This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോളി, ജോണ്‍ (1857 - 1933)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോളി, ജോണ്‍ (1857 - 1933)

Joly, John

ഭൗതികശാസ്ത്രം, ഭൂവിജ്ഞാനം എന്നീ ശാഖകളില്‍ സംഭാവനകള്‍ നല്കിയ ഐറിഷ് ശാസ്ത്രജ്ഞന്‍. അയര്‍ലണ്ടില്‍ ഇപ്പോള്‍ ഒഫാലി (Offaly) എന്നറിയപ്പെടുന്ന സ്ഥലത്ത് പുരോഹിതനായിരുന്ന റവ. ജെ.പി. ജോളിയുടെയും അന്നയുടെയും മൂന്നാമത്തെ പുത്രനായി 1857 ന.1-നു ജനിച്ചു. ഡബ്ലിനിലെ ട്രിനിറ്റി കോളജില്‍ എന്‍ജിനീയറിങ്, ഫിസിക്സ്, കെമിസ്ട്രി, ജിയോളജി, മിനറോളജി എന്നീ വിഷയങ്ങള്‍ പഠിച്ച് 1882-ല്‍ ബിരുദം നേടി. 1897 മുതല്‍ മരണം വരെ ട്രിനിറ്റി കോളജില്‍ ജിയോളജി പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

ഊര്‍ജതന്ത്രത്തിലെയും രസതന്ത്രത്തിലെയും അടിസ്ഥാന തത്ത്വങ്ങള്‍ പ്രയോജനപ്പെടുത്തി പുതിയ വസ്തുതകളെ വിശദീകരിക്കുന്നതിലും സ്വന്തം ഗവേഷണോപകരണങ്ങള്‍ കല്പനാചാതുരിയോടെ നിര്‍മിക്കുന്നതിലും ജോളി സമര്‍ഥനായിരുന്നു. ഖനി-(mineral)ങ്ങളുടെ വിശിഷ്ട താപം (specific heat) നിര്‍ണയിക്കാനുതകുന്ന ആവി കലോറിമീറ്റര്‍ 1884-ല്‍ ഇദ്ദേഹം രൂപകല്പന ചെയ്തു. ഇതേ ഉപകരണമുപയോഗിച്ച് സ്ഥിരവ്യാപ്തത്തിലുള്ള വാതകങ്ങളുടെ വിശിഷ്ട താപവും ആദ്യമായി അളക്കാന്‍ കഴിഞ്ഞു. കളര്‍ ഫോട്ടോഗ്രാഫുകള്‍ നിര്‍മിക്കുന്നതിന് പുതിയൊരു രീതി 1895-ല്‍ ഇദ്ദേഹം ആവിഷ്കരിച്ചു. സ്ഥിരവ്യാപ്ത വാതക തെര്‍മോമീറ്ററും ജോളിയുടെ പ്രധാന കണ്ടുപിടിത്തങ്ങളില്‍ ഒന്നാണ്.

ജിയോളജിയില്‍ ഭൂകാലാനുക്രമം (Geochronology) എന്ന ശാഖയിലായിരുന്നു ജോളിയുടെ ഗവേഷണം. എഡ്മണ്ട് ഹാലി നിര്‍ദേശിച്ച രീതി അടിസ്ഥാനപ്പെടുത്തി ഇദ്ദേഹം ഭൂമിയുടെ പ്രായം നിര്‍ണയിച്ചു. സമുദ്രങ്ങളിലെ സോഡിയം ലവണത്തിന്റെ വര്‍ധനാ നിരക്ക് അടിസ്ഥാനപ്പെടുത്തുന്നതാണ് ഈ മാര്‍ഗം. റേഡിയോ ആക്റ്റിവതയുടെ കണ്ടുപിടിത്തത്തോടെ പാറകളിലെ റേഡിയോ ആക്റ്റീവ് ക്ഷയം അളന്നും ഭൂമിയുടെ പ്രായം ഗണിക്കാമെന്ന് ഇദ്ദേഹം മനസ്സിലാക്കി. ഈ രണ്ടു മാര്‍ഗങ്ങളിലൂടെയുമുള്ള നിരീക്ഷണങ്ങള്‍ വഴി ഭൂമിയുടെ പ്രായം 100 ദശലക്ഷം വര്‍ഷമാണ് എന്ന നിഗമനത്തില്‍ ഇദ്ദേഹം എത്തിച്ചേര്‍ന്നു (1899). ഭൂവിജ്ഞാനത്തില്‍ റേഡിയോ ആക്റ്റീവതയെക്കുറിച്ചുള്ള പഠനങ്ങള്‍ ക്രോഡീകരിച്ച് ജോളി രചിച്ച ഗ്രന്ഥങ്ങളാണ് റേഡിയോ ആക്റ്റിവിറ്റി ആന്‍ഡ് ജിയോളജി (1909), ദ സര്‍ഫസ് ഹിസ്റ്ററി ഒഫ് ദി എര്‍ത്ത് (1925) എന്നിവ.

കാന്‍സര്‍ ചികിത്സാരംഗത്ത് റേഡിയത്തിന്റെ ഉപയോഗ്യത ആദ്യമായി നിര്‍ദേശിച്ചത് ജോളിയാണ്. 'ഡബ്ലിന്‍ മെതേഡ്' എന്ന പേരില്‍ ലോകവ്യാപകമായി റേഡിയോതെറാപ്പിയില്‍ ഉപയോഗിക്കുന്ന പ്രത്യേകതരം സൂചിയും ഇദ്ദേഹം കണ്ടുപിടിച്ചു. ജോളിയുടെ നിര്‍ദേശങ്ങള്‍ മാനിച്ച് റോയല്‍ ഡബ്ലിന്‍ സൊസൈറ്റി ഒരു റേഡിയം ഇന്‍സ്റ്റിറ്റ്യൂട്ടിനു തുടക്കം കുറിച്ചു.

1892-ല്‍ റോയല്‍ സൊസൈറ്റിയുടെ ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ട ജോളി 1910-ല്‍ റോയല്‍ മെഡല്‍ നേടി. റോയല്‍ ഡബ്ലിന്‍ സൊസൈറ്റി വക ബോയ്ല്‍ (Boyle) മെഡലും (1911) ജിയോളജിക്കല്‍ സൊസൈറ്റി ഒഫ് ലണ്ടന്‍ വക മര്‍ച്ചിസന്‍ (Murchison) മെഡലും ഇദ്ദേഹത്തിനു ലഭിച്ചു. ജോളി 1933 ഡി. 8-നു ഡബ്ലിനില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍