This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോവിറ്റ്, ബഞ്ചമിന്‍ (1817 - 93)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോവിറ്റ്, ബഞ്ചമിന്‍ (1817 - 93)

Jowett, Benjamin

ഇംഗ്ലീഷ് പണ്ഡിതനും വൈദ്യശാസ്ത്രജ്ഞനും. 1817 ഏ. 5-നു ലണ്ടനില്‍ ജനിച്ചു. സെന്റ് പോള്‍സ് സ്കൂള്‍, ഓക്സ്ഫോഡിലെ ബാലിയല്‍ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. 1838-ല്‍ ബാലിയല്‍ കോളജിന്റെ ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടു. അവിടെത്തന്നെ ട്യൂട്ടറായി നിയമിതനായി. 1855-93 കാലയളവില്‍ ഗ്രീക്ക് പ്രൊഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1870-ല്‍ 'മാസ്റ്റര്‍ ഒഫ് ബാലിയല്‍' എന്ന സ്ഥാനവും ലഭിച്ചു. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ സ്ഥാനവും ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.

ക്ലാസ്സിക്കല്‍ പണ്ഡിതന്‍, സ്വതന്ത്രവീക്ഷണം വച്ചു പുലര്‍ത്തിയിരുന്ന ദൈവശാസ്ത്രജ്ഞന്‍ എന്നീ നിലകളിലാണ് ജോവിറ്റ് സ്മരണീയനാകുന്നത്. വിശുദ്ധ പൗലോസിന്റെ രചനകളുടെ വ്യാഖ്യാനക്കുറിപ്പുകള്‍ തനിമയും നവീനതയും ഉള്‍ക്കൊള്ളുന്നതായിരുന്നു. അത്രമേല്‍ മൗലികത പുലര്‍ത്തുകയും അതുവരെയുള്ള കാഴ്ചപ്പാടില്‍ നിന്നു വ്യത്യസ്തമായിരിക്കുകയും ചെയ്കയാല്‍ ദൈവനിന്ദ കലര്‍ന്ന പരാമര്‍ശങ്ങള്‍ അവയിലുണ്ടെന്ന പ്രചാരണം പോലും ഉണ്ടായി. അപ്പോസ്തലന്‍ റോമക്കാര്‍ക്കും ഗലാത്യര്‍ക്കും തെസ്സാലൊനിക്ക്യര്‍ക്കുമായി എഴുതിയ ലേഖനങ്ങളുടെ വ്യാഖ്യാനക്കുറിപ്പുകള്‍ 1855-ലാണ് വെളിച്ചം കണ്ടത്. പല ക്ലാസ്സിക്കല്‍ കൃതികളും ഇദ്ദേഹം ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇവയില്‍ പ്ളേറ്റോ കൃതികള്‍ക്കു നല്കിയ ആമുഖം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. രണ്ടു വാല്യങ്ങളിലായി തുസിഡൈഡ്സിന്റെ പരിഭാഷയും (1881) നടത്തി. ജോവിറ്റിന്റെ വിവര്‍ത്തനങ്ങള്‍ ക്ലാസ്സിക്കല്‍ കൃതികളില്‍ ഇദ്ദേഹത്തിനുള്ള പാണ്ഡിത്യം വിളിച്ചോതുന്നു. അവയിലെ ഗദ്യശൈലിയുടെ മനോഹാരിതയും ശ്ലാഘനീയമാണ്. 1893-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍