This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോഷി, രമണ്‍ലാല്‍ ജേഠാലാല്‍ (1926-)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോഷി, രമണ്‍ലാല്‍ ജേഠാലാല്‍ (1926-)

ഗുജറാത്തി നിരൂപകനും പണ്ഡിതനും. 1926-ല്‍ വടക്കന്‍ ഗുജറാത്തിലെ ഹീരപുരത്ത് ജനിച്ചു. ബറോഡ കോളജില്‍ നിന്നു ബി.എ.; എം.എ. ബിരുദങ്ങള്‍ നേടി. ഗോവര്‍ധന്‍ റാമിനെക്കുറിച്ചുള്ള പഠനത്തിന് 1960-ല്‍ പിഎച്ച്.ഡി ലഭിച്ചു. മികച്ച അധ്യാപകനെന്ന നിലയില്‍ പ്രശസ്തനായ ഇദ്ദേഹത്തെ 1984-85-ല്‍ യു.ജി.സി. 'നാഷണല്‍ ലക്ചറര്‍' ആയി നിയമിച്ചു. ഗുജറാത്തി സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജോഷിയുടെ ഗോവര്‍ധന്‍ റാം: ഏക് അധ്യയന്‍ (1963) എന്ന ഗവേഷണ പഠനം ഗുജറാത്തി സാഹിത്യഗവേഷണരംഗത്തെ നാഴികക്കല്ലാണ്. ഗോവര്‍ധന്‍ റാമിനെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ ഇതര പഠനങ്ങളാണ് ഗോവര്‍ധന്‍ റാം (മേക്കേഴ്സ് ഒഫ് ഇന്ത്യന്‍ ലിറ്റ്റെച്ചര്‍-1979), പ്രജ്ഞാമൂര്‍ത്തി ഗോവര്‍ധന്‍ റാം എന്നിവ. ഇദ്ദേഹത്തിന്റെ 12 സാഹിത്യനിരൂപണ സമാഹാരങ്ങളില്‍ പ്രധാനപ്പെട്ടവ അഭീപ്സ (1968), പരിമാണ്‍ (1969), സമാന്തര്‍ (1976), വിനിയോഗ് (1971), ഭാരതീയ നവല്‍ക്കഥ (1974) എന്നിവയാണ്. 19-ാം ശ.-ലെ ആഖോം എന്ന കവിയുടെ പദ്യരചനകള്‍ ആഖോഗീത (1967) എന്ന പേരിലും 19-ാം ശ.-ലെ ഉത്തംലാല്‍ ത്രിവേദിയുടെ ഗദ്യരചനകള്‍ ഉത്തംലാല്‍ ത്രിവേദിനി ഗദ്യരിധി (1971) എന്ന പേരിലും ആമുഖ പഠനത്തോടെ ഇദ്ദേഹം പ്രകാശിപ്പിച്ചിട്ടുണ്ട്.

മികച്ച എഡിറ്ററും തൂലികാചിത്രകാരനും കൂടിയായിരുന്ന ഇദ്ദേഹം എഡിറ്റു ചെയ്ത ഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടവ ഫൂല്‍ സാരേ ഗുല്‍മോഹര്‍ (1982), ഗോവര്‍ധന്‍ - പ്രതിഭ (1983), ഗുജറാത്തി ഗ്രന്ഥകാര്‍ ശ്രേണി എന്നിവയാണ്. സമകാലിക ഗുജറാത്തി സാഹിത്യകാരന്മാരെപ്പറ്റിയുള്ള ശബ്ദലോക്ന യാത്രിയോം (2 വാല്യം-1983) ആണ് തൂലികാചിത്രരംഗത്തുള്ള സംഭാവന.

വിവേചന്‍ നീ പ്രക്രിയ (1981) എന്ന സാഹിത്യ നിരൂപണ സമാഹാരത്തിന് 1984-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍