This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോന്ദോഗ്യോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോന്ദോഗ്യോ

Ch'ondogyo

കണ്‍ഫ്യൂഷ്യനിസത്തിന്റെയും ദൗയിസത്തിന്റെയും സ്വാധീനത്താല്‍ 1860-ല്‍ കൊറിയയില്‍ രൂപംകൊണ്ട ഒരു മതം. ജോ സുണ്‍ (Ch'oe Suun, 1824-64) ആണ് ഈ മതത്തിന്റെ സ്ഥാപകന്‍. 1824-ല്‍ സില്ലാ (Silla) രാജ്യത്തിന്റെ പുരാതന തലസ്ഥാനമായ ക്വാങ്ജു(Kyongju)വില്‍ ഇദ്ദേഹം ജനിച്ചു. കൊറിയയിലെ പാരമ്പര്യമതത്തിനും ക്രിസ്തുമതത്തിനും എതിരെ ഒരു വെല്ലുവിളി എന്ന നിലയിലാണ് ഈ മതം ആരംഭിച്ചത്. 'കിഴക്കന്‍ പഠനം' എന്ന് അര്‍ഥമുള്ള തോങ്ഹാക്ക് (Tonghak) എന്നായിരുന്നു തുടക്കത്തില്‍ ഈ മതത്തിന്റെ പേര്‍; 1905-ല്‍ ജോന്ദോഗ്യോ എന്ന് അറിയപ്പെട്ടുതുടങ്ങി.

പ്രപഞ്ചസത്യത്തെക്കുറിച്ചും സ്വര്‍ഗത്തിലേക്കുള്ള മാര്‍ഗത്തെക്കുറിച്ചും ജോ സുണിനു വെളിപാട് സിദ്ധിച്ചിരുന്നതായി ഈ മതത്തിന്റെ അനുയായികള്‍ വിശ്വസിച്ചുവരുന്നു. ഈ മതവിശ്വാസികളുടെ എണ്ണം വളരെവേഗം വര്‍ധിച്ചുവന്നു. സാമൂഹിക നീതിക്ക് പ്രാധാന്യം നല്കിയിരുന്ന ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഭരണാധികാരികള്‍ ആശങ്കാകുലരാകുകയും 1864-ല്‍ ജോ സുണിനെ അവര്‍ വധിക്കുകയും ചെയ്തു. ഭരണാധികാരികളുടെ ഈ നടപടി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുവാന്‍ മാത്രമേ സഹായിച്ചുള്ളു; അനുയായികള്‍ പ്രസ്ഥാനത്തെ പൂര്‍വാധികം ശക്തിയോടെ വളര്‍ത്തിയെടുത്തു. കാലക്രമത്തില്‍ ജോന്ദോഗ്യോ, കൊറിയയിലെ ഒരു പ്രമുഖ മതമായിത്തീര്‍ന്നു. ജോ സുണ്‍ രചിച്ച തോങ്ഹാക്ക് അഥവാ ജോന്ദ്യോഗ്യോ എന്ന ഗ്രന്ഥം ഈ മതത്തിന്റെ അടിസ്ഥാന പ്രമാണമായി കരുതിവരുന്നു. 1894-ല്‍ ഗവണ്‍മെന്റിനെതിരെ ഈ മതാനുയായികള്‍ നടത്തിയ കലാപം കൊറിയന്‍ സംസ്കാരത്തെ ആധുനീകരിക്കാന്‍ ഏറെ സഹായകമായി. 1919-ല്‍ ജപ്പാന്റെ കോളനി വാഴ്ചയ്ക്ക് എതിരെ കൊറിയന്‍ ജനത നടത്തിയ സ്വാതന്ത്യ്രസമരത്തിലും ഈ മതത്തിന്റെ വമ്പിച്ച സ്വാധീനം ഉണ്ടായിരുന്നു. സീയുള്‍ (Seuol) ആണ് ഇവരുടെ ആസ്ഥാനം. രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഇവര്‍ വലിയ താത്പര്യം കാണിക്കാറില്ല. ഉത്തരകൊറിയയില്‍ കമ്യൂണിസ്റ്റ് ആധിപത്യം ഉറച്ചതോടെ (1945 മുതല്‍) ഈ മതവിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള നടപടികളും ആരംഭിച്ചു. ഇപ്പോള്‍ ഉത്തരകൊറിയയില്‍മാത്രം മുപ്പത് ലക്ഷത്തിലധികം ജോന്ദോഗ്യോ മതവിശ്വാസികളുണ്ട്. ദക്ഷിണ കൊറിയയിലെ ജോന്ദോഗ്യോ ജനസംഖ്യ ഇതിലും കൂടുതലാണ്.

ഏകദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമാണ് ജോന്ദോഗ്യോ. ദൈവത്തിന്റെ സത്ത പ്രപഞ്ചത്തിലാകമാനം നിറഞ്ഞുതുളുമ്പി നില്‍ക്കുന്നു എന്ന് ഇവര്‍ വിശ്വസിക്കുന്നു. മനുഷ്യനു ദിവ്യത്വം ഉണ്ടെന്നും സത്താപരമായി മനുഷ്യന്‍ ദൈവം തന്നെയാണെന്നും ഈ മതം അനുശാസിക്കുന്നു. സത്താപരമായി മനുഷ്യനും ദൈവവും ഒന്നു തന്നെയാണെന്നു ബോധ്യപ്പെടുകയാണ് ജീവിതലക്ഷ്യം. മനുഷ്യനും ദൈവവും ഒന്നാകയാല്‍ ഒരു മനുഷ്യനു മറ്റൊരു മനുഷ്യനോട് വിദ്വേഷം പുലര്‍ത്തുക സാധ്യമല്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍