This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോര്‍ജ് ജോസഫ് (1887 - 1938)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോര്‍ജ് ജോസഫ് (1887 - 1938)

കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകനും സ്വാതന്ത്ര്യസമരസേനാനിയും. തിരുവിതാംകൂറുലെ പൊതുമരാമത്തുവകുപ്പുദ്യോഗസ്ഥനായിരുന്ന സി.ഐ. ജോസഫിന്റെയും സാറാമ്മ ജോസഫിന്റെയും മകനായി 1887 ജൂണ്‍ 5-നു ചെങ്ങന്നൂരില്‍ ജനിച്ചു. അടൂര്‍, ആലപ്പുഴ, കോട്ടയം, ചെന്നൈ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം ഇംഗ്ലണ്ടില്‍ പോയി നിയമബിരുദവും എം.എ. ബിരുദവും എടുത്തു. 1909-ല്‍ മധുരയില്‍ അഭിഭാഷകനായി. ഇതോടൊപ്പം ഇദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടു. മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളില്‍ ഇദ്ദേഹം ആകൃഷ്ടനായിരുന്നു. ആനിബസന്റിന്റെ ഹോംറൂള്‍ ലീഗില്‍ ഇദ്ദേഹം ചേര്‍ന്നു പ്രവര്‍ത്തിച്ചു (1916). ഇന്ത്യാക്കാരുടെ സ്വയംഭരണാവകാശത്തിന് അംഗീകാരം നേടുവാനായി ഹോംറൂള്‍ ലീഗ് 1918-ല്‍ ഇംഗ്ലണ്ടിലേക്കയച്ച മൂന്നംഗദൗത്യസംഘത്തില്‍ ജോര്‍ജ് ജോസഫും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഇംഗ്ലണ്ടില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കാതെ ജിബ്രാള്‍ട്ടറില്‍ നിന്നും മടങ്ങേണ്ടിവന്നു. ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ചപ്പോള്‍ ഇദ്ദേഹം അഭിഭാഷകവൃത്തി ഉപേക്ഷിച്ച് മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. മോത്തിലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന ഇന്‍ഡിപെന്‍ഡന്റ് ദിനപത്രം, ഗാന്ധിജിയുടെ യങ് ഇന്ത്യാ വാരിക എന്നിവയുടെ പത്രാധിപത്യം ഇദ്ദേഹം എറ്റെടുത്തിരുന്നു. ദേശീയപ്രവര്‍ത്തനത്തിന്റെ പേരില്‍ ജോര്‍ജ് ജോസഫ് അറസ്റ്റുചെയ്യപ്പെട്ടു. ഇക്കാലത്ത് തിരുവിതാംകൂറിലെ രാഷ്ട്രീയരംഗത്തും ഇദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു. വൈക്കം സത്യഗ്രഹത്തില്‍ (1924-25) പങ്കെടുത്തിതിനെത്തുടര്‍ന്ന് അറസ്റ്റു ചെയ്യപ്പെട്ടു. 1925-ഓടെ ദേശീയ രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ച് മധുരയില്‍ അഭിഭാഷകവൃത്തിയിലേക്കു മടങ്ങിയെങ്കിലും തിരുവിതാംകൂറിലെ രാഷ്ട്രീയത്തില്‍ തുടര്‍ന്നും പങ്കെടുത്തിരുന്നു. നിവര്‍ത്തനപ്രക്ഷേഭണത്തില്‍ (1932-38) ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 1932-ല്‍ ചമ്പക്കുളത്തു നടന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്നു ഇദ്ദേഹം. 1935-ലെ അഖില തിരുവിതാംകൂര്‍ രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷപദവിയും ഇദ്ദേഹം വഹിച്ചു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളിലൊരാളായിരുന്നു ഇദ്ദേഹം. 1937-ല്‍ ഇദ്ദേഹം ദേശീയ അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1938 മാ. 5-നു മധുരയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍