This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍ (1167 - 1216)- ഇംഗ്ലണ്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍ (1167 - 1216)- ഇംഗ്ലണ്ട്

ഇംഗ്ലണ്ടിലെ രാജാവ്. (ഭ.കാ. 1199-1216). ഹെന്റി II-ന്റെ ഇളയമകനായി 1167 ഡി. 24-ന് ഇദ്ദേഹം ഓക്സ്ഫോഡില്‍ ജനിച്ചു. ഹെന്റി തന്റെ രാജ്യത്തിന്റെ ഭരണാവകാശം വിഭജിച്ചു നല്കിയപ്പോള്‍ ജോണിന് ഭൂപ്രദേശങ്ങള്‍ ലഭിക്കാതിരുന്നതിനാല്‍ ഇദ്ദേഹം ഭൂസ്വത്തില്ലാത്തവന്‍ എന്നര്‍ഥം വരുന്ന 'ലാക് ലാന്‍ഡ്' (lack land) എന്നറിയപ്പെട്ടിരുന്നു. പിന്നീട് (1174) ഇദ്ദേഹത്തിന് ഇംഗ്ലണ്ടിലെയും ഫ്രാന്‍സിലെയും ചില പ്രദേശങ്ങളുടെ അധികാരവും അയര്‍ലണ്ടിലെ പ്രഭുസ്ഥാനവും (1177) ലഭിച്ചു. സഹോദരന്‍ റിച്ചാര്‍ഡ് 1189 ജൂണില്‍ പിതാവിനെതിരായി നടത്തിയ വിപ്ലവത്തിന് ഇദ്ദേഹം പിന്തുണ നല്കിയിരുന്നു. ഹെന്റിയുടെ മരണത്തെത്തുടര്‍ന്ന് രാജാവായ (1189 ജൂല.) റിച്ചാര്‍ഡ് മൂന്നാം കുരിശുയുദ്ധത്തിനു പോയിരുന്നപ്പോള്‍ ജോണ്‍ അധികാരം പിടിച്ചെടുക്കാന്‍ വിഫലശ്രമം നടത്തി (1191-93). റിച്ചാര്‍ഡിന്റെ മരണത്തെത്തുടര്‍ന്ന് 1199 മേയ് 27-നു ജോണ്‍ ഇംഗ്ലണ്ടിലെ രാജാവായി. ജോണിന്റെ അനന്തരവനായിരുന്ന ആര്‍തര്‍ I ഭരണാധികാരത്തിനുവേണ്ടി ഇദ്ദേഹത്തിനെതിരായി പൊരുതി. 1202-ല്‍ ആര്‍തറിനെ ജോണ്‍ പരാജയപ്പെടുത്തി. 1206-ഓടുകൂടി തന്റെ കൈവശമുണ്ടായിരുന്ന ഫ്രഞ്ചു പ്രദേശങ്ങളധികവും ജോണിനു നഷ്ടപ്പെട്ടു. കാന്റര്‍ബറിയിലെ ആര്‍ച്ചു ബിഷപ്പ് സ്ഥാനം ഒഴിവു വന്നപ്പോള്‍ പോപ്പ് ഇന്നസന്റ് III നടത്തിയ സ്റ്റീഫന്‍ ലാങ്ടന്റെ നിയമനം അംഗീകരിക്കാന്‍ ജോണ്‍ രാജാവ് തയ്യാറായില്ല (1206 ഡി.). ജോണിന്റെ ഈ നടപടി ക്രിസ്തീയ സഭയുമായി ഏറ്റുമുട്ടലിനിടയാക്കി. പോപ്പ് ഇംഗ്ലണ്ടിനു മതപരമായ വിലക്കു കല്പിക്കുകയും (1208 മാ.) രാജാവിനെ മതഭ്രഷ്ടനാക്കുകയും (1209 ന.) ചെയ്തു. പിന്നീട് 1212 ന.-ല്‍ പോപ്പിന്റെ നിബന്ധനകളനുസരിച്ച് ലാങ്ടനെ അംഗീകരിച്ചു. 1213-ല്‍ മതപരമായ എതിര്‍പ്പ് ഒഴിവായി. 1214-ല്‍ ഫ്രാന്‍സുമായി നടന്ന യുദ്ധത്തില്‍ ജോണിന് പരാജയം സംഭവിച്ചു. ഇംഗ്ലണ്ടിലെ പ്രഭുക്കന്മാരുടെ അധികാരങ്ങളിലും അവകാശങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജോണ്‍ ശ്രമിച്ചിരുന്നതിനെത്തുടര്‍ന്ന് അവര്‍ക്ക് രാജാവിനോടുണ്ടായിരുന്ന അതൃപ്തി ഇക്കാലത്തോടെ വര്‍ധിച്ചു. തുടര്‍ന്ന് 1215 മേയില്‍ ആഭ്യന്തരയുദ്ധം ഉണ്ടായി. പ്രഭുക്കന്മാരുമായി ചര്‍ച്ചയ്ക്ക് തെംസ് നദീതീരത്തെ റെണ്ണിമീഡ് മൈതാനത്തെത്തിയ രാജാവിനെക്കൊണ്ട് അവര്‍ 'മാഗ്നാകാര്‍ട്ട' എന്ന പ്രമാണരേഖയില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചു (1215 ജൂണ്‍ 15). രാജാവിന്റെ അധികാരങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായിരുന്നു ഇത്. പില്ക്കാല ബ്രിട്ടീഷ് രാഷ്ട്രീയ വ്യതിയാനങ്ങള്‍ക്കു തുടക്കം കുറിക്കുന്നതായിരുന്നു ഇത് എന്നു കണക്കാക്കപ്പെടുന്നുണ്ട്. ഇതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ ജോണ്‍ പിന്നീട് തയ്യാറായില്ല. തന്മൂലം വീണ്ടും ആഭ്യന്തരയുദ്ധമുണ്ടായി (1215-16). പ്രഭുക്കന്മാര്‍ ഫ്രാന്‍സിലെ ലൂയി രാജകുമാരന്റെ (പില്ക്കാലത്ത് ലൂയി VIII) സഹായം തേടി. ഫ്രഞ്ചു സൈന്യം ലണ്ടന്റെ ചില ഭാഗങ്ങള്‍ പിടിച്ചടക്കി. ഈ കുഴപ്പങ്ങള്‍ക്കിടെ 1216 ഒ. 19-നു ജോണ്‍ രാജാവ് നെവാര്‍ക്കില്‍ മരണമടഞ്ഞു. ഇദ്ദേഹത്തെ പ്രധാന കഥാപാത്രമാക്കി ഷേക്സ്പിയര്‍ കിംങ് ജോണ്‍ എന്ന നാടകം രചിച്ചു. നോ: ഗ്രേറ്റ് ബ്രിട്ടന്‍; മാഗ്നാ കാര്‍ട്ട.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍