This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍ XXIII (1881 - 1963) മാര്‍പ്പാപ്പാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍ XXIII (1881 - 1963) മാര്‍പ്പാപ്പാ

ജോണ്‍ XXIII (1881 - 1963) മാര്‍പ്പാപ്പാ

1958 ഒ. 28 മുതല്‍ 63 വരെ സേവനം അനുഷ്ഠിച്ച മാര്‍പ്പാപ്പാ. 20-ാം ശ.-ത്തിലെ ഏറ്റവും പ്രശസ്തമായ മാര്‍പ്പാപ്പാ എന്ന ഖ്യാതി ഇദ്ദേഹത്തിനുണ്ട്. അന്‍ജലോ ഗിയുസെപ്പെ റൊണ്‍കല്ലി എന്നായിരുന്നു യഥാര്‍ഥ നാമം. ഉത്തര ഇറ്റലിയിലെ സോട്ടോ ഇല്‍ മോണ്ടേ എന്ന ഗ്രാമത്തിലെ ഒരു കര്‍ഷക തൊഴിലാളി കുടുംബത്തില്‍ 1881 ന. 25-നു ജനിച്ചു. ബര്‍ഗാമോ, റോം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, ദൈവശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദം നേടിയ ഇദ്ദേഹം 1904-ല്‍ പുരോഹിതനായി. ഒമ്പതു വര്‍ഷക്കാലം ബര്‍ഗാമോയിലെ ബിഷപ്പിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഇക്കാലത്ത് ബര്‍ഗാമോ സെമിനാരിയില്‍ വൈദ്യശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു. ഒന്നാം ലോകയുദ്ധകാലത്ത് ഇദ്ദേഹം വൈദ്യശുശ്രൂഷാരംഗത്ത് സേവനം അനുഷ്ഠിച്ചു. ലെഫ്റ്റനന്റ് പദവിയില്‍ പട്ടാള ആശുപത്രികളിലെ ചാപ്ലിനും ആയിരുന്നു. 1921-ല്‍ ബനഡിക്ട് XV ഇദ്ദേഹത്തെ റോമിലേക്കു വിളിച്ച് വിശ്വാസപ്രചാരണസഭയുടെ ഭരണകാര്യങ്ങളുടെ ചുമതലയില്‍ പങ്കാളിയാക്കി. 1925-ല്‍ ആര്‍ച്ച് ബിഷപ്പായി നിയമനം ലഭിച്ച ഇദ്ദേഹം ബള്‍ഗേറിയ (1925-35), ഗ്രീസ്, ടര്‍ക്കി (1935-44) എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു. 1944-ല്‍ പീയൂസ് XIIതന്റെ പ്രതിനിധിയായി ഇദ്ദേഹത്തേ ഫ്രാന്‍സിലേക്ക് അയച്ചു. 1946 മുതല്‍ 53 വരെ വത്തിക്കാന്റെ നിരീക്ഷകനായി ഇദ്ദേഹം യുനെസ്കോയില്‍ സേവനം അനുഷ്ഠിച്ചു. 1953-ല്‍ കര്‍ദിനാള്‍ പദവിയിലേക്കുയര്‍ന്ന ഇദ്ദേഹം വെനീസിലെ പാത്രിയാര്‍ക്കീസായി.

1958 ഒ. 28-ന് ഇദ്ദേഹം മാര്‍പ്പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു; ഇദ്ദേഹം ജോണ്‍ XXIII എന്ന നാമം സ്വീകരിച്ചു. ഒരു താത്കാലിക മാര്‍പ്പാപ്പായായിട്ടാണ് ഇദ്ദേഹത്തെ പലരും കരുതിയിരുന്നത്. എന്നാല്‍ കത്തോലിക്കാസഭയ്ക്ക് ഊര്‍ജ്വസ്വലമായ നേതൃത്വം നല്കുന്നതില്‍ വ്യാപൃതനാകുക വഴി ഇദ്ദേഹം തന്റെ സ്ഥാനം ഉറപ്പിച്ചു. കത്തോലിക്കാസഭയിലെ പോപ്പുമാര്‍ ജോണ്‍ എന്ന പേര് സ്വീകരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. ഇദ്ദേഹം ആ നാമം സ്വീകരിച്ചുകൊണ്ട് തന്റെ വ്യക്തിത്വം പ്രകടമാക്കി. സ്ഥാനാരോഹണം ചെയ്ത് ഒരു മാസം തികയുന്നതിനു മുമ്പ് കര്‍ദിനാള്‍ തിരുസംഘത്തിന്റെ അംഗസംഖ്യ ഗണ്യമായി വര്‍ധിപ്പിച്ചുകൊണ്ട് കത്തോലിക്കാസഭയുടെ പരിഷ്കരണ നടപടികള്‍ക്ക് ഇദ്ദേഹം തുടക്കം കുറിച്ചു. തിരുസംഘത്തിന്റെ അംഗസംഖ്യ ക്രമേണ വര്‍ധിപ്പിച്ചുകൊണ്ട് അതിന് ഇദ്ദേഹം ഒരു ആഗോള പരിവേഷം നല്കി. തന്റെ മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്തമായി പ്രായം പോലും കണക്കിലെടുക്കാതെ റോമിലാകമാനം പര്യടനങ്ങള്‍ നടത്തിയ ഇദ്ദേഹം ആശുപത്രികളും ജയിലുകളും സന്ദര്‍ശിച്ചു. 1962-ല്‍ ഇറ്റലിയിലെ പ്രസിഡന്റിനും പ്രധാനമന്ത്രിക്കുമൊപ്പം ട്രെയിന്‍ യാത്ര ചെയ്തു ലൊറിറ്റോയിലെയും അസ്സീസിയിലെയും ദേവാലയങ്ങള്‍ ഇദ്ദേഹം സന്ദര്‍ശിച്ചു. സഭയുടെ കീഴില്‍ ആയിരുന്ന പ്രവിശ്യകളില്‍ നിലവില്‍ വന്ന സിവില്‍ ഭരണത്തിനു സഭയുടെ അന്തിമ അംഗീകാരത്തിന്റെ തെളിവായി ഈ യാത്ര പരിഗണിക്കപ്പെട്ടു.

സുപ്രസിദ്ധമായ രണ്ടാം വത്തിക്കാന്‍ സുനഹദോസ് വിളിച്ചുകൂട്ടിയതാണ് മാര്‍പ്പാപ്പയുടെ ഏറ്റവും പ്രധാന നേട്ടം. ആദ്യത്തെ സുനഹദോസ് കഴിഞ്ഞ് ഏതാണ്ട് 100 വര്‍ഷങ്ങള്‍ക്കുശേഷം വിളിച്ചുകൂട്ടിയ ഈ സുനഹദോസ് 1962 ഒ. 11-ന് ആയിരുന്നു ആരംഭിച്ചത്. രണ്ടാംവത്തിക്കാന്‍ സുനഹദോസില്‍ പങ്കെടുത്തവര്‍ക്ക് മതപരമായ കാര്യങ്ങള്‍ സ്വതന്ത്രമായി ചര്‍ച്ച ചെയ്യാനുള്ള സ്വാതന്ത്യ്രം ഇദ്ദേഹം നല്കിയിരുന്നു. വിശ്വാസികളുടെ ഹൃദയത്തിലും ജീവിതത്തിലും സഭയോടുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുക, ലോകത്താകമാനമുള്ള ക്രൈസ്തവരെ യോജിപ്പിച്ചു നിര്‍ത്തുക എന്നിവയായിരുന്നു സുനഹദോസിന്റെ ലക്ഷ്യം. ശതകങ്ങളായി മാര്‍പ്പാപ്പാമാര്‍ അനുഷ്ഠിച്ചുവന്നിരുന്ന പതിവുമാറ്റി ബൈസാന്റൈന്‍ ആചാരപ്രകാരമാണ് ഇദ്ദേഹം സുനഹദോസിന് ശുശ്രൂഷ നടത്തിയത്. കത്തോലിക്കാസഭയിലെ കാനോനിക നിയമങ്ങള്‍ പരിഷ്കരിച്ചതാണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാനനേട്ടം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തോലിക്കാ വിശ്വാസികള്‍ക്ക് ലത്തീന്‍ ഭാഷയ്ക്കു പകരം അവരുടെ മാതൃഭാഷയില്‍ ആരാധന നടത്തുന്നതിനുള്ള പ്രോത്സാഹനവും ഇദ്ദേഹം നല്കിയിരുന്നു. പുരോഗമനപരമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏഴു 'ചാക്രിക ലേഖനങ്ങള്‍' (Encyclical letters) ഇദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ട്. 'മാത്തെര്‍ എത്ത് മജിസ്ട്രാ' (മാതാവും ഗുരുനാഥയും-1961), 'പാച്ചെം ഇന്‍ തേരീസ്' (ഭൂമിയില്‍ സമാധാനം-1963) എന്നിവ പ്രമുഖങ്ങളാണ്.

ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ഇദ്ദേഹം കഠിനമായി യത്നിച്ചു. ബര്‍ലിന്‍ ഭിത്തി പ്രശ്നം, അള്‍ജീരിയന്‍ പ്രശ്നം, ക്യൂബന്‍ പ്രശ്നം എന്നിവ പരിഹരിക്കുന്നതില്‍ ഇദ്ദേഹം സ്തുത്യര്‍ഹമായ പങ്കുവഹിച്ചു. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി II, ബെല്‍ജിയത്തിലെ ബൌദൊയിന്‍ രാജാവ് (King Baudouin) തുടങ്ങിയ പ്രമുഖവ്യക്തികള്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ച് ആശീര്‍വാദം വാങ്ങിയിരുന്നു. 1963 ജൂണ്‍ 3-ന് ഇദ്ദേഹം വത്തിക്കാന്‍ സിറ്റിയില്‍ ദിവംഗതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍