This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍ പോള്‍ II (1920 - )-മാര്‍പ്പാപ്പാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍ പോള്‍ II (1920 - )-മാര്‍പ്പാപ്പാ

ജോണ്‍ പോള്‍ II

1978 മുതല്‍ മാര്‍പ്പാപ്പാ പദം അലങ്കരിക്കുന്ന വ്യക്തി. പൂര്‍വാശ്രമത്തിലെ നാമധേയം കരോള്‍ ജോസഫ് വോയ്റ്റീല. തൊഴിലാളി ദമ്പതികളുടെ പുത്രനായി 1920 മേയ് 18-നു പോളണ്ടിലെ ക്രാക്കോവിനു സമീപമുള്ള വാഡോവീസില്‍ ജനിച്ചു. പിതാവിന്റെ പേര് കരോള്‍ വോയ്റ്റീല. ക്രാക്കോവിലെ ജഗീല്ലോണിയന്‍ സര്‍വകലാശാലയില്‍ 1938-ല്‍ സാഹിത്യപഠനം (കവിതയും നാടകവും) ആരംഭിച്ചു. പോളണ്ട് ജര്‍മനിയുടെ കൈവശാവകാശത്തില്‍ പെട്ടതോടെ സര്‍വകലാശാല അടയ്ക്കുകയാല്‍ വോയ്റ്റീലയ്ക്കു പഠനം മതിയാക്കി കരിങ്കല്‍മടയിലും രാസവ്യവസായശാലയിലും പണിയെടുക്കേണ്ടിവന്നു. 1942-ല്‍ ഇദ്ദേഹം ഒരു 'ഒളി'സെമിനാരിയില്‍ ചേര്‍ന്ന് പഠനവും കലാപ്രവര്‍ത്തനങ്ങളും തുടര്‍ന്നു. വിദ്യാര്‍ഥിയായിരുന്ന കാലത്ത് നാടകത്തിലും സ്കീയിങ്, സോക്കര്‍, വള്ളം തുഴയല്‍ തുടങ്ങിയ കായികരംഗങ്ങളിലും പ്രകടിപ്പിച്ച താത്പര്യം ജീവിതത്തിലുടനീളം നിലനിന്നു.

1946 ന. 1-ന് ഇദ്ദേഹം വൈദികപട്ടം സ്വീകരിച്ചു. റോമില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടിയശേഷം 1953 മുതല്‍ 58 വരെ ലൂബ്ലിനിലെ കാത്തലിക് യൂണിവേഴ്സിറ്റിയില്‍ തത്ത്വശാസ്ത്ര വിഭാഗം അധ്യാപകനായി. 1958-ല്‍ ക്രാക്കോവിലെ രൂപതാബിഷപ്പും 1964-ല്‍ ആര്‍ച് ബിഷപ്പുമായി. മാതൃകാ സോഷ്യലിസ്റ്റ് നഗരമാക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് കമ്യൂണിസ്റ്റ് ആസൂത്രകര്‍ നോവ ഹ്യൂട്ടയില്‍ പടുത്തുയര്‍ത്തിയ ആധുനിക വ്യാവസായിക നഗരത്തില്‍    സര്‍ക്കാരിന്റെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് ക്രിസ്തീയ ദേവാലയങ്ങള്‍ പണിതുയര്‍ത്താന്‍ നേതൃത്വം നല്കിയത് ഇദ്ദേഹത്തിന്റെ ഇക്കാലത്തെ നേട്ടമായി കണക്കാക്കപ്പെടുന്നു. 1967-ല്‍ പോള്‍ VI മാര്‍പ്പാപ്പാ ഇദ്ദേഹത്തെ കര്‍ദിനാളായി നിയമിച്ചു. 34 ദിവസം മാത്രം മാര്‍പ്പാപ്പായായിരുന്ന ജോണ്‍ പോള്‍ I (1912-78-ഭ.കാ. 1978 ആഗ. 26-സെപ്. 28)ന്റെ ആകസ്മിക മരണത്തെത്തുടര്‍ന്ന് 1978 ഒ. 16-ന് ഇദ്ദേഹം മാര്‍പ്പാപ്പായായി തെരഞ്ഞെടുക്കപ്പെട്ടു. ജോണ്‍ പോള്‍ II എന്ന പേരു സ്വീകരിച്ച് ഇദ്ദേഹം ഒ. 22-ന് സ്ഥാനാരോഹണം ചെയ്തു. ഡച്ചുകാരനായ ആഡ്രിയന്‍ VI മാര്‍പ്പാപ്പാ (ഭ.കാ. 1521-23)യ്ക്കു ശേഷം തെരഞ്ഞെടുക്കപ്പെട്ട ഇറ്റലിക്കാരനല്ലാത്ത ആദ്യത്തെ മാര്‍പ്പാപ്പാ ഇദ്ദേഹമാണ്. ആദ്യത്തെ സ്ലാവ് മാര്‍പ്പാപ്പാ, പോളിഷ് മാര്‍പ്പാപ്പാ എന്നീ ബഹുമതികളും ഇദ്ദേഹത്തിനുണ്ട്. സ്ഥാനാരോഹണത്തെത്തുടര്‍ന്ന് ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെ ഇദ്ദേഹം നടത്തിയ പ്രസംഗങ്ങളിലെ സൗഹൃദമനോഭാവവും ഇറ്റാലിയന്‍, ഇംഗ്ലീഷ് മറ്റു വിദേശഭാഷകള്‍ എന്നിവയിലുള്ള പ്രാവീണ്യവും ഇദ്ദേഹത്തെ ലോകാരാധ്യനാക്കിത്തീര്‍ത്തു. സമാധാനത്തിന്റെ സന്ദേശവുമായി ഇന്ത്യ (1978, 85, 99) ഉള്‍പ്പെടെ മിക്ക രാജ്യങ്ങളും ഇദ്ദേഹം സന്ദര്‍ശിച്ചു. 1985 ഫെ.-ല്‍ ഇദ്ദേഹം കേരളവും സന്ദര്‍ശിക്കുകയുണ്ടായി. മാര്‍പ്പാപ്പയുടെ മെക്സിക്കോ (1979 ജനു. 26-31), പോളണ്ട് (1979 ജൂണ്‍ 1), അയര്‍ലണ്ട്, യു.എസ്. (1979 സെ.-ഒ.) എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം ലോകശ്രദ്ധയാകര്‍ഷിച്ചു. സ്ഥാനാരോഹണത്തെത്തുടര്‍ന്ന് ജന്മദേശമായ പോളണ്ടില്‍ നടത്തിയ സന്ദര്‍ശനം പില്ക്കാലത്ത് ഭരണം ഏറ്റെടുത്ത 'സോളിഡാരിറ്റി' എന്ന തൊഴിലാളി സംഘടനയുടെ രൂപീകരണത്തിന് ലേക്ക് വലേയ്സക്കു പ്രചോദനമായി. മിക്ക ലോകനേതാക്കളും വത്തിക്കാനിലെത്തി ജോണ്‍ പോള്‍ മാര്‍പ്പാപ്പായെ സന്ദര്‍ശിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധേയം സോവിയറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവിന്റെ വത്തിക്കാന്‍ സന്ദര്‍ശനമാണ് (1979 ഡി. 1). 1998 ജനു. 22-ന് ജോണ്‍ പോള്‍ II മാര്‍പ്പാപ്പാ ക്യൂബ സന്ദര്‍ശിച്ചു. ഇത് ഇദ്ദേഹത്തിന്റെ നയതന്ത്രജ്ഞതയ്ക്കു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കമ്യൂണിസത്തിനെതിരെ മാര്‍പ്പാപ്പാ സമരം നടത്തിയെന്നതുകൊണ്ട് അദ്ദേഹം മുതലാളിത്തത്തെ പിന്താങ്ങുന്നുവെന്നര്‍ഥമില്ല. സ്വകാര്യ സ്വത്തവകാശം സാധുവും അവശ്യവുമാണെങ്കിലും ലോകത്തെ വിഭവങ്ങള്‍ ഏവര്‍ക്കും വേണ്ടിയുള്ളതാണെന്ന് സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള മൂന്നു പ്രധാന ചാക്രിക ലിഖിതങ്ങളില്‍ ഇദ്ദേഹം ഊന്നിപ്പറയുന്നുണ്ട്. ദൈവശാസ്ത്രപരമായ എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നതിലും ബിഷപ്പുമാരുടെ നിയമനകാര്യത്തിലും ഇദ്ദേഹം യാഥാസ്ഥിതിക സമീപനമാണ് പുലര്‍ത്തുന്നതെന്ന വിമര്‍ശനമുണ്ട്. പൗരസ്ത്യ ക്രൈസ്തവ വിഭാഗങ്ങളുമായി പുനര്‍യോജനം വേണമെന്ന ശക്തമായ അഭിപ്രായം ഇദ്ദേഹത്തിനുണ്ട്.

ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ കണ്ടിട്ടുള്ള വ്യക്തി എന്ന ബഹുമതി ഇദ്ദേഹത്തിനുണ്ട്. മാര്‍പ്പാപ്പായുടെ ജനസമ്മതിയില്‍ വിറളിപിടിച്ച ചിലര്‍ ഇദ്ദേഹത്തിനുനേരെ വധശ്രമങ്ങള്‍ നടത്തുകയുണ്ടായി. 1981 മേയ് 13-നുണ്ടായ കൊടിയ വധശ്രമത്തില്‍ നിന്നും ഇദ്ദേഹം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 20-ാം ശ.-ത്തില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച മാര്‍പ്പാപ്പാ എന്ന ബഹുമതിയും 264-ാമത്തെ ഈ മാര്‍പ്പാപ്പായ്ക്കുള്ളതാണ്.

ഇദ്ദേഹം അനവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അവയില്‍ പ്രമുഖങ്ങള്‍: ദ ഗോള്‍ഡ്സ്മിത്ത് ഷോപ് (നാടകം-1960), ലവ് ആന്‍ഡ് റെസ്പോണ്‍സിബിലിറ്റി (1962), ദ ആക്റ്റിങ് പേഴ്സണ്‍ (1969), സോഴ്സസ് ഒഫ് റിന്യൂവല്‍-ദ ഇംപ്ലിമെന്റേഷന്‍ ഒഫ് ദ സെക്കന്‍ഡ് വത്തിക്കാന്‍ കൗണ്‍സില്‍ (1972), സൈന്‍ ഒഫ് കോണ്‍ട്രഡിക്ഷന്‍ (1976), ബ്രദര്‍ ഒഫ് ഔവര്‍ ലോഡ് (നാടകം-1979), ഓണ്‍ ദ മെഴ്സി ഒഫ് ഗോഡ് (1980), ഓണ്‍ ഹ്യൂമന്‍ വര്‍ക്ക് (1981), ദ് റോള്‍ ഒഫ് ദ ക്രിസ്ത്യന്‍ ഫാമിലി ഇന്‍ ദ മോഡേണ്‍ വേള്‍ഡ് (1981), ബി നോട്ട് അഫ്രെയ്ഡ് (1982), ഒണ്‍ റികണ്‍സിലിയേഷന്‍ ആന്‍ഡ് പെനന്‍സ് (1984), ക്രിസ്റ്റ്യന്‍ മീനങ് ഒഫ് ഹ്യൂമന്‍ സഫറിങ് (1984), ക്രോസിങ് ദ ത്രെഷോള്‍ഡ് ഒഫ് ഹോപ് 1994), ദ പ്ലേസ് വിതിന്‍ (1995).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍