This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൈവികനിയന്ത്രണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൈവികനിയന്ത്രണം

Biocontrol

ഒരു സസ്യ-സംരക്ഷണ രീതി. രാസവസ്തുക്കള്‍ക്കു പകരം ജീവികളെയോ അവയുടെ ഉത്പന്നങ്ങളെയോ ഉപയോഗിച്ചുള്ള കീടരോഗ നിയന്ത്രണ പദ്ധതി. 1980-കളിലാണ് ഇതു ജനമധ്യത്തിലെത്തിയത്.

1960-കളുടെ മധ്യത്തോടെ ഇന്ത്യയിലും മറ്റു പല ഏഷ്യനാഫ്രിക്കന്‍ വികസ്വര രാജ്യങ്ങളിലും ഉയരം കുറഞ്ഞവയും അത്യുത്പാദനശേഷിയുള്ളവയുമായ അനേകം പുതിയയിനം ഗോതമ്പും നെല്ലും പ്രചാരത്തില്‍ വന്നതോടെ ഭക്ഷ്യോത്പാദനത്തില്‍ വലിയൊരു കുതിച്ചുചാട്ടമുണ്ടായി. ഹരിതവിപ്ലവം എന്ന പേരില്‍ അറിയപ്പെട്ട ഈ പ്രതിഭാസത്തിന്റെ ഫലമായി ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങള്‍ ഭയപ്പെട്ടിരുന്ന വലിയൊരു ഭക്ഷ്യക്ഷാമം ഒഴിവായി. എന്നാല്‍ ഹരിതവിപ്ളവത്തോടൊപ്പം പരിസ്ഥിതി മലിനീകരണവുമുണ്ടായി. അത്യുത്പാദനശേഷിയുള്ള പുതിയ ഇനം വിത്തുകളും രാസവളങ്ങളും ഉപയോഗിച്ച് ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കാനൊരുമ്പെട്ടപ്പോള്‍ മുമ്പില്ലാത്തത്ര തോതില്‍ കീട-രോഗങ്ങളുടെ പുറപ്പാടുണ്ടാകുന്നതായി കണ്ടു. ഇവയെ നിയന്ത്രിക്കുന്നതിനായി വന്‍തോതില്‍ കീടനാശിനികളും കുമിള്‍നാശിനികളും ഉപയോഗിക്കേണ്ടിവന്നു. ഉദ്ദേശം 600 കോടി രൂപ വിലയ്ക്കുള്ള ഇത്തരം രാസവസ്തുക്കള്‍ ആണ്ടുതോറും ഇന്ത്യയിലെ കൃഷിയിടങ്ങളില്‍ പ്രയോഗിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇത്തരം രാസിക സസ്യസംരക്ഷണമാര്‍ഗങ്ങള്‍ അന്തരീക്ഷ മലിനീകരണത്തിനും കുടിവെള്ളത്തിന്റെ ദൂഷണത്തിനും ഭക്ഷ്യവസ്തുക്കളിലെ ഉയര്‍ന്ന തോതിലുള്ള അവശിഷ്ട വിഷവസ്തു സാന്നിധ്യത്തിനും കാരണമായിത്തീരുന്നു. ഇന്ത്യയില്‍ മാത്രമല്ല ലോകമെങ്ങും കൃഷിയുടെ മേഖലയിലെ രാസവസ്തു പ്രയോഗത്തിനെതിരെ വിമര്‍നങ്ങളുണ്ടായി. പരിസ്ഥിതി നാശത്തിനു കാരണമാകുന്ന പുതിയ ശാസ്ത്രരീതികളെ എതിര്‍ക്കുന്ന അനേകം സംഘടനകള്‍ ലോകമെങ്ങുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കാര്‍ഷികമേഖലയിലെ കീട-രോഗ നിയന്ത്രണങ്ങള്‍ക്കു 'സംയോജിത കീട പരിപാലനം (Integrated Pest Management-IPM) എന്ന പുതിയൊരു പദ്ധതി പ്രചാരത്തിലായത്. വിഷവീര്യമേറിയ രാസിക-കീട-കുമിള്‍-കളനാശിനികളുടെ ഉപയോഗം കഴിയുന്നത്ര കുറച്ചുകൊണ്ടുള്ള ഒരു നിയന്ത്രണമാര്‍ഗമാണ് ഈ പദ്ധതി. പരിസ്ഥിതിക്കു നാശമോ ദൂഷണമോ വരുത്താത്ത ഈ പുതിയ രീതിയിലെ ഒരു മുഖ്യഘടകമാണ് ജൈവികനിയന്ത്രണം. രാസവസ്തുക്കള്‍ക്കു പകരം ജീവികളെയോ അവയുടെ ഉത്പന്നങ്ങളെയോ കീട-രോഗ നിയന്ത്രണങ്ങള്‍ക്കായി ഉപയോഗിക്കുന്ന ജൈവികനിയന്ത്രണ രീതികള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്ക് ആക്കം കൂട്ടിയത് 1980-കള്‍ മുതല്ക്കാണ്. ആണ്ടുതോറും 6,000 കോടി രൂപയുടെ നഷ്ടം ഷട്പദങ്ങളും സൂക്ഷ്മജീവികള്‍ കൊണ്ടുണ്ടാകുന്ന വിവിധതരം രോഗങ്ങളും കൊണ്ട് ഇന്ത്യയിലെ കാര്‍ഷിക മേഖലയ്ക്കുണ്ടാകുന്നുണ്ടെന്നു കണക്കാക്കപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ നടന്ന ഗവേഷണങ്ങളുടെ ഫലമായി വിളകളെ ബാധിക്കുന്ന ഷട്പദങ്ങളെടും രോഗങ്ങളെയും ജൈവികമാര്‍ഗങ്ങളിലൂടെ ഒരു പരിധിവരെ നിയന്ത്രിക്കാമെന്നായിട്ടുണ്ട്. ജൈവിക കീടനിയന്ത്രണ മാര്‍ഗങ്ങളില്‍ മുഖ്യമായ ഒന്നാണു ഷട്പദങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ക്കു കാരണമായ സൂക്ഷ്മജീവികളെ കണ്ടെത്തി വളര്‍ത്തി അവയ്ക്കെതിരെ പ്രയോഗിക്കുകയെന്നത്. ഷട്പദങ്ങള്‍ക്കു പ്രകൃതിയില്‍ പലതരം ശത്രുക്കളും ഉണ്ടെന്ന അറിവ്, അവയെ സംരക്ഷിക്കുന്നതിലൂടെ ഷട്പദങ്ങളുടെ പെരുപ്പം കുറയ്ക്കാനാവുമെന്ന മാര്‍ഗത്തിലേക്കു വിരല്‍ ചൂണ്ടുന്നു. ഉദാ. നെല്‍വയലുകളിലെ വിവിധതരം ചിലന്തികള്‍ പല കീടങ്ങളെയും ഭക്ഷിക്കുന്നവാണ്. തവളകളും കീടങ്ങളെ ധാരാളമായി ആഹരിക്കുന്നു. 'പ്രിഡേറ്ററുകള്‍' (ഇരപിടിയന്മാര്‍) വിഭാഗത്തില്‍പ്പെടുന്ന ഷട്പദങ്ങള്‍ മറ്റു കീടങ്ങളെ ഭക്ഷിക്കുന്നവയാണ്. പ്രകൃതിയില്‍ത്തന്നെ ലഭ്യമായ കീടശത്രുക്കളെ നശിപ്പിക്കാതെ സംരക്ഷിക്കുന്നതു വഴി കീടങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയുമെന്നു വ്യക്തമായി. ഒരു കൃഷിയിടത്തിലെ കീടങ്ങളുടെയും കീടശത്രുക്കളുടെയും എണ്ണം കണക്കാക്കി അവ തമ്മിലുള്ള അനുപാതം ഒരു നിശ്ചിത നിരക്കില്‍ ക്രമീകരിച്ചാല്‍ കീടനിയന്ത്രണം തനിയേ നടന്നുകൊള്ളുമെന്ന് പരീക്ഷണങ്ങളില്‍ നിന്നും തെളിഞ്ഞിട്ടുണ്ട്. ഈ തത്ത്വം കണക്കിലെടുത്താണ് ഇപ്പോള്‍ കീടനാശിനി പ്രയോഗം, നിയന്ത്രിക്കപ്പെടുന്നത്. ഓരോ വിളയിലും ഓരോ കാലത്തും ഓരോ പ്രദേശത്തും സ്വാഭാവികമായി കാണപ്പെടുന്ന കീടങ്ങളുടെയും അവയുടെ ശത്രുക്കളുടെയും സാന്നിധ്യം കണ്ടെത്തി അവയുടെ അനുപാതം ക്രമീകരിക്കാനുള്ള പരിശീലനം കര്‍ഷകനു നല്കിയാല്‍ അനാവശ്യമായ കീടനാശിനി പ്രയോഗം ഒഴിവാക്കാനാകും. ഫിലിപ്പൈന്‍സില്‍ കീടനാശിനി പ്രയോഗം കൂടാതെ തന്നെ നെല്‍ക്കൃഷി നടത്താന്‍ കഴിയുന്നുണ്ട്. മനിലയിലെ അന്താരാഷ്ട്ര നെല്‍ഗവേഷണ കേന്ദ്രത്തിലെ (IRRI) ശാസ്ത്രജ്ഞര്‍ 'സംയോജിത കീടപരിപാലന' സമ്പ്രദായത്തില്‍ അവിടത്തെ കൃഷിക്കാര്‍ക്കു തീവ്രപരിശീലനം നല്കിയതിന്റെ ഫലമായിട്ടാണ് ഇത് സാധ്യമായത്. ഈ രീതി പിന്തുടര്‍ന്നുകൊണ്ടു കുട്ടനാട്ടിലെ ചില പാടശേഖരങ്ങളിലും സംയോജിത കീടപരിപാലന സമ്പ്രദായത്തിലൂടെ കീടനാശിനി പ്രയോഗം ഒഴിവാക്കിക്കൊണ്ടുള്ള നെല്‍ക്കൃഷി വിജയകരമാക്കിയിട്ടുണ്ട്.

ജൈവനിയന്ത്രണത്തിന്റെ നേട്ടങ്ങള്‍. സംയോജിത കീടപരിപാലനത്തിനോടൊപ്പം ജൈവിക കീടനിയന്ത്രണ മാര്‍ഗങ്ങള്‍കൂടി നടപ്പിലാക്കാമെങ്കില്‍ കീടനാശിനിപ്രയോഗം ഏതാണ്ടു പൂര്‍ണമായിത്തന്നെ ഒഴിവാക്കാന്‍ കഴിയും. കാരണം, ജൈവികനിയന്ത്രണത്തിനായി ഉപയോഗപ്പെടുത്തുന്ന സൂക്ഷ്മജീവികള്‍ കൃത്യമായ ലക്ഷ്യവേധികളാണ്. അതായത് വിളകളെ ആക്രമിക്കുന്ന കീടങ്ങളെ മാത്രമേ അവ രോഗഗ്രസ്തമാക്കാറുള്ളു. പ്രകൃതിയിലെ ഉപകാരികളായ മറ്റു ജീവികളെ അവ വെറുതെ വിടുന്നു. രാസിക കീടനാശിനികള്‍ ഉപകാരികളും ഉപദ്രവകാരികളുമായ എല്ലാ ജീവികളെയും നശിപ്പിച്ചുകളയും.

ജൈവികനിയന്ത്രണം രാസിക നിയന്ത്രണത്തെ അപേക്ഷിച്ച് എളുപ്പത്തില്‍ നടപ്പിലാക്കാവുന്നതും ലാഭകരവുമാണ്. വിളകളെ നശിപ്പിക്കുന്ന കീടങ്ങളെ മാരകമായി ബാധിക്കുന്ന എതിര്‍പ്രാണികളെ കണ്ടെത്തിക്കഴിഞ്ഞാല്‍ കൃത്രിമ തീറ്റകള്‍ നല്കി അവയുടെ വംശവര്‍ധന നടത്തുകയാണ് ജൈവനിയന്ത്രണത്തിലെ ആദ്യപടി. ഇങ്ങനെ ആയിരക്കണക്കിന് എതിര്‍ പ്രാണികളെ ഉത്പാദിപ്പിച്ചു കഴിഞ്ഞാല്‍ അവയെ കീടനിയന്ത്രണം ആവശ്യമായി വന്ന കൃഷിയിടത്തില്‍ തുറന്നുവിടുകയെന്നതാണ് രണ്ടാമത്തെ പടി. എണ്ണത്തില്‍ കൂടുതലാകയാല്‍ എതിര്‍പ്രാണികള്‍ കൃഷിയിടത്തിലെ നിര്‍ദിഷ്ട കീടത്തെ ആക്രമിച്ചു കൊല്ലുകയും അതോടൊപ്പം സ്വയം വംശവര്‍ധന നടത്തുകയും ചെയ്യും. ഈ രീതിയില്‍ കീടനിയന്ത്രണം സ്വമേധയാ സാധ്യമായിത്തീരുന്നു. കീടനാശിനികള്‍ വാങ്ങുകയോ തളിക്കുകയോ ചെയ്യേണ്ടാത്തതിനാല്‍ ജൈവിക കീടനിയന്ത്രണം രാസിക നിയന്ത്രണത്തെക്കാള്‍ വളരെ ചെലവുകുറഞ്ഞതായിരിക്കും. തെങ്ങുകൃഷിയെ ബാധിക്കുന്ന കരിന്തലയന്‍ പുഴുക്കളെ (black headed caterpillar) നിയന്ത്രിക്കാന്‍ കേരളത്തില്‍ ഈ മാര്‍ഗം വര്‍ഷങ്ങളായി ഉപയോഗപ്പെടുത്തിവരുന്നു. ബ്രാക്കോണിഡ്, ബെഥിലിഡ്, എലാസ്മിഡ് എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന പ്രാണികളെയാണ് കരിന്തലയന്‍ പുഴുക്കളെ കൊല്ലാനായി വിടുന്നത്. കേരളത്തിന്റെ തീരപ്രദേശങ്ങളിലെ തെങ്ങുകളിലെ ഓല മുഴുവന്‍ വെളുപ്പിക്കുന്ന കരിന്തലയന്‍ പുഴുക്കള്‍ വേനല്‍ക്കാലത്താണു കണ്ടുവരുന്നത്. ആരംഭദശയില്‍ത്തന്നെ ഈ കീടത്തിന്റെ സാന്നിധ്യം കണ്ടെത്തി ഏതാനും ടെസ്റ്റ്റ്റ്യൂബുകളില്‍ കൊള്ളുന്ന എതിര്‍പ്രാണികളെ പ്രയോഗിച്ചാല്‍ കീടനിയന്ത്രണം സാധ്യമാകും. കരിന്തലയന്‍ പുഴുക്കളുടെ രണ്ടുമൂന്നു തലമുറകള്‍ വര്‍ധിക്കാനിടയായാല്‍ നൂറുകണക്കിനു മാത്രം വരുന്ന എതിര്‍പ്രാണികളെക്കൊണ്ടു കീടനിയന്ത്രണം സാധ്യമായെന്നു വരില്ല. ഇതു ജൈവികനിയന്ത്രണത്തിന്റെ ഒരു പരിമിതിയാണ്. ഇത്തരം അവസരങ്ങളില്‍ രൂക്ഷമായ കീടബാധയുള്ള ഓലകള്‍ വെട്ടിമാറ്റി തീയിട്ടശേഷം ബാക്കി ഓലകളില്‍ കീടനാശിനി പ്രയോഗിച്ചു കീടങ്ങളുടെ എണ്ണം സാരമായി കുറയ്ക്കേണ്ടിവരും. കീടനാശിനി തളിച്ചു മൂന്നാഴ്ചയെങ്കിലും കഴിഞ്ഞു മാത്രമേ എതിര്‍പ്രാണികളെ വിടാവൂ.

ഷട്പദ രോഗകാരികള്‍. ജൈവികനിയന്ത്രണത്തിലെ മറ്റൊരു മുഖ്യഘടകമാണ് കീടങ്ങളില്‍ രോഗങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള രോഗാണുക്കളുടെ ഉപയോഗം. വൈറസുകള്‍, ബാക്റ്റീരിയാ, പ്രോട്ടോസോവ, കുമിളുകള്‍ എന്നിങ്ങനെ നാലുവിഭാഗങ്ങളില്‍പ്പെടുന്ന ഷട്പദ രോഗകാരികളെ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ വന്‍തോതിലുള്ള ഉത്പാദനവും പ്രയോഗവും ഇപ്പോള്‍ പ്രചാരത്തിലുണ്ട്.

ബാക്കുലോ വൈറസുകള്‍. ഇന്ത്യയിലെ കാര്‍ഷികവിളകള്‍ക്കു വന്‍തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്ന പ്രമുഖമായ നാലു ഷട്പദകീടങ്ങളാണ് ഹീലിയോത്തിസ് ആര്‍മിജെറ (പട്ടാളപ്പുഴു), സ്പോഡോപ്റ്റെറ ലിറ്റ്യൂറ (വെട്ടുപുഴു), ആംസാക്ടാ ആല്‍ബിസ് ട്രൈഗ (വരയന്‍ പുഴു), ഡയാക്രൈസിയ ഒബ്ളീക്വാ (വളഞ്ഞുകുത്തിപ്പുഴു) എന്നിവ. ഇവയെ 'ആക്രമിച്ച്' (സംക്രമിച്ച്) കൊല്ലാന്‍ ശേഷിയുള്ള രോഗാണുക്കളാണ് പോളിഹെഡ്രോസിസ് വൈറസുകള്‍. ഗ്രാനുലോസിസ്സ് വൈറസുകള്‍ എന്നറിയപ്പെടുന്ന മറ്റൊരു വൈറസ് വിഭാഗവും കീട നിയന്ത്രണത്തിനായി ഉപയോഗിക്കപ്പെടുന്നുണ്ട്.

നൂക്ലിയാര്‍ പോളിഹെഡ്രോസിസ് വൈറസ്സുകള്‍. NPV എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ വൈറസ്സുകളെ ജൈവികനിയന്ത്രണത്തിനായി വിപുലമായി ഉപയോഗപ്പെടുത്തി വരുന്നു. കാര്‍ഷിക വിളകളുടെ പൊതുശത്രുവായ പട്ടാളപ്പുഴുവിനെതിരെയാണ് NPV കൂടുതലായും പ്രയോഗിക്കപ്പെടുന്നത്. കടലപ്പയറ്, തുവരപ്പയറ്, സൂര്യകാന്തി എന്നീ വിളകളില്‍ പട്ടാളപ്പുഴുവിന്റെ ആക്രമണം കണ്ടുതുടങ്ങുമ്പോള്‍ത്തന്നെ ഹെക്ടറിനു 1.5x1012 എന്ന നേര്‍മയില്‍ വൈറസ് കണങ്ങള്‍ ഉണ്ടായിരിക്കത്തക്കവണ്ണം തയ്യാറാക്കിയ ലായനി വൈകുന്നേരത്തു തളിക്കുകയും 7-10 ദിവസത്തെ ഇടവേളയില്‍ മൂന്നോ നാലോ തവണ ആവര്‍ത്തിക്കുകയും ചെയ്താല്‍ തൃപ്തികരമായ തോതില്‍ കീടനിയന്ത്രണം സാധ്യമാകും. ഈ വൈറസ് ലായനിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ അതില്‍ ശര്‍ക്കരയോ ടിനോപ്പാലോ കലര്‍ത്തുന്നതും നല്ലതാണ്. പരുത്തി, വാഴ, നിലക്കടല, കോളിഫ്ളവര്‍ എന്നീ വിളകളെ ബാധിക്കുന്ന വെട്ടുപുഴുക്കള്‍ക്കെതിരെയും NPV ഫലപ്രദമാണ്. ജൈവിക നിയന്ത്രണത്തിനുവേണ്ടി NPV വൈറസ്സുകളെ വ്യാപകമായി ഉപയോഗിക്കുന്നതുകൊണ്ട് ഉപകാരികളായ പ്രാണികള്‍ക്കോ ജന്തുക്കള്‍ക്കോ മനുഷ്യര്‍ക്കോ യാതൊരു പ്രശ്നങ്ങളും ഉണ്ടാകാറില്ലെന്നു തെളിഞ്ഞിട്ടുണ്ട്.

തെങ്ങിന്റെ മുഖ്യ കീടശത്രുവായ കൊമ്പന്‍ചെല്ലിയെ മാരകമായി ബാധിക്കുന്ന ഒരു തരം ബാക്കുലോവൈറസ്സിനെ കണ്ടെത്തിയിട്ടുണ്ട്. ഈ വൈറസ് കലര്‍ന്ന ലായനി തളിച്ചു തെങ്ങിനെ കൊമ്പന്‍ചെല്ലിയില്‍ നിന്നും രക്ഷപ്പെടുത്താമെന്നു ലക്ഷദ്വീപിലും ആന്‍ഡമാന്‍സിലും നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഗ്രാനുലോസിസ് വൈറസ്. GV എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ വിഭാഗം വൈറസ്സുകള്‍ നെല്ലിലെ ഇലചുരുട്ടിപ്പുഴു, ആവണക്കിലെ വളഞ്ഞുകുത്തിപ്പുഴു, കരിമ്പിലെ തണ്ടുതുരപ്പന്‍ പുഴു, തലപ്പ് തുരക്കുന്ന പുഴു തുടങ്ങിയ കീടങ്ങളെ നിയന്ത്രിക്കാന്‍ ഉപയോഗപ്പെടുത്താം.

കീട രോഗകാരികളായ ബാക്റ്റീരിയങ്ങള്‍. ബാസില്ലസ് തുറിഞ്ചിയന്‍സിസ് (Bt) എന്ന ബാക്റ്റീരിയങ്ങളെയാണു ജൈവികനിയന്ത്രണത്തിനായി ഇപ്പോള്‍ വിപുലമായ തോതില്‍ ഉപയോഗപ്പെടുത്തിവരുന്നത്. 'തുറിസൈഡ്', 'ഡിപ്പെല്‍', 'ബയോട്രോള്‍', 'ബാക്ടോസ്പീന്‍' എന്നീ വിപണി നാമങ്ങളില്‍ ഈ ബാക്റ്റീരിയാപ്പൊടികള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. മുട്ടക്കോസ് വര്‍ഗത്തില്‍പ്പെടുന്ന പച്ചക്കറി വിളകളിലെ കീടനിയന്ത്രണത്തിനാണ് ആ ഏറ്റവും ഫലപ്രദം.

കീടങ്ങളെ ആക്രമിക്കുന്ന കുമിളുകള്‍. വിളകളെ ബാധിക്കുന്ന പലതരം കീടശത്രുക്കളെ വിജയകരമായി നിയന്ത്രിക്കാന്‍ ശേഷിയുള്ള കുമിളുകളില്‍ പ്രധാനം പച്ചക്കുമിള്‍ എന്നറിയപ്പെടുന്ന മെറ്റാറൈസിയം അനിസോപ്ലിയെ, ഫ്യൂസേറിയം ഓക്സിസ്പോറം, വെര്‍ട്ടിസില്ലിയം ലെക്കാനി എന്നിവയാണ്. തെങ്ങിലെ കൊമ്പന്‍ചെല്ലിയും നെല്ലിലെ പലതരം കീടങ്ങളും പച്ചക്കുമിളുകളുടെ സാന്നിധ്യത്തില്‍ നിയന്ത്രിക്കപ്പെടുന്നുണ്ട്. വെള്ളക്കുമിള്‍ വര്‍ഗത്തില്‍പ്പെടുന്ന ബെവേറിയ ബാസ്സിയാന എന്ന കുമിളിന് നെല്ലിലെ ചാഴി, ശലഭപ്പുഴു, മധുരക്കിഴങ്ങിലെ തുരപ്പന്‍ വണ്ട് എന്നിവയെ നിയന്ത്രിക്കാന്‍ കഴിവുണ്ട്.

പ്രോട്ടോസോവ. വൈറിമോര്‍ഫാ സ്പീഷീസില്‍പ്പെടുന്ന പ്രോട്ടോസോവകളെ ഉപയോഗിച്ചു പട്ടാളപ്പുഴുക്കളെ നിയന്ത്രിക്കാം. കീടനിയന്ത്രണശേഷിയുള്ള മറ്റൊരു പ്രോട്ടോസോവയാണ് ഫാരിനോസിസ്റ്റിസ് ട്രൈബോളിയയ്. ഇതു മാലത്തയോണ്‍ പോലുള്ള ചില കീടനാശിനികളുമായി കലര്‍ത്തി ഉപയോഗിക്കാന്‍ കഴിയുമെന്ന മെച്ചവുമുണ്ട്.

ജൈവികരോഗനിയന്ത്രണം. കീടങ്ങളെ മാത്രമല്ല രോഗങ്ങളെയും ജൈവിക രീതിയില്‍ നിയന്ത്രിക്കാന്‍ കഴിയും. മണ്ണിലെ സൂക്ഷ്മജീവി സമൂഹത്തില്‍ ചെടികള്‍ക്കു ഹാനികരമായിത്തീരാവുന്ന ബാക്റ്റീരിയങ്ങളെയും കവകങ്ങളെയും നിയന്ത്രിക്കുന്നതു മണ്ണില്‍ത്തന്നെ സമൃദ്ധമായ തോതില്‍ കണ്ടുവരുന്ന ഉപകാരികളായ അനേകതരം സൂക്ഷ്മജീവികളാണെന്നു തെളിഞ്ഞതോടെ അവയെ കൃത്രിമമായി വളര്‍ത്തി വര്‍ധിപ്പിച്ച് മണ്ണില്‍ പ്രയോഗിക്കുകയെന്ന തന്ത്രം രൂപപ്പെട്ടു. VAM എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗ്ലോമസ് ഫാസിക്കുലാറ്റസ് എന്ന മൈക്കോറൈസല്‍ ഫംഗസ് പലവിളകളെയും മാരകമായി ബാധിക്കാറുള്ള നെമ വിരകളെ നിയന്ത്രിക്കാന്‍ ഉപയോഗപ്രദമെന്നു കണ്ടെത്തി. ഇത്തരം കുമിളുകള്‍ തവാരണച്ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും സഹായിക്കുന്നു. ഫ്ളൂറോട്ടസ് സ്പീഷീസില്‍പ്പെടുന്ന ചിലതരം ഫംഗസ്സുകളെ ജൈവവസ്തുക്കള്‍ വിഘടിപ്പിച്ചു കമ്പോസ്റ്റാക്കാന്‍ ഉപയോഗിക്കാം. ഉദാഹരണമായി എത്രകാലം മണ്ണില്‍ കിടന്നാലും ദ്രവിച്ചു ചേരാത്ത ചകിരിച്ചോര്‍ രണ്ടോ മൂന്നോ മാസംകൊണ്ടു പോഷകസമ്പന്നമായ കമ്പോസ്റ്റാക്കിമാറ്റാന്‍ ഫ്ളൂറോട്ടസിനു കഴിയും. ഇതിനു ജൈവികനിയന്ത്രണവുമായി നേരിട്ടു ബന്ധമില്ലെങ്കിലും അവയുടെ പരോക്ഷമായ മറ്റൊരു ഉപയോഗമായി അതിനെ വിലയിരുത്താം.

പച്ചിലച്ചാറുകള്‍-സസ്യരോഗങ്ങള്‍ക്കെതിരെ. വിവിധതരം ചെടികളുടെ ഇലച്ചാറുകള്‍ എങ്ങനെ രോഗനിയന്ത്രണത്തിനായി ഉപയോഗപ്പെടുത്താമെന്നതിനെ സംബന്ധിച്ചു കഴിഞ്ഞ രണ്ടു ദശകങ്ങളായി ഗവേഷണങ്ങള്‍ നടന്നുവരികയാണ്. വേപ്പിന്റെ ഇലയും കുരുവും ചതച്ചെടുക്കുന്ന ചാറിനു വിവിധതരം കുമിളുകളുടെ വളര്‍ച്ചയെ തടയാനുള്ള കഴിവുണ്ടെന്നു വളരെ മുമ്പുതന്നെ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഔഷധഗുണമുള്ള മറ്റു ചെടികളുടെ ഇലയും വേരും മറ്റും ഇത്തരത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുമോ എന്ന അന്വേഷണം തുടങ്ങി. ഉള്ളി, കീഴാനെല്ലി, തുളസി എന്നീ ചെടികളുടെ ഇലച്ചാറിനു നെല്ലിനെ ബാധിക്കുന്ന പോളചീയല്‍ രോഗത്തെ പ്രതിരോധിക്കാനാവുമോ എന്നറിയാനുള്ള ഗവേഷണം കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നടന്നുവരുന്നു. നെല്ലില്‍ പോളരോഗമുണ്ടാക്കുന്ന സാറോ ക്ലാഡിയം ഒറൈസീ എന്ന കുമിളിന്റെ സ്പോറുകള്‍ മേല്പറഞ്ഞ ഇലച്ചാറുകളുടെ സാന്നിധ്യത്തില്‍ കിളിര്‍ക്കാറില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. മണ്ണിലെ സസ്യരോഗകാരണകാരികളായ പലതരം കുമിളുകളെയും ആക്രമിച്ചു നശിപ്പിക്കാന്‍ ശേഷിയുള്ള മറ്റൊരു കുമിളാണു ട്രൈക്കോഡെര്‍മ. ഇതിനെ കൃത്രിമമായി വളര്‍ത്തി മണ്ണില്‍ പ്രയോഗിച്ചാല്‍ ഒരു പരിധിവരെ മണ്ണിലൂടെ പകരുന്ന സസ്യരോഗങ്ങളെ നിയന്ത്രിക്കാന്‍ കഴിയും.

രോഗങ്ങള്‍ക്കെതിരെ വേപ്പിന്‍കുരുസത്ത്. നെല്ലിനെ ബാധിക്കുന്ന മുഖ്യകുമിള്‍രോഗങ്ങളായ കുലവാട്ടം, തവിട്ടു കുത്തുരോഗം, പോളചീയല്‍ എന്നിവയ്ക്കെതിരെ അഞ്ചു ശ.മാ. വീര്യമുള്ള വേപ്പിന്‍കുരുസത്തു ലായനി ഉപയോഗിച്ചാല്‍ രാസിക കുമിള്‍നാശിനി പ്രയോഗിച്ചപ്പോള്‍ കിട്ടിയ അതേ മെച്ചം ലഭിച്ചുവെന്നു പരീക്ഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു. രാസിക കുമിള്‍ നാശിനികള്‍ തളിച്ച നിലത്തില്‍ നിന്നും ഹെക്ടറിന് സു. 15,083 രൂപയുടെ അറ്റാദായം കിട്ടിയപ്പോള്‍ വേപ്പിന്‍കുരുസത്തു പ്രയോഗിച്ച നിലത്തില്‍ നിന്നും 15,021 രൂപയുടെ അറ്റാദായം ലഭിച്ചു. ഇതു സാംഖ്യികീയമായി ഒരേ ഫലമാണെന്നു പറയാം.

ഉഴുന്നിലെ വൈറസ് രോഗം, ചെറുപയറിലെ മഞ്ഞളിപ്പ് രോഗം (വൈറസ്), തുവരപ്പയറിലെ വേരുചീയല്‍, വാട്ടര്‍രോഗം എന്നിവയെല്ലാം സംയോജിത കീട-രോഗനിയന്ത്രണ മാര്‍ഗങ്ങളോടൊപ്പം വേപ്പിന്‍കുരുസത്തോ (5 ശ.മാ. വീര്യം), വേപ്പെണ്ണയോ (3 ശ.മാ. വീര്യം) തളിച്ചാല്‍ നിയന്ത്രിക്കാന്‍ കഴിയും.

സസ്യരോഗങ്ങള്‍ക്കെതിരെ പ്രതിജീവികള്‍. പ്രകൃതിയില്‍ ജീവസന്തുലനം സൃഷ്ടിക്കുന്നത് ഒരു ജീവിക്കെതിരെ പ്രവര്‍ത്തിക്കുന്ന മറ്റൊരു ജീവിയുടെ സാന്നിധ്യംകൊണ്ടാണ്. ചേരകള്‍ അപ്രത്യക്ഷമായതോടെയാണ് എലികളുടെ എണ്ണം ക്രമാതീതമായി പെരുകിയത്. തവളപിടിത്തം വര്‍ധിച്ച് തവളകളുടെ എണ്ണം കുറഞ്ഞപ്പോള്‍ കൊതുകുശല്യം വര്‍ധിച്ചു. ഇതുപോലെ ഒരു പ്രതിജൈവിക ബന്ധം (antagonistic relationship) സൂക്ഷ്മജീവികള്‍ തമ്മിലും നിലവിലുണ്ട്. സസ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിവിധതരം കുമിള്‍വര്‍ഗങ്ങളെ ആക്രമിക്കുന്ന ചില കുമിളുകള്‍ പ്രകൃതിയില്‍ത്തന്നെയുണ്ടെന്നു കണ്ടെത്തിയത് അടുത്തകാലത്താണ്. ഇവയില്‍ മുഖ്യമായവ ട്രൈക്കോഡെര്‍മ എന്ന കുമിള്‍ വിഭാഗവും സുഡോമോണാസ്, ബാസിസിലസ്സ് എന്നീ ബാക്ടീരിയാ വിഭാഗവുമാണ്. ട്രൈക്കോഡെര്‍മ ഹര്‍സിയാന്‍ഡെം, ട്രൈക്കോഡെര്‍മ വിറിഡെ എന്നീ രണ്ടു ഫംഗസ് സ്പീഷീസുകളെയാണു സസ്യരോഗകാരികളായ കുമിളുകള്‍ക്കെതിരെ പ്രയോഗിക്കാറുള്ളത്. വിത്തിലൂടെയും മണ്ണിലുടെയും പകരുന്ന വിവിധതരം സസ്യരോഗ ഫംഗസുകളെ നിയന്ത്രിക്കാന്‍ പ്രിതജൈവികജീവികളെ ഉപയോഗപ്പെടുത്തിവരുന്നു. ചൂര്‍ണരൂപത്തില്‍ തയ്യാറാക്കുന്ന ട്രൈക്കോഡെര്‍മ വിറിഡെ എന്ന പ്രതിജൈവിക ഫംഗസ് ഒരു കി.ഗ്രാം വിത്തിനു നാല് ഗ്രാമെന്ന തോതില്‍ ഉഴുന്ന്, ചെറുപയര്‍, നിലക്കടല, എള്ള്, സൂര്യകാന്തി, പരുത്തി, കടല, സോയാപ്പയര്‍ എന്നീ വിളകളുടെ വിത്തില്‍ പുരട്ടി വിതച്ചാല്‍ അവയ്ക്ക് റൈസക്ടോണിയ സൊളാനി എന്ന മൂടുചീയല്‍ രോഗകാരിയായ ഫംഗസിന്റെ ആക്രമണത്തില്‍ നിന്നും മോചനം ലഭിക്കും. സൂഡോമോണാസ് ബാക്റ്റീരിയാകള്‍ച്ചര്‍ ഉപയോഗിച്ചു നെല്ലിനെ ബാധിക്കുന്ന കുലവാട്ടം, ഇലപ്പുള്ളി രോഗം, പോളചീയല്‍ തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാന്‍ കഴിയും.

ജൈവികനിയന്ത്രണത്തില്‍ ഉപയോഗിക്കേണ്ട നിയന്ത്രണ ഏജന്റുകള്‍ മിക്കപ്പോഴും സൂക്ഷ്മജീവികളോ എതിര്‍പ്രാണികളോ ചെടികളുടെ വിവിധഭാഗങ്ങളില്‍ നിന്നും അപ്പപ്പോള്‍ തയ്യാറാക്കി ഉപയോഗിക്കേണ്ട സത്തോ ആകയാല്‍ ഇവയുടെ ഉത്പാദനവും വിപണനവും ഉപയോഗവും രാസിക കീടനാശിനികളെപ്പോലെ എളുപ്പമല്ല. കൂടുതല്‍ ലളിതവും വിപണനീയവുമായ ജൈവികനിയന്ത്രിത വസ്തുക്കള്‍ ലഭ്യമാക്കാനുള്ള ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.

(ഡോ. ആര്‍. ഗോപിമണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍