This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൈവമണ്ഡലം(Biosphere)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൈവമണ്ഡലം

Biosphere

ജൈവാവസ്ഥയെ പിന്തുണയ്ക്കുന്ന പാളി. അന്തരീക്ഷത്തില്‍ 8 കി.മീ. ഉയരത്തിലും ഭൂമിക്കടിയില്‍ അത്രയും തന്നെ ആഴത്തിലുമുള്ള പ്രദേശമായ ജീവമണ്ഡലമാണ് എല്ലാ ജീവചക്രത്തിന്റെയും ഗതി നിയന്ത്രിക്കുന്നത്. ജൈവ മണ്ഡലത്തിന്റെ വികാസ-പരിണാമ പ്രക്രിയയാണ് ജീവജാലങ്ങളുടെ വികാസത്തിനും പരിണാമത്തിനും വഴിതെളിച്ചത്.

ഭൂമിയില്‍ ജീവന്റെ നിലനില്പിനായി ജലം, പ്രകാശം, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, ലവണങ്ങള്‍ തുടങ്ങിയ പോഷകങ്ങള്‍ എന്നിവ ആവശ്യമാണ്. ഇവ ഭൂമിയുടെ പുറംപാളിയില്‍ വളരെ നേര്‍ത്ത ഒരടുക്കില്‍ മാത്രമാണുള്ളത്. ജൈവാവസ്ഥയെ പിന്തുണയ്ക്കുന്ന ഈ പാളിയുടെ [ജൈവമണ്ഡല (Biosphere)ത്തിന്റെ] ഘടനയ്ക്കനുസൃതമായാണ് മനുഷ്യനുള്‍പ്പെടെ പ്രകൃതിയിലെ സര്‍വജീവജാലങ്ങളുടെയും നിലനില്പ്. ജൈവമണ്ഡലത്തിന്റെ ഭാഗമായിക്കഴിയുന്ന ജീവജാലങ്ങള്‍ ധ്രുവപ്രദേശം മുതല്‍ ഉഷ്ണമേഖലാ മഴക്കാടുകള്‍ വരെ നിറഞ്ഞു നില്ക്കുന്നു. പണ്ടുകാലത്തു കണ്ടെത്തിയ വ്യത്യസ്ത ജീവജാലങ്ങള്‍ക്കു പുറമേ ഗവേഷകര്‍ ആയിരക്കണക്കിനു ജീവജാതികളെ (species) കണ്ടെത്തി. ലോകത്തിന്റെ പല ഭാഗത്തും സ്ഥിതിചെയ്യുന്ന വിവിധ ജൈവ-ഭൗമമേഖലകളിലാണ് സസ്യങ്ങളും ജീവികളും ജീവിക്കുന്നത്. പരിണാമത്തിന്റെ പടവുകളില്‍ വികസിച്ചു രൂപംകൊണ്ടതാണ് ഈ മേഖലകള്‍. തുലോം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ജീവജാതികള്‍ക്കു പുറമേ പ്രത്യേക സാഹചര്യത്തില്‍ ജീവിക്കുന്ന ജീവസമൂഹവും ജീവജാലവിതരണത്തിന്റെ സവിശേഷതയാണ്. താപനില, ഈര്‍പ്പം, മണ്ണിന്റെ ഫലപുഷ്ടി, ജഡപ്രകൃതി എന്നിവയിലുള്ള വ്യത്യാസംമൂലം ഭൂമിയുടെ വിവിധഭാഗങ്ങളിലുള്ള സമൂഹങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടായിരിക്കും. ശാരീരികലക്ഷണങ്ങള്‍ക്ക് സാധര്‍മ്യമുണ്ടായിരിക്കുമെങ്കിലും വിവിധ ഭാഗങ്ങളിലുള്ള ജീവരൂപങ്ങള്‍ വ്യത്യസ്തമായിരിക്കാം. ഭൂഗോളത്തിലെ ജീവവിന്യാസത്തെ നിരവധി ഘടകങ്ങള്‍ ബാധിക്കുന്നുണ്ട്. കാലാവസ്ഥയെ ആധാരമാക്കി ഭൂമിയെ പല ജീവമേഖലകളാക്കിത്തിരിക്കാം: ഉഷ്ണമേഖലാ മഴക്കാടുകള്‍, പുല്‍മേടുകള്‍, മരുഭൂമികള്‍, ഇലകൊഴിയും കാടുകള്‍, വടക്കന്‍ സൂചിയിലക്കാടുകള്‍, തുന്ദ്ര എന്നിവ. കൂടാതെ പര്‍വതമേഖലകളും സമുദ്രജീവമേഖലകളുമുണ്ട്.

ഉഷ്ണമേഖലാ മഴക്കാടുകള്‍. ഈ മേഖല മധ്യരേഖയ്ക്ക് ഇരുവശത്തുമായി സ്ഥിതിചെയ്യുന്നു. ഇവിടെ വര്‍ഷന്തോറും 225 സെ.മീ. മഴ ലഭിക്കുന്നു. ഭൂമിയുടെ കരഭാഗത്തിന്റെ 1/10 ഈ പ്രദേശം കൈയടക്കിയിരിക്കുന്നുവെങ്കില്‍ മൊത്തത്തിലുള്ള വനത്തിന്റെ പകുതിയും ഉഷ്ണമേഖലാ മഴക്കാടുകളാണ്. ഭൂമി നനവും ചൂടുമുള്ളതാണ്. വന്‍വൃക്ഷങ്ങള്‍ കൊണ്ടു നിറഞ്ഞ ഈ വനപ്രദേശത്ത് 30-60 സെ.മീ. ചുറ്റളവുള്ള 300-ലേറെ സ്പീഷീസുണ്ട്. ചില മരങ്ങള്‍ 60 മീ. ഉയരത്തില്‍ വളരുന്നു. ആകാശത്തു നിന്നു നോക്കിയാല്‍ തറ കാണാന്‍ പറ്റാത്തത്ര സസ്യനിബിഡമാണിവിടം. സമൃദ്ധമായ സസ്യജാലം വൈവിധ്യമാര്‍ന്ന ജന്തുജാലത്തിനു പിന്തുണ നല്കും. പാമ്പ്, പല്ലി, ഉഭയജീവി, സസ്തനങ്ങള്‍ തുടങ്ങി നിരവധി തരം ഇവിടെക്കാണാം. ഉഷ്ണമേഖലാ മഴക്കാടുകളില്‍ ഓരോ വര്‍ഷവും രണ്ടു വര്‍ഷക്കാലം ഉണ്ടാകും. ഇവയ്ക്കിടയില്‍ രണ്ടുവരണ്ട കാലയളവും കാണുമെങ്കിലും പ്രതിമാസം മഴ കാണും. പരിണാമദശയില്‍ പരിസ്ഥിതിയുമായി അനുകൂലനം ലഭിച്ച നിരവധി സസ്യജീവിവര്‍ഗങ്ങള്‍ ഈ കാലാവസ്ഥയില്‍ പ്രകടമായും കാണാം.

പുല്‍മേടുകള്‍. മഴയുടെ ലഭ്യത കുറവാണെന്നു കാണിക്കുന്ന സസ്യജാലങ്ങളാണ് ഈ പ്രദേശങ്ങളില്‍ കാണുന്നത്. പ്രതിവര്‍ഷം 20-75 സെ.മീ. മഴ കാണും. സമതലം, പ്രയറി, സ്റ്റെപ്പീ, പാംപാ, സാവന്നാ എന്നിങ്ങനെ പേരുകളില്‍ അറിയപ്പെടുന്നു. പുല്ലു മേയുന്ന മൃഗങ്ങള്‍ വസിക്കുന്ന പ്രദേശങ്ങളാകയാല്‍ മൃഗങ്ങളുമായുള്ള നിരന്തരമായ സഹബന്ധം ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സീബ്രാ മുതലായ നാല്ക്കാലികള്‍ നിരന്തരം പുല്ലുമേയുന്ന സാവന്നകള്‍ ആഫ്രിക്കയിലും മറ്റും വ്യാപകമായുണ്ട്. ഈ പ്രദേശങ്ങളില്‍ പുല്ലുകളോടൊപ്പം കുറ്റിച്ചെടികളും വളരുന്നു. പുല്ലു തിന്നുന്ന മൃഗങ്ങളും അവയെ ഭക്ഷണമാക്കുന്ന മാംസഭോജികളും ചേര്‍ന്ന് പ്രത്യേകമായ ഒരു ഭക്ഷ്യശൃംഖല ഈ പുല്‍മേടുകളില്‍ നിലവിലുണ്ട്. ഉഷ്ണമേഖലയിലും സമശീതോഷ്ണമേഖലയിലും പുല്‍മേടുകള്‍ കാണാം.

മരുഭൂമികള്‍. വര്‍ഷത്തില്‍ മഴ 20 സെ.മീ.-ല്‍ കുറവുള്ള പ്രദേശമാണ് മരുഭൂമി. സഹാറാ (ആഫ്രിക്ക), രാജസ്ഥാന്‍ (ഇന്ത്യ) തുടങ്ങിയ മരുഭൂമികള്‍ക്കു പുറമേ ആസ്റ്റ്രേലിയ, ചിലി, പെറു, മെക്സിക്കോ എന്നിവിടങ്ങളിലും മരുഭൂമികളുണ്ട്. അക്ഷാംശത്തില്‍ 30° തെക്കും വടക്കുമുള്ള പ്രദേശങ്ങളാണിവ. ജലദൗര്‍ലഭ്യത്തെ നേരിടാന്‍ പ്രത്യേക അനുകൂലനമുള്ള ജന്തു സസ്യജാലം ഈ പ്രദേശത്തുണ്ട്. സസ്യങ്ങളുടെ പ്രധാന രക്ഷാകവചം മുള്ളുകളാണ്. ഒരൊറ്റ മഴയിലൂടെ ലഭിക്കുന്ന ജലം ഉപയോഗിച്ച് ചില മരുഭൂസസ്യങ്ങള്‍ വളര്‍ന്നു പുഷ്പിക്കാറുണ്ട്. പല സസ്യങ്ങളിലും (ഉദാ. കാക്റ്റസ്) ഇല മുള്ളായി മാറുന്നതുകൊണ്ടു സസ്യസ്വേദന നിരക്കു കുറവാണ്. സേജ് ബ്രഷ് പോലുള്ള സസ്യങ്ങള്‍ക്കു ഭൂമിയുടെ അഗാധതയിലേക്ക് ഇറങ്ങി ജലം വലിച്ചെടുക്കാനുള്ള വേരുപടലമുണ്ട്. ചില മരുഭൂമികളില്‍ ജലധാരകള്‍ക്കു ചുറ്റുമുള്ള ഫലപുഷ്ടിയുള്ള ഭാഗങ്ങള്‍ക്കു മരുപ്പച്ച (Oasis) എന്നു പറയുന്നു. ഇവിടങ്ങളില്‍ സമൃദ്ധമായി സസ്യങ്ങളും ചില ജന്തു സ്പീഷീസുകളും വസിക്കുന്നു.

ഇലകൊഴിയും കാടുകള്‍. ഉഷ്ണമേഖലയിലും സമശീതോഷ്ണമേഖലയിലും വര്‍ഷപാതം കൂടുതലായുള്ള പുല്‍മേടുകള്‍, മരുഭൂമികള്‍ എന്നീ പ്രദേശങ്ങളിലെ ജീവമേഖലകളാണ് ഇലകൊഴിയും കാടുകള്‍. ഇവിടെ വളരുന്ന വൃക്ഷങ്ങള്‍ ഓക്ക്, ഹിക്കോറി, വല്‍നട്ട്, ബീച്ച്, മേപ്പിള്‍ തുടങ്ങിയവയാണ്. ഇത്തരം കാടുകള്‍ കൂടുതലും ഉത്തരാര്‍ധഗോളത്തിലാണുള്ളത്. ഇലകൊഴിയും കാടുകള്‍ക്ക് പ്രതിവര്‍ഷം സു. 75 സെ.മീ. മഴ വേണം. ശരത്ക്കാലത്തു പൊഴിയുന്ന ഇലകൊണ്ടു ഭൂമി മൂടിയിരിക്കും. വസന്തത്തില്‍ ഇതിനിടയില്‍ മനോഹരമായ പുല്‍ച്ചെടികള്‍ ഉയരുന്നു. ചീഞ്ഞുതുടങ്ങുന്ന ഇലകള്‍ പിന്നീടു വളരുന്ന മഷ്റൂം, മോറല്‍, ബാക്റ്റീരിയ എന്നിവയ്ക്കു വളമാകും. സസ്യവൈവിധ്യം പോലെ മാന്‍, അണ്ണാന്‍, കുറുനരി തുടങ്ങിയ ജന്തുവൈവിധ്യവും ഇവിടെയുണ്ട്.

വടക്കന്‍ സൂചിയിലക്കാടുകള്‍. ഇലകൊഴിയും കാടുകള്‍ക്കു വടക്കു ഭൂമിയെ ചുറ്റി 650-1300 കി.മീ. വീതിയിലാണീ മേഖല. വേനല്‍ക്കാലത്തു ദിവസത്തിന്റെ ദൈര്‍ഘ്യം കൂടുതലും താപനില കുറവുമാണ്. അതിനാല്‍ സസ്യങ്ങള്‍ എളുപ്പത്തില്‍ വളരും. ഹിമപാതംമൂലം തറ മൂടപ്പെടും. സ്പ്രൂസ്, ഹെംലോക്, പൈന്‍ മുതലായ വൃക്ഷങ്ങളും; കീരി, കരടി, മുയല്‍ മുതലായ ജന്തുക്കളും ഇവിടെയുണ്ട്.

തുന്ദ്ര. സൂചിയിലക്കാടുകളുടെ വടക്കുഭാഗത്ത് മരങ്ങളുടെ അനുക്രമം ക്രമേണ ചെറുതായി വരുന്നു. കാലക്രമേണ ഇതു മരങ്ങളില്ലാത്ത തുറന്ന പ്രദേശം അഥവാ തുന്ദ്രയായി മാറുന്നു. തുന്ദ്ര പരന്ന സ്ഥലമാണ്. തറയില്‍ കട്ടി മഞ്ഞായിരിക്കും. മോസ്സ്, ലൈക്കന്‍ എന്നീ സസ്യഗ്രൂപ്പുകളാണ് ഹിമത്തിന്റെ മുകള്‍പ്പാളിയില്‍ വളരുന്നത്. ചിലപ്പോള്‍ പുല്‍വര്‍ഗത്തില്‍പ്പെട്ട പൂച്ചെടികളും ഉണ്ടാകും. വര്‍ഷം മുഴുവന്‍ ശരാശരി താപനില 0°C-ല്‍ താഴെയാണ്. മേയില്‍ 24 മണിക്കൂറും സൂര്യപ്രകാശംകൊണ്ട് ഈ സ്ഥലം അനുഗൃഹീതമാണ്. എന്നാല്‍ മേയിലും താപനില ഒരിക്കലും 10° C-ല്‍ കവിയാറില്ല. ചെറുതടാകങ്ങളുള്ള, കാറ്റില്ലാത്ത തുന്ദ്രയില്‍ ജീവജാലങ്ങള്‍ കുറവാണ്. റെയിന്‍ഡീര്‍, കസ്തൂരിക്കാള, ലെമിങ്, ധ്രുവക്കരടി, ആര്‍ട്ടിക്ക് ചെന്നായ, രക്തദാഹി ഷട്പദം എന്നിവ ഇവിടെ സാധാരണമാണ്.

പര്‍വതമേഖലകള്‍. ജീവമേഖലകളെ വ്യക്തമായി നിര്‍വചിച്ചു കള്ളികളിലിട്ടു വര്‍ഗീകരിക്കാന്‍ സാധ്യമല്ല. ഒരു സ്ഥലത്തെ ജീവമേഖല ഏതെന്ന് വ്യതിരിക്തമായിപ്പറയാനും പ്രയാസമാണ്. മേഖലാവ്യത്യാസം ഭൂമിയുടെ അക്ഷാംശാടിസ്ഥാനത്തിലല്ല. ഒരു മേഖലയില്‍ത്തന്നെ ഉയരവ്യത്യാസത്തിന്റെ കാരണംകൊണ്ടു മാത്രം ചിലപ്പോള്‍ കുഴഞ്ഞു മറിയല്‍ സംഭവിക്കാറുണ്ട്. റോക്കി പര്‍വതനിര ഒരുദാഹരണമാണ്. ഒന്നു രണ്ടു ച.കി.മീ.-ല്‍ തന്നെ ചിലപ്പോള്‍ നിരവധി ജീവമേഖലകള്‍ കാണാവുന്നതാണ്.

പര്‍വതാഗ്രത്തില്‍ എപ്പോഴും ഹിമാവൃതമായ ധ്രുവമേഖലയാണ്. പര്‍വതത്തില്‍ത്തന്നെ മറുവശത്ത് തുന്ദ്ര, പുല്‍മേട്, മരുഭൂമി എന്നിങ്ങനെ പോകുന്നു. മഴ ലഭ്യതയുടെ വ്യത്യാസമാണ് ഇതിന് മൂലകാരണം. സീറാനെവാഡ പര്‍വതനിരകള്‍ ഈ പ്രത്യേക പ്രതിഭാസത്തിനുദാഹരണമാണ്. ഉത്തര അക്ഷാംശത്തിന്റെ ജീവമേഖലയിലെ സസ്യങ്ങള്‍ക്ക് സാദൃശ്യമുള്ളതാണിവിടത്തെ ജീവമേഖല.

സമുദ്രജീവമേഖല. സമുദ്രങ്ങള്‍ രണ്ടു ജീവമേഖലകളാണ് കാഴ്ചവയ്ക്കുക. ഉപരിതലത്തിനടുത്തുള്ള പെലാജിക്ക് (വേലാവവര്‍ത്തി) പാളിയിലാണ് കടല്‍ സസ്യങ്ങളിലെ പ്രകാശവിശ്ലേഷണത്തിന്റെ ഭൂരിഭാഗവും നടക്കുന്നത്. അഗാധതയിലുള്ള ബെന്തിക്ലെയറില്‍ പ്രധാനമായും ജന്തുക്കളാണ്. ഇവിടെ കൊന്നും തിന്നുമാണ് ജന്തുക്കള്‍ വസിക്കുന്നത്. ഈ മേഖലയില്‍ ഓക്സിജന്‍ കുറവാണ്. പൊതുവേ സമുദ്രജീവമേഖലകളെ വേര്‍തിരിക്കുന്നത്, ജലത്തിന്റെ ആഴവും കരയുമായുള്ള സമുദ്രത്തിന്റെ അടുപ്പവുമാണ്; അക്ഷാംശമല്ല. കാരണം, കരയിലെപ്പോലെ താപവ്യതിയാനം ജലത്തിനില്ല. സമുദ്രത്തിലെ വേലാവവര്‍ത്തി (പെലാജിക്ക്) മേഖലയിലെ വെളിച്ചമെത്തുന്ന മേഖലയും വിതല(അബീസല്‍) മേഖലയിലെ പ്രകാശം കടക്കാത്ത അഗാധഭാഗങ്ങളും കൂടാതെ മൂന്നാമത്തെ മേഖലയാണ് ആഴം കുറഞ്ഞ ഭാഗമായ കടലോര(ലിറ്റൊറല്‍) മേഖല. വന്‍കര ജലാന്തര്‍ഭാഗത്തേക്കു തള്ളി നില്ക്കുന്ന മേഖലയാണിത്. ഈ ഭാഗങ്ങളിലെ ആഴം 180 മീ. വരും. കടലോരത്തെ ആഴം കുറഞ്ഞയിടങ്ങളില്‍ നിരവധി ജലസസ്യങ്ങള്‍ പാര്‍പ്പുറപ്പിച്ചിരിക്കും. ജീവജാലങ്ങള്‍ സമൃദ്ധവും വൈവിധ്യം നിറഞ്ഞവയുമാണ്. വേലിയിറക്കസമയത്തു ജീവന്‍ നിലനിര്‍ത്തത്തക്ക നിലയിലുള്ള അനുകൂലനം ഈ ജീവജാലങ്ങള്‍ക്കുണ്ട്. പാറ നിറഞ്ഞതോ (റോക്കി) മണല്‍ നിറഞ്ഞതോ (സാന്‍ഡി) ചെളി നിറഞ്ഞതോ (മഡി) ആയ മേഖലയായിരിക്കും ഇത്. വേലിയേറ്റ വേലിയിറക്ക തീരങ്ങള്‍ക്കിടയിലുള്ള സ്ഥലത്തിനു പുളിനതടം (സ്ര്റ്റാന്‍ഡ്) എന്നു പറയുന്നു.

പവിഴപ്പുറ്റുകള്‍ സമൃദ്ധമായ ജീവസമൂഹമായി കണക്കാക്കപ്പെടുന്നു. 21°C -ല്‍ താഴെപ്പോകാത്ത ജലതാപമുള്ള സ്ഥലങ്ങളിലാണ് പവിഴപ്പുറ്റുകള്‍ കാണുന്നത്. കോറല്‍ ജന്തുക്കളും റെഡ് ഗ്രീന്‍ ആല്‍ഗകളും മറ്റും സ്രവിപ്പിക്കുന്ന പദാര്‍ഥങ്ങളാണ് കോറല്‍ റീഫ് ആയി രൂപാന്തരപ്പെടുന്നത്. കോറല്‍ റീഫുകള്‍ പാറ നിറഞ്ഞ കരപോലെയാകയാല്‍ ആല്‍ഗകള്‍ക്കും മറ്റു ചെറു ജന്തുക്കള്‍ക്കും ഒട്ടിപ്പിടിക്കാനുള്ള ഒരിടമായിത്തീരുന്നു. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ കരയെക്കാളും സാവധാനത്തിലുള്ള ജലചലനം മാത്രമാകയാല്‍ മത്സ്യങ്ങളും മറ്റു ജലജീവികളും പുറ്റുകളുടെ അടുക്കുകളില്‍ ഒളിച്ചിരിക്കുന്നു.

ഭൂമിയില്‍ ജീവന്റെ വിതരണം. സാഹചര്യങ്ങള്‍ അനുകൂലമാണെന്നതുകൊണ്ടു മാത്രം എല്ലാ ജീവികളും ഭൂമിയില്‍ എല്ലായിടത്തും ഉണ്ടായിരിക്കുകയില്ല. വിതരണമാണിവിടെ നിര്‍ണായകഘടകം. കൂടുതല്‍ പഴക്കമുള്ള സ്പീഷീസുകളായിരിക്കും കൂടുതല്‍ വ്യാപകമായി വിതരണം ചെയ്യപ്പെടുക. വിതരണമാര്‍ഗവും മറ്റൊരു മാനദണ്ഡമാണ്. വ്യാപനത്തിനും അതിന്റെ വികസനത്തിനും വിഘാതമായി നില്ക്കുന്ന ഘടകങ്ങള്‍ ഏറെയുണ്ട്.

ഭൂമിശാസ്ത്രപരമായ തടസ്സങ്ങള്‍ കരയിലും ജലത്തിലും നിലവിലുണ്ട്. റോക്കി പര്‍വതത്തിന്റെ സാമീപ്യംമൂലം അത്ലാന്തിക് തീരത്തെ ജന്തുവാസമല്ല പസിഫിക് തീരത്തുള്ളത്. പനാമാ തോട് നിര്‍മിക്കുന്നതിനു മുമ്പു കിഴക്കേ തീരത്തെ മത്സ്യങ്ങളും പടിഞ്ഞാറേ തീരത്തെ മത്സ്യങ്ങളും അന്യോന്യം ബന്ധമില്ലാതെ കഴിയുകയായിരുന്നു. പക്ഷേ തോടുണ്ടായപ്പോള്‍ രണ്ടുഭാഗത്തും ഒരുപോലെ ജീവവ്യവസ്ഥ ആയിട്ടുണ്ട്.

പാരിസ്ഥിതിക തടസ്സങ്ങള്‍ വേറെയാണ്. ഒരു ജന്തുവിന്റെ ആവാസവിസ്തൃതി അതിന്റെ ഭക്ഷണത്തിന്റെയും ചെടിയുടേതു മണ്ണിനെയും ആശ്രയിച്ചിരിക്കുന്നു. ആവാസവിസ്തൃതി നിശ്ചയിക്കുന്ന പാരിസ്ഥിതിക ഘടകങ്ങള്‍ പലപ്പോഴും നിശ്ചിതമല്ല. ഒരു സ്ഥലത്ത് ഒരു സ്പീഷീസ് സമൃദ്ധമായിരിക്കേ മറ്റൊരിടത്ത് അവ വളരെ കുറവോ തീരെ ഇല്ലാതിരിക്കുകയോ ആവാം. ഉദാഹരണമായി ഗ്രേറ്റ് സ്പോക്കി പര്‍വതങ്ങളില്‍ നല്ല ഈര്‍പ്പമുള്ള ഒരിടത്ത് സലമാന്‍ഡര്‍ സ്പീഷീസുകളുണ്ട്. പക്ഷേ അതേ പര്‍വതത്തില്‍ത്തന്നെ ഇതേ കാലാവസ്ഥയുള്ള മറ്റിടങ്ങളില്‍ ഈ സ്പീഷികളില്ല. പ്രകൃതിയില്‍ ഇത്തരം സവിശേഷമായ പ്രതിഭാസങ്ങള്‍ ധാരാളമുണ്ട്. വിതരണസഹായം പലപ്പോഴും വേഗതയെ ആശ്രയിച്ചിരിക്കും. കരയിലോ, വായുവിലോ ജലത്തിലോ വേഗത്തില്‍ ചലിക്കുവാന്‍ കഴിവുള്ള ജന്തുക്കള്‍ വേഗത്തില്‍ വിതരണം ചെയ്യപ്പെടും. മന്ദഗതിക്കാര്‍ക്കു പരസഹായം ആവശ്യമാണ്. കാറ്റിനും ഒഴുക്കിനും വിതരണത്തില്‍ വലിയ സ്ഥാനമാണുള്ളത്. ഒരു കൊടുങ്കാറ്റിനു ശേഷം യൂറോപ്പിലെ 44 സ്പീഷീസ് പക്ഷികള്‍ വ. അമേരിക്കയില്‍ കാണപ്പെട്ടു. ഭൂമിയുടെ വിവിധഭാഗങ്ങളില്‍ വേഗത്തില്‍ എത്തിച്ചേര്‍ന്ന മനുഷ്യരും ജന്തുക്കളുടെയും സസ്യങ്ങളുടെയും വിതരണത്തിനു സഹായിച്ചിട്ടുണ്ട്.

ജൈവവ്യവസ്ഥയ്ക്ക് ഒരു പിന്തുടര്‍ച്ചയുണ്ട്. സന്തുലിതാവസ്ഥ തകരാറിലാക്കുന്ന പ്രകൃതിശക്തികളോ മനുഷ്യ ഇടപെടലോ ഇല്ലാതിരുന്നാല്‍ പ്രൗഢജീവ സമുദായത്തില്‍ ജീവന്‍ ഒരേ രീതിയില്‍ തുടര്‍ന്നുപോകും. ഒരു ജീവസമുദായത്തെ പൂര്‍ണമായി നശിപ്പിച്ചാല്‍ ഓരോ സ്പീഷീസുകളും അനുക്രമമായി ഉണ്ടാകാന്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ വേണ്ടിവരും. അന്ത്യത്തില്‍ സസ്യജന്തുജീവിതങ്ങള്‍ വികാസത്തിന്റെ പരമകാഷ്ഠയിലെത്തി ആ മേഖലയിലെ പ്രമുഖ സ്പീഷീസുകള്‍ സ്ഥിരമാകും.

(പ്രഭാകര്‍ പൊതുവാള്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍