This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍ അമോസ് കൊമീനിയസ് (1592 - 1670)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍ അമോസ് കൊമീനിയസ് (1592 - 1670)

ചെക്ക് വിദ്യാഭ്യാസ വിദഗ്ധനും മതപണ്ഡിതനും. ജാന്‍ അമോസ് കൊമെന്‍സ്കി എന്നാണ് യഥാര്‍ഥ പേര്. 1592 മാ. 28-ന് മൊറേവിയയിലെ നിവ്നിറ്റ്സില്‍ ജനിച്ചു.

കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മില്‍ മുപ്പതു വര്‍ഷക്കാലം നീണ്ടുനിന്ന സംഘട്ടനങ്ങള്‍ നിമിത്തം ഇദ്ദേഹത്തിനു പോളണ്ടിലേക്കു താമസം മാറ്റേണ്ടിവന്നു. ഇവിടെവച്ചാണ് കൊമീനിയസ് തന്റെ പല പ്രധാനകൃതികളും രചിച്ചത്. വിദ്യാഭ്യാസ പരിഷ്കരണ പാര്‍ലമെന്ററി കമ്മിഷന്‍ അംഗമെന്ന നിലയില്‍ ഇദ്ദേഹം ഇംഗ്ലണ്ടിലേക്കു പോയി (1641). എന്നാല്‍ ഇംഗ്ലണ്ടിലെ ആഭ്യന്തരയുദ്ധം മൂലം പരിഷ്കാരങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കുവാന്‍ സാധിച്ചില്ല. ബ്രിട്ടീഷ് റോയല്‍ സൊസൈറ്റി സ്ഥാപിച്ചതിനു പിന്നില്‍ കൊമീനിയസിന്റെ സ്വാധീനം ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്നു.

സ്വീഡിഷ് വിദ്യാഭ്യാസ സമ്പ്രദായം നവീകരിക്കുന്നതിനും ഹംഗറിയില്‍ ഒരു ഡെമോണ്‍സ്ട്രേഷന്‍ സ്കൂള്‍ സ്ഥാപിക്കുന്നതിനും ഇദ്ദേഹം മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചിരുന്നു. പോളണ്ടും സ്വീഡനും തമ്മിലുള്ള കലഹം നിമിത്തം 1655-ല്‍ കൊമീനിയസ് ആംസ്റ്റര്‍ഡാമിലേക്കു താമസം മാറ്റി.

'ആധുനിക വിദ്യാഭ്യാസത്തിന്റെ പിതാമഹന്‍' എന്ന് കൊമീനിയസ് അറിയപ്പെടുന്നുണ്ട്. ആഗോളപ്രശ്നങ്ങള്‍ പലതും മതപരമായ വ്യത്യാസങ്ങളില്‍ നിന്നും ഉടലെടുക്കുന്നവയാണെന്ന് ഇദ്ദേഹം വിശ്വസിച്ചു. സാധാരണക്കാര്‍ക്ക് ദൈനംദിന ജീവിതത്തില്‍ പ്രസക്തമാകുന്ന രീതിയില്‍ വിദ്യാഭ്യാസം ആസൂത്രണം ചെയ്യുകയും വിജ്ഞാനം എല്ലാവര്‍ക്കും ലഭ്യമാക്കുകയും ചെയ്താല്‍ ലോകത്തു കാണുന്ന പല പ്രശ്നങ്ങളും രമ്യമായി പരിഹരിക്കുവാന്‍ കഴിയുമെന്ന് ഇദ്ദേഹം കരുതി. ഈ ലക്ഷ്യം നേടുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഇദ്ദേഹം തന്റെ വിദ്യാഭ്യാസ പരിഷ്കരണ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നത്. വിശ്വവിദ്യാഭ്യാസം അഥവാ സാര്‍വത്രിക (universal) വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ ആശയം പാന്‍സോഫിസം എന്ന പേരില്‍ വിഖ്യാതമാണ്. സ്ത്രീ വിദ്യാഭ്യാസത്തിന്റെ ഒരു പ്രമുഖ വക്താവ് എന്ന ഖ്യാതിയും ഇദ്ദേഹത്തിനുണ്ട്. 1670 ന. 15-ന് ആംസ്റ്റര്‍ഡാമില്‍ കൊമീനിയസ് നിര്യാതനായി. ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും നടക്കുന്ന ഗവേഷണത്തിന് 'കൊമീനിയോളജി' എന്ന പേര്‍ നല്കിയിരിക്കുന്നു. പ്രധാന കൃതികള്‍: ലാബിറിന്‍ത് ഒഫ് ദ വേള്‍ഡ്, ഗേറ്റ് ഒഫ് ടങ്സ് അണ്‍ലോക്ക്ഡ്, ദ വിസിബിള്‍ വേള്‍ഡ്, ദ ഗ്രേറ്റ് ഡിഡാക്റ്റിക്ക്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍