം, ചിന്താവിഷ്ടയായ സീത, അച്ഛനും മകളും എന്നീ കൃതികളെപ്പറ്റിയുള്ള വിമര്‍ശനാത്മക പഠനമാണ് അന്തരീക്ഷം. മഹാകവി കുമാരനാശാന്‍, നാലപ്പാട്ടു നാരായണമേനോന്‍, വള്ളത്തോള്‍, ചങ്ങമ്പുഴ എന്നിവരെപ്പറ്റിയുള്ള വിലയിരുത്തലുകളാണ് മനുഷ്യകഥാനുഗായികള്‍. കലയുടെയും സാഹിത്യത്തിന്റെയും രൂപഭാവങ്ങള്‍ ചര്‍ച്ചചെയ്യുന്ന കൃതിയാണ് രൂപഭദ്രത. കരുണ, മഗ്ദലന മറിയം, പിംഗള എന്നീ കൃതികളുടെ താരതമ്യപഠനമാണ് മാറ്റൊലി. മാനദണ്ഡം, കാലത്തിന്റെ കണ്ണാടി, രാജരാജന്റെ മാറ്റൊലി, നാടകാന്തം കവിത്വം, പ്രഭാഷണാവലി, പാശ്ചാത്യസാഹിത്യസമീക്ഷ മുതലായ കൃതികള്‍ മുണ്ടശ്ശേരിയുടെ അഭിപ്രായസ്ഥൈര്യത്തിന്റെയും അനുഭവജ്ഞാനത്തിന്റെയും തിരുശേഷിപ്പുകളാണ്.

ഓജസ്സും ഗാംഭീര്യവും ഒത്തിണങ്ങിയ ഭാഷാശൈലി പ്രസംഗത്തിലായാലും പ്രബന്ധത്തിലായാലും മുണ്ടശ്ശേരിയുടെ പ്രത്യേകതയായിരുന്നു. മഹാകവി കുമാരനാശാന്റെ തോന്നയ്ക്കലെ ഭവനത്തെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ ലേഖനം 'തോന്നയ്ക്കല്‍ കണ്ട കാഴ്ച', ഇതര സന്ദേശകാവ്യങ്ങളുമായി താരതമ്യംചെയ്തുകൊണ്ട് കാളിദാസന്റെ മേഘസന്ദേശത്തിന്റെ മാറ്റും മഹത്തവും നിതരാം വ്യക്തമാക്കുന്ന 'സന്ദേശം അതൊന്നേയുള്ളു'. എന്ന ലേഖനം മുതലായവ മുണ്ടശ്ശേരിയുടെ രചനാഭംഗിയുടെ ചാതുരി എടുത്തുകാട്ടുന്ന സൃഷ്ടികളാണ്. കുമാരനാശാന്റെ കവിതകളുടെ മഹത്തം മലയാളികള്‍ക്കു മനസ്സിലാക്കിക്കൊടുക്കുന്നതില്‍ മുണ്ടശ്ശേരിയുടെ പ്രസംഗങ്ങളും പ്രബന്ധങ്ങളും വലിയ പങ്കു വഹിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കുമാരനാശാന്റെ പ്രതിമ സ്ഥാപിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച കമ്മിറ്റിയുടെ ചെയര്‍മാനും ഇദ്ദേഹമായിരുന്നു.

രാജാങ്കണം, കേരളം മലയാളിയുടെ മാതൃഭൂമി, രമണന്‍, പ്രരോദനം, വേരുകള്‍, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു മുതലായ ശ്രദ്ധേയങ്ങളായ നാല്പതോളം കൃതികളുടെ വിമര്‍ശനാത്മക പഠനമാണ് വായനശാലയില്‍ (നാലു ഭാഗങ്ങള്‍). പാശ്ചാത്യവും പൗരസ്ത്യവുമായ കലാസിദ്ധാന്തങ്ങളെ ഇണക്കിച്ചേര്‍ത്ത് അവയുടെ വെളിച്ചത്തില്‍ സാഹിത്യകൃതികളെ എങ്ങനെ വിലയിരുത്താം എന്ന് ഈ കൃതിയിലൂടെ മുണ്ടശ്ശേരി കാട്ടിത്തരുന്നു.

പ്രൊഫസര്‍, കൊന്തയില്‍ നിന്നു കുരിശിലേക്ക്, പാറപ്പുറത്തു വിതച്ച വിത്ത് എന്നിവ മുണ്ടശ്ശേരിയുടെ നോവലുകളാണ്.

മലയാളത്തിലെ ആത്മകഥാസാഹിത്യത്തിനുതന്നെ ഒരു മുതല്ക്കൂട്ടാണ് മുണ്ടശ്ശേരിയുടെ-കൊഴിഞ്ഞ ഇലകള്‍. കേവലമായ വ്യക്തിചരിത കഥനത്തിനപ്പുറം ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ധാരകളുടെ രേഖാചിത്രം കൂടിയാണ് ഈ കൃതി.

കൊച്ചി മഹാരാജാവില്‍ നിന്ന് സാഹിത്യനിപുണന്‍ ബിരുദം ലഭിച്ച ആദ്യത്തെ ക്രിസ്ത്യാനി മുണ്ടശ്ശേരിയായിരുന്നു. സോവിയറ്റ്ലാന്‍ഡ് നെഹ്റു അവാര്‍ഡ് (1976) ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി ഫെലോഷിപ്പു നല്കി (1976) മുണ്ടശ്ശേരിയെ ആദരിച്ചിട്ടുണ്ട്. ചൈന, റഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ മുതലായ വിദേശ നാടുകളില്‍ ഇദ്ദേഹം പര്യടനം നടത്തിയിട്ടുണ്ട്. ചൈന മുന്നോട്ട് എന്ന സഞ്ചാരസാഹിത്യകൃതി ആധുനിക ചൈനയുടെ ഉയര്‍ച്ചതാഴ്ചകള്‍ വരച്ചു കാണിക്കുന്നു. മുണ്ടശ്ശേരിയുടെ നിയമസഭാപ്രസംഗങ്ങള്‍ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ജോസഫ് മുണ്ടശ്ശേരി 1977 ഒ. 25-നു നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍