This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജേക്കബ്, ഫ്രാന്‍സ്വ (1920 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജേക്കബ്, ഫ്രാന്‍സ്വ (1920 - )

Jacob, Francois

ഫ്രാന്‍സ്വ ജേക്കബ്

നോബല്‍ സമ്മാനിതനായ (1995) ഫ്രഞ്ച് ജീവശാസ്ത്രജ്ഞന്‍. 1920 ജൂണ്‍ 17-നു ഫ്രാന്‍സിലെ നാന്‍സിയില്‍ ജനിച്ചു. പാരിസ് സര്‍വകലാശാലയില്‍ വൈദ്യശാസ്ത്രപഠനം നടത്തി എം.ഡി. ബിരുദം നേടി (1947). രണ്ടാം ലോകയുദ്ധകാലത്ത് സ്വതന്ത്ര ഫ്രഞ്ച് സായുധസേനയില്‍ അംഗമായിരുന്നു. 1950-ല്‍ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൈക്രോബിയല്‍ ഫിസിയോളജി വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചു. 1954-ല്‍ സോര്‍ബോണ്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടര്‍ ഒഫ് സയന്‍സ് ബിരുദം നേടി. 1956-ല്‍ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരീക്ഷണശാലയുടെയും തുടര്‍ന്ന് 1960-ല്‍ മൈക്രോബിക് ജനറ്റിക്സ് വിഭാഗത്തിന്റെയും തലവനായി. നാലുവര്‍ഷത്തിനുശേഷം കോളജ് ദ് ഫ്രാന്‍സില്‍ സെല്ലുലാര്‍ ജനറ്റിക്സിന്റെ ആദ്യത്തെ പ്രൊഫസര്‍ ആയി.

1951-ല്‍ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇ.എല്‍. വോള്‍മാനോടൊപ്പം ലൈസോജനി(lysogeny)യുടെ ജനിതകാടിസ്ഥാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇലക്ട്രോണ്‍ സൂക്ഷ്മദര്‍ശിനി ഉപയോഗിച്ചും പല ജീവശാസ്ത്ര പരീക്ഷണങ്ങളിലൂടെയും വൈറല്‍ ജീനുകളുടെ രണ്ടു പ്രധാന വിഭാഗങ്ങള്‍ നിര്‍ണയിച്ചു.

1958-ല്‍ ഫ്രാന്‍സ്വ ജേക്കബും മോണോഡും (Monod) ചേര്‍ന്ന് ബാക്ടീരിയങ്ങളുടെ എന്‍സൈം സംശ്ലേഷണത്തെ സംബന്ധിച്ച ശരീര ശാസ്ത്ര-ജനിതക പഠനങ്ങള്‍ നടത്തി. മെസഞ്ചര്‍ ആര്‍.എന്‍.എ. (mRNA) ഓപിറോണ്‍ (Operon) എന്നീ ആശയങ്ങളുടെ ആവിര്‍ഭാവത്തിന് കാരണമായത് ഇവരുടെയും അമേരിക്കന്‍ ജീവശാസ്ത്രജ്ഞനായ പാര്‍ഡിയുടെയും ഗവേഷണ ഫലങ്ങളാണ്.

ഈ പഠനങ്ങളുടെ തുടര്‍ച്ചയായി 1961-ല്‍ എപ്പിസോമുകള്‍ (episomes) എന്ന മറ്റൊരു ആശയം കൂടി രൂപീകരിച്ചു. ഫ്രൂട്ട് ഫ്ളൈ (പഴ ഈച്ച), ചോളം എന്നിവയില്‍ എപ്പിസോമുകളുടെ സാന്നിധ്യം പിന്നീടു തെളിയിക്കപ്പെട്ടു. എപ്പിസോമുകള്‍ എന്ന ആശയം അര്‍ബുദരോഗ ഗവേഷണങ്ങളിലും കോശജനിതകശാസ്ത്രത്തിലും (Cellular genetics) പല പുതിയ വഴികളും തുറന്നിടാന്‍ സഹായകമായി.

എപ്പിസോമുകള്‍, മെസഞ്ചര്‍ ആര്‍.എന്‍.എ., ഓപിറോണ്‍ എന്നീ ആശയങ്ങള്‍ മുന്നോട്ടുവച്ചതും സൂക്ഷ്മജീവികളുടെ ജനിതകവിജ്ഞാനത്തിന് നല്കിയ പല സംഭാവനകളും ആണ് 1965-ല്‍ ഇദ്ദേഹത്തെ നോബല്‍ സമ്മാനാര്‍ഹനാക്കിയത്. മോണോഡ്, ആന്ദ്രേ ലോഫ് എന്നിവരാണ് ഇദ്ദേഹത്തോടൊപ്പം ഫിസിയോളജി, മെഡിസിന്‍ വിഭാഗത്തില്‍ നോബല്‍ സമ്മാനം പങ്കിട്ടത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍