This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോഷി, ഭീംസെന്‍ (1922 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോഷി, ഭീംസെന്‍ (1922 - )

ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍. കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയില്‍ 1922 ഫെ. 14-നു ജനിച്ചു. സംഗീതവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സാധാരണ മാധ്വ ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന ജോഷി ബാല്യത്തില്‍ തന്നെ സംഗീതത്തില്‍ തത്പരനായിരുന്നു. ഒരു ദിവസം സ്കൂളിലേക്കു പോകുന്ന വഴിയില്‍ ഉസ്താദ് അബ്ദുല്‍ കരീംഖാനിന്റെ രണ്ടു പാട്ടുകള്‍ കേള്‍ക്കാനിടയായത് ജോഷിയുടെ ജീവിതത്തിലെ വഴിത്തിരിവായി. പാട്ടുകാരനാവുകയാണ് ജീവിതലക്ഷ്യം എന്ന തിരിച്ചറിഞ്ഞ ജോഷി 1933-ല്‍ വീടുവിട്ടിറങ്ങി. ഒരു ഗുരുവിനെതേടി ഗ്വാളിയര്‍, ജലന്ധര്‍, കല്‍ക്കത്ത, ഖരഗ്പൂര്‍ എന്നിവിടങ്ങളിലായി ഏതാണ്ടു രണ്ടുവര്‍ഷം അലഞ്ഞു.

ഭീംസെന്‍ ജോഷി

ഗ്വാളിയറിലെ മാധവ് സംഗീതവിദ്യാലയം, ജലന്ധറിലെ ആര്യ സംഗീതവിദ്യാലയം എന്നിവിടങ്ങളില്‍ നിന്നും, ഗ്വാളിയറില്‍ ഉസ്താദ് ഹാഫിസ് അലി ഖാന്‍, കല്‍ക്കത്തയില്‍ ഭീഷ്മദേവ് ചാറ്റര്‍ജി എന്നീ ഗുരുക്കന്മാരില്‍ നിന്നും സംഗീതം അഭ്യസിച്ചു. ഉസ്താദ് അബ്ദുള്‍ കരിം ഖാനിന്റെ പ്രമുഖ ശിഷ്യനായ സവായ് ഗന്ധര്‍വ കര്‍ണാടകത്തിലുണ്ടെന്നറിഞ്ഞ ജോഷി തിരികെ വീട്ടിലെത്തി. സംഗീതം എന്ന ലക്ഷ്യം നേടാനായി എല്ലാം ത്യജിച്ചിറങ്ങിയ മകന്‍ ആദരണീയനാണെന്നു മനസ്സിലാക്കിയ പിതാവ്, ജോഷിയെ സസന്തോഷം സ്വീകരിച്ചു. തനതായ ഒരു സംഗീത സംസ്കാരം വികസിപ്പിക്കുന്നതിന് സവായ് ഗന്ധര്‍വയുടെ ശിക്ഷണം ജോഷിയെ സഹായിച്ചു. പല ഗായകരുടെയും ശൈലീ വിശേഷങ്ങളെ വിവേചനപൂര്‍വം ഉള്‍ക്കൊള്ളുവാന്‍ ജോഷിക്കു സാധിച്ചു.

ബോംബെയിലാണ് ഭീംസെന്‍ ജോഷി ആദ്യമായി ഒരു പൊതുപരിപാടി അവതരിപ്പിച്ചത് (1941). 1943-ല്‍ ആകാശവാണിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഇദ്ദേഹത്തിന്റെ റേഡിയോ സംഗീത പരിപാടികള്‍ക്ക് വമ്പിച്ച ജനപ്രീതി ലഭിച്ചതോടെ കച്ചേരികള്‍ക്കുള്ള നിരവധി ക്ഷണങ്ങള്‍ ലഭിച്ചു തുടങ്ങി. സവായ് ഗന്ധര്‍വയുടെ ശഷ്ട്യബ്ദപൂര്‍ത്തിയോടനുബന്ധിച്ച് ജോഷി നടത്തിയ കച്ചേരിയാണ് ഇദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. ഇന്നും എല്ലാവര്‍ഷവും പൂണെയില്‍ ഗുരു ശ്രദ്ധാഞ്ജലിയായി ജോഷി മൂന്ന് സംഗീത നിശകള്‍ അവതരിപ്പിക്കാറുണ്ട്.

സ്വകാര്യ ജീവിതത്തില്‍ താളപ്പിഴകളുണ്ടായപ്പോഴും ഇദ്ദേഹത്തിന്റെ പ്രശസ്തിക്കു മങ്ങലേറ്റില്ല. 1960-80 കാലഘട്ടത്തില്‍ ജോഷി മദ്യത്തിനടിമയായി. സംഗീതത്തോടുള്ള അഭിനിവേശമാണ് ഈ ദുശ്ശീലത്തില്‍ നിന്ന് കരകയറുവാന്‍ ഇദ്ദേഹത്തെ സഹായിച്ചത്. യൂറോപ്, അമേരിക്ക, ആഫ്രിക്ക, ഏഷ്യ തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഭീംസെന്‍ കച്ചേരികള്‍ നടത്തിയിട്ടുണ്ട്.

ജോഷിയുടെ സംഗീതവിരുന്നുകള്‍ അപൂര്‍വാനുഭൂതികളാണ്. നേര്‍ത്ത ശ്രുതിഭേദങ്ങളുടെ സൂക്ഷ്മഭംഗികള്‍ അഗാധ ശാരീരത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. ജോഷിയുടെ സംഗീതം. ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഖ്യാല്‍ സംഗീതജ്ഞരില്‍ അഗ്രഗണ്യനാണ് ജോഷി. കിരാന ഘരാനയുടെ പല പോരായ്മകളും പരിഹരിക്കാന്‍ ജോഷിക്കു സാധിച്ചിട്ടുണ്ട്. ലയത്തെക്കാള്‍ സ്വരത്തിനാണ് ഈ ഘരാന പ്രാധാന്യം നല്കുന്നത്. കിരാന ഘരാനയുടെ മൗലികസവിശേഷതയോടു മറ്റു ഘരാനകളുടെ സവിശേഷതകള്‍ സമന്വയിപ്പിക്കുന്നതാണ് ജോഷിയുടെ തനതായ ശൈലി. ജോഷി പാടുമ്പോള്‍ അദ്ദേഹത്തിന്റെ മുഖഭാവങ്ങളിലൂടെയും അംഗവിക്ഷേപങ്ങളിലൂടെയുമൊക്കെ ആ സര്‍ഗപ്രക്രിയയുടെ തീക്ഷ്ണതയും നോവും ആസ്വാദകരിലേക്കു പകരുന്നു.

ഇന്ത്യന്‍ ശാസ്ത്രീയ സംഗീത വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ റിക്കാര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളത് ജോഷിയുടെ സംഗീതമാണ് ഇതിന് എച്ച്.എം.വി. പ്ലാറ്റിനം ഡിസ്ക് നല്കി ജോഷിയെ ആദരിച്ചു. പദ്മഭൂഷണ്‍, സംഗീതനാടക അക്കാദമി അവാര്‍ഡ്, മധ്യപ്രദേശ് സര്‍ക്കാരിന്റെ 'താന്‍സെന്‍ സമ്മാന്‍', വിശ്വഭാരതിയുടെ ഏറ്റവും ഉയര്‍ന്നബഹുമതിയായ 'ദേശികോത്തമ' പുരസ്കാരം എന്നിവയാണ് ഭീംസെന്‍ ജോഷിയെതേടി എത്തിയിട്ടുള്ള ബഹുമതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍