This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍സണ്‍, മാജിക് (1959 -  )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍സണ്‍, മാജിക് (1959 -  )

മാജിക് ജോണ്‍സണ്‍

യു.എസ്. ബാസ്ക്കറ്റ്ബാള്‍ കളിക്കാരന്‍. 1959 ആഗ. 14-നു മിഷിഗണിലെ ലാന്‍സിങ്ങില്‍ എര്‍വിന്‍ ജോണ്‍സണ്‍ ജൂനിയര്‍ ജനിച്ചു. വിദ്യുത്പ്രസരം പോലെയുള്ള ജോണ്‍സണിന്റെ പ്രകടനമാണ് ഹൈസ്കൂള്‍ തലത്തില്‍വച്ചുതന്നെ 'മാജിക്' എന്ന ചെല്ലപ്പേര്‍ അദ്ദേഹത്തിനു നേടിക്കൊടുത്തത്.

ഉയരം, വേഗത, പന്തു കൈകാര്യം ചെയ്യുന്നതിലെ മികവ്, കോര്‍ട്ടുബോധം എന്നീ മുതല്‍ക്കൂട്ടുകള്‍ ഒരുമിപ്പിച്ചുകൊണ്ട് ഗാര്‍ഡ് സ്ഥാനത്തിന് ഒരു പുതിയ മാനംതന്നെ ജോണ്‍സണ്‍ സൃഷ്ടിച്ചെടുത്തു. സെറ്റ്ഷോട്ടും ഹുക് ഷോട്ടും സമര്‍ഥമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ഫോര്‍വേഡിലും സെന്ററിലും ശോഭിക്കുവാന്‍ ജോണ്‍സണു കഴിഞ്ഞു. ജോണ്‍സണിന്റെ നേതൃത്വത്തിലാണ് മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ടീം 1979-ല്‍ എന്‍.സി.എ.എ. ചാമ്പ്യന്‍ഷിപ് നേടിയത്.

'ലോസ് ആഞ്ചലസ് ലാക്കേഴ്സ് ടീമി'ലെ പ്രധാന അംഗമായിരുന്ന ജോണ്‍സണിന്റെ പ്രഭാവം മൂലമാണ് 1980, 82, 85, 87, 88 വര്‍ഷങ്ങളില്‍ നാഷണല്‍ ബാസ്ക്കറ്റ് ബാള്‍ അസോസിയേഷന്‍ (എന്‍.ബി.എ.) ബഹുമതികള്‍ ടീമിനു നേടാന്‍ കഴിഞ്ഞത്.

1987-ല്‍ ജോണ്‍സണ് 'മോസ്റ്റ് വാല്യുബിള്‍ പ്ലേയര്‍' ബഹുമതി ലഭിച്ചു. എന്‍.ബി.എ.യുടെ ചരിത്രത്തില്‍ ഈ ബഹുമതി നേടുന്ന മൂന്നാമത്തെ ഗാര്‍ഡാണ് ജോണ്‍സണ്‍. 1981-ല്‍ ഇദ്ദേഹം 25 ദശലക്ഷം യു.എസ്. ഡോളറിനുള്ള ഒരു 25 വര്‍ഷക്കരാറില്‍ ഒപ്പുവച്ചു; അക്കാലത്തെ ഏറ്റവും വിലയേറിയ കായികതാരം എന്ന ബഹുമതി ഇതോടെ ലഭിക്കുകയും ചെയ്തു.

എയ്ഡ്സ് രോഗഹേതിവായ എഛ്.ഐ.വി. ബാധിച്ചതിനെത്തുടര്‍ന്ന് 1991 നവംബറില്‍ ജോണ്‍സണ്‍ കായികരംഗത്തുനിന്നും വിരമിച്ചു. ചരിത്രത്തിലെ ഏറ്റവും മികച്ച ബാസ്ക്കറ്റ്ബാള്‍ കളിക്കാന്റെ പിന്മാറ്റം നടുക്കത്തോടെയാണ് കായികകലാപ്രേമികള്‍ ഏറ്റുവാങ്ങിയത്. ഇന്ന് എയ്ഡ്സ് നിവാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി കഴിയുകയാണ് ജോണ്‍സണ്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍