This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോര്‍ജ് ചടയംമുറി (1912 - 75)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോര്‍ജ് ചടയംമുറി (1912 - 75)

കേരളത്തിലെ കമ്യൂണിസ്റ്റ് നേതാവും തൊഴിലാളി സംഘടനാപ്രവര്‍ത്തകനും. എറണാകുളം ജില്ലയില്‍ മട്ടാഞ്ചേരി കുഞ്ഞിത്തയ്യില്‍ എന്ന സ്ഥലത്ത് ചടയംമുറി ആന്റണിയുടെ പുത്രനായി 1912-ല്‍ ജോര്‍ജ് ചടയം മുറി ജനിച്ചു. വടക്കന്‍ പറവൂര്‍ ഹൈസ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ചെന്നൈയില്‍ ഒരു കമ്പനിയിലും കൊച്ചി തുറമുഖത്തും ക്ലാര്‍ക്ക് ആയി ജോലി നോക്കിയിരുന്നു. കൊച്ചിയില്‍ വച്ച് തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തില്‍ ചടയംമുറി വ്യാപൃതനായി. കൊച്ചി രാജ്യപ്രജാമണ്ഡലത്തിലും, പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഇദ്ദേഹം പ്രവര്‍ത്തിച്ചു. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പേരില്‍ ജോര്‍ജ് ചടയംമുറിക്ക് പൊലീസ് മര്‍ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം ഇദ്ദേഹം ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ നിലയുറപ്പിച്ചു. ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സ്റ്റേറ്റ് കൗണ്‍സില്‍ അംഗമായും ആള്‍ ഇന്ത്യട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സിന്റെ ജനറല്‍ കൗണ്‍സില്‍ അംഗമായും ചടയംമുറി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെത്തുതൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ ഇദ്ദേഹം വിജയിച്ചു. ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടി നേതൃത്വത്തിലുള്ള ചെത്തുതൊഴിലാളി ഫെഡറേഷന്റെ പ്രസിഡന്റായിരുന്ന ഇദ്ദേഹം മറ്റു പല ട്രേഡുയൂണിയനുകള്‍ക്കും നേതൃത്വം നല്കിയിട്ടുണ്ട്. 1975 സെപ്. 15-ന് ഇദ്ദേഹം മരണമടഞ്ഞു.

ഇദ്ദേഹത്തിന്റെ സഹധര്‍മിണി സുഭദ്രാമ്മ ഒരു സാമൂഹ്യപ്രവര്‍ത്തകയായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍