This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോഷി, ശിവകുമാര്‍ (1916 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോഷി, ശിവകുമാര്‍ (1916 - )

ഗുജറാത്തി നാടകകൃത്തും നോവലിസ്റ്റും. 1916-ല്‍ അഹമ്മദാബാദില്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസകാലത്തു തന്നെ നാടകാഭിനയത്തിലും അവതരണത്തിലും തത്പരനായിരുന്നു. ബോംബെ സര്‍വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം അഹമ്മദാബാദില്‍ തിയെറ്റര്‍ പഠനവും നടത്തി. കലാശാലാ പഠനകാലത്ത് സ്വാതന്ത്യ്രസമരത്തില്‍ പങ്കാളിയാവുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

ആദ്യകൃതി ഏകാങ്കനാടക സമാഹാരമായ പന്‍ഖ് വിനാനം പരേവം (1954) ആണ്. എങ്കിലും ആദ്യ നോവലായ കഞ്ചുകിബന്ധ (1956) യോടെയാണ് സാഹിത്യരംഗത്ത് ശ്രദ്ധേയനായത്. 25 സമ്പൂര്‍ണ നാടകങ്ങളും 45 ഏകാങ്കങ്ങളും 30 റേഡിയോ നാടകങ്ങളും 23 നോവലുകളും 12 ചെറുകഥാസമാഹാരങ്ങളും രചിച്ചിട്ടുണ്ട്. മുഖ്യനാടകങ്ങള്‍ സുമംഗല (1955), അന്തരമുലെയോ (55), അങ്കാരാഭാസം (56), സന്ധ്യാദീപിക (56), ദുര്‍വാങ്കുര (58), ഘട ഗിരി ഗിരി ആയ് (59), ഏകനേ ഥാക്കോര്‍ (60), സുവര്‍ണരേഖ (61), ക്രിത്തിവാസ (65), ത്രിവര്‍ണ (73) എന്നിവയാണ്. പ്രധാനപ്പെട്ട ഏകാങ്ക നാടകസമാഹാരങ്ങള്‍: അനന്തസാധന (1955), സോനാനി ഹംസദി. രൂപാനി ഹംസദി (58), നിലാഞ്ച (62).

അനംഗരാഗ (58), ദിയോ അഭയനം ദാന, അഭറുവെയാനി, നവലഖധാരേ (1994) എന്നിവയാണ് പ്രധാന നോവലുകള്‍. ദിയോ അഭയനം ദാന 1992-ലെ ഇന്ത്യാ-ചീന സംഘര്‍ഷം പശ്ചാത്തലമാക്കിയുള്ള രചനയാണ്. നവലഖധാരേ ഇന്ത്യാ-പാക്കിസ്താന്‍ വിഭജനം പശ്ചാത്തലമാക്കിയുള്ള വികാരഭരിതമായ കൃതിയാണ്. സോനാല ചാമിയ, ഏകകാനരി ആവൊ തുടങ്ങിയ ഏതാനും ലഘുനോവലുകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

സുവര്‍ണരേഖയ്ക്ക് 1964-ലെ സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചു. ഗുജറാത്തിലെ ഏറ്റവും മികച്ച ഏകാങ്കത്തിനുള്ള 'കുമാര്‍ചന്ദ്രക്സമ്മാനം', 'നര്‍മദ് സുവര്‍ണ ചന്ദ്രക്', 'രഞ്ജിത് റാം സുവര്‍ണചന്ദ്രക്' എന്നിവയും ലഭിച്ചിട്ടുണ്ട്. സാഹിത്യരംഗത്തെ പോലെ നടന്‍, സംവിധായകന്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്തനാണ്.

കല്‍ക്കത്തയിലെ അനാമിക ഹിന്ദി തിയെറ്റര്‍ അധ്യക്ഷനായി ജോഷി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബുഡാപെസ്റ്റ്, നാന്‍സി എന്നിവിടങ്ങളിലെ അന്തര്‍ദേശീയ നാടകസെമിനാറുകളില്‍ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. നാടകരംഗത്തെ അനുഭവങ്ങള്‍ വിവരിക്കുന്ന മാര്‍ഗ അവാനാ ഝെ ഷ്ഠരാനോ (1979) എന്ന ആത്മകഥാപരമായ ഒരു കൃതിയും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍