This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോയ്സ്, ജെയിംസ് (1882 - 1941)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോയ്സ്, ജെയിംസ് (1882 - 1941)

Joyce, James

ജെയിംസ് ജോയ്സ്

ഐറിഷ് സാഹിത്യകാരന്‍. ജോണ്‍ ജോയ്സിന്റെ പുത്രനായി 1882 ഫെ. 2-ന് ഡബ്ലിനിന്റെ പ്രാന്തപ്രദേശമായ റാത്ഗെറില്‍ ജനിച്ചു. ജെയിംസ് അഗസ്റ്റിന്‍ അലോഷ്യസ് ജോയ്സ് എന്നാണ് പൂര്‍ണനാമം. ജെസ്യൂട്ട് സ്ഥാപനങ്ങളായ ക്ലോങ്ഗോസ് വുഡ് കോളജ് (1888-91), ബെല്‍ വിഡെര്‍ കോളജ് (1893-96) എന്നിവിടങ്ങളില്‍ പഠനം നടത്തിയശേഷം ഡബ്ലിന്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. ഇക്കാലത്ത് നോര്‍വീജിയന്‍ ഭാഷാപഠനത്തിന് ധാരാളം സമയം ചെലവഴിച്ചു. ഹെന്റിക് ഇബ്സന്റെ (1828--1906) കൃതികള്‍ നോര്‍വീജിയന്‍ ഭാഷയിലൂടെ തന്നെ വായിക്കുവാന്‍ പ്രാപ്തി നേടുക എന്നതായിരുന്നു ലക്ഷ്യം. ബിരുദാനന്തരം 1902-ല്‍ ജോയ്സ് വൈദ്യശാസ്ത്രപഠനാര്‍ഥം പാരിസിലെത്തണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ മാതാവ് അര്‍ബുദം ബാധിച്ച് ആസന്നമരണയായതോടെ 1903 ഏപ്രിലില്‍ ഡബ്ലിനില്‍ തിരിച്ചെത്തിയ ജോയ്സ് ഡാല്‍കിയിലെ ഒരു സ്വകാര്യ സ്കൂളില്‍ അഞ്ചുമാസം അധ്യാപകനായി ജോലി നോക്കി. ഇക്കാലത്ത് ഉദ്യോഗാര്‍ഥം ഗാല്‍വേയില്‍ നിന്ന് ഡബ്ലിനിലെത്തിയ നോറാ ബാര്‍നക്കളുമായി ജോയ്സ് പ്രണയത്തിലായി. പിന്നീട് ഇവര്‍ ഒരുമിച്ചു ജീവിച്ചുവെങ്കിലും ഔദ്യോഗികമായി വിവാഹിതരായത് 1931-ല്‍ മാത്രമാണ്. ജോയ്സ് ദമ്പതികള്‍ക്ക് രണ്ടുകുട്ടികളാണുണ്ടായിരുന്നത്. ജോര്‍ജും ലൂസിയയും. 1904-ല്‍ ഇരുവരും അയര്‍ലണ്ട് വിട്ടുപോയി. കുറച്ചുകാലം പോള(ഇറ്റലി)യിലും പിന്നീട് 1915 വരെ ട്രീസ്റ്റ(ആസ്ട്രിയ)യിലും ജീവിച്ചു. ഇക്കാലങ്ങളിലും ജോയ്സ് സാഹിത്യസപര്യ തുടര്‍ന്നുവന്നു. 36 കവിതകളുടെ സമാഹാരമായ ചേംബര്‍ മ്യൂസിക് 1907-ല്‍ പ്രസിദ്ധീകൃതമായി. തുടര്‍ന്നു രചിച്ച ഡബ്ലിനേഴ്സ് (Dubliners) എന്ന ചെറുകഥാസമാഹാരത്തിന് പ്രസാധകരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സമാഹാരത്തിലെ ഏറ്റലും മികച്ച കഥ ഡെഡ് (Dead) ആണ്. ഒന്നാംലോകയുദ്ധാരംഭകാലത്താണ് ജോയ്സ് ആത്മകഥാംശമുള്ള എ പോര്‍ട്രെയിറ്റ് ഒഫ് ദി ആര്‍ട്ടിസ്റ്റ് ആസ് എ യങ്മാന്‍ (A portrait of the Artist as a Young Man) എന്ന നോവലിന്റെ രചന ആരംഭിച്ചത്. അമേരിക്കന്‍ കവി എസ്റാ പൗണ്ടിന്റെ സഹായത്തോടെ ഹാരിയറ്റ് ഷാ വീവറിന്റെ പത്രാധിപത്യത്തില്‍ ലണ്ടനില്‍ നിന്നു പ്രകാശനം ചെയ്തിരുന്ന ഇഗോയിസ്റ്റ് എന്ന മാസികയില്‍ ഇതു ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. 1916-ല്‍ ഈ നോവല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഒരു കലാകാരന്റെ വളര്‍ച്ചയാണ് ഇതിന്റെ ഇതിവൃത്തം. നോവലിസ്റ്റിന്റെ പ്രതിരൂപമായ സ്റ്റീഫന്‍ ഡീഡലസ് ആണ് ഈ കൃതിയിലെ നായകന്‍. ഇതിഹാസപ്രസിദ്ധനായ ഗ്രീക്കുശില്പി ഡീഡലസിനോട് ബന്ധപ്പെടുത്തിയാണ് ജോയ്സ് നായകന് പേരിട്ടത്. ഇതിനിടെ ഡബ്ലിനേഴ്സും പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു. പോയെമെസ് പെനി ഈച് എന്ന കാവ്യകൃതി 1912-ല്‍ പ്രകാശിതമായി. 1918-ല്‍ പ്രകാശനം ചെയ്ത എക്സൈല്‍സ് (Exciles) ആണ് ജോയ്സിന്റെ ഏക നാടകം.

ജോയ്സിന് 1917-ന് ഗ്ളോക്കോമ ബാധിച്ചു. 1917-നും 30-നും ഇടയ്ക്ക് പതിനൊന്ന് തവണ ഇദ്ദേഹം നേത്രശസ്ത്രക്രിയയ്ക്കു വിധേയനായി. ശിഷ്ടായുസ്സു മുഴുവന്‍ ഈ നേത്രരോഗം ഇദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു.

ഡബ്ലിന്റെ പശ്ചാത്തലത്തില്‍ 1904 ജൂണില്‍ 16-ന് നടക്കുന്ന ദേശാടനത്തോടു ബന്ധപ്പെട്ട സംഭവങ്ങളാണ് 1917-ല്‍ രചന ആരംഭിച്ച യുളീസസ് (Ulyses) എന്ന കൃതിയിലെ പ്രതിപാദ്യം, ലിയോപോള്‍ഡ് ബ്ളും, അദ്ദേഹത്തിന്റെ പത്നിയും ഗായികയുമായ മോളി, മകള്‍ മില്ലി, നോവലിസ്റ്റിന്റെ തന്നെ പ്രതിരൂപമായ സ്റ്റീഫന്‍ ഡീഡലസ് എന്നിവരാണ് മുഖ്യകഥാപാത്രങ്ങള്‍. എ പോര്‍ട്രെയിറ്റ് ഒഫ് ദി ആര്‍ട്ടിസ്റ്റ് ആസ് എ യങ്മാന്‍ എന്ന നോവലിലെ സ്റ്റീഫന്‍ ഡീഡലസ് എന്ന കഥാപാത്രം തന്നെ ഇതിലും ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. ലിറ്റ്ല്‍ റിവ്യൂവില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു വരവെ (1918-20) ഇത് നിരോധിക്കപ്പെട്ടു. 1939 വരെ ജോയ്സും കുടുംബവും പാരിസില്‍ കഴിഞ്ഞു. ഷെയ്ക്സ്പിയര്‍ ആന്‍ഡ് കമ്പനി എന്ന പേരില്‍ പാരിസില്‍ ഒരു പുസ്തകശാല ആരംഭിച്ച സില്‍വിയാ ബീച്ച് ആണ് യുളീസസ് പ്രസിദ്ധീകരിച്ചത് (1922).

അടുത്ത 17 വര്‍ഷം ജോയ്സ് ഫിനിഗന്‍സ് വെയ്കി((Finigans Wake)ന്റെ രചനയിലായിരുന്നു. ഇതിന്റെ പലഭാഗങ്ങളും വര്‍ക് ഇന്‍ പ്രോഗ്രസ് എന്ന ശീര്‍ഷകത്തില്‍ വിവിധ മാസികകളില്‍ അക്കാലത്ത് പ്രത്യക്ഷപ്പെട്ടുവന്നു. പൂര്‍ണരൂപത്തില്‍ ഫിനിഗന്‍സ് വെയ്ക് പ്രസിദ്ധീകൃതമായത് 1939-ലാണ് ചരിത്രതത്ത്വചിന്തകനായ ഗിയാംബറ്റി സ്റ്റവിക്കോ(1668-1744)യുടെ സൈക്ലിക് തിയറിയെ ഇതിന്റെ രചനയ്ക്ക് ആധാരമാക്കിയിരിക്കുന്നു. മുപ്പതിലധികം ഭാഷകളില്‍ നിന്നുള്ള സങ്കീര്‍ണമായ ദ്വയാര്‍ഥപ്രയോഗങ്ങള്‍ ഇതില്‍ കാണാം. പല ഭാഗങ്ങളും രസകരമായി വായിച്ചു പോകാമെങ്കിലും മൊത്തത്തില്‍ ദുരൂഹത അനുഭവപ്പെടുന്നു. നോവലിന്റെ രൂപത്തിലും ഘടനയിലും വിപ്ലവാത്മകമായ മാറ്റങ്ങള്‍ വരുത്താന്‍ ബോധധാരാസമ്പ്രദായത്തിലുള്ള യുളീസസിനും ഫിനിഗന്‍സ് വെയ്കിനും സാധിച്ചു.

രണ്ടാം ലോകയുദ്ധം ആരംഭിച്ചതോടെ ജോയ്സ് കുടുംബം പാരിസില്‍നിന്ന് സൂറിച്ചിലേക്കു താമസം മാറ്റി. പെരിറ്റോണൈറ്റിസ് ബാധിതനായ ജോയ്സ് 1941 ജനു. 13-ന് പാരിസില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍