This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൈനമതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൈനമതം

ഭാരതത്തില്‍ ജന്മംകൊണ്ട ഒരു മതം. വര്‍ധമാനമഹാവീര(ജിനന്‍)ന്റെ (ബി.സി.599-527) ആധ്യാത്മിക ദര്‍ശനങ്ങളാണ് അതുള്‍ക്കൊള്ളുന്നത്. 1991-ലെ സെന്‍സസ് അനുസരിച്ചുള്ള പ്രാഥമിക നിഗമനങ്ങള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ 31,92,572 പേര്‍ ജൈനമതക്കാരായി ഉണ്ടെന്നാണ്. ജൈനരില്‍ ഭൂരിഭാഗം വണിക്കുകളാണ്. ന്യൂനപക്ഷമാണെങ്കിലും ജൈനമതക്കാര്‍ ഭാരതത്തിന്റെ ചരിത്രത്തില്‍ മഹത്തായ സ്ഥാനം കൈവരിച്ചിട്ടുണ്ട്. കലാസാഹിത്യരംഗങ്ങളില്‍ അവര്‍ നല്കിയിട്ടുള്ള സംഭാവനകള്‍ വളരെ വിലപ്പെട്ടതാണ്. സന്ന്യാസം, അഹിംസ തുടങ്ങിയ അവരുടെ ചിന്തയും ജീവിതവും ഭാരതസംസ്കാരത്തിന്റെ ഗതിയെ വളരെയധികം സ്വാധീനിച്ചിരിക്കുന്നു.

ജൈനസന്യാസിമാരുടെ വിഗ്രഹങ്ങളില്‍ പൂജ നടത്തുന്ന സന്യാസിമാര്‍

ഉദ്ഭവവും വളര്‍ച്ചയും. ജൈനമതത്തിന്റെ ഉദ്ഭവം സംബന്ധിച്ച വ്യക്തമായ ചരിത്രരേഖകള്‍ ലഭ്യമല്ല. വര്‍ധമാനമഹാവീരനാണ് മതസ്ഥാപകനായി കരുതപ്പെടുന്നത് ആധുനിക പാറ്റ്നയ്ക്കുസമീപമുള്ള കൗണ്ഡിന്യപുരത്തിലെ ജ്ഞാത്രിവംശത്തലവനായ സിദ്ധാര്‍ഥന്റെയും ക്ഷത്രിയ വനിതയായ ത്രിശലയുടെയും പുത്രനായ വര്‍ധമാനന്റെ ബാല്യകാലജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അവ്യക്തമാണ്. ശ്വേതാംബരരുടെ പാരമ്പര്യമനുസരിച്ച് യശോദ എന്ന രാജകുമാരിയെ മഹാവീരന്‍ വിവാഹം ചെയ്തു (ജീവിതകാലം മുഴുവന്‍ ബ്രഹ്മചാരിയായികഴിഞ്ഞു എന്ന് ദിഗംബരവിഭാഗം വിശ്വസിക്കുന്നു). 30-ാമത്തെ വയസ്സില്‍ ഇദ്ദേഹം ലൌകിക സുഖങ്ങള്‍ ത്യജിച്ച് സന്ന്യാസിയായി. 12 വര്‍ഷത്തെ കടുത്ത തപശ്ചര്യകള്‍ അനുഷ്ഠിച്ചശേഷം 13-ാം വര്‍ഷം ഋജപാലിക നദിയുടെ തീരത്തുള്ള ജ്യംഭിക ഗ്രാമത്തില്‍ വച്ച് ഇദ്ദേഹത്തിനു 'കവല്യജ്ഞാനം' കൈവന്നു. ഇതോടെ ഇദ്ദേഹം കേവലന്‍, സര്‍വജ്ഞാനി, ജിനന്‍ തുടങ്ങിയ നാമങ്ങളില്‍ അറിയപ്പെട്ടു. നിര്‍ഗ്രന്ഥര്‍ എന്നൊരു കൂട്ടം അനുയായികളും ഇദ്ദേഹത്തിനുണ്ടായി. ജിനന്റെ ശിഷ്യന്മാര്‍ ആയതിനാല്‍ ജൈനന്മാര്‍ എന്ന് അവര്‍ പില്ക്കാലത്ത് അറിയപ്പെട്ടു. 72-ാമത്തെ വയസ്സില്‍ ബിഹാറിന്റെ തെക്കുഭാഗത്തുള്ള 'പാവാ' എന്ന സ്ഥലത്ത് മഹാവീരന്‍ നിര്‍വാണം പ്രാപിച്ചു. മഹാവീരന്‍ സമാധിയായ ദിവസം കാശി, കോസലം എന്നിവിടങ്ങളിലെ 18 രാജാക്കന്മാര്‍ ദീപാലങ്കാരം നടത്തി. ഈ ദിനം ഇന്നും ജൈനര്‍ ദീപാവലിയായി ആഘോഷിക്കുന്നു.

ജൈനമതം സ്ഥാപിച്ചത് മഹാവീരനല്ല എന്നൊരു അഭിപ്രായവുമുണ്ട്. ഒരാള്‍ക്കുശേഷം മറ്റൊരാള്‍ എന്ന ക്രമത്തില്‍ 24 തീര്‍ഥങ്കരന്മാര്‍ ജീവിച്ചിരിക്കുന്നു. കലചക്രപ്രാഹത്തിനു കുറുകെ കടവുകള്‍ നിര്‍മിക്കുന്നവരായാണ് തീര്‍ഥങ്കരന്മാരെ ജൈനമതക്കാര്‍ സങ്കല്പിക്കുന്നത്. ഈ 24 തീര്‍ഥങ്കരന്മാര്‍ ലോകത്തിനു നല്കിയ ആധ്യാത്മിക ജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണു ജൈനമതം രൂപംകൊണ്ടത്. ഓരോ കാലചക്രത്തിന്റെ പകുതിയിലും 24 തീര്‍ഥങ്കരന്മാര്‍ അവതരിക്കാറുണ്ട്. ഒരു കാലചക്രത്തിന് ഉത്സര്‍പ്പിണി, അപസര്‍പ്പിണി എന്നിങ്ങനെ രണ്ടു പകുതികളുമുണ്ട്. ഉത്സര്‍പ്പിണിയില്‍ മനുഷ്യന്‍ പുരോഗമിക്കുന്നു. അപസര്‍പ്പിണിയില്‍ മനുഷ്യനു നാശമുണ്ടാകുന്നു. ഇപ്പോഴത്തെ കാലചക്രത്തിന്റെ അപസര്‍പ്പിണിയിലെ തീര്‍ഥങ്കരന്മാരാണ് ജൈനമതവുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഋഷഭന്‍ (ആദിനാഥന്‍), അജിതന്‍, സംഭവന്‍, അഭിനന്ദനന്‍, സുമതി, പദ്മപ്രദന്‍, സുപാര്‍ശ്വന്‍, ചന്ദ്രപ്രദന്‍, പുഷ്പദന്തന്‍ (സുവിധി), ശീതളന്‍, ശ്രേയാംശന്‍, വസുപൂജ്യന്‍, വിമലന്‍, അനന്തന്‍, ധര്‍മന്‍, ശാന്തി, കുന്തു, അരന്‍, മാലി, മുനിസുവ്രതന്‍, നാമി, നേമി (അരിഷ്ടനേമി) എന്നിവരാണ് ആദ്യത്തെ 27 തീര്‍ഥങ്കരന്മാര്‍. ഇവര്‍ പുരാണകഥാപാത്രങ്ങളാണ്. ജൈനപുരാണമനുസരിച്ച് അരിഷ്ടനേമിയും ശ്രീകൃഷ്ണനും ജ്യേഷ്ഠാനുജന്മാരുടെ മക്കളാണത്രെ. അരിഷ്ടനേമി സൗരാഷ്ട്രത്തിലെ ഗിനോര്‍ഗിരിയില്‍ നിര്‍വാണം പ്രാപിച്ചു.

വാരാണാസി രാജാവ് അശ്വസേനന്റെയും വാമയുടെയും പുത്രനായ പാര്‍ശ്വനാഥന്‍ ആണ് 23-ാമത്തെ തീര്‍ഥങ്കരന്‍. 30-ാമത്തെ വയസ്സുവരെ ഇദ്ദേഹം ലൗകികനായി ജീവിച്ചു. പിന്നീട് സന്ന്യാസജീവിതം നയിച്ചു. തപശ്ചര്യാകാലത്ത് ഒരു ജൈനേതര സന്ന്യാസിയായ കാമരന്‍ ഇദ്ദേഹത്തെ പീഡിപ്പിച്ചുവെന്നും ഒരു നാഗനായ ധരണേന്ദ്രന്‍ പാര്‍ശ്വനെ രക്ഷപ്പെടുത്തി അഭയം കൊടുത്തുവെന്നുമാണ് ഐതിഹ്യം. പാര്‍ശ്വന്റെ ജീവിതത്തിലെ അലൌകികഖണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി ഈ സംഭവം ദിഗംബര ജൈനന്മാരുടെ കലകളിലും ശില്പങ്ങളിലും ചിത്രങ്ങളിലും ഇതിവൃത്തമായി സ്വീകരിച്ചിട്ടുണ്ട്. പാര്‍ശ്വനാഥന്‍ അനുയായികള്‍ക്കു നാലു വ്രതവാഗ്ദാനങ്ങള്‍ - അഹിംസ പാലിക്കുക, സത്യസന്ധത പാലിക്കുക, മോഷ്ടിക്കാതിരിക്കുക, ലൗകിക കാര്യങ്ങളുമായി അധികം ബന്ധം പുലര്‍ത്താതിരിക്കുക - ഉപദേശിച്ചുകൊടുത്തു. ഇരുപത്തിനാലാമത്തെ തീര്‍ഥങ്കരനായിട്ടാണ് വര്‍ധമാനമഹാവീരനെ സങ്കല്പിച്ചിട്ടുള്ളത്. ഇദ്ദേഹം അഞ്ചാമതൊരു വ്രതവാഗ്ദാനം - ബ്രഹ്മചര്യം കൂടി ജൈനവിശ്വാസികള്‍ക്ക് ഉപദേശിച്ചു. മഹാവീരന്റെ അനുയായികള്‍ പാര്‍ശ്വനാഥന്റെ അനുയായികളോടൊപ്പം ചേര്‍ന്നാണ് ജൈനമതം രൂപംകൊണ്ടതെന്ന ഒരു അഭിപ്രായവും ഉണ്ട്. ലൌകിക ബന്ധനങ്ങളില്‍ നിന്നും മോചനം നേടണമെങ്കില്‍ വസ്ത്രമുള്‍പ്പെടെയുള്ള എല്ലാ ബാഹ്യവസ്തുക്കളെയും ഉപേക്ഷിക്കണമെന്ന് മഹാവീരന്‍ അനുയായികളെ പഠിപ്പിച്ചു. സമാധാനവും സന്തോഷവും നിറഞ്ഞ 'സിദ്ധശില' (Siddhasila)എന്ന അവസ്ഥ പ്രാപിക്കണമെങ്കില്‍ 'സമ്യക്ദര്‍ശനം', 'സമ്യക്ജ്ഞാനം', 'സമ്യകേരിത്രം'(Right conduct)എന്നീ ത്രിവിധപാതകള്‍ (ത്രിരത്നങ്ങള്‍ എന്ന് ഇവ അറിയപ്പെടുന്നു) പിന്തുടര്‍ന്നുകൊണ്ട് ആത്മാവിനെ ദേഹാന്തരപ്രാപ്തി(Transmigration)യില്‍ നിന്നു വിമോചിപ്പിക്കണമെന്നും ജിനന്‍ ഉപദേശിച്ചിരുന്നു.

വളര്‍ച്ചയും ഭിന്നിപ്പും. കാലക്രമത്തില്‍ ജൈനമതവിശ്വാസികളുടെ സംഖ്യ വര്‍ധിച്ചു. മഹാവീരന്റെ ഉപദേശങ്ങള്‍ ക്രോഡീകരിച്ച് പൂര്‍വങ്ങള്‍ എന്ന പതിനാലു വാല്യം ഗ്രന്ഥസമുച്ചയവും രൂപംകൊണ്ടു. ഈ ഉപദേശങ്ങളധികവും ജിനനിന്‍ നിന്നും നേരിട്ടുകേട്ട് ശിഷ്യന്മാര്‍ സ്മൃതിപഥത്തില്‍ നിലനിര്‍ത്തിയിരുന്നവയായിരുന്നു. ഭദ്രബാഹു എന്ന മഹാസന്ന്യാസിയാണ് പൂര്‍വങ്ങളെല്ലാം ഹൃദിസ്ഥമാക്കിയിരുന്ന അവസാനത്തെ പണ്ഡിതന്‍ എന്നു വിശ്വസിക്കപ്പെടുന്നു. ബി.സി. 4-ാം ശ.-ന്റെ അവസാനം ദക്ഷിണബീഹാറില്‍ ഉണ്ടായ വലിയക്ഷാമത്തിന്റെ ഫലമായി ഭദ്രബാഹുവിന്റെ നേതൃത്വത്തിലുള്ള ഒരു വലിയ സംഘം ജൈനന്മാര്‍ മൈസൂര്‍ പ്രദേശത്തു കുടിയേറ്റം നടത്തി. മറ്റുള്ള ജൈനമതക്കാര്‍ പാടലീപുത്രത്തില്‍ത്തന്നെ കഴിഞ്ഞുകൂടി. ജൈനരുടെ പുണ്യഗ്രന്ഥമായ പൂര്‍വങ്ങള്‍ വിസ്മൃതിയിലാണ്ടുപോയേക്കും എന്നു ഭയന്ന ഇക്കൂട്ടര്‍ പാടലീപുത്രത്തില്‍ ഒരു ജൈനമഹാസമ്മേളനം വിളിച്ചുകൂട്ടി. ഈ സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകളുടെ ഫലമയി ജൈനസിദ്ധാന്തങ്ങള്‍ പുനഃക്രോഡീകരിക്കപ്പെട്ടു. ഇപ്രകാരം ക്രോഡീകരിക്കപ്പെട്ട ജൈനസിദ്ധാന്തങ്ങളെ അംഗങ്ങള്‍ (Angas)എന്ന പന്ത്രണ്ടു വാല്യങ്ങളുള്ള ഗ്രന്ഥസമുച്ചയത്തില്‍ ഉള്‍ക്കൊള്ളിച്ചു. എ.ഡി. 5-ാം ശ.-ല്‍ ഗുജറാത്തിലെ 'വലഭി' (Valabhi)എന്ന സ്ഥലത്തുകൂടിയ ജൈനമഹാസമ്മേളനം ഇതിനെ നവീകരിച്ചു. അംഗങ്ങള്‍ക്കു പുറമേ 12 ഉപാംഗങ്ങള്‍ 10 പ്രകീര്‍ണകങ്ങള്‍, 6 ഛേദസൂത്രങ്ങള്‍, 4 മൂല സൂത്രങ്ങള്‍, 2 ചൂലികാസൂത്രങ്ങള്‍ എന്നിവ അടങ്ങിയതാണ് ജൈനസിദ്ധാന്തങ്ങള്‍.

പാടലീപുത്രത്തിലെ ജൈനമതക്കാര്‍ ക്രോഡീകരിച്ച ജൈനസിദ്ധാന്തങ്ങളെ അംഗീകരിക്കുവാന്‍, മൈസൂറിലേക്കു കുടിയേറിയ ജൈനമതക്കാര്‍ വിസമ്മതിച്ചു ഇത് ജൈനമതക്കാരുടെയിടയില്‍ ഒരു ഭിന്നിപ്പിനു കാരണമായി. പാടലീപുത്രശാഖയിലെ ജൈനമതക്കാര്‍ 'ശ്വേതാംബരന്മാര്‍' എന്നറിയപ്പെട്ടു. ദക്ഷിണേന്ത്യയിലെ ജൈനന്മാര്‍ മഹാവീരന്റെ തത്ത്വസംഹിതകളില്‍ -വസ്ത്രധാരണം ഉപേക്ഷിക്കുന്നതുള്‍പ്പെടെ- ഉറച്ചു നിന്നു. അവര്‍ 'ദിംഗബരന്മാര്‍' എന്ന പേരില്‍ അറിയപ്പെട്ടു.

ശ്വേതാംബര-ദിഗംബരന്മാരുടെ മതപ്രമാണങ്ങള്‍ക്ക് അടിസ്ഥാനപരമായി വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. ഓരോ പ്രദേശത്തും ജൈനമതസമൂഹങ്ങള്‍ (ഗണങ്ങള്‍) സജീവമായിരുന്നു. ഓരോ ഗണവും ശാഖകളായി വിഭജിക്കപ്പെട്ടിരുന്നു. ഒരേ പ്രദേശത്തുള്ള അനേകം ജൈനകുടുംബങ്ങള്‍ ചേര്‍ന്നാണു ശാഖ രൂപീകരിക്കപ്പെട്ടിരുന്നത്. തന്റെ പതിനൊന്നു ശിഷ്യപ്രമുഖരുടെ (ഗണധരന്മാര്‍) നേതൃത്വത്തില്‍ ആദ്യത്തെ പതിനൊന്നു ജൈനഗണങ്ങള്‍ മഹാവീരന്‍ തന്നെ നേരിട്ടു സ്ഥാപിച്ചുവെന്നും വിശ്വാസമുണ്ട്. മഹാവീരന്റെ പ്രമുഖ ശിഷ്യനായിരുന്ന ഗൗതമ ഇന്ദ്രഭൂതിയും സഹപ്രവര്‍ത്തകനായിരുന്ന സുധര്‍മനും മഹാവീരന്റെ സന്ദേശങ്ങള്‍ ശിഷ്യരിലേക്കു പകര്‍ന്നു. സുധര്‍മന്‍ നേരിട്ടു പഠിപ്പിച്ച കാര്യങ്ങളാണ് ശ്വേതാംബരക്കാരുടെ മതനിയമം (ധര്‍മശാസ്ത്രം). ശ്വേതാംബരവിഭാഗക്കാരുടെ ധര്‍മസംഹിതകളുടെ-വിശേഷിച്ചും അംഗങ്ങള്‍, ഉപാംഗങ്ങള്‍ തുടങ്ങിയ ഗ്രന്ഥങ്ങളുടെ - ആധികാരികതയെ ദിഗംബരര്‍ ചോദ്യം ചെയ്യുന്നു.

മഹാവീരന്റെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ മഗധവഴി തെക്കുദിശയിലേക്കും പശ്ചിമദിശയിലേക്കും വ്യാപിച്ചു. മഗധയിലെ ബിംബിസാരന്‍ ഉള്‍പ്പെടെ അനേകം രാജാക്കന്മാര്‍ ജൈനമതക്കാര്‍ക്കു പ്രോത്സാഹനം നല്കി. മൗര്യസാമ്രാജ്യത്തിലെ സ്ഥാപകചക്രവര്‍ത്തിയായിരുന്ന ചന്ദ്രഗുപ്തന്‍ ജൈനമതം സ്വീകരിച്ചുകൊണ്ടു മൈസൂറിലെ ശ്രാവണബലഗൊളയിലേക്കുപോയി. അവിടെ വച്ചു സംലേഖനം (ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ഉപവാസത്തിലൂടെയുള്ള മരണം) കൈവരിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. എ.ഡി. 5-ാം ശതകത്തോടെ ദിഗംബര വിഭാഗക്കാര്‍ പ്രാധാന്യം കൈവരിച്ചു. മൈസൂര്‍ ആയിരുന്നു ഈ വിഭാഗക്കാരുടെ കേന്ദ്രം. 10-ാം ശ.-ല്‍ തമിഴ്നാട്ടില്‍ ഹിന്ദുമതത്തിനുണ്ടായ പുരോഗതിയെത്തുടര്‍ന്ന് ആ പ്രദേശത്തു ജൈനമതം നിഷ്പ്രഭമായി. 12-ാം ശ.-ത്തോടുകൂടി കര്‍ണാടകപ്രദേശത്തും ജൈനമതം ഹിന്ദുമതത്തിനു വഴിമാറികൊടുത്തു.

ഗുജറാത്ത് ആയിരുന്നു ശ്വേതാംബര വിഭാഗക്കാരുടെ ശക്തികേന്ദ്രം. ഗുജറാത്ത് പ്രദേശത്തു ജൈനമതത്തിന്റെ സ്വാധീനം ഉറപ്പിക്കുന്ന കാര്യത്തില്‍ ജൈനപണ്ഡിതനായിരുന്ന ഹേമചന്ദ്രന്‍ വലിയ പങ്കു വഹിച്ചു. മുഗളന്മാരുടെ ആഗമനത്തോടെ ഇവിടെയും ജൈനമതസ്വാധീനം ക്ഷയിച്ചു. രാജസ്ഥാനിലെ മൗണ്ട് അബു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിരവധി ജൈനക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടു. അക്ബര്‍ ചക്രവര്‍ത്തിയുടെ രാജധാനിയില്‍ ജൈനപണ്ഡിതന്മാര്‍ക്ക് പ്രോത്സാഹനം ലഭിച്ചു. ഔറംഗസീബിന്റെ കാലത്തു ജൈനമതക്കാരും പീഡിപ്പിക്കപ്പെട്ടു. കാലക്രമത്തില്‍ ജൈനമതക്കാര്‍ ഭാരതത്തില്‍ ചെറിയൊരു വിഭാഗം മാത്രമായി ശുഷ്കിച്ചു. ഇന്നും മഹാരാഷ്ട്ര, കര്‍ണാടക മേഖലകളില്‍ ദിഗംബരശാഖയും പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ ശ്വേതാംബരശാഖയും പ്രവര്‍ത്തിക്കുന്നു.

മതാനുഷ്ഠാനങ്ങള്‍. ഭാരതീയ ജീവിതരീതിയും മഹാവീരന്റെ ഉപദേശങ്ങളും ഒത്തിണങ്ങുന്ന ഒരു പ്രത്യേകതരം ജീവിതചര്യയാണ് ജൈനമതക്കാര്‍ പിന്തുടരുന്നത്. ജൈനവിശ്വാസികളെ മൊത്തത്തില്‍ നാലു വിഭാഗക്കാരായി തരംതിരക്കാം: സന്ന്യാസികള്‍, സന്ന്യാസിനികള്‍, ഗൃഹസ്ഥാശ്രമികളായ പുരുഷന്മാര്‍, ഗൃഹസ്ഥാശ്രമികളായ വനിതകള്‍. 'ത്രിരത്നങ്ങള്‍' എന്നറിയപ്പെടുന്ന 'സമ്യക്ദര്‍ശനം', 'സമ്യക്ജ്ഞാനം', 'സമ്യകേരിത്രം' എന്നീ മൂന്നു പുണ്യങ്ങളിന്മേലാണ് ജൈനവിശ്വാസം അധിഷ്ഠിതമായിട്ടുള്ളത്. ഈ മൂന്നു പുണ്യങ്ങളും അനുഷ്ഠിക്കുന്ന വ്യക്തിക്ക് ലോകബന്ധനങ്ങളില്‍ നിന്നുള്ള മോചനം പ്രാപിക്കുവാന്‍ സാധിക്കും. സന്ന്യാസവ്രതം സ്വീകരിക്കുന്ന പുരുഷന്മാര്‍ക്കാണ് ഈ ജീവിതനിഷ്ഠകള്‍ പാലിക്കുവാന്‍ കൂടുതല്‍ അവകാശവും അവസരങ്ങളും ലഭിക്കുന്നത്. ഗൃഹസ്ഥാശ്രമികളെ കടുത്തനിബന്ധനകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും സന്ന്യാസക്രമം പാലിക്കുന്നവരും ഗൃഹസ്ഥാശ്രമികളും ജൈനധര്‍മശാസ്ത്രത്തിന്റെ അടിസ്ഥാനവ്രതങ്ങള്‍ പാലിക്കുവാന്‍ ബാധ്യസ്ഥരാണ്.

ജൈനസന്ന്യാസിമാരും സന്ന്യാസിനികളും പഞ്ചമഹാവ്രതങ്ങള്‍ പാലിക്കണമെന്നത് നിര്‍ബന്ധമാണ്. അഹിംസ (ഹിംസ വര്‍ജിക്കുക), സത്യം (കള്ളം പറയാതിരിക്കുക), അസ്തേയം (തന്റേതല്ലാത്ത വസ്തുക്കള്‍ കരസ്ഥമാക്കാതിരിക്കുക), ബ്രഹ്മം (നിയമവിരുദ്ധമായ ലൈംഗിക ബന്ധങ്ങളില്‍ നിന്നുവിട്ടു നില്ക്കുക), അപരിഗ്രഹം (ലൗകികവസ്തുക്കളില്‍ അമിതമായ ആഗ്രഹം പുലര്‍ത്താതിരിക്കുക) എന്നിവയാണ് പഞ്ചവ്രതങ്ങള്‍. രാത്രികാലങ്ങളില്‍ ഭക്ഷണപാനീയങ്ങള്‍ വര്‍ജിക്കുക എന്ന വ്രതം കൂടി പില്ക്കാലത്തു സന്ന്യാസിമാര്‍ പാലിച്ചുതുടങ്ങി.

സന്ന്യാസവ്രതം സ്വീകരിച്ചവര്‍ സാധാരണ ഗതിയില്‍ സമൂഹമായി ജീവിക്കുന്നു. സംഘം (ഗച്ഛം) എന്നാണ് ഈ സമൂഹം അറിയപ്പെടുന്നത്. ഗണാധിപന്റെ നിര്‍ദേശങ്ങള്‍ക്കു വിധേയമായി, തികഞ്ഞ അച്ചടക്കത്തോടും അഭിപ്രായൈക്യത്തോടും കൂടി കഴിയുവാന്‍ സന്ന്യാസിനിമാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. അംഗങ്ങളുടെ ഭൌതികവും ആധ്യാത്മികവും ആയ കാര്യങ്ങള്‍ അന്വേഷിക്കുന്നത് പ്രായത്തില്‍ മുതിര്‍ന്നവരാണ്. ഗണത്തില്‍ ജൈനഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്ന ആളാണ് ഉപാധ്യായന്‍. ഗണത്തിലെ ആധ്യാത്മികോപദേഷ്ടാവാണ് ആചാര്യന്‍. ദീര്‍ഘകാലം നീണ്ടുനില്ക്കുന്ന നവശിഷ്യത (Novitiate)പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ സന്ന്യാസിമാര്‍ക്ക് വൈദികപട്ടം നല്കാറുള്ളു. നവശിഷ്യത ആഗ്രഹിക്കുന്ന വ്യക്തി ഗൃഹം വിട്ടുപോരുമ്പോള്‍ തന്റെ സ്വത്തുക്കള്‍ പരിത്യജിക്കണമെന്നും തല മുണ്ഡനം ചെയ്യണമെന്നും നിര്‍ബന്ധമാണ്. നവശിഷ്യന് ഒരു പാത്രം, ഒരു ചൂരല്‍, ഒരു തുണിക്കഷ്ണം, ഒരു കൗപീനവസ്ത്രം എന്നിവ നല്കപ്പെടുന്നു. മതപരമായ കടമകള്‍ പഠിച്ചശേഷം പഞ്ചമഹാവ്രതങ്ങള്‍ സ്വീകരിക്കുന്നതോടെ അയാള്‍ക്ക് സന്ന്യാസഗണത്തില്‍ പൂര്‍ണ അംഗത്വം ലഭിക്കും. നിര്‍ഗ്രന്ഥര്‍, ഭിക്ഷുക്കള്‍, സാധുക്കള്‍ എന്നീ പേരുകളിലാണ് ജൈനസന്ന്യാസിമാര്‍ അറിയപ്പെടുന്നത്. നിര്‍ഗ്രന്ഥികള്‍, ഭിക്ഷുണികള്‍, സാധ്വികള്‍ എന്നീ പേരുകളില്‍ ജൈനസന്ന്യാസിനിമാര്‍ അറിയപ്പെടുന്നു. സന്ന്യാസിമാരെക്കാള്‍ താഴ്ന്ന പദവിയാണ് സന്ന്യാസിനികള്‍ക്കുള്ളത്.

പ്രത്യേകതരത്തിലുള്ള വസ്ത്രധാരണം, ഭിക്ഷാടനം, പഠനം, പാപനിവേദനം, പ്രായശ്ചിത്തം തുടങ്ങിയവ സന്ന്യാസിമാരുടെ മതാനുഷ്ഠാനത്തിന്റെ ഭാഗമാണ്. മഴക്കാലത്ത് ജൈനസന്ന്യാസിമാര്‍ ക്ഷേത്രപരിസരങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള ഉപാശ്രയങ്ങളില്‍ ഒരുമിച്ചു പാര്‍ക്കുന്നു. ഇക്കാലത്തു ഗൃഹസ്ഥാശ്രമികള്‍ ഈ കേന്ദ്രങ്ങളിലെത്തി സന്ന്യാസികളില്‍ നിന്നും ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും സ്വീകരിക്കുന്നു. മറ്റുള്ള കാലങ്ങളില്‍ ജൈനസന്ന്യാസിമാര്‍ ദേശാടനം നടത്തും. ഓരോ പകലും രാത്രിയും നാലു പൗരുസികള്‍ (ഘട്ടങ്ങള്‍) ആയി വിഭജിച്ചുകൊണ്ടാണ് അവരുടെ ജീവിതചൈര്യ ക്രമപ്പെടുത്തിയിട്ടുള്ളത്. ആദ്യത്തെയും അവസാനത്തെയും പൗരുസി പഠനത്തിനുവേണ്ടിയുള്ളതാണ്. രണ്ടാമത്തെ പൗരുസിയില്‍ ധ്യാനം. പകല്‍സമയത്തെ മൂന്നാമത്തെ പൗരുസിയിലാണ് ഭിക്ഷാടനം. രാത്രികാലത്തെ നാലാമത്തെ പൗരുസി നിദ്രയ്ക്കുവേണ്ടിയുള്ളതാണ്.

ഭിക്ഷാടനം സന്ന്യാസജീവിതത്തിലെ പ്രധാനപ്പെട്ട ഘടകമാണ്. ഭിക്ഷാടന ധര്‍മം വിസ്മരിക്കാതിരിക്കുന്നതിനുവേണ്ടി, ജൈനസന്ന്യാസ സമൂഹങ്ങളില്‍ വലിയ സമ്പത്തു പാടില്ലെന്നുണ്ട്. അശുദ്ധവും അസ്വീകാര്യവും ആയുള്ള ഭക്ഷണം അവര്‍ക്ക് നിക്ഷിദ്ധമാണ്. ഭക്ഷണത്തില്‍ ജീവാംശമുള്ളതൊന്നും പാടില്ല. സസ്യവസ്തുക്കളും തിളപ്പിച്ചു തണുപ്പിച്ച പാനീയങ്ങളും മാത്രം അവര്‍ ഉപയോഗിക്കുന്നു. ഉപവാസം അവര്‍ക്ക് ഒരു പുണ്യപ്രവൃത്തിയാണ്. മരണം വരെയുള്ള ഉപവാസം (സംലേഖനം) അവരെ പുണ്യപൂര്‍ണതയിലേക്കു നയിക്കുന്നുവെന്നാണു വിശ്വാസം. പാപനിവേദനത്തിനും (Confession) പശ്ചാത്താപത്തിനും (പ്രതിക്രമണത്തിനും) ശേഷം മാത്രമാണ് ഭിക്ഷാടനവും ഉപവാസവും അനുഷ്ഠിക്കേണ്ടത്. കുറഞ്ഞപക്ഷം രണ്ടാഴ്ചയിലൊരിക്കലെങ്കിലും ഇവ അനുഷ്ഠിക്കണമെന്നുള്ളത് നിര്‍ബന്ധമാണ്.

ശ്രാവകന്മാര്‍, ഉപാസകന്മാര്‍ (Servants) എന്നൊക്കെയാണ് ഗൃഹസ്ഥാശ്രമികള്‍ അറിയപ്പെടുന്നത്. ശ്രാവകന്മാരും പഞ്ചവ്രതങ്ങള്‍ (അഹിംസ, സത്യം, അസ്തേയം, ബ്രഹ്മം, അപരിഗ്രഹം) പാലിക്കേണ്ടതുണ്ട്. അവ അത്ര കര്‍ക്കശങ്ങളല്ലെന്നതിനാല്‍ അവ അനുവ്രതങ്ങള്‍ (lesser vows) എന്നറിയപ്പെടുന്നു. സന്ന്യാസിമാരില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കുക ശ്രാവകന്മാരുടെ പ്രധാന കടമയാണ്. തീര്‍ഥാടനങ്ങളിലൂടെയും മറ്റും മനസ്സിനെ സംശുദ്ധമാക്കുക, ക്രമമായി ധ്യാനം നടത്തുക, നിര്‍ദിഷ്ട ഇടവേളകളില്‍ ഉപവസിക്കുക, പാപനിവേദനം നടത്തുക എന്നീ ചുമതലകളും ഗൃഹസ്ഥാശ്രമികള്‍ അനുഷ്ഠിക്കേണ്ടതുണ്ട്. ഗൃഹസ്ഥാശ്രമികളുടെ മതാനുഷ്ഠാനങ്ങളില്‍ ഹിന്ദുമതം ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളിലെ ദീപാരാധന, പുഷ്പ-ഫല അര്‍ച്ചനകള്‍, കളഭാഭിഷേകം തുടങ്ങിയവ ഇതിനു തെളിവാണ്. അവര്‍ ഉത്സവങ്ങളും ആഘോഷിക്കുന്നു. ശ്രാവണബലഗൊള(മൈസൂര്‍)യിലെ ബാഹുബലിപ്രതിമയില്‍ ദിഗംബരസന്ന്യാസിമാര്‍ നടത്തുന്ന തൈലാഭിഷേകം പ്രധാനപ്പെട്ട ഒന്നാണ്. പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഈ ആഘോഷം ലക്ഷക്കണക്കിനു ജനങ്ങളെ ആകര്‍ഷിക്കാറുണ്ട്. തങ്ങളുടെ ആത്മശുദ്ധീകരണത്തിന്റെ പുണ്യപൂര്‍ണതയ്ക്ക് മതാനുഷ്ഠാനങ്ങള്‍ സഹായകകരമാണെന്നു ജൈനന്മാര്‍ വിശ്വസിക്കുന്നു.

ജൈന ധര്‍മസംഹിതകള്‍. ശ്വേതാംബര ദിഗംബര വിഭാഗങ്ങളുടെ പുണ്യഗ്രന്ഥങ്ങളില്‍ ജൈനധര്‍മ സംഹിത വ്യക്തമാക്കിയിട്ടുണ്ട്. തത്ത്വാര്‍ഥാധിഗമസൂത്രങ്ങളിലും ധര്‍മസംഹിതകള്‍ അടങ്ങിയിട്ടുണ്ട്. ജൈനസിദ്ധാന്തത്തിന്റെ അടിസ്ഥാനം 'ജ്ഞാനം' ആണ്. മനുഷ്യജീവന്റെ (ആത്മാവിന്റെ) ഏറ്റവും പ്രധാന ഗുണമാണ് ജ്ഞാനം. അഞ്ചുതരം ജ്ഞാനങ്ങളില്‍ മഹത്തരമാണ് 'കേവലജ്ഞാനം' (അന്യൂനമായ സര്‍വജ്ഞത).

അധ്യാത്മിക ശുദ്ധി കൈവരിക്കുന്നതിനുവേണ്ടി ജൈനര്‍ വിവിധ ധര്‍മങ്ങള്‍ അനുഷ്ഠിക്കുന്നു. സന്ന്യാസിമാരുടെ പ്രധാന ആധ്യാത്മികാനുഷ്ഠാനങ്ങള്‍ ഇവയാണ്.

1. ത്രിവിധനിരീക്ഷണം അഥവാ മേല്‍നോട്ടം. ശാരീരികവും മാനസികവും വാചികവും ആയ പ്രവര്‍ത്തനങ്ങളെ കര്‍ശനമായ സ്വയം മേല്‍നോട്ടത്തിനു വിധേയമാക്കുക.

2. പഞ്ചവിധ അവധാനം. നടക്കുമ്പോഴും സംസാരിക്കുമ്പോഴും പ്രവൃത്തി ചെയ്യുമ്പോഴും ഭിക്ഷാടനം നടത്തുമ്പോഴും വിസര്‍ജിക്കുമ്പോഴും ജീവികള്‍ക്ക് ഹിംസയുണ്ടാകാതെ ശ്രദ്ധിക്കുക.

3. ദശവിധ ധര്‍മനിഷ്ഠ. ക്ഷമ, എളിമ, നീതിനിഷ്ഠ, പരിശുദ്ധി, സത്യസന്ധത, സംയമനം, തപോനിഷ്ഠ, വിരക്തി, സ്വയംകൃത ദാരിദ്ര്യം, ആധ്യാത്മിക വിധേയത്വം എന്നിവ പാലിക്കുക.

4. ദ്വാദശ അനുപ്രേക്ഷകങ്ങള്‍ (ധ്യാനങ്ങള്‍). വസ്തുക്കളുടെ അസ്ഥിരതയെക്കുറിച്ചുള്ള ധ്യാനം; മനുഷ്യന്റെ നിസ്സഹായാവസ്ഥയെക്കുറിച്ചുള്ള ധ്യാനം; ദേഹാന്തര പ്രാപ്തിയുടെ ഗതി അഥവാ സംസാരത്തെക്കുറിച്ചുള്ള ധ്യാനം; കാലഗതിയില്‍ ഓരോ വ്യക്തിയുടെയും ഏകാന്തതയെക്കുറിച്ചുള്ള ധ്യാനം; ശരീരവും ആത്മാവും തമ്മിലുള്ള അടിസ്ഥാന വ്യത്യാസത്തെക്കുറിച്ചുള്ള ധ്യാനം; ശരീരത്തിന്റെ നിര്‍മലതയെക്കുറിച്ചുള്ള ധ്യാനം; മുജ്ജന്മപാപങ്ങളുടെ സമാഹാരത്തെക്കുറിച്ചുള്ള ധ്യാനം; മുജ്ജന്മ പാപങ്ങളില്‍ നിന്നും മോചനം നേടുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചുള്ള ധ്യാനം; ദൈവകൃപ കൂടാതെ തന്നെ ഓരോരുത്തരും സ്വയം രക്ഷപ്രാപിക്കുവാന്‍ ചുമതലപ്പെട്ടവരാണെന്ന വസ്തുതയെക്കുറിച്ചുള്ള ധ്യാനം; സത്യത്തെക്കുറിച്ചുള്ള ധ്യാനം.

അനുഷ്ഠാനങ്ങള്‍ക്കുശേഷവും തങ്ങളില്‍ ഏതെങ്കിലും പാപങ്ങള്‍ അവശേഷിക്കുന്നതായി സന്ന്യാസിമാര്‍ക്കു തോന്നിയാല്‍, അവര്‍ അവയെ ദൃഢവും ഏകാഗ്രവും ആയ തപശ്ചര്യകളിലൂടെ ഉപേക്ഷിക്കുന്നു.

ഗൃഹസ്ഥാശ്രമികളും ഒട്ടേറെ സുകൃതങ്ങള്‍ പാലിക്കണമെന്ന് ജൈനധര്‍മശാസ്ത്രം അനുശാസിക്കുന്നു. അഹിംസ, സത്യം, അസ്തേയം, ബ്രഹ്മം, അപരിഗ്രഹം എന്നീ പഞ്ചവിധ അനുവ്രതങ്ങള്‍ പാലിക്കുന്ന ഗൃഹസ്ഥാശ്രമികള്‍ക്കും കാലക്രമത്തില്‍ സന്ന്യാസിമാരെപ്പോലെ പുണ്യജീവിതം നയിക്കാം. ഒടുവില്‍ മരണം വരെയുള്ള ഉപവാസം (സംലേഖനം) അനുഷ്ഠിച്ചുകൊണ്ട് നിര്‍വാണം പ്രാപിക്കുവാനും ഗൃഹസ്ഥാശ്രമികള്‍ക്ക് സാധിക്കും.

(പ്രൊഫ. നേശന്‍. റ്റി. മാത്യു)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B5%88%E0%B4%A8%E0%B4%AE%E0%B4%A4%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍