This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍, എ.ജെ. (1893 - 1957)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍, എ.ജെ. (1893 - 1957)

എ.ജെ. ജോണ്‍

മുന്‍ തിരു-കൊച്ചി സംസ്ഥാന മുഖ്യമന്ത്രിയും തമിഴ്നാട് ഗവര്‍ണറും. വൈക്കത്തിനടുത്ത് തലയോലപ്പറമ്പില്‍ ആനാപ്പറമ്പില്‍ ജോസഫിന്റെയും മേരിയുടെയും പുത്രനായി 1893 ജൂല. 5-നു ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസം ജന്മദേശത്തും പൂര്‍ത്തിയാക്കിയ ജോണ്‍ തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജില്‍ നിന്ന് ബി.എ. ബിരുദവും (1917) മദ്രാസ് ലോ കോളജില്‍ നിന്ന് 1919-ല്‍ ബി.എല്‍. ബിരുദവും നേടി. തുടര്‍ന്ന് ആലപ്പുഴയിലും തിരുവന്തപുരത്തും അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടു. 1925-ഓടെ അത് ഉപേക്ഷിച്ച് തിരുവിതാംകൂറില്‍ രാഷ്ട്രീയ-ഭരണ പരിഷ്കാരങ്ങള്‍ക്കു വേണ്ടി പ്രയത്നിക്കാന്‍ തുടങ്ങി. 1925-28-ല്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ വൈക്കത്തെ പ്രതിനിധീകരിച്ചു. 1932-38 കാലത്ത് തിരുവിതാംകൂര്‍ ഭരണപരിഷ്കാരങ്ങളുമായി ബന്ധപ്പെട്ടു നടന്ന നിവര്‍ത്തനപ്രക്ഷോഭത്തില്‍ പങ്കെടുത്തു. തിരുവിതാംകൂറിലെ ശ്രീമൂലം അസംബ്ളിയിലേക്ക് 1937-44-ല്‍ വൈക്കം-കോട്ടയം നിയോജക മണ്ഡലത്തില്‍ നിന്നു സംയുക്ത രാഷ്ട്രീയ സഭയുടെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളായിരുന്നു എ.ജെ. ജോണ്‍. പുന്നപ്ര-വയലാര്‍ സംഭവങ്ങളെപ്പറ്റി അന്വേഷിക്കാന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നിയോഗിച്ച കമ്മിറ്റിയില്‍ ഇദ്ദേഹം അംഗമായിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 1938 ഡി.-ല്‍ അറസ്റ്റിലായ ഇദ്ദേഹം 1939 ജനു.-ല്‍ മോചിതനായി. 1948-ലെ തെരഞ്ഞെടുപ്പില്‍ വൈക്കം മണ്ഡലത്തില്‍ നിന്ന് തിരുവിതാംകൂര്‍ നിയമസഭാംഗമായി. തുടര്‍ന്ന് ഇദ്ദേഹം തിരുവിതാംകൂര്‍ നിയമസഭയുടെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനായി. 1949-ല്‍ ഈ സ്ഥാനം രാജിവച്ചശേഷം ടി.കെ. നാരായണപിള്ളയുടെ തിരുവിതാംകൂര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായി. തിരുവിതാംകൂര്‍-കൊച്ചി സംയോജനത്തിനു ശേഷവും 1951-ലെ സി. കേശവന്‍ മന്ത്രിസഭയിലും എ.ജെ. ജോണ്‍ മന്ത്രിയായി തുടര്‍ന്നു. 1952-ലെ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് നിയമസഭയിലെത്തിയ ഇദ്ദേഹം 1952 മാ.-ല്‍ തിരു-കൊച്ചി മുഖ്യമന്ത്രിയായി. 1954-ലെ തെരഞ്ഞെടുപ്പുവരെ ഈ സ്ഥാനത്തു തുടര്‍ന്നു. 1954-ല്‍ വീണ്ടും പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭാംഗമായി. 1955 ഫെ.-ല്‍ നിലവില്‍ വന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍ മന്ത്രിസഭയില്‍ ഇദ്ദേഹം ആഭ്യന്തരമന്ത്രിയായി. 1956-ല്‍ ഈ മന്ത്രിസഭ രാജിവച്ചതോടെ സജീവരാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചു. 1956 ഡി. 10-ന് ഇദ്ദേഹം തമിഴ്നാട് ഗവര്‍ണറായി നിയമിതനായി. ഗവര്‍ണറായിരിക്കെ 1957 ഒ. 1-ന് അന്തരിച്ചു. 1995 ന. 2-ന് ഇദ്ദേഹത്തിന്റെ പൂര്‍ണകായ വെങ്കലപ്രതിമ തലയോലപ്പറമ്പില്‍ അനാച്ഛാദനം ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍