This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൈവയുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൈവയുദ്ധം

Biowarfare

യുദ്ധതന്ത്രത്തിന്റെ ഭാഗമായി ജീവാണുക്കളുടെയും ജൈവവിഷങ്ങളുടെയും പ്രയോഗവും ശത്രുവിന്റെ ഇത്തരം ആയുധങ്ങളെ ചെറുക്കാനുള്ള സംവിധാനവും.

രോഗാണുക്കളെക്കുറിച്ചുള്ള സൂക്ഷ്മവും വ്യക്തവുമായ വിവരങ്ങള്‍ 19-ാം ശ.മുതലാണു ലഭിച്ചുതുടങ്ങിയതെങ്കിലും അതിനും മുമ്പു തന്നെ ശത്രുവിനെ കീഴടക്കാനുള്ള ആയുധമായി സാംക്രമിക രോഗങ്ങളെ ഉപയോഗിച്ചു തുടങ്ങിയിരുന്നു. 1346-ല്‍ ക്രിമിയയിലെ കാഫാ പട്ടണം ഉപരോധിച്ച മംഗോളുകള്‍, പ്ലേഗ് പിടിച്ചു മരിച്ചവരുടെ ശവശരീരങ്ങള്‍ കോട്ടമതിലിന് അകത്തേക്കു വലിച്ചെറിയുകയുണ്ടായി. ഈ മൃതശരീരത്തില്‍ നിന്നു രോഗം പട്ടണത്തിനകത്തേക്കു പടര്‍ന്നുപിടിച്ചുവെന്നു മാത്രമല്ല യാത്രക്കാരിലൂടെ യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും എത്തി പത്തുലക്ഷത്തോളം ജീവന്‍ അപഹരിക്കുകയും ചെയ്തു. പിന്നീട്, അമേരിക്കയിലെ കൊളോണിയല്‍ യുദ്ധങ്ങളില്‍ വെള്ളക്കാര്‍ വസൂരി രോഗാണുക്കളുള്ള കമ്പിളിപ്പുതപ്പുകള്‍ നാട്ടുകാരായ റെഡ് ഇന്ത്യക്കാര്‍ക്കു വിതരണം ചെയ്തു സംഭ്രാന്തി പരത്താനും അവരുടെ ഭൂമി കൈവശപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്. ആധുനിക ചരിത്രത്തില്‍ രോഗാണുക്കളുടെ പ്രയോഗത്തിനു വ്യക്തമായ തെളിവുകളുള്ള സംഭവം അര നൂറ്റാണ്ടുമുമ്പ് ചൈനയിലെ ഒരു കുഗ്രാമത്തില്‍ ജപ്പാന്‍ പ്ലേഗ് രോഗബീജങ്ങള്‍ വര്‍ഷിച്ചതാണ്. 1997 ഫെ.-ലാണ് പൈശാചികമായ ഈ ആക്രമണത്തിന്റെ വിശദവിവരങ്ങള്‍ വെളിപ്പെട്ടത്.

പ്ലേഗെന്ന ആയുധം. രണ്ടാംലോകയുദ്ധകാലത്തു തെക്കു കിഴക്കേ ചൈനയിലെ കോങ്ഷാന്‍ ഗ്രാമം ജപ്പാന്റെ അധീനതയിലായിരുന്നു. 1942-ലെ ഒരു പ്രഭാതത്തില്‍ പലതവണ ഗ്രാമത്തെ ചുറ്റിയ വിമാനത്തില്‍ നിന്നു വ്യാപിച്ച വെളുത്ത പുക നാട്ടുകാര്‍ പ്രത്യേകം ശ്രദ്ധിച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എലികളും ഈച്ചകളും കൂട്ടത്തോടെ ചത്തൊടുങ്ങി. തുടര്‍ന്ന് പ്ലേഗിന്റെ താണ്ഡവനൃത്തം ആരംഭിച്ചു. ഗ്രാമത്തില്‍ വൈദ്യപരിചരണത്തിനു സൗകര്യമുണ്ടായിരുന്നില്ല. അടുത്തുള്ള ബുദ്ധക്ഷേത്രത്തില്‍ ക്യാമ്പടിച്ച് പട്ടാള ഡോക്ടര്‍മാര്‍ ഇടയ്ക്കിടെ രോഗികളെ തട്ടിക്കൊണ്ടുപോയി കീറിമുറിച്ച് പ്ളേഗിന്റെ രോഗശാസ്ത്രം പഠിച്ചു. അവസാനം പ്ലേഗ് സ്വയം അടങ്ങിയപ്പോള്‍ ജാപ്പനീസ് സൈനികര്‍ രംഗത്തെത്തി രോഗബാധിതരുടെ വീടുകള്‍ ചുട്ടുകരിച്ചു. അപ്പോഴേക്കും 1200 ഗ്രാമവാസികളില്‍ 392 പേര്‍ പ്ളേഗ് ബാധമൂലം മരിച്ചുകഴിഞ്ഞിരുന്നു.

അതിഹീനമായ ഇത്തരം സമരമാര്‍ഗങ്ങളെ രാജ്യങ്ങളെല്ലാം അധിക്ഷേപിച്ചു. തുടര്‍ന്ന് ഇനി ആക്രമണത്തിന് രോഗാണുക്കളെ ഉപയോഗിക്കരുതെന്ന ലക്ഷ്യത്തോടെ ജൈവായുധ നിരോധന ഉടമ്പടി (ബയോളജിക്കല്‍ വെപ്പണ്‍സ് കണ്‍വന്‍ഷന്‍) രൂപംകൊണ്ടു (1972). അഞ്ചു സ്ഥിരാംഗങ്ങളുള്‍പ്പെടെ നൂറോളം യു.എസ്. രാഷ്ട്രങ്ങള്‍ ഈ ഉടമ്പടിയില്‍ ഒപ്പുവച്ചു. അംഗരാജ്യങ്ങളുടെ കൈവശമുള്ള ജൈവായുധശേഖരം നശിപ്പിക്കാനും, ജൈവായുധങ്ങളുടെ ഉത്പാദനവും സംഭരണവും ബന്ധപ്പെട്ട ഗവേഷണവും ഉപേക്ഷിക്കാനും തീരുമാനമായി. പക്ഷേ ഉടമ്പടി ഒപ്പിട്ട പല രാജ്യങ്ങളും ഈ നിബന്ധനകള്‍ അനുസരിച്ചില്ലെന്നു മാത്രമല്ല ജൈവായുധ ഗവേഷണ-നിര്‍മാണ പരിപാടികളുമായി നിര്‍വിഘ്നം മുന്നോട്ടു പോവുകയും ചെയ്തു. സാംക്രമിക രോഗാണുക്കളും ജൈവവിഷങ്ങളും ശത്രുസംഹാരത്തിനു പ്രയോജനപ്പെടുത്താന്‍ ഗവേഷണം തുടര്‍ന്ന രാജ്യങ്ങളുടെ എണ്ണം പത്തില്‍ നിന്നു പതിനേഴായി. മിക്കരാജ്യങ്ങളും ഈ രംഗത്തെ നേട്ടങ്ങള്‍ അതിരഹസ്യമായി സൂക്ഷിച്ചിരിക്കുന്നുവെങ്കിലും അപൂര്‍വമായി കിട്ടുന്ന വിവരങ്ങള്‍ ആയുധങ്ങളുടെ വൈവിധ്യത്തിലും സംഹാരശേഷിയിലും നേടിയ അമ്പരപ്പിക്കുന്ന പുരോഗതിയുടെ സൂചന നല്കുന്നുണ്ട്.

സംഹാരശക്തിയും വ്യാപനശേഷിയും. സമാധാനം വിശ്വാസപ്രമാണമെന്നു പ്രഖ്യാപിക്കുന്ന രാജ്യങ്ങളും ജൈവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ല. അണ്വായുധങ്ങളെക്കാള്‍ ശക്തിയുള്ള ഇവയുണ്ടാക്കുന്ന വിനാശം ബോംബുപോലെ ലക്ഷ്യസ്ഥലത്തുമാത്രം ഒതുങ്ങി നില്ക്കുന്നതല്ല. രോഗാണുക്കള്‍ നിറഞ്ഞ ബോംബ് എവിടെ വീണാലും രാജ്യം മുഴുവന്‍ രോഗം വ്യാപിക്കും. പ്രകൃതി സൃഷ്ടിച്ച ചില രോഗാണുക്കള്‍ക്കുപോലും നാശം വിതച്ച അതിദീര്‍ഘമായ സഞ്ചാപഥം ഉണ്ടായിരുന്നു. മഞ്ചലിന്റെയും കുതിരവണ്ടിയുടെയും കാലമായ 14-ാം ശ.-ത്തില്‍ ഒരു റഷ്യന്‍ പട്ടണത്തില്‍ നിന്നു പുറപ്പെട്ട പ്ലേഗ് ഭൂഖണ്ഡങ്ങളിലൂടെ യാത്ര ചെയ്തു പത്തുലക്ഷം പേരുടെ ജീവനൊടുക്കി. 20-ാം ശ. ആയപ്പോഴേക്കും യാത്രാസൗകര്യം മെച്ചപ്പെട്ടു; രോഗാണുക്കള്‍ക്കു ഭൂമിശാസ്ത്രപരമായ വിലക്കുകള്‍ ഇല്ലാതെയുമായി. 1918-19-ല്‍ തല ഉയര്‍ത്തിയ ഇന്‍ഫ്ളുവന്‍സ വൈറസ് പതിനെട്ടു മാസത്തിനുള്ളില്‍ അഞ്ചുതവണ ലോകം ചുറ്റി ജൈത്രയാത്ര നടത്തി 220 ലക്ഷം ആളുകളെ കൊന്നൊടുക്കി. എന്നാല്‍ മനുഷ്യന്‍ സൃഷ്ടിച്ച മാരകായുധങ്ങളെല്ലാം ഉപയോഗിച്ചു നാലുവര്‍ഷം നീണ്ടു നിന്ന ഒന്നാം ലോകയുദ്ധത്തിലെ ആളപായം 170 ലക്ഷം മാത്രമായിരുന്നു.

യാത്രാ വിമാനങ്ങളില്ലാത്ത കാലത്താണ് ഇന്‍ഫ്ളുവന്‍സ വൈറസ് ഈ കൂട്ടക്കൊല നടത്തിയത്. ഇന്നാണെങ്കില്‍ രോഗാണുവിനു ഭൂഖണ്ഡങ്ങള്‍ താണ്ടാന്‍ ഒരു ദിവസം മതിയാകും. വ്യാപനശേഷി അനുഗ്രഹമായിട്ടാണ് ജൈവായുധങ്ങള്‍ ആസൂത്രണം ചെയ്യുന്നവര്‍ കരുതുന്നത്. മരുന്നും വാക്സിനും ഏശാത്ത വായുവിലൂടെ വ്യാപിക്കുന്ന രോഗാണുവാണ് അവരുടെ ലക്ഷ്യം. രോഗസംക്രമണത്തിന് മനുഷ്യന്‍ എത്രമാത്രം സഹായിക്കുമെന്നു സൂറത്തിലെ പ്ലേഗുബാധയുടെ ചരിത്രം വ്യക്തമാക്കുന്നു. 1994-ല്‍ ഏതാനും പ്ലേഗു രോഗികള്‍ ആശുപത്രിയിലായി എന്നു കേട്ടപ്പോള്‍ അഞ്ചുലക്ഷത്തോളം വരുന്ന നഗരവാസികള്‍ സൂറത്തുവിട്ട് രാജ്യത്തിന്റെ പലഭാഗങ്ങളിലെത്തിച്ചേര്‍ന്നു. ഇവരില്‍ രോഗവാഹകര്‍ എത്രയുണ്ടായിരുന്നെന്ന് അറിയില്ല. അതി ദുര്‍ബലമായ ഒരിനം പ്ലേഗായിരുന്നു സൂറത്തില്‍ ബാധിച്ചത്. അതിനാല്‍ 200-ല്‍ താഴെ ആളുകളേ മരിച്ചുള്ളൂ.

ആത്മവീര്യത്തിന്റെ തകര്‍ച്ച. ശത്രുജനതയുടെ മനോവീര്യം തകര്‍ക്കാന്‍ രോഗാണുക്കളെക്കാള്‍ ശക്തമായ ആയുധമില്ല. കോങ്ഷാനില്‍ ജപ്പാന്‍ നടത്തിയ ജൈവാക്രമണത്തെ അതിജീവിച്ചവര്‍ അവരുടെ മാനസികാവസ്ഥ വിവരിച്ചിട്ടുണ്ട്. മരണത്തിനും മീതേയായിരുന്നു അദൃശ്യനായ രോഗാണുവിനെക്കുറിച്ചുള്ള ആശങ്ക. ഇത്തരമൊരു സന്ദര്‍ഭം നേരിടേണ്ടതെങ്ങനെ എന്നറിയാതെ അവര്‍ തളര്‍ന്നു. അടച്ചിട്ട വീടുകളില്‍ നിന്നുള്ള ആര്‍ത്തനാദവും മരിച്ചവരുടെ ബന്ധുക്കളുടെ വിലാപവും നിസ്സഹായത വര്‍ധിപ്പിച്ചു.

സാധാരണ ജനങ്ങള്‍ മാത്രമല്ല, സുശിക്ഷിതരായ സൈനികര്‍ പോലും രോഗാണുക്കളുടെ ആക്രമണമുണ്ടായാല്‍ പതറിപ്പോകും. 1991-ലെ ഗള്‍ഫ് യുദ്ധത്തില്‍ ജീവാണുക്കള്‍ ഉപയോഗിക്കാന്‍ ഇറാഖ് ആലോചിക്കുന്നു എന്നു കേട്ടപ്പോള്‍ അമേരിക്കന്‍ സേനാനായകന്‍ ആശങ്കാകുലനായി. ഇറാഖിന്റെ മിസൈലുകളെ തകര്‍ക്കാന്‍ വേണ്ട ആന്റിമിസൈലുകള്‍ ഉണ്ടായിരുന്നെങ്കിലും രോഗാസ്ത്രത്തെ നേരിടാന്‍ അമേരിക്കയ്ക്കു കഴിയുമായിരുന്നില്ല.

അമ്പരപ്പിക്കുന്ന ആയുധശേഖരം. ഗള്‍ഫ് യുദ്ധസമയത്ത് ബോംബിന് പകരം ആന്‍ത്രാക്സ് ബാക്റ്റീരിയം (രോഗബീജം) നിറച്ച സ്കഡ് മിസൈലുകളും ബോംബറുകളും തന്ത്രപ്രധാനമായ താവളങ്ങളില്‍ സദ്ദാം ഹുസൈന്‍ എത്തിച്ചിരുന്നു. ഇതിനു പുറമേ ഇറാഖിന്റെ ആയുധപ്പുരയില്‍ 90,000 ലി. ബോട്ടുലിന്‍ വിഷവും 83,000 ലി. ആന്‍ത്രാക്സ് ബാക്റ്റീരിയവും, ഭീമമായ അളവില്‍ അഫ്ലാടോക്സിന്‍ എന്ന ജൈവവിഷവും ശേഖരിച്ചിരുന്നു. ഇതിലൊരംശം പ്രയോഗിച്ചിരുന്നെങ്കില്‍ യുദ്ധത്തിന്റെ ഗതിതന്നെ മാറിപ്പോകുമായിരുന്നു.

ഗള്‍ഫ് യുദ്ധം അവസാനിപ്പിച്ച ഉടമ്പടിപ്രകാരം യു.എന്‍. ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഇറാഖിന്റെ ആയുധശേഖരം പരിശോധിക്കാന്‍ കഴിഞ്ഞതുകൊണ്ടു മാത്രമാണ് ഇത്രയും വിവരങ്ങള്‍ വെളിച്ചം കണ്ടത്. 1978-ല്‍ റഷ്യയിലെ സ്വാര്‍ഡ് ലോവിസ്കില്‍ ആന്‍ത്രാക്സ് ബാധിച്ച് 77 പേര്‍ മരിച്ചു; മരണകാരണം രോഗാണുക്കളുള്ള തുകല്‍ കൈകാര്യം ചെയ്തതാണെന്ന ഔദ്യോഗിക ഭാഷ്യവും വന്നു. ജൈവായുധ നിര്‍മാണ ഫാക്ടറിയില്‍ നിന്നു ചോര്‍ന്നുപോയ ബാക്റ്റീരിയമായിരുന്നു മരണഹേതുവെന്നാണ് 1994-ല്‍ ഈ സംഭവം അന്വേഷിച്ച അമേരിക്കന്‍-റഷ്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാം മെഡിക്കല്‍ സ്കൂളില്‍ നിന്നു രക്ഷപ്പെട്ട (1978) വസൂരി വൈറസ് ആ സ്ഥാപനത്തിലെ ഒരുദ്യോഗസ്ഥയുടെ ജീവന്‍ അപഹരിച്ചത് മറ്റൊരു സംഭവമാണ്. മരണകാരണമായ ഈ രോഗബീജങ്ങളെല്ലാം ജൈവപരിണാമത്തിലൂടെ ഉരുത്തിരിഞ്ഞുവന്നതാണ്. എന്നാല്‍, ഉഗ്രശക്തിയുള്ള പുതിയ ഇനങ്ങളെ സൃഷ്ടിക്കാനുള്ള പരിപാടിയെക്കുറിച്ചും കേള്‍ക്കുന്നുണ്ട്. അതിലൊന്നാണ് ജനിതക എന്‍ജിനീയറിങ് സങ്കേതങ്ങളിലൂടെ ഏതു പരിതഃസ്ഥിതിയിലും പ്രവര്‍ത്തനക്ഷമമാകുന്ന വീര്യമേറിയ ഒരു പുതിയതരം പ്ലേഗ് ബീജത്തിന്റെ നിര്‍മാണം.

സംഘടനകളുടെയും വ്യക്തികളുടെയും തലത്തില്‍. രാഷ്ട്രങ്ങളുടെ ആയുധപ്പുരകളില്‍ മാത്രമല്ല, സംഘടനകളുടെയും വ്യക്തികളുടെയും സ്വാധീനത്തിലും ജൈവായുധങ്ങള്‍ എത്തിയതിനു തെളിവുകളുണ്ട്. ഭൂഗര്‍ഭ റെയില്‍വേ യാത്രക്കാരുടെ നേര്‍ക്ക് ടോക്കിയോയിലെ ആംഷിന്റിക്യോ സംഘം സിരാവേധ ശക്തിയുള്ള സരില്‍വാതകം പ്രയോഗിച്ചപ്പോള്‍ (1995) ലോകം നടുങ്ങി. പിന്നീടുള്ള പൊലീസ് അന്വേഷണത്തിലാണ് വിപുലമായ ജൈവായുധ നിര്‍മാണ പരിപാടി ഈ സംഘടനയ്ക്കുണ്ടായിരുന്നു എന്നു മനസ്സിലായത്.

ഭീകരസംഘടനകള്‍ മാത്രമല്ല, വ്യക്തികളും ജൈവായുധങ്ങളില്‍ താത്പര്യം കാണിക്കുന്നു. 1993 ഏ.-ല്‍ കാനഡയിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്മാര്‍ ഭീകരനെന്നു സംശയിച്ച ഒരാളിന്റെ കൈവശം 30,000 പേരെ കൊല്ലാനുള്ള ജൈവവിഷം ഉണ്ടായിരുന്നു. ഇത്തരം വിഷം ഉപയോഗിച്ച് ആദായനികുതി ഉദ്യോഗസ്ഥരെ വകവരുത്താന്‍ ശ്രമിച്ച ഒരു അമേരിക്കന്‍ പൗരനെ 1996-ല്‍ പൊലീസ് അറസ്റ്റു ചെയ്യുകയുണ്ടായി.

ഭീകരര്‍ക്ക് ജൈവായുധങ്ങളോട് താത്പര്യം തോന്നാന്‍ പ്രത്യേക കാരണമുണ്ട്. ബോംബോ മാരകായുധങ്ങളോ കണ്ടുപിടിക്കുന്ന മെറ്റല്‍ ഡിറ്റക്ടറും എക്സ്-റേയും മറ്റു സംവിധാനങ്ങളും ബാക്റ്റീരിയത്തിന്റെയും വൈറസിന്റെയും കാര്യത്തില്‍ നിഷ്ഫലമാണ്. മാത്രമല്ല, രോഗബീജങ്ങള്‍ പ്രയോഗിച്ചു ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞേ രോഗത്തിന്റെ ആദ്യലക്ഷങ്ങള്‍ കണ്ടുതുടങ്ങൂ. അതിനകം അക്രമിക്കു സുരക്ഷിതമായ സങ്കേതത്തിലെത്താനാവും.

മനുഷ്യന്റെ ജീന്‍ ഭൂപടമാണു പുതിയതരം ജൈവായുധങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള പ്രചോദനം. മനുഷ്യനിലുള്ള ഒരു ലക്ഷം ജീനുകളുടെ ക്രമവും സ്ഥാനവും നിര്‍ണയിക്കുന്ന ജോലി ഏതാണ്ടു പൂര്‍ത്തിയായി.

വ്യക്തികള്‍ തമ്മിലുള്ളതില്‍ കൂടുതല്‍ വ്യത്യാസം വര്‍ഗങ്ങളുടെ ജനിതകഭൂപടം താരതമ്യപ്പെടുത്തുമ്പോള്‍ കാണാം. ആഫ്രിക്കന്‍ നീഗ്രോയ്ക്കും അമേരിക്കന്‍ റെഡ് ഇന്ത്യനും സഹജമായ ചില ജീനുകളുണ്ട്; മറ്റു വര്‍ഗങ്ങളില്‍ കാണാത്തവയായിരിക്കും ഈ ജീനുകള്‍. ഒരു വര്‍ഗത്തില്‍ മാത്രം കാണുന്ന പ്രത്യേകതരം ജീനുകളെ കണക്കിലെടുത്ത്. ആ വര്‍ഗത്തിലെ വ്യക്തികളെ മാത്രം ബാധിക്കുന്ന രോഗാണുക്കളുള്ള ബോംബ് ഉണ്ടാക്കാവുന്നതാണ്. ജനനിബിഡമായ നഗരങ്ങളില്‍ ഈ ബോംബ് പൊട്ടിയാലും പ്രത്യേക ജീന്‍ഘടനയുള്ള ഒരു വര്‍ഗത്തെ മാത്രമേ ആ സാംക്രമിക രോഗം ബാധിക്കുകയുള്ളൂ. നാസികള്‍ ഈ സങ്കേതം കണ്ടുപിടിച്ചിരുന്നെങ്കില്‍ ജൂതഹത്യയ്ക്ക് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെ അവര്‍ ആശ്രയിക്കുകയില്ലായിരുന്നു.

പ്രകൃതിയിലെ ജൈവയുദ്ധം. അദൃശ്യതലത്തില്‍ മറ്റൊരു തരത്തിലുള്ള ജൈവയുദ്ധം നടക്കുന്നുണ്ട്-വൈറസും ബാക്റ്റീരിയവും തമ്മിലുള്ള യുദ്ധം. ബാക്റ്റീരിയത്തെക്കാള്‍ വളരെച്ചെറുതാണ് വൈറസുകള്‍. അവയില്‍ ചിലതു പോഷകങ്ങള്‍ തേടുന്നതും പെരുകുന്നതും ബാക്റ്റീരിയത്തിനുള്ളിലാണ്. അകത്തു കടക്കുന്ന വൈറസിന്റെ ജനിതക വസ്തു(ജീനുകള്‍) ബാക്റ്റീരിയത്തില്‍ ലഭ്യമായ പ്രോട്ടീനും ന്യൂക്ളിക്കാസിഡും ഘടകങ്ങള്‍ ഉപയോഗിച്ചു സന്താനങ്ങളെ സൃഷ്ടിക്കുന്നു. എണ്ണം കൂടുമ്പോള്‍ ഈ കുഞ്ഞുങ്ങള്‍ ബാക്റ്റീരിയത്തിന്റെ കോശഭിത്തി പൊട്ടിച്ചു പുറത്തുവരും. ഇങ്ങനെയുണ്ടാകുന്ന ഓരോ സന്താനത്തിനും ബാക്റ്റീരിയത്തെ ആക്രമിക്കാനുള്ള ശേഷിയുണ്ട്.

ഏറ്റവും ശ്രദ്ധേയമായ കാര്യം ബാക്റ്റീരിയവും പ്രകൃതിനിയമമനുസരിച്ചു പരിണമിക്കുന്നു എന്നതാണ്. ചെറിയതോതില്‍ ഉണ്ടാകുന്ന ഉത്പരിവര്‍ത്തനങ്ങള്‍ (mutations) ബാക്റ്റീരിയയുടെ സന്തതികളില്‍ വൈവിധ്യം സൃഷ്ടിക്കുന്നു. ഈ വൈജാത്യങ്ങളില്‍ നിന്നു നിര്‍ധാരണം വഴി ആന്റിബയോട്ടിക് പ്രതിരോധശക്തിയുള്ളതും വൈറസ് ആക്രമണത്തെ ചെറുക്കാന്‍ കഴിവുള്ളതുമായ ഇനങ്ങള്‍ ഉരുത്തിരിഞ്ഞു വരാം. പക്ഷേ, വൈറസ്സും ജീവിയാണ്. അതും ഉത്പരിവര്‍ത്തനത്തിനു വിധേയമാണ്. അതു കാരണം, സന്താനങ്ങളിലെ വൈവിധ്യത്തില്‍ നിന്നു പ്രകൃതി നിര്‍ധാരണത്തിലൂടെ പുതിയ ബാക്റ്റീരിയത്തെ വെല്ലാന്‍ കഴിവുള്ള വൈറസ് ഇനങ്ങളും പിറക്കും. അങ്ങനെ പ്രകൃതിതന്നെപ്രതിരോധിക്കാനും ആക്രമിക്കാനുമുള്ള ശേഷി നല്കി സമതുലിതാവസ്ഥ സംരക്ഷിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് രോഗകാരണമായ ചില ബാകറ്റീരിയങ്ങളെ അവയുടെ ശത്രുക്കളായ വൈറസുകളെക്കൊണ്ട് നശിപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍ ആലോചിച്ചത്. വൈറസ് ഔഷധത്തിന് ഒരു മെച്ചമുണ്ട്. ബാക്റ്റീരിയത്തെ ഉന്മൂലനം ചെയ്യുന്നതോടൊപ്പം ഔഷധത്തിന്റെ അളവും കൂടുന്നു. ബാക്റ്റീരിയത്തെ അകത്തു കടന്നു നശിപ്പിക്കുന്ന വൈറസ് അനേകം സന്താനങ്ങളായാണ് പുറത്തുവരുന്നത്. 1917-ല്‍ ആരംഭിച്ച ഈ രംഗത്തെ ഗവേഷണത്തിന് ഊര്‍ജം കൈവന്നത് അടുത്ത കാലത്തു മാത്രമാണ്.

ബാക്റ്റീരിയവും വൈറസും തമ്മിലുള്ള യുദ്ധം ആരംഭിച്ചിട്ട് അനേകം കോടി വര്‍ഷങ്ങളായി. പ്രകൃതിയിലെ ഈ ശത്രുത്വം ആന്റിബയോട്ടിക് പ്രതിരോധശക്തി നേടിയ ചില ബാക്റ്റീരിയങ്ങള്‍ക്കെതിരെ ഉപയോഗിക്കാനാണ് അമേരിക്കന്‍ ശാസ്ത്രജ്ഞരായ കാള്‍മെറിലിന്റെയും കൂട്ടരുടെയും ശ്രമം. ഇതാവാം ജൈവയുദ്ധത്തില്‍ നിന്നു മനുഷ്യരാശിക്കുണ്ടാകാന്‍ ഇടയുള്ള ഏക പ്രയോജനം.

(ഡോ. എ.എന്‍. നമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍