This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍സണ്‍, ബെന്‍ (1572 - 1637)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍സണ്‍, ബെന്‍ (1572 - 1637)

Jonson, Ben

ബെന്‍ ജോണ്‍സണ്‍

ഇംഗ്ലീഷ് നാടകകൃത്ത്. 1572 ജൂണ്‍ 11-നു വെസ്റ്റ് മിന്‍സ്റ്ററില്‍ ജനിച്ചു. പ്രസിദ്ധ പണ്ഡിതനും ചരിത്രകാരനുമായ വില്യം കാംഡെന്റെ കീഴില്‍ വെസ്റ്റ്മിന്‍സ്റ്ററില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി. ഹെന്‍സ്ലോവിന്റെ നാടകട്രൂപ്പില്‍ ചേരുന്നതിനു മുമ്പ് കുറേക്കാലം ഫ്ളാന്‍ഡേഴ്സില്‍ പട്ടാളക്കാരനായിരുന്നു. സഹപ്രവര്‍ത്തകനായ ഒരു നടനെ ദ്വന്ദ്വയുദ്ധത്തില്‍ കൊലപ്പെടുത്തിയതിനു ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

1958-ല്‍ ഷെയ്ക്സ്പിയര്‍ അഭിനയിച്ച എവരിമാന്‍ ഇന്‍ ഹിസ് ഹ്യൂമന്‍ എന്ന ജോണ്‍സണിന്റെ നാടകം കര്‍ട്ടന്‍ തിയെറ്ററിലാണ് അരങ്ങേറിയത്. അടുത്ത വര്‍ഷം തന്നെ എവരിമാന്‍ ഔട്ട് ഒഫ് ഹിസ് ഹ്യൂമര്‍ അവതരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് സിന്തിയാസ് റെവല്‍സ് (1600) എന്ന രൂപകവും ദ പോയറ്റേസ്റ്റര്‍ (1601) എന്ന നാടകവും അരങ്ങേറി. ആദ്യത്തെത് വളരെ വിരസമായ ഒന്നായിരുന്നു. രണ്ടാമത്തെതാകട്ടെ തോമസ് ഡെക്കര്‍, ജോണ്‍ മാഴ്സ്റ്റന്‍ എന്നീ എഴുത്തുകാരെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു. ജോണ്‍സണിന്റെ ശ്രദ്ധ അടുത്തതായി പതിഞ്ഞത് റോമന്‍ ട്രാജഡികളിലായിരുന്നു. ഇവയില്‍ സെജാനസ് (1603), കാറ്റിലീന്‍ (1611) എന്നിവ ക്ലാസ്സിക് പരാമര്‍ശങ്ങളുടെ ആധിക്യംമൂലം ജനപ്രീതി നേടാനാവാതെ പോയി. ഷേക്സ്പിയറുടെ റോമാന്റിക് കോമഡികള്‍ക്കെതിരായി റിയലിസ്റ്റിക്കായി എഴുതാന്‍ ശ്രമിച്ചതിന്റെ ഫലമായാണ് വോള്‍പൊണി (1606), ദ സൈലന്റ് വുമണ്‍ (1609), ദ ആല്‍ക്കെമിസ്റ്റ് (1610), ബാര്‍ത്തലോമിയോ ഫെയര്‍ (1614) എന്നീ മാസ്റ്റര്‍പീസുകള്‍ പുറത്തുവന്നത്. ഇതില്‍ രണ്ടാമത്തെത് രചനാഭംഗികൊണ്ടു ഡ്രൈഡന്‍ മുതലായവരുടെ പ്രശംസയ്ക്ക് പാത്രീഭവിച്ചതാണ്. എന്നാല്‍, ഒരേയൊരു ഇതിവൃത്തത്തോടുകൂടി ഐക്യത്രയം പാലിച്ചുകൊണ്ടു രചിച്ച ദ ആല്‍ക്കെമിസ്റ്റ് ആണ് കൂടുതല്‍ മെച്ചപ്പെട്ട കൃതി. ബാര്‍ത്തലോമിയോ ഫെയറില്‍ ഒരു മേളയുടെ എല്ലാ രസവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

1916-ല്‍ രചിച്ച വിരസമായ ദ ഡെവിള്‍ ഈസ് ആന്‍ ആസിനു ശേഷം 1625 വരെ ജോണ്‍സണ്‍ 'മാസ്കുകള്‍' അഥവാ മുഖംമൂടി നാടകങ്ങളിലേക്കു തിരിഞ്ഞു. 1605-ല്‍ ഇനിഗോ ജോണ്‍സുമായി യോജിച്ച് ദ മാസ്ക് ഒഫ് ബ്ലാക്ക്നസ്സ് എന്നൊരു മുഖംമൂടി നാടകം എഴുതിയിരുന്നു. തിയെറ്റര്‍ നാടകരചനയിലേക്കു വിഫലമായ ഒരു തിരിച്ചുവരവിനുശേഷം രചിച്ച അര്‍ച്ചനാഗീതം ആണ് കം ലീവ് ദ ലോത്തഡ് സ്റ്റേജ് (1632). ഇക്കാലത്തു തന്നെ രചിച്ച ഇടയനാടകം ദ സാഡ് ഷെപ്പേര്‍ഡ് അതിന്റെ ഗാനാത്മകത കൊണ്ടു ഷേക്സ്പിയര്‍ രചനകളുടെ തൊട്ടടുത്തെത്തി നില്ക്കുന്നു. വോള്‍പൊണിയിലും സിന്തിയാസ് റെവല്‍സിലുമൊക്കെ ഈ ഗാനാത്മകത വളരെ പ്രകടമാണ്. കൗലി, ഡ്രൈഡന്‍ തുടങ്ങിയവരെപ്പോലെ ക്ലാസ്സിക് നിരയിലുള്ള ഒരു നിരൂപകന്‍ കൂടിയാണ് ജോണ്‍സണ്‍. ടിമ്പര്‍; ഓര്‍ ഡിസ്കവറീസ് ആണ് ഇദ്ദേഹമെഴുതിയ നിരൂപണം. വില്യം ഗിഫോഡ്, കേണല്‍ കണ്ണിങ്ഹാം, ഹെര്‍ഫോര്‍ഡ് തുടങ്ങിയ പ്രസിദ്ധരാണ് ജോണ്‍സണ്‍ കൃതികള്‍ എഡിറ്റു ചെയ്തിട്ടുള്ളത്. 1637 ആഗ. 6-ന് ജോണ്‍സണ്‍ ലണ്ടനില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍