This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോറൂറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോറൂറി

ജപ്പാനിലെ പാവനാടകം. 8-ാം ശ. മുതല്‍ തന്നെ പാവക്കൂത്ത് ജപ്പാനിലെ ഒരു ജനകീയ വിനോദമായിരുന്നു. ഒരു നാടോടി കലാരൂപമായിരുന്ന ഇതിന് 16-ാം ശ.-ല്‍ പുതിയ രൂപം കൈവന്നു. സംഗീതത്തിന്റെയും സംഗീതോപകരണങ്ങളുടെയും അകമ്പടിയോടെ പാവക്കൂത്ത് നടത്തിയാല്‍ കൂടുതല്‍ ആകര്‍ഷകമാക്കാം. എന്നു കലാകാരന്മാര്‍ മനസ്സിലാക്കി. 1560-ഓടെ റിയുക്യൂസില്‍ നിന്നും കൊണ്ടുവന്ന 'സാമിസെന്‍' എന്ന സംഗീതോപകരണം ഇത്തരമൊരു പ്രേരണയ്ക്ക് ആക്കം കൂട്ടി. മൂന്നു തന്ത്രികളുള്ള, ചര്‍മാവരണത്തോടുകൂടി സാമിസെന്‍ അതുവരെ പ്രചാരത്തിലിരുന്ന 'ബീവ' എന്ന തന്ത്രിവാദ്യത്തിന്റെ സ്ഥാനം പിടിച്ചടക്കി. ഉപകരണ സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ഈ പാവക്കൂത്ത് നിഞ്ചോജോറൂറി (നിഞ്ചോ=പാവ; ജോറൂറി=കഥാഗാനം) എന്ന പാവനാടകമായി പരിണമിച്ചു. ഇതില്‍ ഗാനാലാപനത്തിനാണു പ്രാമുഖ്യം. പാവനാടകത്തിനുതകുന്ന സംഗീതം തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ച് നാടകത്തിന്റെ ഭാവവും പിരിമുറുക്കവും വര്‍ധിപ്പിക്കാറുണ്ട്. കെട്ടുകഥകള്‍, ചരിത്രസംഭവങ്ങള്‍, പ്രണയനൈരാശ്യം മൂലമുള്ള ആത്മഹത്യകള്‍, സമകാലിക സംഭവങ്ങള്‍, കടമകളും വ്യക്തിതാത്പര്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇവയെല്ലാം തന്നെ നാടകരചനയ്ക്കു പ്രമേയങ്ങള്‍ ആകാറുണ്ട്.

ആദ്യത്തെ ജോറൂറി പാവനാടകം ക്യോട്ടോ രാജകൊട്ടാരത്തിലാണ് അരങ്ങേറിയത്. സാത്സുമജൌന്‍, സുഗിയാമ ടാങ്കോ എന്നിവരായിരുന്നു ആദ്യകാല ജോറൂറി ഗായകര്‍. 1616-ല്‍ ജോറൂറി സര്‍വസൈന്യാധിപന്റെ (ഷോഗുണ്‍) പട്ടണമായ ഇഡോ(ടോക്യോ)യിലേക്ക് മാറ്റുകയുണ്ടായി. 1657-ല്‍ ഇഡോയിലുണ്ടായ വന്‍ അഗ്നിബാധ ഈ കലയ്ക്കും വിനാശകരമായി. കലാകാരന്മാരെല്ലാം പട്ടണം വിട്ട് ഗ്രാമങ്ങളിലേക്കു മടങ്ങി. ഇവരില്‍ കുറേപ്പേര്‍ ഒസാക്കയില്‍ താവളമടിച്ചതോടെ ഒസാക്ക ഈ കലാരൂപത്തിന്റെ പുരോഗതിക്കു വേദിയായി. പ്രസിദ്ധ സാമിസെന്‍വാദകനായിരുന്ന ടാക്കി സാവഗോണിമന്‍, പാവക്കൂത്തു വിദഗ്ധനായ യോഷിദാസാ ബുറോബെ, ഗായകനായ ടാക്കിമോട്ടോഗിദായു എന്നിവര്‍ ചേര്‍ന്ന് 'ഗദായു' എന്ന ഒരു പുതിയ ശൈലിക്കു രൂപംകൊടുത്തു (1684). ജപ്പാനിലെ ഷേക്സ്പിയര്‍ എന്നറിയപ്പെടുന്ന ചിക്കമത്സുമോന്‍ സെമോന്‍ ഇവര്‍ക്കുവേണ്ടി നാടകരചന നടത്തി. ഇദ്ദേഹം നൂറ്റിപ്പത്തോളം നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ഗിദായു രചിച്ച 130 നാടകങ്ങള്‍ കൂടി ഈ പാവനാടകശേഖരത്തിലുണ്ട്. ബുണ്‍രാക്കു എന്ന പേരില്‍ ഈ നാടകങ്ങള്‍ക്കു സ്ഥിരപ്രതിഷ്ഠ ലഭിച്ചത് 1909-ല്‍ ഒസാക്കയില്‍ ഇതിനായി ഒരു തിയെറ്റര്‍ (ഒസാക്ക ബുണ്‍ രാക്കുസ)സ്ഥാപിതമായപ്പോഴാണ്.

(വി.കെ. സരസ്വതി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B5%8B%E0%B4%B1%E0%B5%82%E0%B4%B1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍