This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍സണ്‍, ലിണ്ടന്‍ ബെയിന്‍സ് (1908 - 73)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍സണ്‍, ലിണ്ടന്‍ ബെയിന്‍സ് (1908 - 73)

Johnson, Lyndon Baines

ലിണ്ടന്‍ ബെയിന്‍സ് ജോണ്‍സണ്‍

യു.എസിന്റെ 36-ാമതു പ്രസിഡന്റ് (1963-69). തെക്കു പടിഞ്ഞാറന്‍ ടെക്സാസിലെ ജോണ്‍സണ്‍ സിറ്റിക്കടുത്ത് 1908 ആഗ. 27-നു ജനിച്ചു. ജോണ്‍സണ്‍ സിറ്റി ഹൈസ്കൂളിലും (1924) സൗത്ത് വെസ്റ്റ് ടെക്സാസ് സ്റ്റേറ്റ് ടീച്ചേഴ്സ് കോളജിലുമായി (1930) വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹൂസ്റ്റണ്‍ ഹൈസ്കൂളില്‍ കുറച്ചുകാലം ഇദ്ദേഹം അധ്യാപകനായി ജോലി നോക്കിയിരുന്നു. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ച ഇദ്ദേഹം കോണ്‍ഗ്രസ് അംഗമായ റിച്ചാഡ് എം. ക്ളെബെര്‍ഗിന്റെ സെക്രട്ടറിയായി ജോലി നോക്കിയിരുന്നു (1932-35). 1934-ല്‍ ഇദ്ദേഹം 'ലേഡി ബേഡ്' എന്നറിയപ്പെട്ടിരുന്ന ക്ളാഡിയ ആല്‍ടാ ടെയ്ലറെ വിവാഹം ചെയ്തു. 1935-ല്‍ വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് ഇദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനം തുടര്‍ന്നു. പ്രസിഡന്റ് റൂസ്വെല്‍റ്റിന്റെ പക്ഷക്കാരനും 'ന്യൂ ഡീലി'ന്റെ വക്താവുമായിരുന്ന ജോണ്‍സണ്‍ 1935 മുതല്‍ 37 വരെ നാഷണല്‍ യൂത്ത് അഡ്മിനിസ്റ്റ്രേഷന്റെ ടെക്സാസ് മേധാവിയായിരുന്നു. 1937-ല്‍ ഇദ്ദേഹം ടെക്സാസില്‍ നിന്നും പ്രതിനിധിസഭയില്‍ അംഗമായി. തുടര്‍ന്ന് അഞ്ചുതവണകൂടി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഇടക്കാലത്ത് രണ്ടാം ലോകയുദ്ധത്തില്‍ ഇദ്ദേഹം നാവികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു (1941-42). 1948-ല്‍ ജോണ്‍സണ്‍ ടെക്സാസില്‍ നിന്നും യു.എസ്. സെനറ്റില്‍ അംഗമായി. 1951-ല്‍ സെനറ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 'വിപ്പ്' ആയിരുന്ന ഇദ്ദേഹം 1953-ല്‍ സെനറ്റിലെ പാര്‍ട്ടി നേതാവായി. 1954-ല്‍ സെനറ്റിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

യു.എസ്. പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിക്കാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി ഇദ്ദേഹം ശ്രമിച്ചിരുന്നു (1960). എന്നാല്‍ സ്ഥാനാര്‍ഥിത്വം ലഭിച്ചത് ജോണ്‍ എഫ്. കെന്നഡിക്കായിരുന്നു. കെന്നഡി പ്രസിഡന്റായപ്പോള്‍ ജോണ്‍സണെ വൈസ് പ്രസിഡന്റാക്കി (1960). കെന്നഡി മരണമടഞ്ഞതിനെത്തുടര്‍ന്ന് ലിണ്ടന്‍ ബി. ജോണ്‍സണ്‍ 1963 ന. 22-ന് യു.എസ്. പ്രസിഡന്റായി. പ്രസിഡന്റായിരിക്കെ നിയമനിര്‍മാണ പ്രവര്‍ത്തനങ്ങളിലും ആഭ്യന്തരകാര്യങ്ങളിലും കോണ്‍ഗ്രസുമായി ഇദ്ദേഹം നല്ലബന്ധം പുലര്‍ത്തിയിരുന്നു. 1964 ന.-ല്‍ ഇദ്ദേഹം വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1964-ല്‍ സിവില്‍ അവകാശനിയമവും (Civil Rights Act) 1965-ല്‍ വോട്ടവകാശം സംബന്ധിച്ച നിയമവും (Voting Rights Act) പാസാക്കിയത് ഇദ്ദേഹത്തിന്റെ എടുത്തുപറയാവുന്ന നേട്ടങ്ങളാണ്. ആഭ്യന്തരമായി ഏറെ പുരോഗമന പരിപാടികള്‍ നടപ്പാക്കാന്‍ കഴിഞ്ഞെങ്കിലും വിയറ്റ്നാമില്‍ തുടര്‍ന്നുവന്നിരുന്ന യു.എസ്. സൈനിക ഇടപെടലും ബോംബിങ്ങും ഇദ്ദേഹത്തിനെതിരെ വിമര്‍ശനമുയര്‍ത്തി. ഇത് ഇദ്ദേഹത്തിന്റെ ജനസമ്മതി കുറയുന്നതിനു കാരണമായി. യുദ്ധം നീണ്ടുപോയത് ആഭ്യന്തരരംഗത്ത് ഇദ്ദേഹത്തിന് തിരിച്ചടിയുണ്ടാക്കി. പ്രസിഡന്റു സ്ഥാനത്തേക്കു തുടര്‍ന്ന് മത്സരിക്കുന്നില്ല എന്ന് 1968 മാ.-ല്‍ ഇദ്ദേഹം വ്യക്തമാക്കി. 1969 ജനു.-ല്‍ ലിണ്ടന്‍ ബി. ജോണ്‍സണ്‍ പ്രസിഡന്റു പദവിയില്‍ നിന്ന് വിരമിച്ച് ടെക്സാസിലേക്കു മടങ്ങി. 1973 ജനു. 22-ന് ഇദ്ദേഹം ടെക്സാസില്‍ മരണമടഞ്ഞു.

(വി.കെ. സരസ്വതി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍