This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെല്‍സേമിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെല്‍സേമിയം

Jevons, William Stanley

ഒരു ഹോമിയോ ഔഷധം. ഏഷ്യയിലും ദക്ഷിണ യു.എസ്സിലും കാണപ്പെടുന്ന ലോഗാനിയേസീ സസ്യകുടുംബത്തില്‍പ്പെട്ട യെല്ലോ ജെസ്സാമീന്‍, കരോലിനാ ജെസ്സാമീന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരു വള്ളിച്ചെടി. (ശാസ്ത്രനാമം: ജെല്‍സേമിയം സെംപെര്‍വിറെന്‍സി-Gelsemium sempervirens) യുടെ വേരില്‍ നിന്നാണ് ഔഷധസത്ത് തയ്യാറാക്കുന്നത്. ഈ ചെടിയില്‍ നിന്നു സംസ്കരിച്ചെടുക്കുന്ന ജെല്‍സേമിയ (ജെല്‍സേമിന്‍) എന്ന ആല്‍ക്കലോയ്ഡ് (C20 H22 N2 O2)ഹോമിയോ ഔഷധനിര്‍മാണത്തിനു പറ്റിയതല്ല. പച്ചമാറാത്ത വേരില്‍ നിന്നാണ് ഔഷധസത്ത് തയ്യാറാക്കുന്നത്. ഡോ. ഇ.എം. ഹേല്‍ ആണ് ഈ ഔഷധത്തിന്റെ ഗുണങ്ങള്‍ ആദ്യമായി വിവരിച്ചത് (1862). ഹെമ്ലോക്കില്‍ നിന്നു തയ്യാറാക്കുന്ന 'കോണിയം' എന്ന ഹോമിയോ ഔഷധവുമായി ഇതിന് വളരെ സാദൃശ്യമുണ്ട്. നാഡീവ്യൂഹസംബന്ധിയായ നിരവധി രോഗങ്ങള്‍ക്ക് കൈക്കണ്ട ഔഷധമാണ് ജെല്‍സേമിയം. മാന്ദ്യം, പേശീക്ഷതം, രോഗത്തെ സംബന്ധിച്ച് നിസ്സംഗത, തലചുറ്റല്‍, തലവേദന, തന്ത്രികാവേദന, ദൃഷ്ടിപടലശോഥം, കാഴ്ചക്കുറവ്, തുണികാശോഥം, സ്വരഹാനി എന്നീ രോഗങ്ങള്‍ക്ക് ഫലപ്രദമാണ് ഈ ഔഷധം. ജെല്‍സേമിയം രോഗിക്ക് ദാഹം അനുഭവപ്പെടുകയില്ല. വൈകുന്നേരങ്ങളില്‍ കലശലായ ഇക്കിള്‍ ഉണ്ടാകാം. വൈകാരികോത്തേജനംമൂലമുണ്ടാകുന്ന അതിസാരം, മൂത്രകൃഛ്റം, യോനീ പേശികള്‍ക്കുള്ള കോച്ചിപ്പിടുത്തം (യോനി ആകര്‍ഷം-Vaginismus) കൃഛ്റാര്‍ത്തവം, ഗൊണോറിയയുടെ ആദ്യഘട്ടം എന്നീ രോഗാവസ്ഥകളില്‍ ഇത് നിര്‍ദേശിക്കാറുണ്ട്. ബ്രോങ്കൈറ്റിസ് ഉള്‍പ്പെടെ ശ്വാസസംബന്ധമായ തകരാറുകള്‍, ചലിച്ചുകൊണ്ടിരുന്നില്ലെങ്കില്‍ ഹൃദയം നിലച്ചുപോകുമെന്ന തോന്നല്‍, വെറുതെയിരിക്കുമ്പോള്‍ നാഡിമിടിപ്പ് മെല്ലയാവുകയും ചലിക്കുമ്പോള്‍ കൂടുകയും ചെയ്യുന്ന സ്വഭാവം, വാര്‍ധക്യകാലത്തുണ്ടാകുന്ന താഴ്ന്ന നാഡിമിടിപ്പ് എന്നിവയ്ക്കെല്ലാം ഇത് നല്ല ഔഷധമാണ്. കൈകാലുകളിലെ പേശികള്‍ക്കുണ്ടാകുന്ന ബലക്ഷയം, ചെറുതായി വ്യായാമം ചെയ്താല്‍പ്പോലും ഉണ്ടാകുന്ന ക്ഷീണം എന്നിവയ്ക്കും ഇതു നിര്‍ദേശിക്കാം. ഇന്‍ഫ്ളുവന്‍സാ, അഞ്ചാംപനി, പെല്ലഗ്ര രോഗങ്ങള്‍ക്ക് സത്തും ഒന്നുമുതല്‍ മുപ്പതുവരെ ആവര്‍ത്തിച്ച ഔഷധവുമാണ് ഉപയോഗിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍