This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍ എബ്രഹാം (1937 - 87)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍ എബ്രഹാം (1937 - 87)

മലയാള ചലച്ചിത്രകാരനും സാഹിത്യകാരനും. ചേന്നങ്കരി വാഴക്കാട് വി.ടി. എബ്രഹാമിന്റെയും കോട്ടയം അടിമത്ര ത്രേസ്യാമ്മയുടെയും പുത്രനായി 1937 ആഗ. 11-ന് കുന്നംകുളത്തു ജനിച്ചു. കുട്ടനാട്ടിലും കോട്ടയത്തുമായിട്ടായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. തിരുവല്ല മാര്‍ത്തോമ്മ കോളജില്‍ നിന്ന് ധനതത്ത്വശാസ്ത്രത്തില്‍ ബിരുദമെടുത്തു. മൂന്നു കൊല്ലത്തോളം എല്‍.ഐ.സിയില്‍ ജോലി നോക്കി. 1965-ല്‍ ജോലി രാജിവച്ച് പൂണെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. 1969-ല്‍ സ്വര്‍ണമെഡലോടെ ചലച്ചിത്ര സംവിധാനത്തില്‍ ഡിപ്ലോമയെടുത്തു. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രിയ എന്ന ചിത്രമായിരുന്നു പഠനത്തിന്റെ ഭാഗമായി നിര്‍മിച്ചത്.

ജോണ്‍ എബ്രഹാം

പ്രശസ്ത സംവിധാകനായ മണി കൗളിന്റെ ഉസ്കീ റോട്ടി എന്ന ഹിന്ദി ചിത്രത്തിന്റെ സഹസംവിധായകനായാണ് ചലച്ചിത്രരംഗത്തേക്കു പ്രവേശിച്ചത്. ആ ചിത്രത്തില്‍ ജോണ്‍ ഒരു ഭിക്ഷക്കാരന്റെ വേഷം അഭിനയിക്കുകയും ചെയ്തു. വിദ്യാര്‍ഥികളെ ഇതിലേ ഇതിലേ (1969) ആണ് ജോണിന്റെ ആദ്യത്തെ ഫീച്ചര്‍ സിനിമ. 1978-ല്‍ അഗ്രഹാരത്തില്‍ കഴുതൈ എന്ന തമിഴ് ചിത്രം നിര്‍മിച്ചു. സാമ്പ്രദായിക ചലച്ചിത്ര സങ്കല്പത്തെയും യാഥാസ്ഥിതികത്വത്തിന്റെ വിഴുപ്പു പേറുന്ന സമൂഹത്തെയും ഇത് ഒരുപോലെ ചോദ്യം ചെയ്തു. ജോണിന്റെ മൂന്നാമത്തെ ചിത്രമായ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ (1980) കേരള സംസ്ഥാന അവാര്‍ഡു നേടി. ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച സംഭാവനയാണ് അമ്മ അറിയാന്‍ (1986) എന്ന ചലച്ചിത്രം. എഴുപതുകളില്‍ കേരളത്തിലെ ജനകീയ പ്രസ്ഥാനങ്ങള്‍ നയിച്ച സമരങ്ങളുടെ ചരിത്രപശ്ചാത്തലത്തില്‍ ഒരു വ്യക്തിയുടെ ദുരന്തം അയാളുടെ സുഹൃത്തുക്കളുടെ സ്മരണകളിലൂടെ അനാവരണം ചെയ്യുന്ന ഈ ചിത്രം ഡോക്യുമെന്ററി ശൈലിയില്‍ എടുത്ത ഫീച്ചര്‍ ഫിലിം ആണ്. ജോണ്‍ തുടങ്ങിവച്ച 'ഒഡേസ' എന്ന ജനകീയ ചലച്ചിത്രവേദിയാണ് ഇത് നിര്‍മിച്ചത്.

ഫിലിം സൊസൈറ്റികളില്‍ ഒരുക്കിയ വേദികളിലൂടെയാണ് ജോണിന്റെ സിനിമകളധികവും ജനങ്ങളിലേക്കെത്തിയത്. അവ നിരവധി അന്തര്‍ദേശീയ മേളകളില്‍ പ്രദര്‍ശിക്കപ്പെടുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങള്‍ക്കു പുറമേ കയ്യൂര്‍ സമരത്തെ ആസ്പദമാക്കിയുള്ള ഒരു ചലച്ചിത്രത്തിനും ജോണ്‍ തുടക്കം കുറിച്ചിരുന്നു. ജോസഫ് ഒരു പുരോഹിതന്‍, നന്മയില്‍ ശ്രീനിവാസന്‍ എന്നീ തിരക്കഥകള്‍ ചിത്രീകരിക്കപ്പെട്ടിട്ടില്ല. തെയ്യത്തെക്കുറിച്ചുള്ള കളിയാട്ടം എന്ന ഡോക്യുമെന്ററിയാണ് ജോണിന്റെ മറ്റൊരു സംഭാവന. നായ്ക്കളി (1984) എന്ന തെരുവുനാടകവും ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

നിശിതമായ ഒരു കഥാനുഭവം മലയാള സാഹിത്യത്തിനു നല്കാന്‍ ജോണിനു കഴിഞ്ഞിട്ടുണ്ട്. ജോണിന്റെ മരണശേഷം ജോണ്‍ എബ്രഹാമിന്റെ കഥകള്‍ എന്ന പേരില്‍ കഥാസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടു. നേര്‍ച്ചക്കോഴി എന്നൊരു കഥാസമാഹാരവും ഇദ്ദേഹത്തിന്റെതായുണ്ട്.

നിരവധി പുരസ്കാരങ്ങള്‍ ജോണ്‍ എബ്രഹാമിനെത്തേടിയെത്തി. അഗ്രഹാരത്തില്‍ കഴിതൈ എന്ന ചിത്രം സംവിധാനത്തിനുള്ള സംസ്ഥാന അവാര്‍ഡും മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നേടി. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ സംവിധാനത്തിനുള്ള പ്രത്യേക അവാര്‍ഡ് അദ്ദേഹത്തിനു നേടിക്കൊടുത്തു. അമ്മ അറിയാന്‍ എന്ന ചിത്രം ബര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശനാനുമതി നേടുകയും കേരള സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് (1986) കരസ്ഥമാക്കുകയും ചെയ്തു.

വ്യവസ്ഥാപിതമായ എല്ലാ താത്പര്യങ്ങള്‍ക്കുമെതിരെയുള്ള കലാപക്കൊടിയുമായി സമൂഹത്തിന്റെ പുറമ്പോക്കുകളിലൂടെ അലഞ്ഞ ഒറ്റയാനായിരുന്നു ജോണ്‍. 'പട്ടിണി കിടന്നു മരിക്കേണ്ടി വന്നാലും കച്ചവട സിനിമയുടെ ലോകത്തേക്കു ഞാന്‍ കടന്നു പോകില്ല' എന്നു പ്രഖ്യാപിച്ചുകൊണ്ട് ഒരു ജനകീയ ചലച്ചിത്ര വേദിക്കായി അദ്ദേഹം പരിശ്രമിച്ചു. 1987 മേയ് 30-നു കോഴിക്കോട്ട് ഒരു അപകടത്തില്‍പ്പെട്ട് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍