This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോണ്‍സണ്‍, എമിലി പോളിന്‍ (1861 - 1913)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോണ്‍സണ്‍, എമിലി പോളിന്‍ (1861 - 1913)

കനേഡിയന്‍ സാഹിത്യകാരി. ഒന്റാറിയോ പ്രോവിന്‍സില്‍ ബ്രാന്റ്ഫോര്‍ഡിനടുത്ത് ഇംഗ്ലീഷുകാരിയായ എമിലി സൂസന്നയുടെയും അമേരിന്ത്യനായ ഹെന്റി മാര്‍ട്ടിന്‍ ജോണ്‍സണിന്റെയും പുത്രിയായി 1861 മാ. 10-ന് ജനിച്ചു. മാതാവില്‍ നിന്നും 19-ാം ശ.-ത്തിലെ ഇംഗ്ലീഷ് കാല്പനികകവികളെക്കുറിച്ചും പിതാവില്‍ നിന്ന് അമേരിന്ത്യന്‍ സാഹിത്യത്തെക്കുറിച്ചും അറിവു നേടിയ എമിലിയുടെ കൃതികളില്‍ ആ സ്വാധീനം പ്രകടമാണ്.

സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ പ്രസിദ്ധീകരിച്ച എ റെഡ് ഗേള്‍സ് റീസണിങ് സമ്മാനാര്‍ഹമായി. വ. അമേരിക്കന്‍ ഇന്ത്യാക്കാരി (മൊഹാവക് രാജകുമാരി) എന്നറിയപ്പെട്ടിരുന്ന എമിലി അമേരിന്ത്യന്‍ വസ്ത്രധാരണത്തെക്കുറിച്ചു വാചാലമായി സംസാരിക്കുക മാത്രമല്ല അതു ധരിക്കുന്നതില്‍ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു.

എമിലിയുടെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണ് ഫ്ളിന്റ് ആന്‍ഡ് ഫെതര്‍ (1912). കനേഡിയന്‍ ബോണ്‍ (1903), ഫ്ളിന്റ് ആന്‍ഡ് ഫെതര്‍ എന്നീ കവിതാസമാഹാരങ്ങളില്‍ വ. അമേരിന്ത്യരുടെ മാതൃകാജീവിതമാണ് വരച്ചുകാട്ടിയിരിക്കുന്നത്. അറിവുവച്ചുകൊണ്ടെഴുതിയ ലെജന്‍ഡ് ഒഫ് വാന്‍കൂവര്‍ (1911) അമേരിന്ത്യന്‍ പുരാണകഥകളുടെ സമാഹാരമാണ്. ഷഗ്ഗനാപ്പി, മൊക്കാസ്സിന്‍മേക്കര്‍ എന്നീ നോവലുകള്‍ ഇവരുടെ മരണശേഷമാണ് പ്രസിദ്ധീകരിച്ചത്. കവിത പോലെ പ്രസിദ്ധമല്ല ഇവരുടെ നോവലുകള്‍. എങ്കിലും ആഖ്യാനരീതികൊണ്ടും ഭാവോദ്ദീപകമാണ് അവ. ഇവരുടെ അമേരിന്ത്യന്‍ പൈതൃകം ഒട്ടുമിക്ക കൃതിയിലും അവ്യക്തമായി നിഴലിക്കുന്നു. 1913-ല്‍ എമിലി അന്തരിച്ചു.

(വി. ജയതിലകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍