This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോഷി, ആനന്ദീബായ് (1865 - 87)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോഷി, ആനന്ദീബായ് (1865 - 87)

ഭാരതത്തിലെ പ്രഥമ ഭിഷഗ്വര. ഗണപത്റാവു അമൃതേശ്വര്‍ ജോഷിയുടെയും ഗംഗാബായി ജോഷിയുടെയും മകളായി മുംബൈയ്ക്കു വടക്കുള്ള കല്യാണില്‍ 1865 മാ. 31-നു ജനിച്ചു. പുണ്യനദിയായ 'യമുന'യുടെ പേരാണു മാതാപിതാക്കള്‍ കുട്ടിക്കു നല്കിയത്.

പ്രാഥമിക വിദ്യാഭ്യാസം മുംബൈയിലെ ഒരു മിഷന്‍ സ്കൂളിലായിരുന്നു. സംസ്കൃതഭാഷയും അഭ്യസിക്കുകയുണ്ടായി. തപാല്‍ വകുപ്പിലെ ഉദ്യോഗസ്ഥനായ ഗോപാല്‍ വിനായക് ജോഷിയെ 9-ാമത്തെ വയസ്സില്‍ വിവാഹം കഴിച്ചു. യമുനയ്ക്ക് ആനന്ദി എന്ന പേരു നല്‍കിയത് ഭര്‍ത്താവാണ്. 1879-ല്‍ ഈ ദമ്പതികള്‍ക്ക് ഒരു കുട്ടി പിറന്നെങ്കിലും ഏതാനും ദിവസങ്ങള്‍ക്കകം മരിച്ചുപോയി. ഈ സംഭവമാണ് ആനന്ദിയ ഒരു ഡോക്ടറാകാന്‍ പ്രേരിപ്പിച്ചത്.

1883 ഏ. 7-നു ജോഷി ദമ്പതികള്‍ 'ദി സിറ്റി ഒഫ് കല്‍ക്കത്ത' എന്ന കപ്പലില്‍ കല്‍ക്കത്തയില്‍ നിന്നും ഇംഗ്ലണ്ടിലേക്കു യാത്രപുറപ്പെട്ടു. ജൂണില്‍ ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്നു. യു.എസ്. സന്ദര്‍ശിക്കുന്ന ആദ്യത്തെ ഹിന്ദു വനിത ആനന്ദീബായ് ആണെന്നു കരുതപ്പെടുന്നു. ഫിലഡെല്‍ഫിയയിലെ മിസിസ്സ് കാര്‍പെന്റര്‍ ആനന്ദീബായിയെ ഫിലഡെല്‍ഫിയയിലെ വനിതകളുടെ മെഡിക്കല്‍ കോളജിലെ ഡീനായ റേച്ചല്‍ ബോഡ്ലിക്കു പരിചയപ്പെടുത്തി. ന്യൂയോര്‍ക്കിലെ ഹോമിയോപ്പതി കോളജ് ആനന്ദീബായിക്ക് സ്കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്തുവെങ്കിലും ഇവര്‍ ഫിലഡെല്‍ഫിയ മെഡിക്കല്‍ കോളജില്‍ ചേര്‍ന്നു. 1886-ല്‍ ആനന്ദീബായിക്ക് ഡോക്ടര്‍ ഒഫ് മെഡിസിന്‍ ബിരുദം ലഭിച്ചു.

1886 ഒക്ടോബറില്‍ ഭാരതത്തിലേക്ക് തിരിച്ച ആനന്ദീബായി കോലാപ്പൂരിലെ ആല്‍ബര്‍ട്ട് എഡ്വേര്‍ഡ് ആശുപത്രിയില്‍ വനിതകളുടെ വിഭാഗത്തില്‍ ഭിഷഗ്വരയായി നിയമിതയായെങ്കിലും ഏതാനും മാസങ്ങളേ ജോലി ചെയ്യുവാനവര്‍ക്കായുള്ളൂ. ക്ഷയരോഗബാധിതയായ ഇവര്‍ 1887 ഫെബ്രുവരിയില്‍ പൂണെയില്‍ നിര്യാതയായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍