This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൈനസാഹിത്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൈനസാഹിത്യം

ഭാരതീയസാഹിത്യത്തിനു ജൈനമതം നിരവധി ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ആഗമങ്ങള്‍, സ്ത്രോത്രങ്ങള്‍, കഥകള്‍, നാടകങ്ങള്‍ എന്നീ രംഗങ്ങളിലാണു ജൈനസാഹിത്യം വ്യാപിച്ചു കിടക്കുന്നത്. ഇത് വ്യാകരണത്തിനും ഛന്ദശ്ശാസ്ത്രത്തിനും ഗണനീയമായ പുരോഗതി ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. നിരവധി പ്രാദേശിക ഭാഷകളെയും സംസ്കൃതത്തെയും അപഭ്രംശത്തെയും ഇതു സമ്പന്നമാക്കുകയും ചെയ്തു.

വര്‍ധമാന മഹാവീരനു മുമ്പുള്ള ജൈനസാഹിത്യകൃതികള്‍ ഒന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ജൈനശ്രുതാംഗങ്ങളില്‍ ശ്രവണ പരമ്പരയില്‍ പ്രചരിച്ചിരുന്ന ചില കൃതികളെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. അവ പൂര്‍വങ്ങള്‍ എന്നാണറിയപ്പെടുന്നത്. ദ്വാദശാംഗാഗമങ്ങളില്‍ അത്തരം 14 പൂര്‍വങ്ങളുടെ പേരുകളുണ്ട്. അവ ഉത്പാദം, അഗ്രായണീയം, വീര്യാനുവാദം, അസ്തിനാസ്തി പ്രവാദം, ജ്ഞാനപ്രവാദം, സത്യപ്രവാദം, ആത്മപ്രവാദം, കര്‍മപ്രവാദം, പ്രത്യാഖ്യാനം, വിദ്യാനുവാദം, കല്യാണവാദം, പ്രാണാവായം, ക്രിയാവിശാലം, ലോകബിന്ദുസാരം എന്നിവയാണ്.

മഹാവീരന്റെ ഉപദേശങ്ങളുള്‍ക്കൊള്ളുന്ന സാഹിത്യത്തെ ശിഷ്യന്മാര്‍ അംഗപ്രവിഷ്ടം, അംഗബാഹ്യം എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. അവയില്‍ ശ്വേതാംബര പരമ്പരയനുസരിച്ചുള്ള 11 അംഗപ്രവിഷ്ടങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ശ്വേതാംബര പരമ്പരയിലെ അംഗബാഹ്യങ്ങളും ഇപ്പോള്‍ നിലവിലുണ്ട്. എന്നാല്‍ ദിഗംബരവിശ്വാസമനുസരിച്ച് ഇവയൊന്നും മൂലരൂപത്തില്‍ ഒരിക്കലും ലഭ്യമായിട്ടില്ല.

ജൈന ആഗമങ്ങളെ പുനരുജ്ജീവിപ്പിക്കാനും ആഗമസാഹിത്യത്തിന് ഒരു പുതിയ ക്രമമുണ്ടാക്കുന്നതിനും മഹാവീരന്റെ 840-ാം ചരമവാര്‍ഷികം കഴിഞ്ഞതിനുശേഷം ചില ശ്രമങ്ങളുണ്ടായിട്ടുണ്ട്. ആര്യസ്കന്ധിലന്‍, നാഗാര്‍ജുനസൂരി എന്നിവരാണ് അതിന് നേതൃത്വം കൊടുത്തത്. എങ്കിലും നിര്‍വാണാനന്തരം 980 വര്‍ഷം കഴിഞ്ഞപ്പോള്‍ ദേവര്‍ധിഗണി എന്ന ക്ഷമാശ്രമണന്റെ നേതൃത്വത്തില്‍ 45-ഓളം ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്യപ്പെടുകയുണ്ടായി. അവ അര്‍ധമാഗധി ഭാഷയിലുള്ളവയാണ്. അവയില്‍ ആചാരാംഗം, സൂത്രകൃതാംഗം, സ്ഥാനാംഗം, സമവായാംഗം, ഭഗവതീവ്യാഖ്യാ പ്രജ്ഞപ്തി, ജ്ഞാതൃധര്‍മകഥ, ഉപാസകാധ്യയനം, അന്തകൃദ്ദശ, അനുത്തരോപപാധികദശ, പ്രശ്നവ്യാകരണം, വിപാകസൂത്രം, ദൃഷ്ടിവാദം എന്നീ ശ്രുതാംഗങ്ങളും 12 ഉപാംഗങ്ങളും 6 ഛേദസൂത്രങ്ങളും 4 മൂലസൂത്രങ്ങളും 10 പ്രകീര്‍ണകങ്ങളും 2 ചൂലികാസൂത്രങ്ങളും ഉള്‍പ്പെടുന്നു.

ജൈന ആഗമസാഹിത്യം മുകളില്‍ വിവരിച്ച കൃതികളും അവയുമായി ബന്ധപ്പെട്ട ഒട്ടനേകം അനുബന്ധരചനകളും നിറഞ്ഞതാണ്. അനുബന്ധരചനകള്‍ ആഗമങ്ങളിലെ പ്രതിപാദ്യവിഷയങ്ങളെ സംഗ്രഹിച്ചോ വിപുലീകരിച്ചോ വിവരിക്കുന്നവയാണ്. അവ നിര്യുക്തി, ഭാഷ്യം, ചൂര്‍ണി, ടീക എന്നിങ്ങനെ 4 വിഭാഗങ്ങളിലായുണ്ട്. ഇവയെക്കൂടി ചേര്‍ത്ത് ആഗമസാഹിത്യത്തെ പഞ്ചാംഗിസാഹിത്യം എന്നു വിളിക്കുന്നു.

തീര്‍ഥങ്കരന്മാരെ സ്തുതിച്ചുകൊണ്ടുള്ളവയാണ് ജൈനസ്ത്രോത്ര സാഹിത്യകൃതികള്‍. അതില്‍ ആദ്യത്തെ ധാര ബുദ്ധിവാദികളായ നൈയാമികരുടേതാണ്. സമന്തഭദ്രന്റെ ആപ്തമീമാംനസ, സിദ്ധസേനന്റെ ദ്വാത്രിംശിക, ഹേമചന്ദ്രന്റെ അന്യയോഗം എന്നിവയാണ് ഇതിനുദാഹരണങ്ങള്‍. സ്ത്രോത്രസാഹിത്യത്തിലെ രണ്ടാമത്തെ ധാര 24 തീര്‍ഥങ്കരന്മാരുടെ നാമാവലിയും ഇടയ്ക്കിടയ്ക്ക് ഗുണോത്കര്‍ഷദ്യോതകങ്ങളായ വിശേഷണങ്ങളും ചേര്‍ത്തു രചിച്ചിട്ടുള്ള സ്തുതികളിലൂടെയായിരുന്നു വികാസം പ്രാപിച്ചത്. ജിനസേനന്റെ ജിനസഹസ്രനാമമാണ് ഈ രീതിയിലുണ്ടായ ഒടുവിലത്തെ ശ്രദ്ധേയമായ കൃതി. മൂന്നാമത്തെ ധാര, ഭക്തി പ്രകര്‍ഷത്തോടൊപ്പം വൃത്താലങ്കാര സുന്ദരമായ കാവ്യങ്ങളും ചേര്‍ന്ന രചനകളാണ്. ഭദ്രബാഹുവിന്റെ ഉവസഗ്ഗഹരസ്തോത്രം, ധനപാലന്റെ ഋഷഭപഞ്ചാശിക എന്നിവ ഈ രീതിയിലുള്ളവയാണ്. സംസ്കൃതത്തില്‍ മാനതുംഗാചാര്യന്‍ രചിച്ച ഭക്താമരസ്ത്രോത്രമാണ് ഇക്കൂട്ടത്തില്‍ ഏറെ ജനപ്രീതി നേടിയ കൃതി.

'പ്രഥമാനുയോഗം' എന്നറിയപ്പെടുന്ന അര്‍ഹന്തന്മാരുടെയും ചക്രവര്‍ത്തിമാരുടെയും ചരിത്രങ്ങളിലൂടെയാണ് ജൈനകഥാസാഹിത്യം മുളപൊട്ടിയത്. മഹാപുരുഷന്മാരുടെ ചരിതങ്ങള്‍ വ്യത്യസ്തമായൊരു കാവ്യശൈലിയില്‍ രചിക്കുക എന്ന സമ്പ്രദായം വിമലസൂരിയുടെ പഉമചരിയ(പദ്മചരിതം)ത്തിലൂടെയാണ് ആരംഭിച്ചത്. സംസ്കൃതത്തില്‍ വാല്മീകിരാമായണമെന്നപോലെ പ്രാകൃതത്തില്‍ ആദികാവ്യമെന്നു കരുതപ്പെടുന്നത് ഈ കൃതിയെയാണ്. തീര്‍ഥങ്കരചരിതങ്ങള്‍ക്കു പുറമെ മഹദ്വ്യക്തികളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള രചനകളും ജൈനകഥാസാഹിത്യത്തിലുണ്ട്. അവ കാവ്യരൂപത്തിലും ഗദ്യരൂപത്തിലും ഗദ്യപദ്യസമ്മിശ്രമായ രൂപത്തിലും കാണപ്പെടുന്നു. കഥാഗ്രന്ഥങ്ങള്‍ കഥാകോശങ്ങള്‍ എന്ന പേരിലാണറിയപ്പെടുന്നത്. ഇവയില്‍ ഏറ്റവും പ്രാചീനമായത് വസുദേവഹിണ്ഡിയാണ എന്ന കഥാകോശമാണ്. ഉദ്യോതനസൂരിയുടെ കുവലയമാല, ദേവേന്ദ്രഗണിയുടെ രേണചൂഢരായചരിയം, സുമതിസുരിയുടെ ജിനദത്താഖ്യാനം എന്നിവയാണ് മറ്റു പ്രസിദ്ധകൃതികള്‍. ധര്‍മോപദേശകൃതികളാണ് ജൈനകഥാസാഹിത്യത്തിലെ സമ്പന്നമായ മറ്റൊരു ശാഖ. ഉപദേശമാല പ്രകരണ, ശിലോപദേശമാല, കഥാരത്നകോശം, കഥാമഹോദധി എന്നിവ ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായവയാണ്.

നാടകം തുടങ്ങിയ വിനോദങ്ങള്‍ ജൈനമതത്തില്‍ വിലക്കപ്പെട്ടിരുന്നതുകൊണ്ട് 13-ാം ശ.വരെ ജൈനനാടകസാഹിത്യം ശുഷ്കമായിരുന്നു. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ക്കയവുവന്നത് നിരവധി നാടകകൃതികളുടെ പിറവിക്കു കളമൊരുക്കി. മുഖ്യ ജൈന നാടകകൃതികള്‍ നിര്‍ഭയദീമവ്യായോഗം, രഘുവിലാസം, രോഹിണീമൃഗാങ്കം, വനമാല, സുഭദ്ര, പ്രബുദ്ധരൌഹിണേയം, മോഹരാജപരാജയം എന്നിവയാണ്. യശശ്ചന്ദ്രന്റെ മുദ്രിതകുമുദചന്ദ്രയും രത്നശേഖരസൂരിയുടെ പ്രബോധചന്ദ്രോദയവും ജൈനനാടകസാഹിത്യത്തിലെ സമുന്നത രചനകളാണ്.

ആഗമങ്ങള്‍ക്കും ഇതുവരെ വിവരിച്ച സര്‍ഗാത്മരചനകള്‍ക്കും ഒപ്പം തന്നെ ജൈനസാഹിത്യം വ്യാകരണം, ചന്ദശ്ശാസ്ത്രം, നിഘണ്ടു എന്നീ രംഗങ്ങളിലും നിരവധി സംഭാവനകള്‍ നല്കിയിട്ടുണ്ട്. ലഭ്യമായിട്ടുള്ളതില്‍വച്ച് ഏറ്റവും പഴക്കമേറിയത് ജൈനപണ്ഡിതനായ ചണ്ഡ(ചന്ദ്രന്‍)ന്റെ പ്രാകൃതഭാഷാവ്യാകരണമായ പ്രാകൃതലക്ഷണ എന്ന കൃതിയാണ്. ഹേമചന്ദ്രന്റെ ശബ്ദാനുശാസനം, ദേവനന്ദി പൂജ്യപാദന്റെ ജൈനേന്ദ്രവ്യാകരണം, ഗുണനന്ദിയുടെ ശബ്ദാര്‍ണവം എന്നിവയാണ് ശ്രദ്ധേയമായ ഇതര വ്യാകരണ കൃതികള്‍. നന്ദിതാഢ്യകൃതമായ ഗാഥാലക്ഷണം, സ്വയംഭൂഛന്ദാസ്, അജ്ഞാതകര്‍ത്തൃകമായ കവിദര്‍പ്പണം, ശേഖരന്റെ ചന്ദകോശം, ഹേമചന്ദ്രന്റെ ചന്ദോനുശാസനം എന്നിവയാണ് ജൈനഛന്ദഃശാസ്ത്രകൃതികളില്‍ പ്രധാനം. കോശഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടവ പാഇയലച്ഛീനാമമാല, അനേകാര്‍ഥനാമമാല എന്നിവയാണ്.

രവിഷേണന്റെ പദ്മചരിതം, ജിനസേനന്റെ ഹരിവംശപുരാണം, മഹാപുരാണം എന്നീ പുരാണഗ്രന്ഥങ്ങളും സോമദേവസൂരിയുടെ യശസ്തിലകചമ്പുവുമാണ് ജൈനസാഹിത്യത്തിലെ നാഴികക്കല്ലുകള്‍. ജൈനാചാര്യന്മാരുടെയും കവികളുടെയും ചരിത്രം വര്‍ണിച്ചിട്ടുള്ള പ്രഭാചന്ദ്രന്റ പ്രഭാവകചരിത്രം എന്ന കൃതിയും പാരമര്‍ശമര്‍ഹിക്കുന്നു.

ജൈനസാഹിത്യം അപഭ്രംശഭാഷയെ സമ്പന്നമാക്കുകയുണ്ടായി. അര്‍ധമാഗധി, ജൈനശൌരസേനി, ജൈനമഹാരാഷ്ട്രി എന്നീ ഭാഷകളും ജൈനസാഹിത്യത്തിലൂടെ ശ്രദ്ധേയമായ പദവിയിലേക്കുയര്‍ന്നവയാണ്. ഇതിനുപുറമേ നിരവധി പ്രാദേശികഭാഷകളിലും ജൈനപണ്ഡിതന്മാര്‍ കൃതികള്‍ രചിക്കുകയുണ്ടായി. 12-ാം ശ.-വരെ കന്നട കാവ്യരംഗത്ത് ജൈനകവികള്‍ക്കായിരുന്നു പ്രാമുഖ്യം. ചിലപ്പതികാരം എന്ന പ്രാചീനമഹാകാവ്യത്തിന്റെ രചനയിലൂടെ ശ്രദ്ധേയനായ ഇളംകോ അടികള്‍ ഒരു കേരളീയ ജൈനനായിരുന്നു എന്നത് സ്മരണീയമാണ്. ഇങ്ങനെ പ്രാകൃതത്തിലും സംസ്കൃതത്തിലും പ്രാദേശികഭാഷകളിലുമയി നിരവധി ഉത്കൃഷ്ട രചനകള്‍ നിര്‍വഹിച്ചുകൊണ്ടും വ്യാകരണം, ഛന്ദസ്സ് ആദിയായ അടിസ്ഥാന ഗ്രന്ഥങ്ങള്‍ക്കു തുടക്കംകുറിച്ചുകൊണ്ടും ജൈനസാഹിത്യം ഭാരതീയ സാഹിത്യത്തിനു മഹത്തായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. ജൈനമതാനുയായിയും വ്യവസായിയുമായ ശാന്തിപ്രസാദ് ജയ്ന്‍ ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റിന്റെ സ്ഥാപനത്തിനു തുടക്കം കുറിച്ചതും ആ ട്രസ്റ്റ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും ജ്ഞാനപീഠം, മൂര്‍ത്തീദേവി പുരസ്കാരങ്ങള്‍ നല്കുന്നതും ആ നല്ല പാരമ്പര്യത്തിന്റെ തുടര്‍ച്ച ജൈനര്‍ ഇന്നും നിലനിര്‍ത്തുന്നു എന്നതിന്റെ തെളിവു കൂടിയാണ്. നോ. ജ്ഞാനപീഠപുരസ്കാരം

(സുനിത, ടി.വി.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍