This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോസഫ് പവ്വത്തില്‍ (1930 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോസഫ് പവ്വത്തില്‍ (1930 - )

സീറോമലബാര്‍ കത്തോലിക്കാ സഭയുടെ ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ്. പവ്വത്തില്‍ കുടുംബത്തില്‍ ഉലഹന്നാന്‍ ജോസഫിന്റെയും മറിയത്തിന്റെയും പുത്രനായി 1930 ആഗ. 14-നു ജനിച്ചു. ചങ്ങനാശേരി എസ്.ബി. കോളജില്‍ പഠിച്ച് 1950-ല്‍ ബി.എ. പാസായി. 1952-ല്‍ മദ്രാസ് ലയോള കോളജില്‍ നിന്നും എം.എ. ബിരുദം നേടി. തുടര്‍ന്ന് പാറേല്‍പെറ്റി സെമിനാരിയില്‍ ചേര്‍ന്നു. 1962 ഒ. 3-നു പൂനാ പേപ്പല്‍ സെമിനാരി ചാപ്പലില്‍ വൈദിക പട്ടം സ്വീകരിച്ചു. 1963 മുതല്‍ 72 വരെ ചങ്ങനാശേരി എസ്.ബി.കോളജില്‍ ധനതത്ത്വശാസ്ത്രവിഭാഗം അധ്യാപകനായി സേവനം അനുഷ്ഠിച്ചു. 1969-ല്‍ ഓക്സ്ഫോഡില്‍ നിന്നും 'സാമ്പത്തിക വികസനം' എന്ന വിഷയത്തില്‍ ഡിപ്ലോമ നേടി. 1972 ഫെ. 13-നു ചങ്ങനാശേരി അതിരൂപതാ സഹമെത്രാനായി. 1977 മുതല്‍ 86 വരെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായിരുന്നു. 1986 ജനു. 17-നു ചങ്ങനാശേരിയിലെ ആര്‍ച്ച് ബിഷപ്പായി.

1993-ല്‍ സീറോമലബാര്‍ ബിഷപ്സ് സിനഡിലെ സ്ഥിരാംഗമായി. കേരള കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രശസ്തനായ വേദശാസ്ത്രപണ്ഡിതനും സഭയിലെ പൗരസ്ത്യപാരമ്പര്യങ്ങള്‍ പരിരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധനുമായ ജോസഫ് പവ്വത്തില്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഒഫ് ഇന്ത്യയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍