This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍ മത്തായി (1886 - 1959)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍ മത്തായി (1886 - 1959)

ജോണ്‍ മത്തായി

ഇന്ത്യന്‍ സാമ്പത്തികശാസ്ത്രജ്ഞനും മുന്‍ കേന്ദ്രധനകാര്യമന്ത്രിയും. 1886 ജനു. 10-ന് തോമസ് മത്തായിയുടെയും അന്നയുടെയും മകനായി കോഴിക്കോട്ടു ജനിച്ചു. 1906-ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബി.എ. പാസായി. രണ്ടുകൊല്ലം അവിടെ ട്യൂട്ടറായി ജോലി ചെയ്തു. 1910-ല്‍ മദ്രാസ് ലോ കോളജില്‍ നിന്ന് ബി.എല്‍. പാസായ ജോണ്‍ മത്തായി ഒരു കൊല്ലം അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇംഗ്ലണ്ടില്‍ ഉപരിപഠനത്തിനു പോയ ഇദ്ദേഹം ഓക്സ്ഫഡില്‍ നിന്ന് ബി.ലിറ്റ് ബിരുദവും ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സില്‍ നിന്ന് ഡി.എസ്സി. ബിരുദവും സമ്പാദിച്ചു. പ്രസിദ്ധ ചിന്തകനായ പ്രൊഫ. സിഡ്നി ജെയിംസ് വെബിന്റെ മേല്‍നോട്ടത്തിലായിരുന്നു ഡി.എസ്.സി. ബിരുദം നേടിയത്.

നാട്ടില്‍ തിരിച്ചെത്തിയ ഇദ്ദേഹം 1918-ല്‍ മദ്രാസ് ഗവണ്‍മെന്റിന്റെ സഹകരണവകുപ്പില്‍ ഒരു ഓഫീസറായിട്ടാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1920 മുതല്‍ 25 വരെ മദ്രാസ് പ്രസിഡന്‍സി കോളജിലും മദ്രാസ് സര്‍വകലാശാലയിലും ധനതത്ത്വശാസ്ത്ര പ്രൊഫസറായിരുന്നു. 1925 മുതല്‍ 40 വരെ ഇന്ത്യന്‍ താരിപ്പ് ബോര്‍ഡ് മെമ്പറായും ചെയര്‍മാനായും കമേഴ്സ്യല്‍ ഇന്റലിഡന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറലായും സേവനമനുഷ്ഠിച്ചു. 1940-ല്‍ സര്‍വീസില്‍ നിന്നും വിരമിച്ച ജോണ്‍ മത്തായി ടാറ്റാ കമ്പനിയുടെ ഉപദേഷ്ടാവായും ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു. പില്ക്കാലത്ത് പ്രസിദ്ധമായിത്തീര്‍ന്ന ബോംബെ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതില്‍ ഇദ്ദേഹം പ്രമുഖമായൊരു പങ്കുവഹിച്ചിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക വികസനത്തെ സംബന്ധിച്ച് വ്യാവസായിക സമൂഹത്തിനുള്ള കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്ന ബോംബെ പദ്ധതിയുടെ മുഖ്യപ്രണേതാക്കള്‍ പുരുഷോത്തമദാസ്, താക്കൂര്‍ദാസ്, ടാറ്റാ, ബിര്‍ള തുടങ്ങിയവരായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ച നെഹ്റു അധ്യക്ഷനായുള്ള നാഷണല്‍ പ്ലാനിങ് കമ്മിറ്റിയുടെ ഉപസമിതികളില്‍ ജോണ്‍ മത്തായി അംഗമായിരുന്നു. 1946-ല്‍ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ ഫൈനാന്‍സ് മെമ്പറായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1947-ല്‍ രൂപീകൃതമായ നെഹ്റു മന്ത്രിസഭയില്‍ റെയില്‍വേ വകുപ്പുമന്ത്രിയായിരുന്നു. 1948-49-ല്‍ കേന്ദ്രധനകാര്യമന്ത്രിയായി. എന്നാല്‍, പ്ലാനിങ് കമ്മിഷന്റെ രൂപീകരണത്തെ സംബന്ധിച്ച് നെഹ്റുവുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് 1950 മേയ് 31-ന് മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ടാക്സേഷന്‍ എന്‍ക്വയറി കമ്മിഷന്റെ അധ്യക്ഷനായും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ച ഇദ്ദേഹം 1955 മുതല്‍ 57 വരെ ബോംബെ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്നു. 1958-ല്‍ കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെയും നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെയും ആദ്യ ചെയര്‍മാനായിരുന്നു ഇദ്ദേഹം. ഇന്ത്യയിലെ പഞ്ചായത്ത് ഭരണസംവിധാനം, കാര്‍ഷികരംഗത്തെ സഹകരണനയം എന്നീ വിഷയങ്ങളെപ്പറ്റിയുള്ള ഡോ. ജോണ്‍ മത്തായിയുടെ കൃതികള്‍ ശ്രദ്ധേയമാണ്. ഇദ്ദേഹത്തിന്റെ ഡി.എസ്സി. പ്രബന്ധം ബ്രിട്ടിഷ് ഇന്ത്യയിലെ 'ഗ്രാമഭരണകൂടം' എന്ന പേരില്‍ ലണ്ടനിലെ ടി. ഫിഷര്‍ അണ്‍വിന്‍ പ്രസിദ്ധീകരിച്ചു. ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സിന്റെ ഡയറക്ടറായ ഡോ. പെംബര്‍റിപ്സ് എഡിറ്റു ചെയ്ത ഈ ഗ്രന്ഥം ഒരു പഠന പരമ്പരയുടെ ഭാഗമായിരുന്നു. എക്സൈസും മദ്യനിയന്ത്രണവും എന്ന ഗ്രന്ഥം 1924-ല്‍ പ്രസാധനം ചെയ്തു. എക്സൈസ് സംബന്ധമായ നിയമനിര്‍മാണങ്ങളുടെ വിശകലനത്തിനു പുറമേ മദ്യം സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ഈ കൃതി അനാവരണം ചെയ്യുന്നു. 1959 സെപ്. 2-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍