This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍സണ്‍, ജെയിംസ് വെല്‍ഡണ്‍ (1871 - 1938)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍സണ്‍, ജെയിംസ് വെല്‍ഡണ്‍ (1871 - 1938)

Johnson, James Weldon

ജെയിംസ് വെല്‍ഡണ്‍ ജോണ്‍സണ്‍

അമേരിക്കന്‍ നീഗ്രോ സാഹിത്യകാരന്‍. 1871 ജൂണ്‍ 17-നു ഫ്ളോറിഡയിലെ ജാക്കസണ്‍ വില്ലില്‍ ജനിച്ചു. പിതാവ് ഹോട്ടല്‍ ജോലിക്കാരനായിരുന്നു; മാതാവ് സംഗീതാധ്യാപികയും. അറ്റ്ലാന്റാ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം നേടിയ (1894) ശേഷം ജോണ്‍സണ്‍ കുറേക്കാലം ഒരു നീഗ്രോ പബ്ലിക് സ്കൂളില്‍ അധ്യാപകനായി. ഇതിനിടയ്ക്കുതന്നെ നിയമം പഠിക്കുകയും സ്വദേശത്ത് ആദ്യമായി ഒരു നീഗ്രോ ദിനപത്രം ആരംഭിക്കാന്‍ പ്രയത്നിക്കുകയും ചെയ്തു. 1897 മുതല്‍ 1901 വരെ ഫ്ളോറിഡാ കോടതിയില്‍ അഭിഭാഷകനായിരുന്നു. 1898 മുതല്‍ സംഗീതജ്ഞനായ സ്വസഹോദരന്‍ ജോണ്‍ണണുമൊത്തു ഗാനരചനയിലേര്‍പ്പെട്ടു. 'ടെല്‍മി', 'ഡസ്കി മെയ്ഡന്‍', 'നോബഡി ഈസ് ലുക്കിങ് ബട്ട് ദ ഔള്‍ ആന്‍ഡ് ദ മൂണ്‍', 'ഓ ഡിഡിന്റ് ഹി റാബ്ള്‍' തുടങ്ങിയ ഹിറ്റുഗാനങ്ങള്‍ അങ്ങനെയാണുടലെടുത്തത്. സെന്‍ചുറി, ബുക്ക്മാന്‍ തുടങ്ങിയ ആനുകാലികങ്ങളില്‍ ജോണ്‍സണിന്റെ ആദ്യകാല കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നു. 1904-ല്‍ അറ്റ്ലാന്റാ യൂണിവേഴ്സിറ്റിയില്‍ നിന്നു ബിരുദാനന്തരബിരുദം നേടി. ആ വര്‍ഷംതന്നെ തിയൊഡോര്‍ റൂസ്വെല്‍റ്റിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുകയും തുടര്‍ന്നു പ്യൂയെര്‍ട്ടോ, കാബെല്ലോ, വെനിസ്വേല, കോറിന്തോ, നിക്കരാഗ്വ എന്നിവിടങ്ങളില്‍ അമേരിക്കന്‍ കോണ്‍സല്‍ ആവുകയും ചെയ്തു. നിക്കരാഗ്വയില്‍ ജോലി നോക്കുമ്പോഴാണ് ദ ഓട്ടോബയോഗ്രഫി ഒഫ് ആന്‍ എക്സ്-കളേര്‍ഡ്മാന്‍ എന്ന നോവല്‍ എഴുതിയത് (1912). കറുത്തവര്‍ഗക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിലും അവയ്ക്കു പരിഹാരം കാണുന്നതിലും ജോണ്‍സണ്‍ നിതാന്തജാഗ്രത പുലര്‍ത്തിയിരുന്നു. 1916 മുതല്‍ 30 വരെ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദ അഡ്വാന്‍സ്മെന്റ് ഒഫ് കളേഡ് പീപ്പിളിന്റെ സെക്രട്ടറിയായിരുന്നു.

1917-ല്‍ ഫിഫ്റ്റി ഇയേഴ്സ് ആന്‍ഡ് അദര്‍ പൊയംസ് പ്രസിദ്ധീകരിച്ചു. 1920-ല്‍ രാഷ്ട്രമീമാംസാവിഷയകമായ സെല്‍ഫ് ഡിറ്റെര്‍മിനിങ് ഹെയ്തിയും 1922-ല്‍ ബുക്ക് ഒഫ് അമേരിക്കന്‍ നീഗ്രോ പൊയട്രിയും 1925-ല്‍ ബുക്ക് ഒഫ് അമേരിക്കന്‍ നീഗ്രോ സ്പിരിച്വല്‍സും പ്രസിദ്ധീകൃതമായി. ഗോഡ്സ് ട്രോംബോണ്‍സ്: സെവന്‍ നീഗ്രോ സെര്‍മണ്‍സ് ഇന്‍വേഴ്സ് (1927) ആണ് കവിയെന്ന നിലയില്‍ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ കൃതി. 1930 മുതല്‍ ഫിസ്ക് യൂണിവേഴ്സിറ്റിയില്‍ സര്‍ഗാത്മക സാഹിത്യത്തിന്റെ പ്രൊഫസറായിരുന്ന ജോണ്‍സണ്‍ പുറത്തിറക്കിയ ഓര്‍മക്കുറിപ്പുകളാണ് ബ്ലാക്ക് മന്‍ഹാറ്റന്‍. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറുമായിരുന്നു ഇദ്ദേഹം. എലോങ് ദിസ് വേ (1933) എന്നാണ് ജോണ്‍സണ്‍ തന്റെ ആത്മകഥയ്ക്കു നല്കിയ പേര്. വര്‍ണവിവേചനത്തെ പരിഹസിക്കുന്ന സെന്റ് പീറ്റര്‍ റിലേറ്റ്സ് ആന്‍ ഇന്‍സിഡന്റ് (1935) ആണ് അവസാനമെഴുതിയ കാവ്യകൃതി. നീഗ്രോ സാഹിത്യത്തിനുള്ള 1934-ലെ ഡ്യൂബോ പുരസ്കാരത്തിനും രണ്ടുപ്രാവശ്യം സ്പിന്‍ഗാണ്‍മെഡലിനും ഇദ്ദേഹം അര്‍ഹനായി. 1938 ജൂണ്‍ 26-ന് ഒരു വാഹനാപകടത്തില്‍ ജോണ്‍സണ്‍ നിര്യാതനായി.

(വി.കെ. സരസ്വതി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍