This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൈനേന്ദ്ര കുമാര്‍ (1905 - 88)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൈനേന്ദ്ര കുമാര്‍ (1905 - 88)

ഹിന്ദി സാഹിത്യകാരന്‍. നോവലിസ്റ്റ് എന്ന നിലയിലാണ് ഏറെ ശ്രദ്ധേയന്‍. കഥാകൃത്ത്, ഉപന്യാസകാരന്‍, വിവര്‍ത്തകന്‍ എന്നീ നിലകളിലും നിര്‍ണായകമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്.

ജൈനേന്ദ്ര കുമാര്‍

1905-ല്‍ ഉത്തര്‍പ്രദേശിലെ അലിഗര്‍ ജില്ലയിലുള്ള ഒരു ജൈന കുടുംബത്തില്‍ ജനിച്ചു. രണ്ടു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മയുടെയും അമ്മാവന്റെയും സംരക്ഷണത്തിലാണ് വളര്‍ന്നത്. ഹസ്തിനപുരത്തുള്ള അമ്മാവന്റെ ഗുരുകുലത്തില്‍ പഠിച്ചശേഷം മെട്രിക്കുലേഷന്‍ പാസായി. തുടര്‍ന്ന് ബനാറസ് ഹിന്ദു കോളജില്‍ ചേര്‍ന്നെങ്കിലും പഠനം നിര്‍ത്തി സ്വാതന്ത്ര്യസമരത്തില്‍ സജീവ പങ്കാളിയായി. നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കുറേക്കാലം കാശ്മീരിലും കല്‍ക്കത്തയിലും താമസിച്ചശേഷം നാഗ്പൂരിലെത്തി പത്രപ്രവര്‍ത്തകനായി. 1929-ല്‍ വിവാഹിതനായി. 30-ല്‍ പ്രേംചന്ദുമായും 32-ല്‍ ഗാന്ധിജിയുമായും സൗഹൃദത്തിലായി.

1929-ല്‍ പ്രസിദ്ധീകരിച്ച ഫാംസി എന്ന കഥാസമാഹാരത്തോടെയാണ് രംഗപ്രവേശം. ഉടന്‍ ആദ്യനോവലും (പരഖ്, 1930) പ്രസിദ്ധീകൃതമായി. പരഖിന് 1930-ലെ ഏറ്റവും മികച്ച നോവലിനുള്ള ഹിന്ദുസ്ഥാനി അക്കാദമി അവാര്‍ഡു ലഭിച്ചു. രണ്ടാമത്തെ നോവലായ സുനീത (1936) ഹിന്ദി നോവല്‍ സാഹിത്യത്തിലെ ഒരു നാഴികക്കല്ലാണ്. സ്ത്രീപുരുഷബന്ധങ്ങളുടെ ആന്തരികതലം, മനശ്ശാസ്ത്രപരമായ ഉള്‍ക്കാഴ്ചയോടും ദാര്‍ശനികമായ പരിവേഷം നല്കിയും ആവിഷ്കരിക്കുന്ന ധീരമായൊരു രചനാസംരംഭമാണിത്. കുടുംബം എന്ന 'സ്ഥാപന'ത്തിന്റെ വിരസതയും പ്രണയം സമ്മാനിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഊഷ്മളതയും കപടസദാചാരബോധം മാറ്റിനിര്‍ത്തിക്കൊണ്ട് ഇതില്‍ അവതരിപ്പിക്കുന്നു. ഹൃദയത്തോടടുത്തു നില്ക്കുന്ന ഭാഷയും ശൈലിയും ഈ നോവലിന്റെ സവിശേഷതയാണ്.

ത്യാഗപത്ര് (1937), ജയവര്‍ധന്‍ (1956), മുക്തിബോധ് (1956) തുടങ്ങിയവയാണ് ഏറെ ചര്‍ച്ചചെയ്യപ്പെട്ട മറ്റു നോവലുകള്‍. ഏകാകിനിയായി, എന്നാല്‍ മറ്റാരുടെയും സഹതാപത്തിനു പാത്രമാകുന്നതിഷ്ടപ്പെടാതെ യാതനകളുടെ വഴിയേ നടന്ന മൃണാള്‍എന്ന സ്ത്രീയുടെ കഥയാണ് ത്യാഗപത്രയിലവതരിപ്പിക്കുന്നത്. ദാര്‍ശനിക ഗഹനതയുള്ള നോവലാണ് ജയവര്‍ധന്‍. മുക്തിബോധിന് സാഹിത്യ അക്കാദമി അവാര്‍ഡു ലഭിക്കുകയുണ്ടായി. കല്യാണി (1938), സുഖദ (1952), വിവര്‍ത്ത (1953), വ്യതീത് (1953), അനന്തര്‍ (1968), അനാംസ്വാമി (1985), ദപ്പര്‍ക (1985) എന്നിവയാണ് മറ്റു മുഖ്യനോവലുകള്‍.

ഹിന്ദി നോവല്‍-കഥാ സാഹിത്യത്തില്‍ മാനസികാപഗ്രഥനപരമായ രചനകള്‍ക്കു തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. തത്ത്വചിന്താപരമായ ഉള്‍ക്കാഴ്ചയോടെ സ്ത്രീപുരുഷബന്ധത്തിലെ കാണാക്കാഴ്ചകളുടെ ലോകം തുറന്നിടുകയായിരുന്നു ഇദ്ദേഹം. അവ അവതരിപ്പിച്ചതാകട്ടെ ആത്മനിഷ്ഠവും സങ്കീര്‍ണവുമായൊരു ശൈലിയിലും - ഇത് പലപ്പോഴും സാമ്പ്രദായിക മനസ്സുകളുടെ എതിര്‍പ്പിനു കാരണമായിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ കഥകള്‍ ജൈനേന്ദ്ര കി കഹാനിയാം എന്ന പേരില്‍ 10 വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫാംസി (1929), വാതായന്‍ (1930), ഏക് രാത് (1934), ദോ ചിഡിയാം, ഏക് ദിന്‍ ധ്രുവ് യാത്ര എന്നിവയാണ് മുഖ്യസമാഹാരങ്ങള്‍.

ചിന്തകനും സംസ്കാരിക വിമര്‍ശകനും കൂടിയായിരുന്ന ഇദ്ദേഹം നിരവധി ഉപന്യാസങ്ങളും പഠനങ്ങളും രചിച്ചിട്ടുണ്ട്. പ്രധാനപ്പെട്ടവ: ജൈനേന്ദ്ര കേ വിചാര്‍, സാഹിത്യ കാ ശ്രേയ് വ പ്രേയ്, സമയ് ഔര്‍ ഹം, അകാല്‍ പുരുഷ് ഗന്ധി, പ്രേം ഔര്‍ വിവാഹ്, അനുഭവ് ഔര്‍ ശില്പ, കാഷ്മീര്‍ കി വഹ് യാത്ര (1968), പ്രേമ്ചന്ദ്: ഏക് കൃതി, വ്യക്തിത്വ (1967) എന്നിവ യഥാക്രമം സഞ്ചാരസാഹിത്യത്തിനും ഓര്‍മകുറിപ്പുകള്‍ക്കും ഇദ്ദേഹം നല്കിയ സംഭാവനകളാണ്. പാപ് ഔര്‍ പ്രകാശ് (ടോള്‍സ്റ്റോയിയുടെ നാടകം, 1955), യാമ (അലക്സാണ്ടര്‍ കുപ്രിന്റെ നോവല്‍, 1958) എന്നിവ ജൈനേന്ദ്രകുമാറിന്റെ മുഖ്യ വിവര്‍ത്തന ഗ്രന്ഥങ്ങളാണ്.

1936-ല്‍ ഗാന്ധിജി സ്ഥാപിച്ച ഭാരതീയ സാഹിത്യപരിഷത്തില്‍ ഇദ്ദേഹം അംഗമായിരുന്നു. 1956-57 കാലത്ത് ഏഷ്യന്‍ റൈറ്റേഴ്സ് കോണ്‍ഫറന്‍സിന്റെ അധ്യക്ഷനായും പ്രവര്‍ത്തിക്കുകയുണ്ടായി. 1979-ല്‍ ഐക്യരാഷ്ട്രസഭയില്‍ സേവനമനുഷ്ഠിച്ചു. ഇന്ത്യാഗവണ്‍മെന്റ് 'പദ്മഭൂഷന്‍' നല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 'അനുവ്രത് പുരസ്കാര്‍' (ഒരു ലക്ഷം രൂപ) എന്ന ബൃഹദ് സമ്മാനം 1982-ല്‍ ലഭിച്ചു. ആഗ്ര (1972), ദല്‍ഹി (1973) സര്‍വകലാശാലകള്‍ ഡി.ലിറ്റ് ബിരുദം നല്കി ഇദ്ദേഹത്തെ ബഹുമാനിക്കുകയുണ്ടായി. 1988 ഡി. 9-നു ജൈനേന്ദ്രകുമാര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍