This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജെല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജെല്‍

Gel

ഖരാവസ്ഥയിലും ദ്രവാവസ്ഥയിലുമുള്ള രണ്ടു ഘടകങ്ങളടങ്ങുന്ന ഒരു കൊളോഡീയ വ്യൂഹം. തനതായ രൂപഘടനയുള്ള ഇലാസ്തിക ഖരങ്ങളാണിവ. എന്നാല്‍ സോളു(sol)കള്‍ അവ ഉള്‍ക്കൊള്ളുന്ന പാത്രത്തിന്റെ ഘടന അവലംബിക്കുന്നു. ജെല്ലുകളില്‍ സാധാരണയായി ഖരാംശം കുറവായിരിക്കും. ഉദാ. ഫെറിക് ഓക്സൈഡ് ജെല്ലില്‍ 2.5 ശതമാനവും കൊയാഗുലനം ചെയ്ത രക്തത്തില്‍ 0.1 ശതമാനവുമാണ് ഖരാംശം. ദ്രവാംശം വളരെ കൂടുതലായുള്ള ഇലാസ്തിക ജെല്ലുകളാണ് ജെല്ലി(jelly)കള്‍. ദ്രാവകം മുഴുവന്‍ നഷ്ടപ്പെട്ട് ഉണങ്ങി ഏതാണ്ട് ഖരാവസ്ഥയിലായിട്ടുള്ള ജെല്ലികളെ സീറോജെല്ലുകള്‍ (xerogels) എന്നു പറയുന്നു. ജെല്‍ വ്യൂഹത്തിലൂടെ കടന്നുപോകുന്ന വായു നിറഞ്ഞ സൂക്ഷ്മനാളികള്‍ അനവധിയും വ്യാപ്തമേറിയതും ആണെങ്കില്‍ അത്തരം സീറോജെല്ലുകളെ എയ്റോജെല്ലുകള്‍ (aerogels)എന്നു പറയുന്നു. സീറോ ജെല്ലുളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ വേണ്ടി ജെല്ലുകളെ ലയോജെല്ലു(lyogels)കള്‍ എന്നും വിളിക്കാറുണ്ട്. ജെല്ലിലടങ്ങിയിട്ടുള്ള ദ്രാവകത്തെ അടിസ്ഥാനമാക്കി ജെല്ലുകളെ ഹൈഡ്രോജെല്‍, ആല്‍ക്കൊജെല്‍ എന്നും പറയുന്നു. ജലാറ്റിന്‍ (Gelatine) ലയോജെല്ലിനും, ഈര്‍പ്പമയമില്ലാത്ത സിലിക്കാജെല്‍ സീറോജെല്ലിനും ഉദാഹരണങ്ങളാണ്. രണ്ടാമത്തെ ഘടകമായി ഒരു ദ്രാവകം യഥാര്‍ഥത്തില്‍ അടങ്ങിയിട്ടുണ്ടോ എന്നു തീര്‍ച്ചയില്ലാത്ത ചില പദാര്‍ഥങ്ങളെയും ജെല്‍ എന്നു വിശേഷിപ്പിക്കാറുണ്ട്. ഉദാ. റബ്ബര്‍. ഒരു ലായകത്തിന്റെ സാന്നിധ്യത്തില്‍ കുതിര്‍ന്നു വീര്‍ത്ത് ലെയോജെല്ലായി മാറാനുള്ള പ്രത്യേക സ്വഭാവം ഇത്തരം ഇലാസ്തിക പദാര്‍ഥങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതു മൂലമാണ് ഇവയെ ജെല്ലുകളായി കണക്കാക്കുന്നത്. കൊളോയിഡീയ ലായനികളുടെ അവക്ഷിപ്തങ്ങളുടെ ഏകഘടകങ്ങളെ ഓരോ മൈക്രോജെല്ലായി കണക്കാക്കാം.

ഉയര്‍ന്ന അഭികാരസാന്ദ്രതയില്‍ നടക്കുന്ന ഇരട്ട വിഘടനം (double decomposition) വഴിയാണ് ദ്രവവിരോധി (lyophobic) ജെല്ലുകള്‍ (സാധാരണയായി അകാര്‍ബണികം) ഉത്പാദിപ്പിക്കപ്പെടുന്നത്. ഇലക്ട്രോലൈറ്റുകള്‍ ഉപയോഗിച്ച് സോളുകളെ സാവധാനത്തില്‍ ബാഷ്പീകരിച്ചും ജെല്ലുകളുണ്ടാക്കാം. ഉയര്‍ന്ന ഊഷ്മാവില്‍ ഉത്പാദിപ്പിക്കപ്പെട്ട സോളുകളെ സാവധാനത്തില്‍ അണുപ്പിക്കുക വഴി ജെലാറ്റിന്‍, അഗാര്‍-അഗാര്‍, ചിലയിനം സോപ്പുകള്‍ എന്നീ ദ്രവ-സ്നേഹി-(lyophillic)കളായ ജെല്ലുകള്‍ ഉണ്ടാക്കാന്‍ സാധിക്കും. ജെലേഷന്‍ സമയം, താപനില, സാന്ദ്രത, ശ്യാനതാവര്‍ധനനിരക്ക് എന്നിവയെ ആശ്രയിച്ചാണ് സോളുകളുടെ ജെലേഷന്‍ പ്രക്രിയ നടക്കുന്നത്. ഈ പ്രക്രിയയില്‍ താപവ്യതിയാനങ്ങള്‍ ഒന്നും തന്നെ സംഭവിക്കാത്തതിനാല്‍ ഈ പ്രക്രിയയ്ക്ക് സമതാപീയസോള്‍-ജെല്‍ രൂപാന്തരണം (isothermal solgel transformation) എന്നു പറയുന്നു. കളിമണ്ണ് പോലെയുള്ള പല ജെല്ലുകളും നല്ലവണ്ണം കുലുക്കുകയോ ഇളക്കുകയോ ചെയ്താല്‍ സോളുകളാക്കി മാറ്റാം. ഈ സോള്‍ കുറച്ചുസമയം അനക്കാതെ വച്ചാല്‍ വീണ്ടു ജെല്ലായി മാറുന്നു. ഈ പ്രക്രിയയെ ഥിക്സോട്രോപി (thixotropy) എന്നു പറയുന്നു. ഇതിന്റെ വിപരീത പ്രക്രിയ (സോളുകളെ കമ്പനം ചെയ്യിച്ച് ജെല്ലുകളാക്കുന്ന പ്രക്രിയ) റിയോപെക്സി (rheopexy) എന്ന് അറിയപ്പെടുന്നു.

ജെല്‍ഘടന വിശദീകരിക്കുന്ന രണ്ടു സിദ്ധാന്തങ്ങളാണ് ഹണികോം (Honey com) സിദ്ധാന്തവും, ബ്രഷ് ഹീപ് (Brush heap) സിദ്ധാന്തവും. ഹണികോം സിദ്ധാന്തപ്രകാരം സംതതമാധ്യമം (continuous phase) ഖരാവസ്ഥയിലാണ്. തേനീച്ചക്കൂടിനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ അന്യോന്യം ബന്ധിക്കപ്പെട്ടിട്ടുള്ള ദ്വാരങ്ങളിലാണ് ദ്രവാവസ്ഥയിലുള്ള രണ്ടാമത്തെ ഘടകം അടങ്ങിയിട്ടുള്ളത്. എന്നാല്‍ ബ്രഷ് ഹീപ്പ് സിദ്ധാന്തപ്രകാരം സംതതമാധ്യമം ദ്രവാവസ്ഥയിലാണ്. വായു അടങ്ങുന്ന സൂക്ഷ്മനാളികളാകട്ടെ, അതിലടങ്ങിയിട്ടുള്ള ഖരപദാര്‍ഥങ്ങളുടെ ഇടയിലുള്ള സ്ഥാനങ്ങളാണ്. പല ജെല്ലുകള്‍ക്കും ഈ സിദ്ധാന്തമാണ് ശരി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B5%86%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍