This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൈവികസംശ്ലേഷണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൈവികസംശ്ലേഷണം

Biosynthesis

സസ്യങ്ങളിലും ജന്തുക്കളിലും സങ്കീര്‍ണങ്ങളായ ജൈവിക രാസയൗഗികങ്ങള്‍ (Biosynthesis) സംശ്ലേഷണം ചെയ്യപ്പെടുന്ന രീതിയും അതു സംബന്ധിച്ച വിശദമായ പഠനവും. ജീവികളിലും സസ്യങ്ങളിലും ലഭ്യമാണെന്നു തീര്‍ച്ചയുള്ള ലഘുവസ്തുക്കളില്‍ നിന്നുവേണം സംശ്ലേഷണപ്രക്രിയ തുടങ്ങേണ്ടത്. വിവിധവിഭാഗം ജൈവിക രാസയൗഗികങ്ങള്‍ തമ്മിലുള്ള ഘടനാപരമായ സാമ്യം മനസ്സിലാക്കി അവയ്ക്ക് പൊതുവായ പ്രാരംഭ വസ്തുക്കള്‍ സാധ്യമാണോ എന്നു നോക്കേണ്ടതും ആവശ്യമാണ്. പ്രാരംഭവസ്തുക്കള്‍ കണ്ടുപിടിച്ചുകഴിഞ്ഞാല്‍ അടുത്ത പടി ഏതുതരം രാസപ്രവര്‍ത്തനങ്ങള്‍ വഴിയാണ് ഒരു ജൈവികരാസയൗഗികം സസ്യത്തിലോ ജീവിയിലോ സംശ്ലേഷണം ചെയ്യപ്പെടുന്നത് എന്നു കണ്ടെത്തലാണ്. ഇതിന് പരീക്ഷണശാലയില്‍ വികസിപ്പിച്ചെടുത്ത രാസപ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കണമെന്നാണ് പൊതുതത്ത്വം. എന്നാല്‍ ഉയര്‍ന്ന ഊഷ്മാവ്, ഉയര്‍ന്ന മര്‍ദം തുടങ്ങി പരീക്ഷണശാലയില്‍ രാസപ്രവര്‍ത്തനം നടത്താനാവശ്യമായ സാഹചര്യങ്ങള്‍ ജൈവകലകളില്‍ ലഭ്യമാക്കാനാവില്ല എന്നതാണ് ഇത്തരം ഒരു സമീപനത്തിലെ പ്രധാന ന്യൂനത. ഉദാഹരണത്തിന് ജൈവകോശങ്ങളില്‍ നടക്കുന്ന കാര്‍ബോക്സിലീകരണം എന്ന പ്രക്രിയ പരീക്ഷണശാലയില്‍ നടത്തണമെങ്കില്‍ വളരെ ഉയര്‍ന്ന ഊഷ്മാവ് വേണ്ടിവരും. ജൈവികസംശ്ലേഷണത്തില്‍ എന്‍സൈമുകള്‍ വഹിക്കുന്ന പങ്കാണ് അതിനെ പരീക്ഷണശാലയിലെ സംശ്ലേഷണ പ്രക്രിയകളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. സാധാരണ ഊഷ്മാവിലും ഏഴ് എന്ന pH നിലയിലും ജലലായനിയില്‍ നടത്തുന്ന രാസ സംശ്ലേഷണങ്ങളെ ശരീരശാസ്ത്രപരമായ പരിതഃസ്ഥിതികളില്‍ നടക്കുന്നവയെന്നു പറയുന്നു. ഇവയാണ് ജൈവികസംശ്ലേഷണത്തിന് അടിസ്ഥാനമാക്കിയിരിക്കുന്നത്.

ജൈവികസംശ്ലേഷണവേളയില്‍ സാധാരണ നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ ഓക്സീകരണം, നിരോക്സീകരണം, നിര്‍ജലീകരണം, ജലവിശ്ലേഷണം, കാര്‍ബോക്സിലീകരണം, ആസോമറിസം, പോളിമറീകരണം, അമിനീകരണം തുടങ്ങിയവയാണ്. ജൈവസംശ്ലേഷണപാത തൃപ്തികരമായി നിര്‍ണയിക്കാനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗം ഐസോടോപ്പിക് ലേബലിങ്ങാണ്. 2H, 3H, 14C, 18O, 32P തുടങ്ങിയവയാണ് സാധാരണ ഉപയോഗിക്കുന്ന ലേബലുകള്‍. പഠനവിധേയമായ പ്രകൃതിജന്യയൗഗികത്തിന്റെ ആദിരൂപമെന്നു കരുതുന്ന യൗഗികങ്ങളെ റേഡിയോ ആക്റ്റീവതയുള്ള ഐസോടോപ്പുകള്‍ കൊണ്ടു ലേബല്‍ ചെയ്ത് അനുയോജ്യമായ എന്‍സൈമുകളുടെ സാന്നിധ്യമുള്ള ശരീരവ്യൂഹത്തിലേക്കു കടത്തിവിടുന്നു. ഒരു നിശ്ചിത സമയത്തിനുശേഷം ഇതില്‍ നിന്നു കിട്ടുന്ന ഉത്പന്നങ്ങളെ വേര്‍തിരിച്ചെടുത്ത് പഠനവിധേയമാക്കുന്നു. ഈ പ്രക്രിയ നിരവധി തവണ ആവര്‍ത്തിച്ച് അത്യന്തം വിശദമായ വിശകലനം നടത്തിയാലേ ജൈവസംശ്ലേഷണപാത നിര്‍ണയിക്കാന്‍ കഴിയുകയുള്ളൂ. ഇത്തരം പഠനങ്ങള്‍ വഴി ആല്‍ക്കലോയിഡുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീനുകള്‍, പ്യൂരീനുകള്‍, സ്റ്റിറോയിഡുകള്‍, ടെര്‍പീനുകള്‍, റബ്ബര്‍ തുടങ്ങിയ നിരവധി പ്രകൃതിജന്യവസ്തുക്കളുടെ ജൈവികസംശ്ളേഷണ പ്രക്രിയകള്‍ നിര്‍ണയിച്ചിട്ടുണ്ട്.

(ഡോ. എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍