This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോര്‍ജ്, കെ.ജി. (194 5- )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോര്‍ജ്, കെ.ജി. (194 5- )

ചലച്ചിത്ര സംവിധായകനും നിര്‍മാതാവും. കെ.ജി. സാമുവലിന്റെയും അന്നമ്മയുടെയും പുത്രനായി 1945 മേയ്. 24-നു തിരുവല്ലയില്‍ ജനിച്ചു. തിരുവല്ല എസ്.സി. സെമിനാരി, ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളജ്, കേരള സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി രാഷ്ട്രവിജ്ഞാനത്തില്‍ ബിരുദം നേടി (1967). പൂണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ചലച്ചിത്ര സംവിധാനത്തില്‍ ഡിപ്ലോമാ കരസ്ഥമാക്കി (1971). പ്രശസ്ത ചലച്ചിത്ര സംവിധാകന്‍ രാമുകാര്യാട്ടിന്റെ സഹായിയായി മായ, നെല്ല് എന്നീ ചലച്ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച് ചലച്ചിത്ര നിര്‍മാണത്തിലെ പ്രായോഗിക പാഠങ്ങള്‍ പഠിച്ച ജോര്‍ജ് പിന്നീട് ചലച്ചിത്ര സംവിധാനത്തിലേക്കു തിരിഞ്ഞു.

കെ.ജി.ജോര്‍ജ്

മലയാള ചലച്ചിത്ര നവോത്ഥാന കാലഘട്ടത്തിലെ പ്രധാന ചലച്ചിത്രങ്ങളിലൊന്നായി അംഗീകരിക്കപ്പെടുന്ന സ്വപ്നാടനം ആണ് ജോര്‍ജ് സംവിധാനം ചെയ്ത ആദ്യചലച്ചിത്രം (1975). ഏറ്റവും നല്ല മലയാളചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്; ഏറ്റവും നല്ല ചലച്ചിത്രം, തിരക്കഥ, പശ്ചാത്തല സംഗീതം, സഹനടന്‍, സഹനടി എന്നിവയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡുകള്‍; ഫിലിംഫെയര്‍ സ്പെഷ്യല്‍ അവാര്‍ഡ് എന്നിവ സ്വപ്നാടനത്തിനു ലഭിച്ചു.

മയക്കുമരുന്നിന് അടിമകളാകുന്ന യുവതലമുറയുടെ പ്രശ്നങ്ങള്‍ ഇതിവൃത്തമാക്കി പി. പദ്മരാജന്‍ രചിച്ച തിരക്കഥയെ ആസ്പദമാക്കിയുള്ള രാപ്പാടികളുടെ ഗാഥ(1977)യാണ് ജോര്‍ജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം. ഇതിന് നല്ല തിരക്കഥയുള്‍പ്പെടെ രണ്ടു കേരള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. തുടര്‍ന്ന് മണ്ണ് (1978), ഉള്‍ക്കടല്‍ (1979) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സംഗീതസംവിധാനം, ഗാനരചന എന്നിവയ്ക്കുള്ള കേരളസംസ്ഥാന അവാര്‍ഡുകളും മികച്ച ചലച്ചിത്രത്തിനുള്ള കേരള ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡും ഉള്‍ക്കടലിന് ലഭിക്കുകയുണ്ടായി.

പി.ജെ. ആന്റണിയുടെ ഒരു ഗ്രാമത്തിന്റെ കഥ എന്ന നോവലിനെ അടിസ്ഥാനമാക്കി സംവിധാനം ചെയ്തതാണ് കോലങ്ങള്‍ (1981). ശബ്ദലേഖനത്തിനും സഹനടിക്കുമുള്ള സംസ്ഥാന അവാര്‍ഡുകള്‍ കേലങ്ങള്‍ നേടി. നാടുചുറ്റി നാടകമവതരിപ്പിക്കുന്ന ഒരു സംഘത്തിലെ ഒരംഗം അപ്രത്യക്ഷമാകുന്നതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് യവനിക(1982)യുടെ പ്രമേയം. ലക്ഷണമൊത്ത ഒരു കുറ്റാന്വേഷണ ചിത്രം എന്നതിലുപരി നാടകവും സിനിമയും തമ്മിലുള്ള മാധ്യമപരമായ അന്തരങ്ങളെ സൈദ്ധാന്തികമായി അപഗ്രഥനം ചെയ്യുന്ന യവനികയ്ക്ക് ഏറ്റവും അധികം ജനപ്രീതി നേടിയ ജോര്‍ജ് ചലച്ചിത്രം എന്ന ബഹുമതിയുമുണ്ട്. ഏറ്റവും നല്ല ചിത്രം, തിരക്കഥ എന്നീ സംസ്ഥാന അവാര്‍ഡുകളും ഏറ്റവും നല്ല ചിത്രം, ഏറ്റവും നല്ല സംവിധായകന്‍ എന്നീ കേരള ഫിലി ക്രിട്ടിക്സ് അവാര്‍ഡുകളും യവനികയ്ക്കു ലഭിച്ചു.

സിനിമയ്ക്കുള്ളിലെ സിനിമയുടെ വികൃതമുഖം അനാവരണം ചെയ്യുന്ന 'ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്' (1983) എന്ന ചലച്ചിത്രത്തിന്റെ സംവിധാനത്തിന് ജോര്‍ജിനു പ്രചോദനമായത്, അകാലത്തില്‍ ആത്മഹത്യ ചെയ്ത മലയാള നടി ഉര്‍വശി ശോഭയുടെ ജീവിതമാണ്. വിദേശങ്ങളില്‍ ഏറ്റവും അധികം പ്രദര്‍ശിപ്പിക്കുകയും ഏറെ പ്രശംസ നേടുകയും ചെയ്ത ഈ ചിത്രത്തിന് ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ (1985) ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രം എന്ന അംഗീകാരം ലഭിക്കുകയുണ്ടായി. ടോക്കിയോ, മോസ്കോ, മോണ്ട്രിയല്‍ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി.

മികച്ച രണ്ടാമത്തെ ചലച്ചിത്രം, തിരക്കഥ, എഡിറ്റിങ് എന്നിവയ്ക്കുള്ള കേരളസംസ്ഥാന അവാര്‍ഡുകള്‍, മദ്രാസ് ഫിലിംഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയ ആദാമിന്റെ വാരിയെല്ല് (1983) എന്ന ചലച്ചിത്രത്തില്‍ സമൂഹത്തിന്റെ മൂന്നു തട്ടുകളില്‍ നില്ക്കുന്ന സ്ത്രീകളുടെ ജീവിതാനുഭവങ്ങള്‍ സ്പര്‍ശിച്ചുകൊണ്ട് മൂന്നുകഥകള്‍ ഒരേ സമയം പറയുന്നു.

സമകാലിക രാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന മികച്ച ആക്ഷേപഹാസ്യ ചലച്ചിത്രകാവ്യമാണ് ജോര്‍ജിന്റെ പഞ്ചവടിപ്പാലം (1985). മികച്ച രണ്ടാമത്തെ ചലച്ചിത്രം, തിരക്കഥ, സിനിമാറ്റോഗ്രാഫി എന്നിവയ്ക്കുള്ള കേരളസംസ്ഥാന അവാര്‍ഡുകള്‍ നേടിയ ഇരകള്‍ (1986) എന്ന ചിത്രത്തില്‍ മൂല്യച്യുതിയിലൂടെ ഹിംസാത്മകമാകുന്ന ആധുനിക സമൂഹത്തിന്റെ പ്രതീകമായ ഒരു കുടുംബത്തിന്റെ ദുരന്തകഥയിലൂടെ പുത്തന്‍ തലമുറയുടെ ബീഭത്സ ഭാവങ്ങള്‍ അനാവൃതമാകുന്നു.

ജോര്‍ജ് സംവിധാനം ചെയ്ത മറ്റു ചലച്ചിത്രങ്ങള്‍ വ്യാമോഹം (1977), ഓണപ്പുടവ (1978), ഇനി അവള്‍ ഉറങ്ങട്ടെ (1978), മണ്ണ് (1979), മേള (1980), കഥയ്ക്കു പിന്നില്‍ (1987), മറ്റൊരാള്‍ (1988), യാത്രയുടെ അന്ത്യം (1988), ഈ കണ്ണികൂടി (1990), ഇലവങ്കോടുദേശം (1998) എന്നിവയാണ്. ഇദ്ദേഹം നിര്‍മിച്ച ചലച്ചിത്രമാണ് മഹാനഗരം (1992).

ജോര്‍ജ് സംവിധാനം ചെയ്ത മിക്ക ചലച്ചിത്രങ്ങള്‍ക്കും അദ്ദേഹം തന്നെയാണ് തിരക്കഥ രചിച്ചിട്ടുള്ളത്; ടെലിവിഷന്‍ രംഗത്തും സജീവമായ ജോര്‍ജ് ചിത്രകാരനുമാണ്. മലയാളം സിനിടെക്നീഷ്യന്‍സ് അസോസിയേഷ(മാക്ട)ന്റെ സ്ഥാപകാധ്യക്ഷനായ ജോര്‍ജ് മാക്ടയുടെ പ്രസിദ്ധീകരണമായ 24 ഫ്രെയ്മ്സിന്റെ എഡിറ്ററുമാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ചലച്ചിത്രമാധ്യമത്തെക്കുറിച്ചു നിരവധി ലേഖനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഗായികയായ സെല്‍മയാണ് ഭാര്യ; രണ്ടു മക്കള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍