This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെസിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെസിയ

മുസ്ലിം രാജാക്കന്മാര്‍ അമുസ്ലീങ്ങളായ ജനങ്ങളില്‍ നിന്നും ഈടാക്കിയിരുന്ന ഒരു മത നികുതി. മധ്യപൂര്‍വപ്രദേശത്തെ മുസ്ലിം രാജ്യങ്ങളില്‍ ആവിര്‍ഭവിച്ച ഈ തലക്കരം, ജിസ്യ എന്നും അറിയപ്പെടുന്നു. ജൂത-ക്രിസ്തുമതാനുയായികളായ ജനവിഭാഗങ്ങളില്‍ നിന്ന് മുസ്ലിം ഭരണാധീകാരികള്‍ നിര്‍ബന്ധപൂര്‍വം ജെസിയ പിരിച്ചെടുത്തിരുന്നു. എ.ഡി. 712-ല്‍ മുഹമ്മദ് ഇബ്ന് കാസിം സിന്‍ഡ് ആക്രമിച്ചു കീഴടക്കിയതോടെയാണ്, ഇന്ത്യയില്‍ ജെസിയയുടെ തുടക്കം. മതപരിവര്‍ത്തനത്തിനുള്ള ഒരുപാധിയായിട്ടാണ് ഇബ് ന്‍ കാസിം ഇത് പ്രയോഗിച്ചത്. ഇസ്ലാംമതം സ്വീകരിക്കുന്നവരെ ജെസിയയില്‍ നിന്ന് ഒഴിവാക്കുമെന്നും അല്ലാത്തവരെല്ലാം ഈ മതനികുതി നല്കണമെന്നും കാസിം പ്രഖ്യാപിച്ചു. ക്രമേണ ഇന്ത്യയിലെ ഇതരഭാഗങ്ങള്‍ കൂടി മുസ്ലിം ഭരണത്തിന്‍ കീഴിലമര്‍ന്നതോടെ, ജെസിയ വ്യാപകമായി. കീഴടക്കപ്പെട്ട ജനത എന്ന നിലയ്ക്ക് ഹിന്ദുക്കളെ മുസ്ലിം ചക്രവര്‍ത്തിമാര്‍ക്ക് കൂട്ടക്കൊല ചെയ്യാവുന്നതാണെന്നും എന്നാല്‍ അങ്ങനെ ചെയ്യാതിരിക്കുന്നതിനുള്ള പ്രതിഫലം എന്ന നിലയ്ക്ക് അവര്‍ ജെസിയ നല്കേണ്ടതാണെന്നുമുള്ള കല്പന അനുസരിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായി. വൃദ്ധര്‍, വികലാംഗര്‍, അന്ധര്‍, സ്ത്രീകള്‍, കുട്ടികള്‍, ബ്രാഹ്മണപുരോഹിതര്‍, സര്‍ക്കാരുദ്യോഗസ്ഥര്‍ എന്നിവരെ ഈ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഫിറോസ് തുഗ്ലക്ക് ദല്‍ഹി സുല്‍ത്താനേറ്റ് ഭരിച്ചിരുന്ന കാലത്ത് (1351-88) ബ്രാഹ്മണരുടെ മേലും ജെസിയ ഏര്‍പ്പെടുത്തി. പ്രതിഷേധസൂചകമായി ബ്രാഹ്മണര്‍ കൊട്ടാരത്തിനുമുമ്പില്‍ നിരാഹാരമനുഷ്ഠിച്ചു. എന്നാല്‍ സുല്‍ത്താന്‍ വഴങ്ങിയില്ല. ബ്രാഹ്മണര്‍ മരിച്ചുപോയേക്കുമെന്ന സ്ഥിതി സംജാതമായപ്പോള്‍ അവര്‍ക്കുവേണ്ടി നികുതി അടയ്ക്കാന്‍ ദില്ലിയിലെ ഇതര ഹിന്ദുക്കള്‍ തയ്യാറായി. ഒടുവില്‍ നികുതി നിരക്കു കുറയ്ക്കാന്‍ സുല്‍ത്താനും സമ്മതിച്ചു.

പ്രസ്തുത അനുകൂല്യത്തിനു ഹിന്ദുക്കള്‍ അര്‍ഹരല്ലെന്നും ഇസ്ലാമില്‍ ചേരാന്‍ വിസമ്മതിക്കുന്ന ഹിന്ദുക്കളെ കൊല്ലണമെന്നും ഒരുവിഭാഗം യാഥാസ്ഥിതിക മുസ്ലിം മതപണ്ഡിതന്മാര്‍ വാദിച്ചിരുന്നു. എന്നാല്‍, ക്രമേണ ജെസിയ എന്ന മതനികുതിയുടെ ക്രൂരതയ്ക്കും അനീതിക്കുമെതിരെ ഉത്പതിഷ്ണുക്കളായ മുസ്ലീങ്ങള്‍ തന്നെ ശബ്ദമുയര്‍ത്താന്‍ തുടങ്ങി. 1564-ല്‍ അക്ബര്‍ ചക്രവര്‍ത്തി ജെസിയ നിര്‍ത്തലാക്കിയെങ്കിലും 1679-ല്‍ അറംഗസീബ് അത് പുനഃസ്ഥാപിച്ചു. ഇത് ഹിന്ദുക്കള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തി. രജപുത്രരുമായുള്ള യുദ്ധത്തെത്തുടര്‍ന്ന് മേവാറില്‍ ജെസിയ പിന്‍വലിക്കാന്‍ അറംഗസീബ് നിര്‍ബന്ധിതനായി. തുടര്‍ന്ന് മുഹമ്മദ്ഷാ (1719-48) ഈ മതനികുതി ശാശ്വതമായി നിര്‍ത്തലാക്കി. ഒരു അധിനിവേശിത ജനതയ്ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അനുസരണയുടെയും വിധേയത്വത്തിന്റെയും പ്രതീകമായി മാറിയ ജെസിയ, ഭാരതത്തിലെ ഹിന്ദു-മുസ്ലിം ബന്ധങ്ങള്‍ വഷളാക്കുന്നതില്‍ നിസ്സാരമല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B5%86%E0%B4%B8%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍