This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൈനകല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൈനകല

ജൈനകല ബൗദ്ധകലാദര്‍ശനവുമായി ഇഴചേര്‍ന്നിരിക്കുന്നു. ജൈന-ബൗദ്ധകലാരൂപങ്ങള്‍ക്ക് വളരെയേറെ സാദൃശ്യമുള്ളതുകൊണ്ട് അവ തിരിച്ചറിയുക എളുപ്പമല്ല. വിശദാംശങ്ങളിലാണ് വ്യതിരിക്തത നിഗൂഹനം ചെയ്തിരിക്കുന്നത്.

വാസ്തുവിദ്യ. വിശാല എന്ന സ്ഥലത്ത് തീര്‍ഥങ്കരന്മാരിലൊരാളായ മുനി സുവത്രന്റെ സ്തൂപമുള്ളതായി ആദ്യകാല ജൈനകൃതികളില്‍ പ്രതിപാദിച്ചിട്ടുണ്ട്. മഥുരയിലെ ജൈനസന്ന്യാസിമാരുടെ അഞ്ചുസ്തൂപങ്ങള്‍ 'പഞ്ചസ്തൂപാന്വയ' എന്നറിയപ്പെടുന്നു. ഇതില്‍ ഏറ്റവും പഴക്കമുള്ള ഒന്നില്‍ 'ദേവനിര്‍മിത' എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. ഏഴാം തീര്‍ഥങ്കരനായ സുപാര്‍ശ്വനാഥന്റേതാണിതെന്ന് പറയപ്പെടുന്നുവെങ്കിലും 23-ാം തീര്‍ഥങ്കരനായ പാര്‍ഗ്വന്റെതാകാനാണ് കൂടുതല്‍ സാധ്യത. ഈ സ്തൂപത്തിന് മഥുരയിലെ തന്നെ കങ്കാളിതിലയിലെ സ്തൂപത്തോടു സാദൃശ്യമുണ്ട്.

തീര്‍ഥങ്കര മഹാവീരന്‍ (ഇന്ദ്രസഭ) എല്ലോറ

5-ാം ശ.-ന്റെ ആരംഭത്തില്‍ ജൈനഗുഹാവാസ്തുശൈലി ഉദയം ചെയ്തു. ഉദയഗിരിയിലെ ഗുഹകളാണ് ഏറ്റവും പ്രാചീനം. ബ്രാഹ്മണ്യ പ്രതിഷ്ഠകളാണിവിടെ അധികവും. 6-ാം ശ.-ല്‍ ബാദാമിയിലും 7-ാം ശ.-ല്‍ ദക്ഷിണേന്ത്യയിലും ഗുഹാവാസ്തുശൈലി പ്രത്യക്ഷമായി. ബാദാമിയിലെയും ഐഹോളിലെയും ഗുഹകളിലാണ് ജൈനരുടെ വാസ്തുചാരുത പ്രകടമാകുന്നത്. 9-ാം ശ.-ത്തോടെയാണ് എല്ലോറ ഗുഹകളില്‍ ലോഹശില്പങ്ങള്‍ പ്രത്യക്ഷമായത്. ബാദാമി-ഐഹോള്‍ ഗുഹകളിലെ ചിത്രത്തൂണുകളോടുകൂടിയ ചതുഷ്കോണഹാള്‍, എല്ലോറയിലെ 'ഛോട്ടാ കൈലാസ്', ഇന്ദ്രസഭ, ജഗന്നാഥസഭ എന്നിവയാണ് ജൈനവാസ്തുശൈലി സുഭഗതയുടെ നിത്യസ്മാരകങ്ങള്‍.

ശില്പവിദ്യയെ സംബന്ധിച്ച ലോകത്തെ ആദ്യത്തേതും ആധികാരികവുമായ ഗ്രന്ഥമാണ് വരാഹമിഹിരന്റെ ബൃഹത്സംഹിത. ഇതില്‍ പ്രതിമാലക്ഷണാധ്യായം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സുന്ദരന്‍, ദിഗ്വസനന്‍-മഹാവീരന്‍, ആജാനുലംബബാഹു, പ്രശാന്തമൂര്‍ത്തി, ആത്മനിയന്ത്രിതന്‍, ശ്രീവത്സധാരി-2000 വര്‍ഷം മുമ്പ് ജൈനശില്പികള്‍ നിഷ്കര്‍ഷിച്ചിരുന്ന ജിന രൂപ സങ്കല്പം വരാഹമിഹിരന്‍ വിവരിക്കുന്നു. ദക്ഷിണേന്ത്യന്‍ ജൈനഗ്രന്ഥമായ മാനസാരയിലും ജൈനപ്രതിമാ നിര്‍മാണത്തില്‍ പാലിക്കേണ്ട തത്ത്വങ്ങള്‍ വിവരിച്ചിട്ടുണ്ട്.

പാറ്റ്നയ്ക്ക് സമീപം പ്രാചീന പാടലീപുത്രപ്രദേശമായ ലോഹനിപ്പുരയില്‍ നടത്തിയ പര്യവേക്ഷണങ്ങളില്‍ കണ്ടെത്തിയ 'കയോത്സര്‍ഗ'മുദ്രയിലുള്ള തീര്‍ഥങ്കരന്റെ അപൂര്‍ണവിഗ്രഹമുള്ളതും പ്രതലത്തില്‍ മൗര്യവംശക്കാലത്തെ മിനുക്കുപണികള്‍ നടത്തിയിട്ടുള്ളതുമായ ഒരു ക്ഷേത്രമാണ് ഏറ്റവും പ്രാചീന ജൈന ദേവാലയം എന്നു കരുതപ്പെടുന്നു.

ജൈനമതത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വിഗ്രഹാരാധന നടപ്പിലായിരുന്നു. ശ്രീബുദ്ധന്റെതില്‍ നിന്നു വ്യത്യസ്തമായി മഹാവീരന്‍ തന്റെ വിഗ്രഹത്തെ ആരാധിക്കുന്നത് വിലക്കിയിരുന്നില്ല; ആരാധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുമില്ല. ജൈനമതം സൃഷ്ടികര്‍ത്താവായ ഒരു ഈശ്വരനില്‍ വിശ്വസിക്കാത്തതിനാല്‍ ജൈനദര്‍ശനത്തില്‍ ദേവപദവിക്കു പ്രസക്തിയില്ല. ഒരു മതവിശ്വാസക്രമമെന്നനിലയില്‍ ദേവാദിദേവന്മാരായി അംഗീകരിക്കപ്പെടുന്ന തീര്‍ഥങ്കരന്മാരുടെ വിഗ്രഹങ്ങള്‍ ആരാധിക്കുന്ന രീതി പാര്‍ശ്വനാഥന്റെ കാലത്തോ മഹാവീരന്റെ കാലത്തോ തുടങ്ങിയിരുന്നില്ല.

മൗണ്ട് അബു - പ്രാര്‍ത്ഥനാലയത്തിന്റെ ഒരു ഭാഗം

വിദഭയ പട്ടണത്തില്‍ ഉദയന രാജാവും പത്നിയും ജീവന്തസ്വാമി സങ്കല്പത്തിലുള്ള മഹാവീരന്റെ ഒരു പൂര്‍ണകായദാരുശില്പം ആരാധിച്ചിരുന്നതായി ചില ചിത്രങ്ങളും ശില്പങ്ങളും കണ്ടെത്തിയിട്ടുണ്ട്. സര്‍വസംഗപരിത്യാഗത്തിനു മുമ്പ് മഹാവീരന്‍ കിരീടധാരണ വിഭൂഷിതനായി തന്റെ കൊട്ടാരത്തില്‍ കയോത്സര്‍ഗാസനത്തില്‍ ധ്യാനനിരതനായി നില്ക്കുന്ന രീതിയിലുള്ളതാണ് ഈ ശില്പം.

രണ്ടു കൈകളും രണ്ടു കണ്ണുകളും, മുണ്ഡനം ചെയ്ത തല, സിംഹാസനത്തില്‍ പ്രഭാവലിയോടെ ആഭംഗരീതിയിലോ പത്മാസനത്തിലോ ഇരിക്കുന്ന രൂപം; നാരദനും മറ്റു ഋഷിമാരും ദേവതമാരും ചുറ്റിനും വിദ്യാധരനും ദിഗ്പാലകന്മാരും ആനപ്പുറത്തും-മാനസാരായിലെ ഇപ്രകാരമുള്ള ശില്പ നിര്‍മാണ വിവരണം ഇന്ത്യയിലുടനീളം അംഗീകരിച്ചിരുന്നു.

തീര്‍ഥങ്കരന്മാരുടെ ഇരിപ്പും ശ്രീബുദ്ധനെപ്പോലെയാകണമെന്നുണ്ട്. ചുരുണ്ട മുടിയും ധ്യാനാത്മക മുഖഭാവവും ജൈനമുദ്രകളുമുണ്ടായിരിക്കും. ശ്വേതാംബരന്മാര്‍ വളരെ കുറച്ചു വസ്ത്രങ്ങള്‍മാത്രം -കൌപീനധാരികള്‍- ധരിച്ചവരായിരിക്കും. കൈകള്‍ മടിയില്‍ വച്ചിരിക്കും. ശ്വേതാംബരപ്രതിമകള്‍ കിരീടാഭരണങ്ങള്‍ കൊണ്ടലങ്കരിച്ചിരിക്കും. പാര്‍ശ്വനാഥ വിഗ്രഹത്തിനും ശ്വേതാംബരനാഥ വിഗ്രഹത്തിനും മുകളില്‍ പത്തി വിരിച്ച സര്‍പ്പമുണ്ടാകും. ജൈന-ബാസ്-റിലീഫുകളും ജൈനവിഗ്രഹങ്ങളും തിരിച്ചറിയാന്‍ ജൈനപണ്ഡിതന്മാര്‍ പറഞ്ഞിരുന്ന വിവരങ്ങളാണിവ.

മധ്യത്തിലെ സ്തൂപത്തിലെ ധര്‍മചക്രത്തിനു ചുറ്റും പീഠത്തില്‍ സാധു, സാധ്വി, ശ്രാവകന്‍ എന്നിവരുടെ രൂപങ്ങളുള്ള തീര്‍ഥങ്കരന്മാരെയും വിദ്യാദേവതയായ സരസ്വതിയെയും ശ്രുതദേവതയെയും ആരാധിക്കുന്ന സ്തൂപാവശിഷ്ടങ്ങള്‍ മഥുരയിലെ മഹാസ്തൂപങ്ങളില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.

പ്രധാനപ്പെട്ട ജൈനക്ഷേത്രങ്ങളുടെ നിര്‍മിതി 11-ഉം 13-ഉം ശ.-ങ്ങള്‍ക്കിടയിലായിരുന്നു. ഇതില്‍ ഏറ്റവും പഴക്കം ചെന്നത് മൗണ്ട് അബുവിലെ ക്ഷേത്രസമുച്ചയമാണ് (1031). 236 അറകളുള്ള കെട്ടിടങ്ങള്‍ ഈ കൂട്ടത്തിലുണ്ട്.

ജൈനര്‍ പാറകളില്‍ ഭിക്ഷുഗൃഹങ്ങള്‍ നിര്‍മിച്ചിരുന്നു. എന്നാല്‍ ഇവയില്‍ ചൈത്യങ്ങളില്ല. കലിംഗരാജാവായ ഖരവേലന്റെ (ബി.സി. 176-163) ആജ്ഞാനുസരണം പാറകളില്‍ ധാരാളം ഭിക്ഷുഗൃഹങ്ങള്‍ നിര്‍മിച്ച് ഭിക്ഷുക്കള്‍ക്കു സമര്‍പ്പിച്ചിരുന്നു. ഒറീസയിലെ ഉദയഗിരി, ഖണ്ഡഗിരി പര്‍വതങ്ങളില്‍ നിന്ന് ഇദ്ദേഹം ഗുഹാക്ഷേത്രങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. തീര്‍ഥങ്കരന്മാരുടെയും യക്ഷിണികളുടെയും ശില്പങ്ങളുള്ളതാണ് നവമുനി, ബരഭുജി ഗുഹകള്‍. ഭിക്ഷുഗൃഹനിര്‍മാണത്തില്‍ ശതകര്‍ണി(ആന്ധ്ര)യെ ഖരവേലന്‍ സഹായിച്ചിരുന്നു. ജൂതഗഢിലെ (ഒറീസ) ഗുഹ, ഗിര്‍നാര്‍ (ഗുജറാത്ത്)-ബാദാമി ഗുഹകള്‍, ഖണ്ഡേശ് ഗുഹ എന്നിവയെല്ലാം പ്രാചീന ജൈനസംഭാവനകളാണ്. ഖണ്ഡഗിരി ഗുഹ സമീപകാലത്ത് നിര്‍മിച്ചതാണ്. ജൈന-വാസ്തു-സ്ഥാപക്യ-ശില്പവിദ്യകളെപ്പറ്റി ജെയിംസ് ഫെര്‍ഗുസന്‍, പ്രിന്‍സെപ്, എ. കണ്ണിങ്ഹാം എന്നിവര്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. പില്ക്കാല ജൈനകുംഭഗോപുരങ്ങളില്‍ മുഗള്‍ശൈലിയുടെ സ്വാധീനമുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം.

മറ്റൊരു ജനവിഭാഗങ്ങളിലും ഉദിക്കാതിരുന്ന ക്ഷേത്രനഗരസങ്കല്പം ജൈനകലയുടെ പ്രത്യേകതയാണ്. മൌണ്ട് അബുവിനു തെക്കുഭാഗത്ത് ചന്ദ്രവതി നഗരത്തിന്റെ അവശിഷ്ടമുണ്ട്. ശത്രുഞ്ജനയിലെയും ഗിര്‍നാറിലെയും ക്ഷേത്രസമൂഹങ്ങള്‍ ജൈനസ്വപ്നസാക്ഷാത്കാരത്തിനു നിദര്‍ശനമായുണ്ട്. ശത്രുഞ്ജയ മാഹാത്മ്യവും ഗിര്‍നാര്‍ മാഹാത്മ്യവും ഇന്നും ജീവനാര്‍ന്ന പുരാവൃത്തങ്ങളാണ്.

ജബല്‍പ്പൂരില്‍ നിന്ന് സു. 105 കി.മീ. വ. പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന കുണ്ടല്‍പൂര്‍ ജൈനക്ഷേത്രസമൂഹത്തില്‍ ഉന്നിദ്ര ജൈനശില്പചാതുരി പ്രത്യക്ഷമാണ്. ആധുനിക ജൈനവാസ്തു ശൈലിക്കുദാഹരണമായി പറയുന്നത് 16-17 ശതകങ്ങളില്‍ നിര്‍മിക്കപ്പെട്ട ബുണ്ടവല്ലിയിലെയും മുക്തഗിരിയിലെയും ക്ഷേത്രകൊട്ടാരങ്ങളെയാണ്.

ജൈനവാസ്തു-ശില്പവിദ്യയില്‍ തെക്കന്‍ശൈലി വേറിട്ടു നില്‍ക്കുന്നു. ദക്ഷിണജൈനക്ഷേത്രങ്ങളെ 'ബസ്തി' (ബസ്തി-വസതി), 'ബട്ടാ' (കുന്ന്) എന്നിങ്ങനെ രണ്ടായി തിരിക്കാം. ബസ്തിയില്‍ ആരാധനാമൂര്‍ത്തിയായി ഇരുപത്തിനാലു തീര്‍ഥങ്കരന്മാരില്‍ ഒരാളുടെ വിഗ്രഹമുണ്ടാകും. ഉത്തരദേശത്തും ബസ്തി അപരിചിതമല്ല. എന്നാല്‍ ബട്ടാ അസാധാരണമാണ്. ബട്ടായിലും വിഗ്രഹമുണ്ട്; തീര്‍ഥങ്കരന്റെതല്ലെന്നു മാത്രം.

ഗോമഠേശ്വരനാണ് ദക്ഷിണജൈനരുടെ ആരാധനാമൂര്‍ത്തി; ഉത്തരദേശത്തെ ജൈനര്‍ക്ക് അശ്രുതനും. ഇതിഹാസപ്രകാരം നേര്‍സഹോദരനുമായി യുദ്ധം ചെയ്ത രാജകുമാരനാണ് ഗോമഠേശ്വരന്‍. ഇദ്ദേഹം പിന്നീട് രാജ്യമുപേക്ഷിച്ച് ജൈനസന്ന്യാസിയായി. ശ്രാവണബല്‍ഗൊളയിലെ ഗോമഠേശ്വരന്റെ ബൃഹത്ശില്പത്തിന് 17 മീ. ഉയരമുണ്ട്. അധികാര നിരീസത്തിന്റെ നിത്യനിതാന്ത സ്മരണയുണര്‍ത്തുന്ന ഈ ശില്പം തെക്കന്‍ ശൈലിയുടെ തിളങ്ങുന്ന ദൃഷ്ടാന്തമാണ്. മറ്റൊരു ഭീമമൂര്‍ത്തിയാണ് അല്‍വാറിലെ 'നന്‍ഗുങ്കി'.

ജൈനസ്തംഭങ്ങള്‍ വാസ്തുവിദ്യയിലെ നിത്യാദ്ഭുതമാണ്. സ്തംഭങ്ങളില്‍ മുദ്രകള്‍, മൃഗരൂപങ്ങള്‍, പ്രതിമകള്‍ എന്നിവ കൊത്തിവച്ചിരിക്കുന്നു. ബുദ്ധസ്തംഭങ്ങളുടെ വംശാവലിയിലെ അനന്തരഗാമിയെന്നാണ് ഫെര്‍ഗുസന്‍ ഇവയെ വിശേഷിപ്പിക്കുന്നത്.

തെക്കന്‍ദേശത്തെ ജൈനസ്തംഭശൈലിക്കുമുണ്ട് ബ്രഹ്മദേവസ്തംഭം, മാനസ്തംഭം എന്നിങ്ങനെ രണ്ടുവിഭാഗങ്ങള്‍. ബ്രഹ്മദേവസ്തംഭത്തില്‍ ബ്രഹ്മാവിന്റെ രൂപം കൊത്തിയിരിക്കും. ഉയരക്കൂടുതലുള്ള സ്തംഭത്തിന്റെ ശീര്‍ഷത്തില്‍ കൂടാരസദൃശമായ മേല്‍വിതാനം ഉണ്ടായിരിക്കും.

ഗോമഠേശ്വരന്‍:ദക്ഷിണജൈനരുടെ ആരാധനാമൂര്‍ത്തി

ചിത്രകല. അജന്താപൈതൃകത്തിനുശേഷം മൂന്നു പ്രമുഖകലാകാരന്മാരിലൂടെ മൂന്നു വ്യത്യസ്ത ചിത്രരചനാ സമ്പ്രദായങ്ങള്‍ ഇന്ത്യയില്‍ ഉടലെടുത്തു. ഏറ്റവും ആദ്യത്തെത് ജോഡ്പൂരിലെ ശൃംഗധര(500-50)ന്റെതാണ്. നീണ്ട കണ്ണുകളും കൂര്‍ത്തമൂക്കും ചതുരവടിവുള്ള മുഖവുമുള്ള മനുഷ്യരൂപരചനയെ പടിഞ്ഞാറന്‍ മധ്യകാലശൈലി എന്നാണ് തിബത്തന്‍ ചരിത്രകാരന്‍ താരാനാഥ് വിശേഷിപ്പിക്കുന്നത്. ശൃംഗധരചിത്രങ്ങള്‍ അവശേഷിച്ചിട്ടില്ല. ജൈനചിത്രകാരന്മാരുടെ ഗ്രന്ഥചിത്രങ്ങള്‍ പടിഞ്ഞാറന്‍ മധ്യകാലശൈലിയിലുള്ളതായിരുന്നു എന്ന് കരുതപ്പെടുന്നു.

കിഴക്കന്‍ മധ്യകാലശൈലിയും മധ്യദേശശൈലിയുമാണ് മറ്റ് രണ്ടു സമ്പ്രദായങ്ങള്‍. ഗംഗാസമതലം ഭരിച്ചിരുന്ന പാലരാജവംശ (730-1197) രാജാക്കന്മാരായ ധര്‍മപാലന്റെയും ദേവപാലന്റെയും കാലത്തു ജീവിച്ചിരുന്ന ധീമാന്‍, ബിപ്തലന്‍ എന്നിവരാണ് ഈ ശൈലികളുടെ പ്രയോക്താക്കള്‍. രേഖാപ്രധാനമായ ഗ്രന്ഥങ്ങളായിരുന്നു ഇവര്‍ രചിച്ചത്. മഞ്ഞ, ചുവപ്പ്, എന്നീ നിറങ്ങള്‍ക്ക് ആധിക്യമുള്ള ഇവരുടെ രചനാസമ്പ്രദായം രജപുത്ര മുഗള്‍-കാംഗ്ര മിനിയേച്ചറുകള്‍ക്ക് പ്രചോദനമായി. 750-നും 1600-നും ഇടയ്ക്ക് പാല-ഗുജറാത്തി സാമ്പ്രദായികതകളും അവയെ അനുകരിച്ച് രജപുത്രശൈലിയും വികസിച്ചു. ജൈനതാളിയോലകളിലെ സചിത്രവിവരണങ്ങളാണ് ഈ ചിത്രമെഴുത്ത്.

ജൈന ചുവര്‍ച്ചിത്രങ്ങളുടെ കാലപ്പഴക്കം എത്തിനില്‍ക്കുന്നത് ഉദയഗിരി (ഒറീസ), ഖണ്ഡഗിരി എന്നിവിടങ്ങളിലെ ഗുഹകളിലാണ്.

ജൈനവിശ്വാസിയായിരുന്ന മഹേന്ദ്രവര്‍മന്‍ പല്ലവന്റെ കാലത്തു നിര്‍മിച്ച സിത്താന വാസല്‍ക്ഷേത്രങ്ങളിലെ ചുവര്‍ച്ചിത്രങ്ങള്‍ ജൈനചിത്രരചനാശൈലിയിലുള്ളവയാണ്. എല്ലോറ, കുന്‍പാക് കോബ്പാല്‍ (ഹൈദരാബാദ്) എന്നിവിടങ്ങളില്‍ ജൈനചിത്രങ്ങള്‍ ആലേഖനം ചെയ്തത് രാഷ്ട്രകൂടന്മാരുടെ കാലത്താണ്.

പനയോലഗ്രന്ഥങ്ങളിലെ ചിത്രണങ്ങള്‍ ജൈനകലയുടെ മറ്റൊരു സവിശേഷതയാണ്. ജൈനഭിക്ഷുക്കളുടെ കഥ പറയുന്ന കല്പസൂത്രം എന്ന ഗ്രന്ഥത്തിലെ ചിത്രങ്ങള്‍ സഹരാജവ്യാപരിയുടെ മകള്‍ വരച്ചതാണ്. പതിനാലുതരം സ്വപ്നങ്ങളെയും അഷ്ടമംഗല്യത്തെയും ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു. രത്നാകരന്‍ രചിച്ച വസന്തവിലാസം ഗ്രന്ഥച്ചുരുളില്‍ ഭാര്യഭര്‍ത്താക്കന്മാരുടെ ശൃംഗാരചിത്രീകരണമുണ്ട്. ചന്ദനതിലകം ചാര്‍ത്തിയ വൈഷ്ണവരും താടിവളര്‍ത്തിയ ഹിന്ദുക്കളും ഗുജറാത്തീരീതിയില്‍ ആടയാഭരണങ്ങളണിഞ്ഞ സ്ത്രീകളും ആ ഗ്രന്ഥത്തിന്റെ മാറ്റു കൂട്ടുന്നു. 82 ശ്ലോകങ്ങള്‍ക്ക് 79 ചിത്രങ്ങളാണുള്ളത്. ചിത്രവിവരണങ്ങള്‍ക്ക് കാലകാചാര്യകഥയും കല്പസൂത്രവുമായിരുന്നു ഉപയോഗിച്ചത്.

ഋഷിമാരുടെ അതേ വലുപ്പത്തിലുള്ള രേഖാചിത്രങ്ങള്‍ രചിക്കുന്നത് വേദ പാരമ്പര്യമാണ്. പല വടിവിലും ഹൃദയഗതിയിലുമുള്ള ചിത്രങ്ങള്‍ രചിക്കാറുണ്ട്. കല്പസൂത്രത്തിലെ 'ശ്രീസൂര്യോദയം', 'തീപിടിച്ച പര്‍വതം' എന്നീ ചിത്രങ്ങള്‍ വേദ പരമ്പരീണതയുടെ നൈരന്തര്യം കാണിക്കുന്നുവെന്നാണ് പണ്ഡിതാഭിപ്രായം.

ജൈനചിത്രകാരന്മാരുട ഇഷ്ടരൂപമായിരുന്നു ജനപ്രീതിനേടിയ യക്ഷി അംബിക. ഗുപ്തകാലചിത്രകാരന്മാരുടെ ലോകദൃശ്യവും സൗന്ദര്യാത്മക സമലോചനയും ചിത്തന്നവാസലിലെ ജൈന ചിത്രകാരന്മാര്‍ക്കുമുണ്ടായിരുന്നു. ബഹിര്‍മുഖരായിരുന്നു ജൈനകലാകാരന്മാര്‍.

പാര്‍ശ്വനാഥന്‍, ഗൌതമസ്വാമി തുടങ്ങിയ പുണ്യാത്മാക്കളുടെ തുണിയില്‍ വരച്ച ചിത്രങ്ങളും തീര്‍ഥങ്കരന്മാരുടെയം മഹര്‍ഷിമാരുടെയും തടിയില്‍ വരച്ച രൂപങ്ങളും ജൈനഭണ്ഡാരങ്ങളില്‍ നിന്നു കിട്ടിയ ഓലകളിലെ (11-ാം ശ.) ചിത്രങ്ങളും ശ്രദ്ധേയമാണ്.

പാറപ്പൊടി, കളിമണ്ണ്, ചാണകം എന്നിവ ചേര്‍ത്തുണ്ടാക്കിയ പ്രതലത്തില്‍ ചുവപ്പ്, മഞ്ഞ, കറുപ്പ് എന്നീ നിറങ്ങളില്‍ രേഖകള്‍ വരച്ച് ഇരുളിന്റെ നേര്‍മ കലര്‍ത്തിയാണ് ദക്ഷിണേന്ത്യയിലെ ജൈന ചിത്രങ്ങള്‍ രചിച്ചിരിക്കുന്നത്. മൂക്കിനും ആഭരണങ്ങള്‍ക്കുമാണ് ചിത്രങ്ങളില്‍ പ്രമുഖത നല്കിയിരിക്കുന്നത്.

ജൈനര്‍ ലോഹവാര്‍പ്പു പണിയിലും വലിയ താത്പര്യം കാണിച്ചിരുന്നു. പല കാലങ്ങളിലെ, പല വലുപ്പത്തിലെ, പല ശൈലിയിലെ ലോഹവിഗ്രഹങ്ങള്‍ ആരാധനയ്ക്കായി സ്ഥാപിച്ചിരുന്നത് ജൈനക്ഷേത്രങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്. ബി.സി. 1-ാം ശ.-ലെ പാര്‍ശ്വനാഥന്റെ ചെമ്പുവിഗ്രഹം മുംബൈയിലെ പ്രിന്‍സ് ഒഫ് വെയ്ല്‍സ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. കുശാനഘട്ടത്തിലെ വെങ്കലവിഗ്രഹങ്ങള്‍ പാറ്റ്ന മ്യൂസിയത്തിലുണ്ട്.

5 മുതല്‍ 11 വരെ ശ.-ങ്ങളില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള വിഗ്രഹങ്ങളുടെ പഠനം യക്ഷി-യക്ഷിണി ആരാധനകളുടെ പരിണാമത്തിലേക്കു വിരല്‍ ചൂണ്ടുന്നു.

സംഗീതം. സുഖദുഃഖ സമഭാവത്തിലുദിക്കുന്ന നിസ്സംഗത പാലിച്ചിരുന്നവരെങ്കിലും, ബുദ്ധ-ജൈനസന്ന്യാസിമാര്‍ സംഗീതത്തോട് പരാങ്മുഖത പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ ജൈനര്‍ രാഗവൈവിധ്യമോ സ്വന്തമായ ആലാപനശൈലിയോ വികസിപ്പിച്ചതായി തെളിവുകളില്ല. ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് പുരോഹിതന്‍ (671-95) ഇ-റ്റ്സിങ്ങിന്റെ അഭിപ്രായം ശ്രദ്ധേയമാണ്. "അശ്വഘോഷന്‍ സംഗീതജ്ഞനും കവിയുമായിരുന്നു 1-ാം ശ.-ല്‍ അദ്ദേഹം ഒരു കൂട്ടം ഗായകരുമായി ഇന്ത്യയിലുടനീളം സഞ്ചരിച്ച് ജനങ്ങളെ ബൗദ്ധവിശ്വാസത്തിലേക്ക് ആകര്‍ഷിച്ചു. അശ്വഘോഷന്‍ രചിച്ച കീര്‍ത്തനങ്ങളായിരുന്നു ബുദ്ധവിഹാരങ്ങളില്‍ ആലപിച്ചിരുന്നത്

ചിത്തോര്‍ഗഢിലെ കീര്‍ത്തിസ്തംഭവും ജൈനക്ഷേത്രവും

കേരളത്തില്‍.' കണ്ണൂരില്‍ നിന്ന് കുടക് വഴി ശ്രാവണബലഗൊളയിലെത്തുന്ന ഒരു വ്യാപാരപ്പാത ഉണ്ടായിരുന്നു. അതുവഴി കര്‍ണാടക ജൈനര്‍ കേരളത്തില്‍ വന്നിരുന്നു. മലബാര്‍ കടലോരത്തെ ശ്രീമൂലവാസം ദേവാലയവും കൊച്ചിയിലെ ഗുണമതിലകം ക്ഷേത്രവും ജൈനക്ഷേത്രങ്ങളായിരുന്നു. ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യ ക്ഷേത്രവും പെരുമ്പാവൂരിലെ കല്ലില്‍ ഭഗവതി ക്ഷേത്രവും ജൈനസംസ്കൃതിയുടെ വെളിച്ചം വീണവയാണ്. കല്ലില്‍ ക്ഷേത്രത്തില്‍ പാര്‍ശ്വനാഥന്റെയും പദ്മാവതിയുടെയും വിഗ്രഹങ്ങളാണുള്ളത്. മാനന്തവാടിയിലെ ഇടിഞ്ഞുപൊളിഞ്ഞ ക്ഷേത്രാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു കല്‍ത്തൂണില്‍ കൊത്തിവച്ച പദ്മാവതീദേവിയുടെ വിഗ്രഹം ലഭിച്ചിട്ടുണ്ട്.

ജൈനരുടെ പദ്മാവതീദേവി പില്ക്കാലത്ത് ഹിന്ദുഭഗവതി (പത്തിനിദേവി)യായി. വരഗുണലിഖിതങ്ങളിലും ജൈനവിശ്വാസിയായിരുന്ന ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലും പദ്മാവതിയെപ്പറ്റി പരാമര്‍ശമുണ്ട്.

നാഗര്‍കോവിലിലെ നാഗരാജക്ഷേത്രത്തിലെ പ്രതിഷ്ഠയും പത്തിനീദേവിയാണ്. പദ്മാവതിയെ യക്ഷിണിയായി കരുതുന്നവരുമുണ്ട്.

കന്യാകുമാരി ജില്ലയിലെ കുഴിത്തുറയ്ക്കു വ.കി. തിരുമ്പാണത്ത് മലയുടെ മുകളിലുള്ള ചിതറാല്‍ക്ഷേത്രം ജൈനവാസ്തുവിദ്യാനിപുണതയുടെ ഉത്തമ നിദര്‍ശനമാണ്. ചിതറാല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയും പത്തിനിദേവിയാണ്.

മലയാളദേശത്തിന് ജൈനന്മാര്‍ നല്കിയ സംഭാവനകള്‍ അമൂല്യമാണ്. നാരായം, താളി (ഓല), പൊത്തകം തുടങ്ങിയ പദങ്ങള്‍ ജൈനശബ്ദങ്ങളാണ്. ജൈനര്‍ പ്രചരിപ്പിച്ച ജലഘടികാരമായിരുന്നു 'നാളിക' എന്ന ഒരു അനുമാനമുണ്ട്.

കയ്യെഴുത്തു ഗ്രന്ഥങ്ങള്‍, ആത്മശുദ്ധിക്കുള്ള ക്ഷമാപണ കൃതികള്‍, മരപ്പലകയിലെ ചിത്രങ്ങള്‍, ചിത്രക്കള്ളികള്‍, താന്ത്രിക-താന്ത്രികേതര ചിത്രങ്ങള്‍, ചുവര്‍ചിത്രങ്ങള്‍, ഗുഹാക്ഷേത്രങ്ങള്‍, ക്ഷേത്രസമൂഹങ്ങള്‍, കല്ലിലും മാര്‍ബിളിലും തീര്‍ത്ത വിഗ്രഹങ്ങള്‍, ബൃഹത്പ്രതിമകള്‍ എന്നിവയിലെല്ലാം ജിനദേവവിശ്വാസികളുടെ ജൈനസാന്നിധ്യം പടര്‍ന്നു പന്തലിച്ചു പൂത്തുനില്ക്കുന്നു. ഒപ്പം പത്തിനിദേവിയും നാരായവും പൊത്തകവും മലയാളദേശത്തെ ജൈനസാന്നിധ്യം ഓര്‍മിപ്പിക്കുന്നു. നോ. ഗോമഠേശ്വരന്‍; ജൈനമതം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B5%88%E0%B4%A8%E0%B4%95%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍